നിധിൻ.വി .എൻ
തീവ്ര റിയലിസത്തെ ഉയർത്തിക്കൊണ്ടു വന്ന സാഹിത്യകാരിൽ പ്രഥമഗണനീയനായ കോവിലന്റെ ജന്മദിനമാണ് ഇന്ന്. ആധുനികത എന്ന രചനാരീതി മലയാള സാഹിത്യത്തിൽ എത്തുന്നതിനു മുമ്പ് ആധുനികനായിരുന്ന എഴുത്തുകാരനാണ് അദ്ദേഹം. പരുക്കൻ യാഥാർഥ്യത്തിന്റെ ചൂടും ചൂരും കൊണ്ട് ദു:ഖവും ആർദ്രതയും കരുണയും പ്രണയവുമൊക്കെ അടയാളപ്പെടുത്തിയ കണ്ടാണശ്ശേരിയുടെ കഥാകാരൻ തന്റേതായ തട്ടകം നെയ്തെടുത്തു.
1923 ജൂൺ 9-ന് ഗുരുവായൂരിനടുത്തുള്ള കണ്ടാണശ്ശേരിയിൽ ജനിച്ച വി.വി അയ്യപ്പൻ എന്ന കോവിലന്റെ ഗോത്രപ്പശിമയുള്ള വാക്കിന്റെ തോറ്റങ്ങൾ തന്നെയായിരുന്നു ഓരോ രചനയും. തന്റെ രചനകളിലൂടെ ഭാഷയെ സവിശേഷ രീതിയിൽ ഉപയോഗിച്ചു കൊണ്ട് വ്യത്യസ്തനാവുകയായിരുന്നു അദ്ദേഹം. മലയാളനോവൽ സാഹിത്യം വളർച്ചയുടെ പടവുകൾ കയറുന്ന ഒരു കാലഘട്ടത്തിലായിരുന്നു കോവിലന്റെ സർഗജീവിതം ആരംഭിക്കുന്നത്. നോവൽ എന്ന വൈദേശിക സാഹിത്യ ശാഖയെ നാട്ടെഴുത്തിന്റെ ആഖ്യാന പാരമ്പര്യങ്ങളുമായി പുന:ക്രമീകരിച്ച കഥാകാരനാണ് കോവിലൻ.
” എന്നിലെ എഴുത്തുകാരനോടു ഞാൻ പറഞ്ഞു, മലയാള സാഹിത്യം ദാ ഇവിടെ വരെ എത്തിച്ചേർന്നിരിക്കുന്നു; ഇവിടെ നിന്നാണ് നീ തുടങ്ങേണ്ടത്. ഇന്നലെവരെ പിൻതുടരപ്പെട്ടിരുന്ന മാതൃകകളെ തിരസ്കരിക്കുകയോ പൊളിച്ചെഴുതുകയോ ചെയ്യുക എന്ന ദുഷ്കരമായ ദൗത്യമാണു നീ ഏറ്റെടുക്കേണ്ടത് “, താൻ അനുഭവിച്ച ആത്മസംഘർഷങ്ങളെക്കുറിച്ച് കോവിലൻ പറഞ്ഞതാണ് ഈ വാക്കുകൾ.
അതീവജാഗ്രത പുലർത്തേണ്ട ഒന്നാണ് എഴുത്ത് എന്ന് ഉറച്ചു വിശ്വസിച്ച കോവിലൻ തന്റെ എഴുത്തു രീതികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. “ഞാനെഴുതിയതു പോലെ മറ്റൊന്ന് ഞാനെഴുതുകയില്ല. പാടില്ല. വലിയ തെറ്റാണത്. അങ്ങനെ ചെയ്താൽ എനിക്ക് പണം കിട്ടുമായിരിക്കും. ഇവിടെ വായനക്കാരൻ കബളിപ്പിക്കപ്പെടുന്നു. ഒരേ കണക്കിൽ, ഒരേ കമ്മട്ടത്തിൽ സൃഷ്ടി നടത്തുക, അതു ഞാൻ ചെയ്യുകയില്ല. കഥ തന്നെ ഒരേ പാറ്റേണിൽ നാലെണ്ണമെഴുതുമ്പോൾ എനിക്ക് അറയ്ക്കും. തലയിൽ കയറിയതു പോകുന്നതുവരെ പിന്നെ വലിയ വിഷമമായിരിക്കും. പിന്നെ പുതിയ എഴുത്തു രീതി സ്വീകരിക്കും. അപ്പോൾ വീണ്ടും എഴുതുക.”
