ഷൗക്കത്ത് സഹജോത്സു
കെവിനെ വധിച്ചത് നമ്മളാണ്. ഞാനാണ്. നിങ്ങളാണ്. നമ്മളാണ്.
ഞാനെന്നും നീയെന്നും ഞങ്ങളെന്നും നിങ്ങളെന്നും പിരിച്ചുപിരിച്ചു ഒന്നിനെ പലതാക്കിയ നാം. എന്തിനും ഏതിനും നമുക്ക് ന്യായമുണ്ട്. ന്യായീകരണമുണ്ട്.
ഞാനൊരു മനുഷ്യൻ എന്നു പറയാൻ മാത്രം നമുക്കാവുന്നില്ല. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ഈഴവൻ, നായർ, ബ്രാഹ്മണൻ, അങ്ങനെയങ്ങനെ അഭിമാനത്തോടെ നെഞ്ചുയർത്തി നാം പണിതുയർത്തിയ കോട്ടകൾ ! അതിനിടയിൽ നാം മനുഷ്യരെന്ന കാര്യം മാത്രം മറന്നുപോയി.
ഇനി ആരെങ്കിലും അതു പറഞ്ഞാലോ? അവർ വിഡ്ഢികൾ. വ്യവസ്ഥയെ തകർക്കുന്നവർ. വർണ്ണവെറിയർക്ക് എന്നും അവർ അസഹനീയർ.
നാം മുന്നോട്ടു നടന്നേമതിയാവൂ. ജാതിമത വിവേചനങ്ങളുടെ ആ ദുരഭിമാനക്കോട്ടയിൽ വിള്ളൽ വീണേ മതിയാകൂ.
ഒരു പട്ടിയെ ചൂണ്ടി ഇത് പട്ടിയെന്നു പറയേണ്ടതില്ല. ഒരു മാവിനെ ചൂണ്ടി ഇത് മാവെന്നു പറയേണ്ടതില്ല. ഒരു പൂവിനെ ചൂണ്ടി ഇത് പൂവെന്നു പറയേണ്ടതില്ല. എന്നാൽ ഒരു മനുഷ്യനെ ചൂണ്ടി ഇത് മനുഷ്യനെന്നു ഓർമ്മിപ്പിക്കേണ്ടി വരുന്നു. അതു കേട്ടാലോ നമ്മുടെ നെറ്റി ചുളിയുന്നു. വീണ്ടും നാം അടുത്ത ഉത്തരത്തിനായി കണ്ണു മിഴിക്കുന്നു. നമുക്ക് കേൾക്കേണ്ടത് അതാണ്. ജാതിയേത്? മതമേത്?
നിങ്ങൾ മാവിലേക്കുനോക്കി അത് മാവെന്ന് അറിഞ്ഞില്ലേ? പൂച്ചയെ നോക്കി അത് പൂച്ചയെന്നറിഞ്ഞില്ലേ? ഈച്ചയെ നോക്കി അത് ഈച്ചയെന്നറിഞ്ഞില്ലേ? പിന്നെ എന്തേ മനുഷ്യാ, നീ മനുഷ്യനെ നോക്കി മനുഷ്യനെന്ന് അറിയാത്തത്? ആ അറിവില്ലായ്മയല്ലേ, അന്ധതയല്ലേ നിന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്?
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ സ്നേഹിക്കാൻ, പ്രണയിക്കാൻ, ചേർത്തു പിടിക്കാൻ, മനുഷ്യനായാൽ മാത്രം പോരെന്നു തീരുമാനിച്ച ആ സംസ്ക്കാരമുണ്ടല്ലോ. അതിനെ ഉന്മൂലനം ചെയ്യാത്തിടത്തോളം എല്ലാ മൂല്യങ്ങളും അപ്രസക്തമാണ്. അസംബന്ധമാണ്…
കെവിൻ, മനുഷ്യനായതിനെ പ്രതി ലജ്ജ തോന്നുന്നു. അതെ കെവിൻ, നിന്നെ കൊന്നത് ഞാനാണ്. ഞങ്ങളാണ്. മനുഷ്യരെന്ന പേരിൽ മനുഷ്യത്വമില്ലാതെ വാഴുന്ന ജീവികൾ!