വിഷ്ണു വിജയൻ
തമിഴ് സിനിമയുടെ ചരിത്രം നോക്കുമ്പോൾ ഒരേസമയം സാമൂഹിക പരിവർത്തനത്തിനായി കൃത്യമായി ഉപയോഗിച്ച രാഷ്ട്രീയ മാധ്യമവും അതേസമയം ഒരു ഘട്ടം കഴിഞ്ഞപ്പോൾ ജാതി മാഹാത്മ്യത്തെ സമൂഹത്തിൽ ശക്തമാക്കി തീർക്കാൻ ബോധപൂർവം തന്നെ ഉപയോഗിച്ച ടൂൾ ആയും കാണാൻ കഴിയും, ഈ സിനിമ – രാഷ്ട്രീയ സമവാക്യങ്ങളുടെ അലയൊലികൾ എക്കാലവും തമിഴ് സമൂഹത്തിൽ ശക്തമാണ്.
പാ.രെഞ്ജിത്ത്, വെട്രിമാരൻ, ശക്തിവേൽ, സമുദ്രക്കനി, ശശി കുമാർ തുടങ്ങിയ വലിയ നിര പല വിധത്തിൽ നിന്ന് ഇപ്പോൾ വീണ്ടും സമൂഹത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ അഡ്രസ് ചെയ്തു കൊണ്ട് അടുത്ത ഘട്ടത്തിലേക്ക് തമിഴ് സിനിമയെ എത്തിക്കുന്നുണ്ട്. എന്നാൽ തമിഴ് കോമേഴ്‌സ്യൽ സിനിമകളുടെ ശക്തി കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയ് എന്ന നടൻ തന്റെ സിനിമകൾ വഴി ഇത്തരം അടിസ്ഥാന വിഷയങ്ങളെ നേരിട്ട് അഡ്രസ് ചെയ്യാറില്ല , അതേസമയം വിജയ് സിനിമകൾ ഇക്കാര്യത്തിൽ തമിഴ് സിനിമയിൽ ഉണ്ടാക്കിയ മറ്റൊരു ഇംപാക്ട് കൂടിയുണ്ട്.
എൺപതുകളിലും, തൊണ്ണൂറുകളിലും തമിഴിൽ ഇറങ്ങിയ സിനിമകൾ എടുത്തു നോക്കിയാൽ സിനിമ വഴി സമൂഹത്തിൽ വരേണ്യ ചിന്താഗതി വീണ്ടും വീണ്ടും എത്രത്തോളം ശക്തമാക്കി തീർക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടെന്ന് വ്യക്തമാകും. സൂര്യ വംശം, തേവർ വീട്ട് പൊണ്ണ്, നാട്ടാമെ, തേവർ മകൻ, ചേരൻ പാണ്ഡ്യൻ തുടങ്ങിയ സിനിമകൾ ആ ലിസ്റ്റിൽ ചിലത് മാത്രം, ഇവയെല്ലാം തന്നെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജാതീയ മാഹാത്മ്യത്തിന്റെ തുറന്ന ആഘോഷമാണ് കാഴ്ച വെച്ചത്, തമിഴ് നാട്ടിലെ പ്രബല സവർണ വിഭാഗങ്ങളുടെ പ്രാമാണിത്വം ഉറപ്പാക്കാൻ ഈ സിനിമകൾ വഴി തീവ്രമായ ശ്രമം നടന്നിരുന്നു. ശരത് കുമാർ, സത്യരാജ്, വിജയകാന്ത്, രജനീകാന്ത് ഉൾപ്പെടെ സെമീന്താർ മൂവികൾ ചെയ്തതിൽ നിന്ന് ആരും പിന്നിൽ അല്ല. ഈ ജാതി മാഹാത്മ്യ സിനിമകൾ സഞ്ചരിച്ച വഴികളിൽ കുതറി മാറി മറ്റൊരു വഴിയിലൂടെ യാത്ര ആരംഭിച്ചു എന്നതാണ് ദളപതി വിജയ് ഉൾപ്പെടെയുള്ള പുതിയ നിരയിലെ താരങ്ങൾ ചെയ്തത്,
വിജയ് തന്റെ കരിയറിലെ ആരംഭ കാലത്ത് തോണ്ണൂറുകളുടെ തുടക്കത്തിലെ തുടർച്ചയായി ചെയ്തു പൊന്നിരുന്ന റൊമാന്റിക് മൂവികൾ വിട്ട് രണ്ടായിരത്തിന്റെ തുടക്കത്തിൽ ആക്ഷൻ ഹീറോ എന്ന തലത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ തമിഴ് സിനിമയുടെ പതിവ് പ്ലോട്ട് ആയിരുന്ന ജാതി പ്രാമാണിത്വം പ്രകടിപ്പിക്കുന്ന പടുകൂറ്റൻ ബംഗ്ലാവിൽ നിന്ന്, ചേരിയിലേക്കും കോളനിയിലേക്കും അവിടെയുള്ള വർക്ക് ഷോപ്പിലേക്കും, തെരുവിലേക്കും ഒക്കെയായി നായകൻ പ്ലെയ്സ് ചെയ്യപ്പെടുകയാണ്.