പട്ടാളക്കാരന്റെ മാത്രമല്ല മനുഷ്യസഹജമായ എല്ലാ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു കോവിലന്റേത്. അതു കൊണ്ടു തന്നെ പാറപ്പുറവും നന്തനാരും എഴുതിയതിൽ നിന്നു വ്യത്യസ്തമായ കഥകളാണ് കോവിലൻ ഒരുക്കിയത്. “എ മൈനസ് ബി, ഏഴാമെടങ്ങൾ, ഹിമാലയം, താഴ്വരകൾ” എന്നീ രചനകളാണ് പട്ടാളക്കാഥികൻ എന്ന വിശേഷണം നേടി കൊടുത്തത്.
“ഞാൻ കാമത്തെപ്പറ്റി എഴുതിയിട്ടില്ല, വിശപ്പിനെപ്പറ്റിയാണ് എഴുതിയിട്ടുള്ളത് ‘’ എന്നു പറയുന്ന കോവിലന്റെ “റ”, മലയാളത്തിൽ എഴുതപ്പെട്ട വിശപ്പിനെക്കുറിക്കുന്ന ഏറ്റവും മികച്ച രചനയാണ്. കേവലമായ വിശപ്പ്, ദാരിദ്ര്യം മുതലായവയിൽ ചുറ്റിത്തിരിയുന്ന ലളിത പുരോഗമന സാഹിത്യമായിരുന്നില്ല കോവിലന്റേത്. ജീവിതത്തെ അഭിമുഖീകരിക്കുന്ന സാധാരണ മനുഷ്യന്റെ നിസ്സഹായതകൾ എന്നതിനോടൊപ്പം ഒരു വംശാവലിയുടെ ചരിത്ര ദു:ഖങ്ങൾ കൂടി അവയിലുണ്ട്. മരിച്ചാൽ മതിയെന്ന് പലതവണ ആഗ്രഹിക്കുന്ന കോവിലന്റെ കഥാപാത്രമാണ് “റ”- യിലെ ബാജിയുടെ അമ്മ. ജീവിക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടല്ല; മരിച്ചാൽ പിന്നെ വിശപ്പറിയേണ്ടല്ലോ. ആഗ്രഹിച്ചിട്ടും അവർ മരിച്ചില്ല. വിശപ്പിന്റെ കാഠിന്യവുമായി ജീവിച്ചു. ബാജിയുടെ അമ്മയെ മരിക്കാൻ പ്രേരിപ്പിച്ച വിശപ്പ് വായനക്കാരനിൽ കനപ്പെട്ട വേദനയായി പ്രഹരിക്കുന്നുണ്ട്.
കോവിലന്റെ “ഒരു കഷ്ണം അസ്ഥി ” എന്ന കഥയുണ്ട്. കഥയിലെ അച്ഛൻ ഒരു കഷ്ണം അസ്ഥി സൂക്ഷിച്ചു വച്ചിട്ടുണ്ട്. കൂടെ ഒരു കുറിപ്പും. ‘ ഞാൻ മരിച്ചാൽ എന്നോടൊപ്പം ഈ അസ്ഥി മറവ് ചെയ്യണം. അവൾ ചേർന്ന മണ്ണിലല്ലെങ്കിലും അവളുടെ ശരീരത്തോടു ചേർന്നു മണ്ണാവാൻ ഇടവന്നല്ലോ“. കോവിലന്റെ രചനകൾ അതിന്റെ ആഖ്യാന ഭംഗികൊണ്ട് മനോഹരമാണ്. ഒരിക്കൽ ഈ എഴുത്തുകാരനിലേക്ക് വീണു കഴിഞ്ഞാൽ കരകയറുക എളുപ്പമല്ല. കഥയുടെ തട്ടകത്തിലിരുന്ന് വാഗ്ഭൈരവനാവുകയായിരുന്നു അയാൾ.