പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ജോയ്സൻ ദേവസ്സി
നെടുങ്കോട്ട യുദ്ധത്തിൽ മൈസൂർ അധികാരിയായ ടിപ്പു സുൽത്താനെയും സൈന്യത്തേയും തിരുവിതാംകൂർ സേന തോൽപ്പിച്ചുവെന്നും തുടർന്ന് മൈസൂർ സൈന്യം അതിർത്തി കടക്കാതെ തിരിച്ചുപോയെന്നുമാണ് ഇന്നും പലയിടത്തും പ്രചരിക്കുന്ന കഥ. പക്ഷേ ഇതിന്റെ സത്യാവസ്ഥ വളരെ ശോചനീയവും പരിതാപകരവുമാണ്. ഇന്ന് ചരിത്രത്തിൽ താല്പര്യമുള്ള ഒരു ഹൈസ്കൂൾ വിദ്യാർഥിക്കുവരെ എന്താണ് നെടുങ്കോട്ടയുദ്ധം എന്നറിയാമെന്നിരിക്കെ, അല്ലെങ്കിൽ അറിയാനുള്ള സാഹചര്യം വളരെ ലഭ്യമെന്നിരിക്കെ ഇത്തരം കള്ളനാടകങ്ങൾ നടത്തുന്നതിന്റെ പിന്നിലെ ഔചിത്യം എന്താണ്.?
ഇനി എന്താണ് നെടുങ്കോട്ട യുദ്ധം അല്ലെങ്കിൽ Battle Of Travancore Lines, എന്നു നോക്കാം.1741 ൽ ഡച്ച് അഡ്മിറലും തുടർന്ന് തിരുവിതാംകൂർ സൈനാധിപനുമായ വലിയ കപ്പിത്താൻ എന്നറിയപ്പെടുന്ന “യൂസ്താഷിയോ ഡി ലിനയോയ് ” എന്ന വിദേശിയുടെ കീഴിൽ 1764 ലാണ് നെടുങ്കോട്ടയുടെ നിർമ്മാണം ആരംഭിക്കുന്നത്. “കാർത്തിക തിരുനാൾ രാമവർമ്മ” അഥവാ “ധർമ്മരാജ” എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവാണ് നിർമ്മാണങ്ങൾക്ക് അനുമതി നൽകിയത്. പ്രധാനമായും വടക്കുനിന്നുമുള്ള സാമൂതിരിയുടെ ആക്രമണങ്ങളെ തടുക്കുവാനായാണ് ഈ കിഴക്ക് ആനമുടി മുതൽ പടിഞ്ഞാറ് കൃഷ്ണൻകോട്ട കഴിഞ്ഞു വൈപ്പിൻ വരെയുള്ള ഈ കോട്ടമതിൽ നിർമ്മിക്കുന്നത്. ഇതിനിടയിൽ രാമവർമ്മ രാജ അനധികൃതമായി 1766 ൽ കൊച്ചിയുടെയും, കൊടുങ്ങല്ലൂർ രാജാവിന്റെയും അതിർത്തിക്കുള്ളിലേക്ക് തന്റെ കോട്ടമതിൽ വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. ഈ പ്രവർത്തനം മൈസൂറിലെ ഹൈദർ അലിയുടെ കോപത്തിനു കാരണമാകുമെന്ന് കരുതി കൊടുങ്ങല്ലൂരിലെ ഡച്ചുകാർ എതിർത്തെങ്കിലും അവരുടെ കോട്ടകൾ കൂടി വിലക്കെടുത്ത് രാമവർമ്മ മൈസൂറിനെ കൂടുതൽ ചൊടിപ്പിക്കുകയാണുണ്ടായത്. 1777 ൽ 16 അടി നീളവും 20 അടി ആഴവുമുള്ള കിടങ്ങുകളോടെ നെടുങ്കോട്ടയുടെ നിർമ്മാണം പൂർത്തിയായി. ഇതിനിടയിൽ ആഗ്ലോ മൈസൂർ യുദ്ധം, മറാത്ത യുദ്ധം തുടങ്ങിയവയാൽ തിരക്കിലായിരുന്ന മൈസൂർ സൈന്യം 1789 ഓടെയാണ് തങ്ങളുടെ ശ്രദ്ധ പ്രസ്തുത കോട്ടയിലേക്ക് ചെലുത്തുന്നത്.
