മലപ്പുറം: കേരള ലളിതകലാ അക്കാദമി മഞ്ചേരി സിഎസ്‌ഐ ബംഗ്ലാവിൽ സംഘടിപ്പിച്ച വരക്കൂട്ടം ചിത്രകലാക്യമ്പിന് വർണാഭമായ സമാപനം. മൂന്നുവർഷത്തിലധികമായി മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ചിത്രകാരൻമാരുടെയും കലാസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് കേരള ലളിതകലാ അക്കാദമി വരക്കൂട്ടം അംഗങ്ങൾക്കായി പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് കലാലോകത്തിന് പ്രതീക്ഷയുടെ കൂട്ടായ്മയെ കൂടിയാണ് പരിചയപ്പെടുത്തിയത്. വർണങ്ങൾ കൊണ്ട് സംവദിച്ചും ചിത്രം വരച്ചും നാലുദിവസം നീണ്ടുനിന്ന ചിത്രകാരൻമാരുടെ കൂട്ടായ്മ സമകാലിക കലാപരിസരത്തിലെ മാറ്റങ്ങളും ചിന്തകളും പങ്കുവെച്ചു.
സഗീർ, യൂനുസ് മുസ്ലിയാരകത്ത്, വി.കെ ശങ്കരൻ, ഡോ. ടി. റഹിമാൻ, കെ.എം നാരായണൻ, വി.പി ഷൗക്കത്തലി, മുഖ്താർ ഉദരംപൊയിൽ, സുരേഷ് ചാലിയത്ത്, അറുമുഖൻ, റിഞ്ചു വെള്ളില, ദിനേഷ് മഞ്ചേരി, അനീസ് വടക്കൻ, സുരേഷ് തിരുവാലി, ജോഷി പേരാമ്പ്ര, സേതുമാധവൻ, ബാബുരാജ് പുൽപ്പറ്റ, ഐഷ യൂനുസ്, പ്രഭാകരൻ, അരുൺ അരവിന്ദ്, ശശികുമാർ, വിശ്വതി പി, ജയപ്രകാശ് എം, ഉഷ പി.കെ, മുനീർ അഗ്രഗാമി, ഷംല, ഷിഹാബ് മമ്പാട്, റംല പി.പി, ഇർഷാദ് കെ, ഹരിദാസ് കാരക്കുന്ന് എന്നീകലാകാരൻമാരാണ് ചിത്രകലയിലെ പുതിയ രചനാ സങ്കേതങ്ങളും പരീക്ഷണങ്ങളുമായി ഒത്തുചേർന്നത്.
സമാപന പരിപാടിയിൽ ക്യാമ്പംഗങ്ങൾ അനുഭവം പങ്കുവെച്ചു. വരക്കൂട്ടം വെബ്‌സൈറ്റ് ആർട്ടിസ്റ്റ് സഗീർ പ്രകാശനം ചെയ്തു. വരക്കൂട്ടം എന്ന ആശയം പ്രാവർത്തികമാക്കുന്നതിൽ മുന്നിൽ നിന്നു പ്രവർത്തിച്ച ഷമീം സീഗളിനെയും അനീസ് വടക്കനെയും സ്‌നേഹോപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.
ക്യാമ്പിൽ വരച്ച ചിത്രങ്ങൾ അടുത്ത മാസം മലപ്പുറം കോട്ടക്കുന്നിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കും.
അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതി അംഗം പോൾ കല്ലാനോട് അധ്യക്ഷനായി. അക്കാദമി മാനേജർ സുഗത ശശിധരൻ, സിഎസ്‌ഐ ഇടവക വികാരി ജയദാസ് മിത്രൻ, ചിത്രകാരൻമാരായ കെ.വി ദയാനന്ദൻ, ഉസ്മാൻ ഇരുമ്പുഴി, യൂനുസ് മുസ്ലിയാരകത്ത്, മുഖ്താർ ഉദരംപൊയിൽ തുടങ്ങിയവര്‍ സംസാരിച്ചു.