ആവണി പാടി, കൈയ്യടിച്ച് ടോവിനോ

0
1169

ബി. എസ്

‘തീവണ്ടി’യിലെ ‘ജീവാംശമായി…” എന്ന ഗാനം, സിനിമ ഇറങ്ങുന്നതിന്റെ നാല് മാസം മുന്‍പേ തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. തിയറ്ററിലും ഗാനരംഗം ആരവങ്ങള്‍ ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. അതിന് തുടര്‍ച്ചയെന്നോണം കവര്‍സോങ്ങുമായി എത്തിയിരിക്കുകയാണ് യുവഗായിക ആവണി മല്‍ഹാര്‍.

സിനിമയിലെ നായകന്‍ ടോവിനോ തോമസ് അടക്കുള്ളമുള്ളവര്‍ ഫേസ്ബുക്കിലൂടെ ഗാനം ഷെയര്‍ ചെയ്ത് ആവണിക്ക് പ്രോത്സാഹനവുമായി എത്തിയിട്ടുണ്ട്. പതിനേഴ് മണിക്കൂര്‍ കൊണ്ട് എട്ടായിരത്തിലധികം വ്യൂ, കവര്‍സോങ്ങിന് ഇതിനകം കിട്ടി കഴിഞ്ഞു. ഗാനത്തിന്റെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആവണിയെ നേരിട്ട് വിളിച്ചു അഭിനന്ദിക്കുകയും തന്റെ അടുത്ത പ്രോജക്ടുകളില്‍ ആവണിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന ഉറപ്പും പ്രകടിപ്പിച്ചു. മാത്രമല്ല, ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം വെളിപ്പെടുത്തുകയും ചെയ്തു. 

 

“…ആവണിയുടെ ശബ്ദവും, ഫീലും, മോഡുലേഷനും, ചലനാത്മകതയും ആശ്ചര്യമുണ്ടാക്കി. അവളുടെ ആലാപനത്തില്‍ എന്തോ ഒരു പ്രത്യേകതയുണ്ട്. എന്റെ വരാനിരിക്കുന്ന പ്രൊജക്റ്റുകളിൽ ഉടൻ തന്നെ, ഞാൻ അവളുമായി സഹകരിക്കുമെന്ന് ആത്മവിശ്വാസമുണ്ട്…” – കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു.

സത്യന്‍ – രജിത ദമ്പതികളുടെ മകളായ ആവണി കോഴിക്കോട് ഗവ: എഞ്ചിനിയറിംഗ് കോളജിലെ എം. ടെക് വിദ്യാര്‍ത്ഥിനിയാണ്. അഞ്ചാം വയസ്സില്‍ ആറ്റുവാശ്ശേരി മോഹനൻ പിള്ളയുടെ കീഴില്‍ സംഗീത പഠനം ആരംഭിച്ചു. ഗീത ദേവി ടീച്ചര്‍, ദത്തത്രയ വേലങ്കാര്‍ മാസ്റര്‍ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു കൊണ്ടിരിക്കുകയാണ്. സ്കൂള്‍ കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിരുന്ന ആവണിയുടെ സംഗീത ജീവതത്തില്‍ പുതിയയൊരു അധ്യായമാണ് കവര്‍ സോങ്ങ് ആലാപനത്തിലൂടെ രചിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here