ഡച്ചുകാരുടെ ചേറ്റുവായും, പാപ്പിനിവട്ടവും കീഴടക്കിയ മൈസൂറിനു തങ്ങളുടെ ബ്രിട്ടീഷുകാർക്കെതിരെയുള്ള ഭാവിയിലെ യുദ്ധങ്ങൾക്ക് മലബാറിനും, കൊറമാണ്ടൽ തീരത്തിനുമിടയിൽ ഒരു സൈനീക ബദ്ധം ആവശ്യമാണെന്ന് മനസ്സിലായി. ഇതിനായി കൊടുങ്ങല്ലൂർ, പള്ളിപ്പുറം, മാഞ്ഞാലി കോട്ടകൾ വാങ്ങുവാനായി കൊച്ചിയിലെ ഡച്ച് കമാണ്ടറായ “എയ്ഞ്ചൽബീക്കിനു” മൈസൂർ രാജാവായ “ടിപ്പു സുൽത്താൻ” കത്തയക്കുകയുണ്ടായി. പക്ഷേ എയ്ഞ്ചൽബീക്ക് തങ്ങളുടെ കോട്ടകൾ രാമവർമ്മക്കു വിൽക്കുകയാണ് ചെയ്തത്. പ്രശ്നങ്ങൾ ഒന്നുമില്ലായെന്ന് കരുതിയ ഡച്ച് കമാണ്ടർ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് ഒരു ബറ്റാലിയൻ മൈസൂർ സൈന്യത്തിനെയാണ്. ആകെ പേടിച്ചുപോയ എയ്ഞ്ചൽബീക്ക് വിവരം സിലോണിലെ ഡച്ചു ഗവർണറെ അറിയിക്കണോ, ബ്രിട്ടീഷുകാരെ സഹായത്തിന് വിളിക്കണോ എന്നറിയാതെ കുഴഞ്ഞു. രാമവർമ്മ അദ്ദേഹത്തെ സഹായിക്കുമെന്നറിയാമെങ്കിലും ബ്രിട്ടന്റെ തുണയില്ലാതെ തിരുവിതാംകൂർ സേന വന്നിട്ട് പ്രത്യേക കാര്യമില്ലെന്ന് അദ്ധേഹത്തിനറിയാമായിരുന്നു. ബ്രിട്ടനാകട്ടെ കഴിഞ്ഞ രണ്ടു 1769, 1784 യുദ്ധങ്ങളിലും മൈസൂറിനോട് തോറ്റുനിൽക്കുകയാണ്. രാമവർമ്മ തന്റെ കൊട്ടാരത്തിൽ സഹായത്തിനായി ചെലവ് നൽകി നിർത്തിയിരിക്കുന്ന ബ്രിട്ടീഷ് റസിഡന്റ് “പോണിയോട്” ടിപ്പുവിനെതിരെ കൂടെ നിൽക്കാൻ പറഞ്ഞു. പോണി ഈ വിവരം നേരെ മദ്യാസ് പ്രസിഡൻസിയിലെ ഗവർണ്ണർ “കേമ്പല്ലിനെ” ധരിപ്പിച്ചപ്പോൾ കിട്ടിയ മറുപടി, ബ്രിട്ടീഷ് സൈന്യം രാജാവിനെ തിരുവിതാംകൂറിൽ നടക്കുന്ന യുദ്ധത്തിൽ മാത്രം സഹായിക്കാനാണ് നിർത്തിയിരിക്കുന്നതെന്നും, ആയതിനാൽ ടിപ്പുവുമായി രമ്യതയില്ലെത്താനുമാണ്. ടിപ്പു 1789 ൽ കൊടുങ്ങല്ലൂർ കോട്ട ആക്രമിക്കാൻ തുനിഞ്ഞപ്പോൾ വീണ്ടും രാമവർമ്മ സഹായത്തിനായി മദ്യാസിലേക്ക് എഴുതി. അന്നത്തെ ബ്രിട്ടീഷ് ഗവർണ്ണർ “ഹോളണ്ട് ” പറഞ്ഞത് തൽക്കാലം ടിപ്പുവിനെ ചൊടിപ്പിക്കാതെ കോട്ടകൾ വിട്ടുകൊടുത്ത് പിന്തിരിയാനാണ്. ഇതിനിടയിൽ കോട്ടകൾ വാങ്ങാൻ മുതിർന്ന രാമവർമ്മയെ വരും വരായ്കകൾ ഒറ്റയ്ക്കു അനുഭവിച്ചോ എന്നും പറഞ്ഞ് ഹോളണ്ട് താക്കീതു ചെയ്യുന്നതും കാണാം. ടിപ്പു അപ്പോഴും തിരുവിതാംകൂറിനോടും, ബ്രിട്ടനോടും ഒരേപോലെ തന്റെ സാമന്തനായ കൊച്ചിരാജാവിന്റെ അതിർത്തിയിലുള്ള കോട്ടയുടെ ഭാഗം മാത്രം പൊളിച്ചുകളയാനും, പള്ളിപ്പുറം, കോട്ടപ്പുറം, മാഞ്ഞാലി കോട്ടകൾ തിരികെ കൊടുക്കാനും പറഞ്ഞുപോന്നു. സത്യത്തിൽ ബ്രിട്ടനെതിരെ മറാത്തരുമായി ഒരു സന്ധിയിൽ എത്താനുള്ള തിരക്കിലായിരുന്ന ടിപ്പുവിന് ഈ ചെറിയ നാട്ടുരാജ്യത്തിന്റെ പ്രശ്നത്തിൽ താല്പര്യമില്ലായിരുന്നു. അടുത്ത മൂന്നാം ആഗ്ലോ മൈസൂർ യുദ്ധം അദ്ധേഹം നേരത്തെ മുൻകൂട്ടി കണ്ടിരുന്നു.
ഒരു പ്രധാന കാര്യമെന്തെന്നാൽ ഈ നെടുങ്കോട്ടയുദ്ധം തിരുവിതാംകൂർ കീഴടക്കണം എന്ന ആഗ്രഹത്തിൽ പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടുണ്ടായതല്ല. ടിപ്പു സുൽത്താൻ ധർമ്മരാജാവുമായി കുറഞ്ഞത് 7 തവണയെങ്കിലും കത്തിടപാടുകൾ നടത്തിയതിനുശേഷമാണ് പ്രധാന യുദ്ധം നടക്കുന്നത് തന്നെ. തനിക്കെതിരെ കലാപത്തിന് ആഹ്വാനം നൽകി രക്ഷപ്പെട്ട കോഴിക്കോട്, ചിറക്കൽ, കടത്തനാട് അധികാരികളെ വിട്ടുതരാൻ സുൽത്താൻ ദൂതൻ മുഖേന രാമവർമ്മയോട് ആവശ്യപ്പെടുമ്പോൾ ലഭിക്കുന്ന മറുപടി ഞാൻ ആർക്കും എന്റെ രാജ്യത്ത് അഭയം നൽകിയിട്ടില്ലാ, അങ്ങനെയാരും തിരുവിതാംകൂറിൽ വന്നിട്ടുമില്ലെന്നായിരുന്നു. ഇതിൽ ക്ഷുഭിതനായാണ് ടിപ്പു തന്റെ സൈന്യത്തെ നിയോഗിക്കുന്നതും ഇന്നത്തെ ചാലക്കുടിക്ക് 6 കി.