എം ഉമൈര്‍ ഖാന്‍
ജീവിതത്തോടു തന്നെ മടുപ്പു തോന്നിത്തുടങ്ങിയ നാളുകളിലെ ഒരു ഉച്ച നേരത്താണ് വശ്യമായ അത്തറിന്‍റെ ഗന്ധവുമായി വന്ന് അയാള്‍ ഇഖ്ബാലിന്റെ ഗസലുകള്‍ മൂളിത്തന്നത്.
“എന്‍റെ ദാസേട്ടന്‍ റൂമിലേക്ക് വരുമ്പോള്‍, ദൂരെ നിന്നുതന്നെ സിഗരറ്റ്ഗന്ധം മൂക്കിലേക്കെത്തും. കുട്ടി സിഗരറ്റ് വലിക്കാറില്ലേ?”
അത്തറിന്റെ സുഗന്ധത്തില്‍ ലയിച്ചിരുന്ന്‍ ഞാനയാളോട് ചോദിച്ചു.
പ്രവാചകന്‍ മുഹമ്മദിന് അത്തറിന്‍റെ സുഗന്ധം ഏറെ ഇഷ്ടമായിരുന്നു പോലും.
അയാളുടെ മറുപടി.
“അല്ല കുട്ടീ, നിങ്ങളെ ജാതീല് വിധവകള്‍ ദുശ്ശകുനാണോ?”
ഞാന്‍ പിന്നെയും ചോദിച്ചു.
“വിധവകള്‍ ദുശ്ശകുനോ? പ്രവാചകന്‍, ഖദീജയെ വധുവായി സ്വീകരിച്ചത് വിധവയായിരിക്കെയാണ്. ഖദീജ പ്രവാചകനോട് അങ്ങോട്ട് വിവാഹ അഭ്യര്‍ത്ഥന നടത്തുകയായിരുന്നു.”
പ്രായത്തില്‍ മുതിര്‍ന്ന വിധവയായ ഖദീജയുമൊത്തുള്ള നബിയുടെ പ്രണയനാളുകള്‍ അയാള്‍ മാപ്പിള പ്പാട്ടിന്‍റെ ഈണത്തില്‍ എനിക്കു മുമ്പില്‍ തുറന്നുവെച്ചു. വല്ലാത്തൊരു അഡാര്‍ പ്രണയമായിരുന്നത്രേ അവര്‍ക്കിടയില്‍.
മാപ്പിളപ്പാട്ടും അത്തറിന്‍റെ മണവും ചേര്‍ന്ന നിമിഷങ്ങള്‍ എന്നെ ചില പുതിയ ഭ്രമങ്ങളിലേക്ക് വലിച്ചുകൊണ്ടു പോയി. പിന്നെയും ഉന്മാദത്തിന്റെ നിമിഷങ്ങള്‍..
സത്യത്തില്‍ എന്‍റെ മനസ്സിലെ സ്നേഹത്തിന്‍റെ തടാകം വരണ്ടുണങ്ങാന്‍ തുടങ്ങിയിരുന്നു. കൃഷ്ണന്‍ കുറച്ചുനാളായി വരാതായിട്ടും. അയാളുടെ കണ്ണുകളില്‍ കൃഷ്ണന്‍റെ അതേ ചിരി, തടാകത്തിലെ ജലത്തില്‍ ചെറിയ ചില അനക്കങ്ങള്‍.
“എന്‍റെ കൃഷ്ണന്‍ സ്നേഹിക്കാന്‍ മാത്രമാണ് എന്നെ പഠിപ്പിച്ചത്… ഒഴുകി, ഒഴുകി സ്നേഹസാഗരത്തില്‍ ലയിച്ച് മോക്ഷം നേടാന്‍…ഇയാള്‍ എന്നെ സഹായിക്കുമോ ആവോ?
അനങ്ങാതെ, തളംകെട്ടി നിന്ന് ശൂന്യമാവുന്നതിനേക്കാള്‍ നല്ലത് തന്നയല്ലേ ഒരു അനക്കമെങ്കിലും സമ്മാനിച്ച കാറ്റിനെ എന്നിലേക്ക് തിരികെ ക്ഷണിക്കുന്നത്.”
ഞാന്‍ എന്നോട് തന്നെ എന്തൊക്കെയോ പിറുപിറുത്തു.
അല്‍പ നേരത്തെ ഉന്മാദത്തില്‍ നിന്നുണര്‍ന്നു ഞാനയാളോടു പറഞ്ഞു:
“എനിക്ക് നിങ്ങളെ ജാതീ ചേരാന്‍ മുമ്പൊരിക്കെ തൊന്നീരുന്നു….മൈലാഞ്ചിയോടു എനിക്കത്രയും കൊതിയാ..”
“രാവിലെ ക്ഷേത്രത്തില്‍ പോയി, ചന്ദനക്കുറി തൊട്ട് തിരികെ വരുന്നവരുടെ മുഖത്തെ പ്രസന്നത കാണുമ്പോ, എനിക്കും തോന്നീട്ടുണ്ട്, ചന്ദനക്കുറി നെറ്റിയില്‍ തൊടാന്‍.”
അയാള്‍ മറുപടി പറഞ്ഞു.
“എന്നിട്ട് കുട്ടി ഇത് വരേം ചന്ദനക്കുറി തൊട്ടില്ലേ?”
ഞാന്‍ ചോദിച്ചു.
“എന്‍റെ പ്രവാചകന്ന്‍ നല്ലതെല്ലാം ഇഷ്ടായിരുന്നു, സുഗന്ധങ്ങളെ അതിലേറെയും. പക്ഷെ, എന്‍റെ ജാതീല്‍ പെട്ടോര്‍ക്ക്, ആത്മീയ സുഗന്ധമില്ലാത്തോര്‍ക്ക്….”
എന്തോ അയാള്‍ ഉത്തരം മുഴുമിപ്പിച്ചില്ല.
“അല്ല കുട്ടീ… എനിക്കെന്‍റെ കൃഷ്ണനെയും കൂട്ടി വരാമോ നിങ്ങളെ ജാതീക്ക്…” ?
“കൃഷ്ണന്‍റെ പേരിനു പകരം മൂസാ (ബൈബിളിനെ മോസസ്,മോശെ പ്രവാചകന്‍) എന്ന് വിളിച്ചോളൂ… ഓടക്കുഴലിനു പകരം മൂസാക്കുമുണ്ട് കയ്യിലൊരു വടി. കാലികളുമുണ്ട് കൂടെ … കംസനു പകരം ഫറോവയും, അര്‍ജ്ജുനന് പകരം ഹാറൂനും..”
അയാള്‍ പറഞ്ഞു.
“അപ്പം കൃഷണനും പ്രവാചകന്‍ ആയിരുക്കുമല്ലേ? അല്ല കുട്ടീ, കൃഷണന്‍റെ പ്രണയവുമുണ്ടോ നിങ്ങളെ ഖുറാനില്‍.? ”
“മനസ്സില്‍ നിറയെ പ്രേമം നിറച്ചു, മൂസായുടെ പിന്നില്‍ നാണിച്ചു നടക്കുന്ന കാമുകിയുടെ ഒരു ചിത്രമുണ്ട് ഖുറാനില്‍; നമ്മുടെ ഭാവനകള്‍ കൊണ്ട് നിറം കൊടുക്കാന്‍ ബാക്കി വെച്ച ഒരു ചിത്രം… തന്നെ കൊതിച്ച കാമുകിക്കു വേണ്ടി കാലങ്ങളോളം കാലികളെ മേച്ച് അവളുടെ ദേശത്ത് തന്നെ കഴിച്ചുകൂട്ടുന്നുമുണ്ട് മൂസ.”
ചുവരില്‍ തൂക്കിയിട്ട , എന്‍റെ ഒരു ചിത്രത്തിനരികെ നിന്ന് വിശുദ്ധ വേദം എനിക്കയാല്‍ സമ്മാനിക്കവേ ഞാന്‍ പറഞ്ഞു ഇവിടെ നിന്നും വേണ്ട….
