അഭൗമം!

0
537

കവിത

സുനിത.പി.എം

നിലാവ് നനച്ചിട്ട
വഴിയിലൂടെ
വിരലുകൾ കോർത്ത്
വെറുതെ നടക്കും
തണുത്ത കാറ്റേറ്റ്
കടൽക്കരയോളം!
അവിടമാകെ
പ്രണയത്തിൽ കുതിർന്ന്..
ആരേയും സ്പർശിക്കാതെ
കാറ്റു നമ്മെ തഴുകും
ദൈവം തൊടുംപോലെ!
ആകാശമപ്പോൾ,
വിരൽ നീട്ടി
അങ്ങ്
സ്വർഗ്ഗമെന്ന്
കടൽക്കരയെ ചൂണ്ടും!
അവിടമാകെ
ദൈവത്തിന്റെ മണം പരക്കും!
ഹൃദയങ്ങളിൽ
ആവോളം നിറയുംവരെ
നാമവിടെ
വെറുതെയിരിക്കും.
നമ്മുടെ നിഴലാന
വസന്ത കൈ വിടർത്തും!
ഭൂമിയിലെ
ഏറ്റവും സന്തോഷമുള്ള
രണ്ടാത്മാക്കളായി
എല്ലാക്കാലത്തേക്കുമായി,
മുഴുപ്രണയികൾക്കായി,
ദൈവത്തിന്റെ ഭാഷയിലേക്ക്
നമ്മെ മൊഴി മാറ്റും!
കടലിന്നഗാധതയിൽ
ഒരഭൗമ സംഗീതം പടരും!
സകല വേരുകളും
ഒന്നായിപിണഞ്ഞ്
പ്രപഞ്ചമൊരു
മഹാവൃക്ഷമാകും!
അതിന്റെ തണലിൽ
പലനിറത്തൂവൽപറവകൾ
ഒന്നിച്ച് നൃത്തംവെക്കും!





LEAVE A REPLY

Please enter your comment!
Please enter your name here