നിധിന്‍.വി.എന്‍
യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിന് സാധിക്കാറില്ല എന്നതാണ് യഥാര്‍ത്ഥ്യം. സഞ്ചാരികളാവാനുള്ള പ്രിയം മനസ്സില്‍ തന്നെ കുഴിച്ചുമൂടിക്കൊണ്ട് അവരവരുടെ ദിനചര്യകളില്‍ ഒതുങ്ങുന്ന പതിവ് ശീലങ്ങളിലേക്ക് വഴുതി വീണു കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയില്‍ യാത്ര ചെയ്യാനൊക്കെ എവിടെ സമയം? അതിനൊക്കെ കുറെ പണം വേണ്ടേ? എന്നീ ചോദ്യങ്ങള്‍ പലരുടെയും ഉള്ളില്‍ സുലഭമാണ്. എന്നാല്‍ മാറ്റിവെക്കാന്‍ ഒരല്‍പ്പം സമയമുണ്ടെങ്കില്‍ വലിയ പണചെലവില്ലാതെ പോയി വരാന്‍ പറ്റുന്ന ഇടങ്ങള്‍ ചുറ്റുമുണ്ട്. തിരക്കുകള്‍ സ്വയം എടുത്തണിഞ്ഞ് അവനവനില്‍ ഒതുങ്ങുന്നില്ലെങ്കില്‍ ചുറ്റുപ്പാടും നമുക്കായി ഒരുങ്ങും. അങ്ങനെ ഒരുങ്ങിയ ഒരൊറ്റ ദിവസം കൊണ്ട് മൂന്നു സംസ്ഥാനങ്ങളിലൂടെ കാടറിയുകയായിരുന്നു സലീഷും, മിഥുനും, ഞാനും.
കേരളം മഴക്കാലത്തെ വരവേറ്റുതുടങ്ങിയിരിക്കുന്നു. ചുറ്റും പച്ചയിലേക്ക് പടര്‍ന്നു കയറുകയാണ്. ചാറിതുടങ്ങിയ മഴയിലേക്ക് കാറിന്റെ ഏക്സിലേട്ടര്‍ അമര്‍ത്തി. പതിഞ്ഞ താളത്തില്‍ ഒഴുകിതുടങ്ങിയ പാട്ടില്‍ ലയിച്ച് മുത്തങ്ങ, ബന്ദിപൂര്‍, മുതുമലെ, മസനഗുഡി എന്നിവിടങ്ങളിലേക്കുള്ള ഒഴുക്കുതുടങ്ങി. കാടറിയുന്ന ഒരാളായിരുന്നു സലീഷ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയുടെ ഭാഗമായി കേരളത്തില്‍ അവന്‍ കയറി ഇറങ്ങാത്ത കാടുകള്‍ വിരളമാണ്. മൃഗങ്ങളുടെ സ്വഭാവങ്ങളെ കുറിച്ച് ആവേശം കൊള്ളുമ്പോള്‍ കേള്‍വിക്കാരാകാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. കാട്, ഒരേ സമയം ആവേശവും, ഭയത്തിന്റെ തെയ്യവുമായി ഉള്ളില്‍ രൂപാന്തരപ്പെടുന്നു.
താമരശ്ശേരി ചുരം കയറുമ്പോള്‍ ചെറിയ കോടവന്നു തൊട്ടു. മഴയില്‍ മാത്രം രൂപംകൊള്ളുന്ന ചെറു വെള്ളചാട്ടങ്ങളിലേക്ക് സലീഷിന്റെ ക്യാമറ കണ്ണുകള്‍ നീണ്ടു. ആദ്യ കാഴ്ചയില്‍ കുടുങ്ങിയത് പതിവുപോലെ കുരങ്ങന്മാരായിരുന്നു. ചുരത്തിലെ 9- മാത്തെ വളവില്‍ കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ ഉപേഷിച്ചുപോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചെറുതല്ലാത്ത വിധത്തില്‍ അസ്വസ്തപ്പെടുത്തുന്നുണ്ട്. സഞ്ചാരികള്‍ കൊടുത്ത ഭക്ഷണ സാധനങ്ങള്‍ വാങ്ങി കഴിച്ചും, ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറുകള്‍ ഭക്ഷിച്ചും കുരങ്ങന്മാര്‍ സ്വജീവനെ അപായപ്പെടുത്തുന്നത് ഏറെ നേരം കണ്ടു നില്‍ക്കാനായില്ല. ഒരു ജീവിയുടെ ആവാസവ്യവസ്ഥയിലേക്ക് ഇടിച്ചുക്കേറി അതിന്റെ സ്വാഭാവിക ജീവിതാവസ്ഥയില്‍ മാറ്റം ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടത്. സ്നേഹിക്കുകയെന്നാല്‍ വേദനിപ്പിക്കുക എന്നല്ല അര്‍ത്ഥമെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.