“ഇന്ന് രാവിലെ, സുബഹി നമസ്കാരത്തില്‍ ഞാന്‍ ഓതിയ വിശ്വാസിക്ക് സമ്മാനമായി ലഭിക്കുന്ന സ്വര്‍ഗ്ഗ സ്ത്രീയുടെ മാറിടം കണക്കെയുണ്ട്…”
ഇതും പറഞ്ഞു കൂടുതല്‍ പറയാന്‍ പിന്നീട് വരാമെന്നും പറഞ്ഞു അയാള്‍ യാത്രയായി.
“ദാസേട്ടനു ശേഷം ഞാനൊരു സ്നേഹത്തിന്‍റെ സംരക്ഷണം കൊതിച്ചിരുന്നില്ലേ? നമ്മുടെ ജാതീല് നിന്നോണ്ട് അതേതായാലും പറ്റൂല. ഈ തൊപ്പിക്കാരന് നല്‍കാന്‍ കഴിയുമോ ആവോ ആ സംരക്ഷണം?
എന്‍റെ ചില ക്ഷിപ്രഭ്രമം മാത്രമാണോ ഇത്?
അല്ല, എന്‍റെ ഉള്ള് പതുക്കെ ആരെയോ ഇടയ്ക്ക് തേങ്ങി വിളിക്കാറില്ലേ?”
എന്നോട് തന്നെ എന്തൊക്കെയോ പിറുപിറുത്തു ഞാന്‍ മയക്കത്തിലേക്ക് വീണു.
പിറ്റേന്ന് ഞാന്‍ ഉണര്‍ന്നത് കൈകളില്‍ മൈലാഞ്ചിയണിഞ്ഞു, കുപ്പിവള ശബ്ദങ്ങള്ക്കിടയില്‍ അത്തറിന്‍റെ മണം ചേര്‍ന്ന ശഹാദത്തിന്‍റെ ശബ്ദം ശ്രവിച്ചായിരുന്നു.
അപ്പോള്‍, എന്റെവ ചുറ്റുമുള്ളവരുടെ ചന്ദനക്കുറികളില്‍ നിന്നും രൂക്ഷഗന്ധം ഉയര്‍ന്നു. വൃത്തികെട്ട നാറ്റം സഹിക്കവയ്യാതെ ഞാന്‍ പറഞ്ഞു:
“എന്‍റെ കൃഷ്ണ ന്‍ എന്നും എന്‍റെ കൂടെത്തന്നെയുണ്ട്.”
ഇതുകേട്ട് കലിതുള്ളി വന്ന വെള്ളവസ്ത്രധാരികള്‍ക്ക് അത്തറിന്‍റെ രൂക്ഷ ഗന്ധമായിരുന്നു.
അതെന്തേ ഇങ്ങനെ?
ഞാന്‍ മനസ്സി ല്‍ പറഞ്ഞു :
“ഓരോ പുരുഷനും ഓരോ ഗന്ധം, ഓരോ അത്തറിനും ഓരോ ഗന്ധം ! ”
ഊദിന്‍റെയും ചന്ദനത്തിന്‍റെയും വൃത്തികെട്ട നാറ്റങ്ങള്‍ക്കിടയില്‍ കലിതുള്ളന്നവര്‍ക്കിടയില്‍ നിന്ന് അല്പം അകലം പാലിച്ചു എന്‍റെ കൃഷ്ണനെ കാണാനുള്ള കൊതിയില്‍ ഞാന്‍ വിശുദ്ധഗ്രന്ഥമെടുത്ത് മറിച്ചുനോക്കി.
അതില്‍ ഞാന്‍ ഇങ്ങനെ വായിച്ചു:
“വിഡ്ഢികള്ക്കു മുമ്പില്‍ മൗനം പാലിക്കുക.”
പണ്ഡിതന്മാരെയും ആചാര്യന്മാരെയും ഞാന്‍ സലാം പറഞ്ഞു മടക്കി അയച്ചു.
ഫോണെടുത്തു ഞാന്‍ തൊപ്പിക്കാരനെ വിളിച്ചു.
“ആരാ?”
ഞാന്‍ പറഞ്ഞു:
”ഞാന്‍ മാണിക്യ മലരായ ഖദീജ; കുട്ടിക്കീ വിധവയെ സംരക്ഷിക്കാമോ?”
….. മറുപടി എന്തായിരുക്കും ആവോ?