മീ വടക്കായി തമ്പടിക്കുന്നതും. ഈ സമയം ടിപ്പു ത്രിശ്ശൂർ വടക്കുംനാഥ മൈതാനിയിൽ പ്രധാന സൈന്യത്തിന്റെ കൂടെയായിരുന്നു. ഇതിനിടയിലാണ് ആദ്യത്തെ സംഘട്ടനം എന്നു പറയുന്ന 1789 ഡിസംബർ 28 ന് ടിപ്പുവിന്റെ ഏതാനും സൈനികർ തിരുവിതാംകൂറിന്റെ നെടുങ്കോട്ട സൈന്യവുമായി കോർക്കുന്നത്. കൃത്യമായി പറഞ്ഞാൽ മലബാറിൽ നിന്നും പിൻവാങ്ങിയ ഏതാനും കലാപകാരികളെ പിടികൂടുവാനായി സുൽത്താൻ നിയോഗിച്ച 200 ഓളം സൈനികർ അന്നത്തെ നെടുങ്കോട്ടയ്ക്കു സമീപത്തുനിന്നും കുറെപ്പേരെ പിടികൂടി തിരിച്ചു പാളയത്തിലേക്ക് വരികയായിരുന്നു. ഇവരെ കോട്ടയുടെ മുകളിൽ നിന്നും കുറെ തിരുവിതാംകൂർ സൈനികർ നിറയൊഴിക്കുകയും ശേഷം ആക്രമിക്കുകയും ചെയ്തു. ചർച്ചകൾ നടന്നുകൊണ്ടിരിക്കെ തങ്ങൾക്കെതിരെ പ്രകോപനപരമായ രീതിയിൽ ആക്രമണം നടത്തിയ തിരുവിതാംകൂർ സൈന്യത്തെ മൈസൂർ പട തുരത്തിയോടിച്ചു കോട്ടക്കകത്തു കയറ്റി. കലി ഒടുങ്ങാത്ത മൈസൂർ സൈന്യം (കേവലം 200 പേർ) വെടിമരുന്നോ, പീരങ്കികളോ ഇല്ലാതെ നിഷ്പ്രയാസം കോട്ടവാതിൽ തകർക്കുകയും നിലവിലെ ശത്രുസൈന്യത്തെ ഓടിക്കുകയും ചെയ്തു. ഇങ്ങനെ ശത്രുക്കളെ തിരിച്ചോടിക്കുന്നതിനിടയിൽ 800 ഓളം നായർപട ഒളിഞ്ഞിരുന്നു നിറയൊഴിച്ചതിലാണ് 30 ഓളം മൈസൂർ സൈനികർ കിടങ്ങിൽ വീണു മരിക്കുന്നത്. ശേഷിച്ചവർ പിന്തിരിഞ്ഞപ്പോൾ കൂടെ അനവധി തിരുവിതാംകൂർ സൈനികരെ ബന്ദികളാക്കിയിട്ടാണ് ക്യാമ്പിലെത്തിയത്. ഈ പെട്ടെന്നുണ്ടായ ആക്രമണം ടിപ്പു തന്റെ അറിവോടെയല്ലെന്നും പറഞ്ഞു പിടികൂടിയ തിരുവിതാംകൂർ സൈനികരെ മടക്കി അയക്കുന്നത് നമുക്ക് ചരിത്രത്തിൽ കാണാം. ഇതു ടിപ്പുവിന്റെ അനുവാദത്തോടെയല്ല, ഒരു ചെറിയ തർക്കമായിരുന്നുവെന്ന് ബ്രിട്ടീഷ് ഓഫീസർ കെന്നവയും പറയുന്നുണ്ട്. ടിപ്പുവിനെ അങ്ങേയറ്റം വെറുത്തിരുന്ന ബ്രിട്ടീഷ് ജനറൽ മെഡോസ് പറയുന്നതും ഇതൊരു ചെറിയ തർക്കം മാത്രമെന്നാണ്. ഇതിനു ശേഷവും സുൽത്താൻ 1790 ഫ്രബ്രുവരി 7,22 തുടങ്ങിയ തിയ്യതികളിൽ രാമവർമ്മ, മദ്രാസ് ഗവർണ്ണർ തുടങ്ങിയവരുമായി കത്തിടപാടുകൾ നടത്തിയിരുന്നു.