വിജയ് യുടെ കാര്യത്തിൽ നമ്മുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ചുവടുവെപ്പ് തുടങ്ങുന്നത് അവിടെ നിന്നാണ്, പക്ഷെ അത് തമിഴ് സിനിമയുടെ മറ്റൊരു ചുവടുവെപ്പ് കൂടിയായിരുന്നു.
പിന്നീടങ്ങോട്ട് തെന്നിന്ത്യൻ സിനിമാ ലോകത്ത് ശക്തമായ ഒരു താരോദയമായി ദളപതി എന്ന പേരിൽ വിജയ് വളർന്നു കഴിഞ്ഞും ഇതിൽ കാര്യമായ മാറ്റം ഒന്നും ഇല്ല അമേരിക്കയിൽ നിന്നും പ്രൈവറ്റ് ജെറ്റിൽ വന്നിറങ്ങുന്ന കോർപറേറ്റ് സിഇഒ സുന്ദർ രാമസ്വാമി ഒരു ഷർട്ടിന് മുകളിൽ മറ്റൊരു ഷർട്ട് കൂടിയിട്ട് നേരെ പോകുന്നത് നോർത്ത് മദ്രാസിലേക്കാണ്. തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്നാൽ എന്തുകൊണ്ടാണ് ‘കോളനി വാണം’ എന്ന പദം വിജയ് യോട് അയാളുടെ ആരാധകരോട് ചേർത്ത് പറയുന്നത് എന്ന് ചോദിച്ചാൽ ഇത് തന്നെയാണ് ഉത്തരം. വിജയ് ഫാൻസ് ആകുക എന്നത് വളരെ വിലകുറഞ്ഞ ഏർപ്പാടാണ് അതുകൊണ്ട് അതിനെ വിലയിരുത്താൻ കണ്ടെത്തിയ മാർഗം കോളനികളോട് ചേർത്ത് പറയലാണ്, എന്നാണ് വെപ്പ്.
