മുതിർന്ന മാധ്യമപ്രവർത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീല മേനോൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ഒൗട്ട്ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയിൽ പംക്തികൾ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോർപറേറ്റ് ടുഡേ എന്നിവയിൽ എഡിറ്ററായിരുന്നു.
എറണാകുളം ജില്ലയിലെ വെങ്ങോലയിൽ ജനിച്ചു. വെങ്ങോല പ്രൈമറി സ്‌കൂൾ, പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂൾ, ഹൈദരാബാദിലെ നൈസാം കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. പോസ്‌റ്റോഫീസിൽ ക്ലാർക്കായും ടെലിഗ്രാഫിസ്‌റ്റായും ജോലി നോക്കി. ഇന്ത്യൻ എക്സ്‌പ്രസിന്റെ ഡൽഹി കൊച്ചി എഡീഷനുകളിൽ സബ് എഡിറ്ററായും പിന്നീട് കോട്ടയം ബ്യൂറോ ചീഫ് ആയും പ്രവർത്തിച്ചു. പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് ആയി അവിടെ നിന്നും 2000ൽ രാജിവച്ച് പിരിഞ്ഞു.
മാധ്യമപ്രവർത്തനത്തിലേക്ക് കടന്നു വരാൻ പൊതുവേ സ്‌ത്രീകൾ മടിച്ചുനിന്ന കാലഘട്ടത്തിൽ ആ മേഖല വെല്ലുവിളിപോലെ തിരഞ്ഞെടുക്കുകയും വിജയിക്കുകയും ചെയ്ത വ്യക്തിയാണു ലീല മേനോൻ.
ഭർത്താവ് പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്കര മേനോൻ.