കേരളത്തെ വിശ്വപ്രസിദ്ധമാക്കിയ ഡോ.എ.അയ്യപ്പന്‍
റാഫി നീലങ്കാവില്‍
കഠിനാദ്ധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും നരവംശ ശാസ്ത്രത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്ന് വിശ്വപൗരനായിത്തീര്‍ന്ന ഒരു മഹാപ്രതിഭ ഡോ.എ. അയ്യപ്പന്‍. അദ്ദേഹം ആരായിരുന്നെന്നറിയാന്‍ അദ്ദേഹം ചുമതല വഹിച്ച എതാനും പദവികള്‍ മാത്രം ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി. 1976ല്‍ ന്യൂഡെല്‍ഹിയിലെ ഇന്‍റര്‍നേഷണല്‍ കോണ്‍ഗ്രസ്സ് ഓഫ് ആന്ത്രൊപ്പോളജിക്കല്‍ ആന്‍റ് എത്നോളജിക്കല്‍ സയന്‍സിന്റെ ദേശീയ കമ്മറ്റിയുടെ ചെയര്‍മാനായി ഇന്ത്യാ ഗവര്‍മെന്‍റ് നിയമിച്ചു. 1980ല്‍ ലണ്ടന്‍ റോയല്‍ ആന്ത്രപ്പോളജിക്കല്‍ ഇസ്റ്റിറ്റ്യൂട്ടിലെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യയിലെ നരവംശ ശാസ്ത്ര സംഘടനയുടെ അദ്ധ്യക്ഷന്‍, സംഘാടകന്‍, കേരള സര്‍വ്വകലാ ശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍, നരവംശശാസ്ത്ര പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും ആദിവാസി പ്രശ്നങ്ങളില്‍ മറ്റ് വിദേശ സര്‍ക്കാരുകളുടെയും ഉപദേശകന്‍ എന്നീ നിലകളിലൊക്കെ നാം അദ്ദേഹത്തെ ഓര്‍മ്മിക്കുന്നത്.
ഡോ.എ.അയ്യപ്പന്‍ 1905 ഫെബ്രുവരി 5 ന് പാവറട്ടിയില്‍ അയിനിപ്പിളളി തറവാട്ടില്‍ ജനിച്ചു. അച്ഛന്‍ പാറന്‍ അമ്മ അമ്മിണിക്കുട്ടി. പ്രാഥമിക വിദ്യാഭ്യാസം പാവറട്ടിയിലായിരുന്നു. പാവറട്ടി സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി.പാസായി. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഇന്‍റര്‍ മീഡിയേറ്റ് ജയിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും എം.എ. ബിരുദം നേടി. അതിനുശേഷം ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ഡോക്ട്രേറ്റ് നേടി.
ഗവേഷണ സഹായി, മദ്രാസ് സര്‍വ്വകലാശാലിലെ നരവംശ ശാസ്ത്ര പ്രൊഫസര്‍, മദ്രാസ് മ്യൂസിയത്തിലെ ക്യൂറേറ്റര്‍, സൂപ്രണ്ട് ആര്‍ട്ട് ഗ്യാലറി, ആന്ധ്രയിലെ വാള്‍ട്ടയര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍, ഒറീസിലെ ഉല്‍ക്കല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍, പ്രിന്‍സിപ്പാള്‍, ഒറീസ സര്‍ക്കാരിന്റെ ട്രൈബല്‍ റിസര്‍ച്ച് അഡ്വൈസര്‍ തുടങ്ങിയവ അദ്ദേഹം അലങ്കരിച്ച ഏതാനും പദവികളാണ്.
1963ല്‍ കേരള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി. വിരമിച്ച ശേഷം കോഴിക്കോട് സര്‍വ്വകലാശാലയുടെ ട്രൈബല്‍ റിസര്‍ച്ച് ഡയറക്ടറായി. അമേരിക്കയിലെ കോര്‍ണല്‍ യൂണിവേ ഴ്സിറ്റിയുടെ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ഭാരതത്തിന്റെ പ്ലാനിംഗ് കമ്മീഷന്‍ മെമ്പര്‍ ആയിരുന്നു.
ഭാരതപ്പഴമ (മാതൃഭൂമി ബുക്സ്), സോഷ്യല്‍ റവലൂഷന്‍ ഇന്‍ എ കേരള വില്ലേജ്, നായാടീസ് ഓഫ് മലബാര്‍ ഈഴവാസ് ഏന്‍റ് കള്‍ച്ചറല്‍ ചേഞ്ച്, സോഷ്യല്‍ ആന്ത്രപ്പോളജി, ഗൈഡ് ടു മ്യൂസിയം ടെക്ക്നിക്കല്‍സ്, ബുദ്ധിസം വിത്ത് സ്പെഷല്‍ റെഫറന്‍സ് ടു സൗത്ത് ഇന്ത്യ എന്നീ പുസ്തകങ്ങള്‍ രചിച്ചു.
കുഞ്ഞമ്പു നമ്പ്യാര്‍ അവാര്‍ഡ്, കരത്ചന്ദ്രറോയ് അവാര്‍ഡ്, മദ്രാസ് പ്രസിഡന്‍സി അവാര്‍ഡ്, ഏഷ്യാറ്റിക് ആന്ത്രപോളജി സൊസൈറ്റി അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുളള അവാര്‍ഡുകളില്‍ ചിലത് മാത്രമാണ്. 1988 ജൂണ്‍ 28 ന് നമ്മുടെ നാടിനെ വിശ്വപ്രസിദ്ധമാക്കിയ ആ മഹാനു ഭാവന്‍ ഈലോകവാസം വെടിഞ്ഞു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.