കവിത
അഭിരാമി എം സോമൻ
പുതുമഞ്ഞ് കാപ്പിമരങ്ങളോടിണ ചേരുന്ന പാതിരയ്‌ക്ക്
ക്ലാരയുടെ മരണചിന്തകൾ ചീവീടുകൾക്കൊപ്പം ഒപ്പീസു പാടി.
അവൾ കസേരവലിച്ച് മഞ്ഞയിൽ പുള്ളിയുള്ള നൈലോൺ സാരി ഫാനിൽ കുരുത്തു, മുറുകിയെന്നുറപ്പാക്കി.
“മുറുക്കം പോരല്ലോ കൊച്ചേ.. നോക്കിക്കേ ഒരു മഞ്ഞച്ചേര പോലെ! ”
പൊട്ടിച്ചിരിയുയർന്നു, തുലാവർഷം മേൾക്കൂരകളിൽ കല്ലെറിയും പോലെ.
ക്ലാര ഞെട്ടിത്തിരിഞ്ഞു, അതാ നിൽക്കുന്നു ലീല, ഇരുട്ടിന്റെ വയറുകീറുന്ന വെളിച്ചം പോലെ.
കൊല്ലം രണ്ട് മുന്നെ കൂമൻകയത്തിൽ ചത്തുപൊങ്ങിയ ലീല.
നീയെന്തിനാടി കൊച്ചേ തൂങ്ങിച്ചാകുന്നേ.. ലീല ചോദിച്ചു.
തൽക്ഷണം സാരി കെട്ടഴിഞ്ഞൊരു ചേരപ്പാമ്പായി.
അത് നിലത്ത് ചാടി ലീലയെ ചുറ്റിപ്പുണർന്നിഴഞ്ഞു നീങ്ങി.
ജനാല കടന്ന്, തോടും തോട്ടവും കടന്ന് ഇരുളിൽ മറഞ്ഞു.
തരിച്ചു നിന്ന ക്ലാരയുടെ നെറുകിൽ ലീല അമർത്തി ചുംബിച്ചു.
ലീലയ്ക്ക് കാപ്പിപ്പൂവിൻെറ മണം.
അവളുടെ ചുണ്ടിലിനിയുമുണ ങ്ങാത്ത മുറിപ്പാടുളിൽ ക്ലാര തലോടി, ഇറ്റുവന്ന ചോരത്തുള്ളികൾ നുണഞ്ഞെടുത്തു.
അത് വീര്യമേരിയ വീഞ്ഞുപോലെ ക്ലാരയെ ഉന്മത്തയാക്കി.
ഉറക്കത്തിലവൾ വെള്ളിമീനുകൾക്ക് ചൂണ്ട കോർത്തു.
പിറ്റേന്ന് പത്രമിടാൻ വന്ന ചെക്കനാണ് അവറാന്റെ മരണസുവിശേഷം പറഞ്ഞത്.
കൊച്ചുവെളുപ്പിന് മുള്ളാനിറങ്ങിയ അവറാനെ പാമ്പുകടിച്ചത്രെ.
ചേര കൊത്തിയാലാള് ചാകുമോടാ ചെക്കനേ ?
ക്ലാരയും കാപ്പിമരങ്ങളിലരൂപിയായി ലീലയും പൊട്ടിച്ചിരിച്ചു
അനന്തരമവറാന്റെ നഖക്ഷതങ്ങൾ ക്ലാരയുടെ മുലവിട്ടും
പല്ലാഴ്ന്നവ ലീലയെ വിട്ടുമപ്രത്യക്ഷമായി.

…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
♥️
Awesome ✨️
Thoughtful and deep poem…
❤️❇️
അനന്തരം ഈ കവിത എത്രയോ മനോഹരമെന്ന് ലീലയെപ്പോൽ അനേകായിരം ആത്മാക്കൾ ഏറ്റുപാടി… ❤❤
Just read this poem. It’s so beautiful and deep.