ഇതു വകവെക്കാതെ തിരുവിതാംകൂർ സൈന്യം 1790 മാർച്ച് 1 നു,1000 സൈനികരോടെ നെടുങ്കോട്ട കടന്നു മൈസൂർ സൈന്യത്തെ ആക്രമിക്കാൻ ഒരുങ്ങി. ഏകദേശം 400 മീറ്ററുകൾ പിന്നിട്ടപ്പോൾ മൈസൂർ സൈന്യത്താൽ ഇവർ ആക്രമിക്കപ്പെട്ടു. ഈ ഏറ്റുമുട്ടലിൽ തിരിച്ചോടിയ
തിരുവിതാംകൂർ സൈന്യത്തിലെ ഭൂരിഭാഗവും മൈസൂറിന്റെ വാളിനിരയായി. ശേഷിച്ചവർ നെടുങ്കോട്ട കയറി ഓടിയകന്നു. ഇതിൽ നിന്നും പാഠം പഠിക്കാതെ അതേ വർഷം തന്നെ ഏപ്രിൽ 9 നു 1500ഓളം സൈനികരുമായി തിരുവിതാംകൂർ സൈന്യം പിന്നെയും സാഹസത്തിനു മുതിർന്നു. ദോഷം പറയരുതല്ലോ, കൂടുതൽ ആൾനാശത്തോടെ സൈന്യം പഴയപോലെ നെടുങ്കോട്ട കടന്ന് ഓടി. ഇതും കൂടിയായപ്പോൾ ടിപ്പു സുൽത്താനു മനസ്സിലായി രാമവർമ്മക്കു ബ്രിട്ടൻ കൂടെയുള്ള അഹങ്കാരത്താൽ തന്നെ ആക്രമിക്കാനാണ് താല്പര്യം എന്ന്. തുടർന്ന് അദ്ദേഹം തൽക്കാലം തന്റെ കത്തിടപ്പാടുകൾ നിർത്തിവെച്ചു സൈന്യത്തോട് തയ്യാറാവാൻ പറഞ്ഞു. 1790 ഏപ്രിൽ 12 നു രാവിലെ 36000 കാലാൾപ്പടയും, 800 കുതിരപ്പടയും, 7 പീരങ്കിയുമായി മൈസൂർ സൈന്യം സജ്ജമായി. പതിവുപോലെ 3 ദിവസത്തെ പീരങ്കിവെടിക്കു ശേഷം ഏപ്രിൽ 15 നു കോട്ടക്കകത്തേക്കൊരു വഴി തുറന്നെടുത്ത സുൽത്താൻ ആദ്യം തന്റെ 6000 സൈന്യത്തെ നിയോഗിച്ചു. വളരെ പെട്ടെന്നു തന്നെ സൈന്യം നിഷ്പ്രയാസമായി കോട്ടമതിൽ കീഴടക്കി. ശേഷം നടന്ന കാര്യങ്ങൾ തിരുവിതാംകൂറിനായി 700 ഓളം ബ്രിട്ടീഷ് സൈന്യവുമായി നിലകൊണ്ട മേജർ പോണി തന്നെ പറയുന്നുണ്ട്. എന്റെ മിലിട്ടറി ജീവിതത്തിൽ തിരുവിതാംകൂർ സൈന്യം ഓടിയ പോലത്തെ ഒരു നാണം കെട്ട ഓട്ടം ഞാൻ ഒരു യുദ്ധത്തിലും കണ്ടിട്ടില്ലായെന്നാണ് പോണി പറയുന്നത്. ആദ്യത്തെ പീരങ്കിവെടിയൊച്ച കേട്ടപ്പോഴേക്കും ഇവർ ഓടിയൊളിച്ചുവെന്ന് പോണി കൂട്ടിച്ചേർക്കുന്നു. അങ്കമാലി- ചാലക്കുടി അതിർത്തിയിൽ ശരിയായി ഇന്നത്തെ “കോനൂർ” മുതൽ പടിഞ്ഞാറ് കൊടുങ്ങല്ലൂർ വരെയുള്ള കോട്ടമതിൽ മൈസൂർ സൈന്യം ഇടിച്ചുനിരത്തി .തിരുവിതാംകൂറിന്റെ രക്ഷക്കായി അവർ നിർത്തിയ ബ്രിട്ടീഷ് സൈന്യം തങ്ങൾക്ക് നിർദ്ദേശം ലഭിച്ചില്ലെന്നും പറഞ്ഞ് യുദ്ധം കണ്ടുനിന്നു. മറ്റൊരു ബ്രിട്ടീഷ് ഓഫീസറായ “കേണൽ ഹാർട്ട്ലി”, മെയ് 7 നു ടിപ്പുവിനെ കൊടുങ്ങല്ലൂർ കോട്ടയിൽ വെച്ചു നടന്ന യുദ്ധത്തിൽ തടയാൻ നോക്കിയെങ്കിലും കൂടുതൽ നാശത്തോടെ കോട്ട വിട്ടോടേണ്ടി വന്നു. മെയ് 9 തോടെ പറൂർ, കൊടുങ്ങല്ലൂർ, പള്ളിപ്പുറം, മാഞ്ഞാലി കോട്ടകൾ കീഴടക്കിയ മൈസൂർ സൈന്യം ഇന്നത്തെ എറണാകുളത്തുള്ള വരാപ്പുഴയിൽ തമ്പടിച്ചു വിജയം പൂർത്തീകരിച്ചു. ഇതിനിടയിൽ ബ്രിട്ടീഷുകാർ നിസാം, മറാത്ത സഖ്യത്തോടെ ടിപ്പുവിനെതിരെ മൂന്നാം മൈസൂർ യുദ്ധം പ്രഖ്യാപിച്ചതിനപ്രതി ടിപ്പു സുൽത്താൻ മാർച്ച് 24 ഓടെ കേരളം വിട്ടു തിരിച്ചു പോവുകയും ചെയ്തു. ഇത്രയുമാണ് നെടുങ്കോട്ട യുദ്ധം.