ചുരം താണ്ടി, സുല്‍ത്താന്‍ ബത്തേരി പിന്നിട്ട് മുത്തങ്ങയിലെത്തുമ്പോഴേക്കും മഴ കനത്തിരുന്നു. നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ കാറ്റില്‍ വിറച്ചുപോകുന്നു. മരം പെയ്യുന്നു. കാടിന്റെ മഴ വേറൊരു അനുഭൂതിയാണ്. സ്വ-കാഴ്ചയില്‍ മാത്രം വിടരുന്ന വസന്തമാണ്. കബനി കലങ്ങി മറിഞ്ഞു ഒഴുകുന്നുണ്ട്. സലീഷ് മുമ്പ് വന്ന ഓര്‍മ്മകളെ പുറത്തേക്കിറക്കി വിടുന്നു. മാനുകള്‍ ചെറു പുല്ലുകള്‍ തിന്നുകൊണ്ട് നില്‍ക്കുന്ന ദൃശ്യങ്ങളെ മിഥുനും പകര്‍ത്തി തുടങ്ങിയിരിക്കുന്നു. ഞാന്‍ കാഴ്ചകളിലേക്ക് മാത്രമായി ഒതുങ്ങി.
പതിയെ കനം വെച്ചു വരുന്ന മഴ. മഴ നനഞ്ഞ മുത്തങ്ങ കാട്. ഇരു സൈഡുകളിലുമായി ഇളമ്പുല്ലുകൾ തിന്നു നിൽക്കുന്ന മാനുകൾ, മ്ലാവുകൾ. പതിയെ ബന്ധിപ്പൂർ വിടുകയായി. പകൽ മങ്ങി, സന്ധ്യ ചേക്കേറി. കൂടണയുന്ന പറവകളെ കണ്ടുതുടങ്ങി. കാട് വിട്ട് നഗരത്തിലേക്കിറങ്ങി. വീണ്ടും കാട്ടിലേക്ക്. ഊട്ടി റൂട്ടിലൂടെ മസനഗുടി ഫോറസ്റ്റ് റേഞ്ചിലേക്ക് പതിയെ നീങ്ങി. ഇരുട്ട് പോലെ ഭയം, മുന്നിൽ തസ്ക്കർ. മുന്നോട്ടും പിറകോട്ടും വണ്ടി എടുക്കാൻ പറ്റാത്ത അവസ്ഥ. നാട്ടാനകളാകേണ്ടി വന്നവയെ അല്ല, ആനയെ കാണണമെങ്കില്‍ കാട്ടില്‍ നിന്നുതന്നെ കാണണം. അവയുടെ സ്വാഭാവിക ജീവിതപരിസരങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി അവയെ സ്നേഹിക്കുന്നു എന്ന നാട്യങ്ങളിലൂടെ വേദനകള്‍ മാത്രം നല്‍കുന്ന പ്രണയത്തെ ഉപേക്ഷിക്കണം. കാട്, മനുഷ്യന്റെയും ആദ്യവീട് തന്നെയാണ് എന്ന തിരിച്ചറിവുവേണം.
തിരിച്ച് മുതുമലൈ വഴി ഗൂഡല്ലൂർ എത്തിനിൽക്കുന്നു. മഴ കുറഞ്ഞിരിക്കുന്നു. പിന്നിട്ട വഴികളിൽ നാലോ അഞ്ചോ ആനകളെ കണ്ടുകഴിഞ്ഞിരിക്കുന്നു. ഭയം കൗതുകമായി, പതിയെ ഇഷ്ടമായി മാറിയിരിക്കുന്നു. യാത്ര തുടരുകയാണ്, മുന്നിൽ തളം കെട്ടിക്കിടക്കുന്ന കോട. നാടുകാണി ചുരമിറങ്ങി നിലമ്പൂര്‍ വഴി, വീണ്ടും കോഴിക്കോടേക്ക്. ചിലയാത്രകള്‍ അങ്ങനെയാണ് വേഗം തീര്‍ന്നു പോയതായി തോന്നും. അവ ബാക്കിവെക്കുന്ന അനുഭവങ്ങള്‍ മാത്രമായിരിക്കും ശേഷിപ്പുകള്‍. കാഴ്ചകള്‍ വെറും കാഴ്ചകള്‍ മാത്രമല്ലെന്നും, അവ പകര്‍ത്തപ്പെടേണ്ട പാഠങ്ങള്‍ കൂടിയാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തും.
ഫോട്ടോ : സലീഷ് കുമാര്‍
Kooduthal anubhavangal parayu