ഇവിടെ വിജയ് കടന്നു വരുന്നത് അയാൾ തന്റെ കരിയറിൽ ചെയ്തു പോന്നിരുന്ന റോളുകൾ പലതും സാധാരണ ജനങ്ങളുടെ ഇടയിലുള്ളവ ആയിരുന്നു എന്നതാണ്, അവയൊക്കെ തന്നെ സ്ക്രീനിന് പുറത്ത് സാധാരണ ജനങ്ങളിൽ വലിയൊരു വിഭാഗം ആരാധകരെ അയാൾക്ക് നേടികൊടുത്തിട്ടുമുണ്ട് അവരെയൊക്കെ തന്നെയാണ് ഈ അധിക്ഷേപം വഴി ലക്ഷ്യം വെക്കുന്നത്. പുറത്തു നിന്ന് നോക്കുമ്പോൾ വെളിവില്ലാതെ കുറെ പിള്ളേര് തമ്മിൽ നടത്തുന്ന ഫാൻ ഫൈറ്റ് തെറിവിളികളായി കാണാം, പക്ഷെ നടക്കുന്നത് കോളനി ജീവിങ്ങളെ കുറിച്ച് നിലവിലുള്ള പൊതുബോധം ഊട്ടിയുറപ്പിക്കലാണ്, കോളനികളിൽ കഴിയുന്ന മനുഷ്യരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ് തികഞ്ഞ വംശീയ, ജാതീയ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. അതേസമയം ഒരു സിനിമയ്ക്ക് നൂറു കോടി രൂപ പ്രതിഫലം വാങ്ങുന്ന റോൾസ് റോയ്‌സ് കാറിൽ യാത്ര ചെയ്യുന്ന വിജയിയേയും, ഈ കോളനി ജീവിതത്തിന്റെ സാമൂഹിക പശ്ചാത്തലത്തിന് പുറത്ത് നിൽക്കുന്ന അദ്ദേഹത്തിന്റെ അനേക ലക്ഷം ആരാധകരെയും ആ അധിക്ഷേപങ്ങൾ ബാധിക്കില്ല.
വ്യക്തിപരമായി വിജയ് എന്ന നടനെ കുറിച്ച് പറഞ്ഞാൽ, തമിഴിലെ മികച്ച അഭിനേതാക്കളുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ ആദ്യ അഞ്ചിൽ പോലും വിജയ് വരില്ല, എന്നാൽ തെന്നിന്ത്യൻ സിനിമയിൽ മാസ്സ് മസാല എന്റെർടെയ്ൻമെന്റ്സ് സിനിമകളുടെ കാര്യത്തിൽ ആദ്യ പേര് വിജയ് യുടെ തന്നെയാണ്. (വ്യക്തിപരമായ അഭിപ്രായം)
തമിഴ് സിനിമയിൽ നെപ്പൊട്ടിസത്തിന്റെ പ്രോഡക്റ്റ് തന്നെയാണ് വിജയ് യും, എന്നാൽ പൊതുബോധ സൗന്ദര്യം സങ്കല്പങ്ങളുടെ പേര് പറഞ്ഞു പോലും തള്ളി കളഞ്ഞയിടത്ത് നിന്നാണ് അയാൾ വീണ്ടും കയറി വന്നത്, അതിനെല്ലാം ഉപരി അദ്ദേഹത്തെ വ്യത്യസ്തനാക്കി തീർക്കുന്ന മറ്റു ചിലത് കൂടിയുണ്ട്, അയാളുടെ സഹപ്രവർത്തകർ ഉൾപ്പെടെ ആവർത്തിച്ചു പറയുന്ന അയാളുടെ അത്ഭുതപ്പെടുത്തുന്ന എളിമയും, ഇടപെടലും. തനിക്കെതിരെ നടക്കുന്ന വേട്ടയാടലുകൾ ഒരു ചെറു പുഞ്ചിരിയോടെ അവഗണിച്ചു കടന്നു പോകുന്ന മനോഭാവവും, പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നതും തന്നെയാണ് അയാൾ കൂടുതൽ പ്രീയങ്കരനാകുന്നത്, ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമുള്ളയാൾ ആണോ എന്ന് അറിയില്ല ഇതുവരെ അങ്ങനെ ഒരു പരസ്യ പ്രഖ്യാപനം കണ്ടിട്ടില്ല,
പക്ഷെ ഇപ്പോൾ അയാൾ കൈക്കൊള്ളുന്ന നിലപാടുകൾ അയാൾ നിരന്തരം പിൻതുടർന്നു പൊരുന്ന സഹജീവികളൊടുള്ള സമീപനവും എല്ലാം മനുഷ്യ പക്ഷത്താണ് നിലകൊള്ളുന്നത് എന്നതാണ് വ്യക്തമാക്കുന്നത്, അയാളോടുള്ള ഇഷ്ടത്തിന് ഇപ്പോൾ അത് തന്നെ ധാരാളം. ഹാപ്പി ബർത്ത് ഡേ തലൈവാ…❤️
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.