ഈ യുദ്ധത്തിലാണ് തിരുവിതാംകൂർ തങ്ങളാണ് ജയിച്ചതെന്നും ടിപ്പുവിനെ തോൽപ്പിച്ചുവെന്നുമുള്ള നുണകൾ പറഞ്ഞു മേൽപ്പറഞ്ഞപ്പോലുള്ള നാടകങ്ങൾ വർഷാവർഷം നടത്തുന്നത്. ആകെ ടിപ്പുവിന്റെ അറിവില്ലാതെ നടന്ന ചെറിയ തർക്കത്തെ തങ്ങൾ പല്ലക്കിൽ യാത്രചെയ്ത ടിപ്പുവിനെ വെട്ടിയിട്ടു മുടന്തനാക്കി, സൈനാധിപൻ കമറുദ്ധീനെ കൊലപ്പെടുത്തി, ടിപ്പുവിന്റെ വാൾ എല്ലാം തട്ടിയെടുത്തു, ഭൂതത്താൻ കെട്ട് ഡാം തുറന്നുവിട്ടു മൈസൂർ സൈന്യത്തെ നശിപ്പിച്ചു എന്നൊക്കെയുള്ള രീതിയിൽ നുണകൾ ചേർത്തു വിളമ്പുന്നത്. വിൽക്സ് എന്ന ബ്രിട്ടീഷ് ചരിത്രകാരനും ഏതാനും തിരുവിതാംകൂർ കൂലിയെഴുത്തുകാരും ചേർന്നു ജന്മം നൽകിയ ഇത്തരം നുണപ്രചരണങ്ങൾ സ്വന്തം ബ്രിട്ടീഷ് അധികാരികൾ തന്നെ പൊളിച്ചടുക്കുമെന്ന് എന്തായാലും ഇവർ കരുതികാണില്ല . ഒന്നാമതായി ടിപ്പു ഈ ആദ്യ സംഘട്ടനത്തിൽ പങ്കെടുത്തില്ലായെന്നും, അദ്ദേഹത്തിന്റെ അനുവാദത്തോടെയല്ലാ ഈ രംഗം അരങ്ങേറിയതെന്നും ബ്രിട്ടീഷ് ഓഫീസർ “കെന്നവ” പറയുന്നുണ്ട്. ടിപ്പു പല്ലക്കിൽ നിന്നും യുദ്ധം ചെയ്തു എന്നതിനു “വിൽക്സ് “തന്നെ പറയുന്നുണ്ട്, അദ്ദേഹം നല്ല കുതിരസവാരിക്കാരനാണ് എന്നും കുതിരയിലാണ് കൂടുതൽ യാത്രകൾ എന്നും. പല്ലക്ക് അലസൻമാരുടെയും വയോധികരുടെയും മാത്രം വാഹനമാണെന്ന് അദേഹം പറഞ്ഞതായി ചരിത്രരേഖകൾ ഉണ്ട്. അടുത്തതായി ടിപ്പു മുടന്തനായി എന്നു ആഘോഷിക്കുന്നവർ മൂന്നാം മൈസൂർ യുദ്ധത്തിനു ശേഷം നാലാം മൈസൂർ യുദ്ധവും തുടർന്നദ്ധേഹത്തിന്റെ മരണം വരെ അദ്ദേഹത്തെ മുടന്തനായി കണ്ട കാര്യം പറയുന്നില്ല.
അങ്ങനെയൊന്നുണ്ടെങ്കിൽ അതു ബ്രിട്ടീഷുകാർ അങ്ങേയറ്റം ആഘോഷിക്കേണ്ടതെന്നു നിൽക്കേ, മേജർ പോണിയോ, മെഡോസോ, കോൺവാലിസോ, വെല്ലസ്ലിയോ ആരും തന്നെ അദ്ധേഹത്തെ മുടന്തനായി പിന്നീട് കണ്ടുവെന്ന് പറയുന്നില്ല. മാത്രമല്ല തന്റെ കുതിര വീണതിനു ശേഷം മരണം വരെ ഓടിനടന്ന് ശ്രീരംഗപട്ടണത്ത് പടവെട്ടിയ അദ്ദേഹത്തെ ഒരാളും മുടന്തനായി രേഖപ്പെടുത്തിയിട്ടില്ല. അടുത്തതായി ജനറൽ കമറുദ്ധീൻ ഖാൻ മരിച്ചെന്ന നുണയാണ്. ഈ കമറുദ്ധീൻ നാലാം മൈസൂർ യുദ്ധത്തിലും പങ്കെടുത്ത് 1800 കളിലാണ് മരിക്കുന്നത്. പക്ഷേ ഇവിടെ ചിലർ അദ്ദേഹത്തെ 11 വർഷം മുന്നേ കൊന്നുവെന്നതാണ് കോമഡി. പിന്നെ എല്ലാറ്റിലുമുപരി ടിപ്പുവിന്റെ വാൾ തട്ടിയെടുത്ത കാര്യം പറയുകയാണേൽ തിരുവിതാംകൂർ രാജാവ് ധർമ്മരാജാ കാർത്തിക തിരുന്നാൾ രാമവർമ്മ മദ്യാസ് പ്രസിഡൻസിയുമായി നടത്തിയ കത്തിടപാടുകളിൽ ടിപ്പുവിന്റേതായ ഒന്നും തന്നെ ലഭിച്ചതായോ, അങ്ങനെ കിട്ടിയ ഏതെങ്കിലും വസ്തുവിന്റെ പേരു പറഞ്ഞതായോ, നൽകിയതായോ ഗവർണർ ഹോളണ്ടും മേജർ ഇബിഡും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പിന്നെ ഭൂതത്താൻ കെട്ട് ഡാം ( അധികമായിട്ടില്ല കുറച്ചു ഷട്ടറുകൾ നിലവിൽ വന്നിട്ടു ) ഇന്നു 2021 ൽ ഈ പോസ്റ്റ് എഴുതുന്ന സമയത്ത് പൂർണ്ണമായി തുറന്നുവിട്ടാൽ കൂടി ആലുവ മണപ്പുറം മുങ്ങുമോ എന്നു സംശയമാണ്. അപ്പോഴാണ് ഭാരതപ്പുഴ, ബേപ്പൂർ പുഴ, ചാലക്കുടി പുഴ കടന്ന ഒരു സൈന്യം ഇവിടെ മൊത്തത്തിൽ ഒഴുകിപ്പോയി എന്ന നുണകൾ വരുന്നത്. ഈ ആലുവ കഴിയാതെ അങ്കമാലിക്കു വടക്കു നിന്നും വന്ന മൈസൂർ സൈന്യം മുകളിൽ പറഞ്ഞ വരാപ്പുഴയിൽ എത്തണമെങ്കിൽ അന്നുകാലത്ത് ടിപ്പു സുൽത്താൻ ഏതെങ്കിലും ഫ്ലൈ ഓവറോ, മെട്രോയോ ഉപയോഗിക്കണം. ഇന്നുവരെ മെട്രോ ആലുവ വരെയുള്ളു എന്നത് ഓർക്കുക. ഇതു കൂടാതെ ഒരു പുണ്യാളൻ, ഒരു ദേവി തുടങ്ങിയവർ ടിപ്പുവുമായി കൂടികാഴ്ച്ച നടത്തിയ കഥകളുമുണ്ട്. ഇവിടെ പറഞ്ഞാൽ കോമഡിയാകും.
മൂന്നാം മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടന്റെ കൂട്ടുകാരനായ രാമവർമ്മ രാജാവിന് സംഭവിച്ചത് വളരെ സങ്കടകരമാണ്. അദ്ധേഹത്തിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ ,
“The Company cares more for money than for their friends”
യുദ്ധത്തിനു ശേഷം കരഞ്ഞുകൊണ്ട് ധർമ്മരാജാവ് പറഞ്ഞ വാക്കുകളാണിത്. ഇതിനു പുറമേ ബ്രിട്ടീഷ് കമ്പനി യുദ്ധചെലവ് എന്ന വകയിൽ 25 ലക്ഷം തിരുവിതാംകൂറിൽ നിന്ന് ആവശ്യപ്പെട്ടു, കരഞ്ഞരുളി 10 ലക്ഷം വീതം തന്നുകൊള്ളാം എന്നു കമ്പനിയോട് പറഞ്ഞു. പ്രധാന കോമഡിയെന്നത്, യുദ്ധശേഷം കൊടുങ്ങല്ലൂരും ഇടപ്പള്ളിയും തങ്ങളുടേതാണ്, അതിനല്ലെ ഞങ്ങൾ ടിപ്പുവിന്റേന്ന് നഷ്ടങ്ങൾ വാങ്ങിയത് എന്നു പറഞ്ഞപ്പോൾ ബ്രിട്ടീഷ് കമ്പനി പറഞ്ഞത്, ആ പ്രദേശം കൊച്ചിക്കു അവകാശപ്പെട്ടതാണെന്നാണ്. എന്തിനേറെ, ശ്രീരംഗപട്ടണം സന്ധി ഒപ്പിടുമ്പോൾ പാവം രാമവർമ്മയെ കമ്പനി അധികാരികൾ ഹാളിനകത്തേക്ക് പോലും വിളിപ്പിച്ചില്ല. ജനറൽ കോൺവാലിസ് ഇട്ട കുരുക്കിൽ കിടന്നുതിരിഞ്ഞ തിരുവിതാംകൂർ ബ്രിട്ടന് സ്വയം പണയമാവുകയാണ് സത്യത്തിൽ ധർമ്മരാജാവിലൂടെ അറിഞ്ഞോ അറിയാതെയോ നടന്നത്. കോൺവാലീസ് രാമവർമ്മയെ വെച്ചു നടത്തിയ ഈ കുരങ്ങുകളിപ്പിക്കലിനു ഗവർണ്ണർ ഹോളണ്ട് അദേഹത്തെ കുറ്റപ്പെടുത്തുന്നുമുണ്ട്. പക്ഷേ യുദ്ധം ജയിച്ച് | ( 3ആം ആംഗ്ലോ മൈസൂർ യുദ്ധം) കോൺവാലീസ് തന്റെ മുഖം രക്ഷിച്ചു. തിരുവിതാംകൂറിന് ലഭിച്ചതോ മാനനഷ്ടവും, ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഒരു ആജീവനാന്ത അടിമയുടെ പദവിയും..
ഈ വിവരങ്ങളെല്ലാം ഇന്നും ലഭ്യമെന്നിരിക്കെയാണ് മേൽപ്പറഞ്ഞ കുപ്രചരണങ്ങൾ ഇന്നും നടന്നുവരുന്നത്. വരും തലമുറയെ ഇല്ലാത്ത ജയം പറഞ്ഞ് പറ്റിക്കുന്ന ഇത്തരം കഥകൾ നിർത്താൻ ഇതിന്റെ പിന്നിലുള്ളവർ തയ്യാറാകാത്ത പക്ഷം, മറ്റുള്ളവർ സത്യത്തിൽ നടന്ന തിരുവിതാംകൂറിന്റെ പരാജയത്തെയും തുടർന്നുള്ള ബ്രിട്ടീഷ് അടിമത്വത്തെയും വിശദമായി അറിയാൻ ഇടവരികയും അതൊരു തീരാകളങ്കമായി മാറുകയും ചെയ്യും. വ്യക്തിപരമായി സാമൂതിരി വംശത്തിനു ശേഷം ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു രാജവംശമാണ് തിരുവിതാംകൂർ . അപേക്ഷയാണ് , ദയവായി ഇത്തരം കള്ളങ്ങൾ ഒഴിവാക്കുക…
റഫറൻസ്
Malcolm – പൊളിറ്റിക്കൻ ഹിസ്റ്ററി ഇന്ത്യ
കൗൺസിൽ റിപ്പോർട്ട്,1791 ജൂലായ്..
ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ -MHK
ടിപ്പു സുൽത്താൻ – പി.കെ ബാലക്യഷ്ണൻ
പോണീസ് കത്തുകൾ.
മിൽ/ വിൽസൺ റിപ്പോർട്ട്
മക്കൻസി
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.