സിനിമയും സിനിമക്കാരുമൊക്കെ മനസ്സിൽ സൃഷ്ടിച്ച ആഘാതം മൂലം നല്ല സിനിമയുടെ ആരാധികയായ ഞാൻ സിനിമയിൽ നിന്നകന്നായിരുന്നു കഴിഞ്ഞത്.
” മിന്നാമിനുങ്ങ് ” എന്ന സിനിമയെ കാത്തിരിക്കുകയും ആയിരുന്നു. അത് സുരഭിക്കായുള്ള കാത്തിരിപ്പായിരുന്നു. തന്റെ അഭിനയത്തികവ് എന്നോ തെളിയിച്ച ആ പ്രിയപ്പെട്ടവളെ വെള്ളിത്തിരയിൽ കാണണം. ഒരു വ്യാഴവട്ടക്കാലമായി തൊട്ടതെന്തും പൊന്നാക്കുന്ന ആ പ്രഗൽഭമതിയെ മലയാള സിനിമ ഒരിക്കലും വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ല. ആ മികച്ച അഭിനേത്രി എന്നും സഹനടിയുടെ ചെറിയ റോളിൽ ഒതുങ്ങി.എന്നാൽ പ്രിയരെ! തിയേറ്ററിൽ ചെന്നൊന്നു കാണു- അവൾ വെറും നടിയല്ല’ ഭാരതം കണ്ട അഭിനയ ചക്രവർത്തിനിയാണ് – അഭിനയത്തിൽ ദേശീയ പുരസ്കാരത്തിന്റെ അഭിമാനം കൊണ്ടുവന്നു തന്നത്: 1968 ലും 78 ലും പ്രിയപ്പെട്ട ശാരദാമ്മയാണ്. പിന്നെ 86 ൽ മൺമറഞ്ഞ മോനിഷ – 93 ൽ ശോഭന 2003 ൽ മീരാ ജാസ്മിൻ – പിന്നെയിതാ നമ്മുടെ കോഴിക്കോട്ടുകാരി സുരഭിയും –
മുപ്പതുകളുടെ പ്രായം മാത്രമുള്ള സുന്ദരിയായ സുരഭി, കോളേജുകാരിയായ ഹോസ്റ്റലിൽ പഠിക്കുന്ന മകൾയ്ക്ക് വേണ്ടി ജീവിതത്തോട് പോരാടുന്ന ഒരു ദരിദ്രയായ വീട്ടമ്മയായി അതി ഗംഭീരമായി ജീവിക്കുന്നു – അഭിനയിച്ചു എന്ന് പറയുന്നത് വെറും ക്ലീഷേ ആയിപ്പോകും – – .പേരില്ലാത്ത അവൾക്ക് വെറും സ്ഥാനപ്പേരുകളേയുള്ളൂ – അവൾ ഒരേ സമയം ഒരു സ്വകാര്യ കമ്പനിയിൽ അടിച്ചു തളിക്കാരിയാണ്, ഫ്ലാറ്റുകളിൽ വീട്ടുപണി ചെയ്യുന്നവളാണ് – ഒപ്പം പശുവിൻ പാലും കോഴിമുട്ടയും അച്ചാറും പലഹാരങ്ങളും വിറ്റ് പണമുണ്ടാക്കുന്നവളാണ് – എന്നിട്ടും മകളുടെ ഹോസ്റ്റൽ ഫീസ് അടയക്കാൻ രാപ്പകൽ അവൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഓടുന്നു. അവളുടെ ജീവിതം പരാജയമല്ല, അവളുടെ രക്തവും കണ്ണീരും വിയർപ്പും അച്ഛനില്ലാത്ത സ്വന്തം മകൾക്കു വേണ്ടിയാണ്. പ്രേക്ഷകരായ നമ്മുടെയൊക്കെ ഹൃദയവും ഉദ്വേഗത്തോടെ പണം തികയ്ക്കാൻ ഓടുന്ന അവൾക്കൊപ്പം സഞ്ചരിക്കയാണ്.
അഭിമാനിയായ ഈ സ്ത്രീ ആരിൽ നിന്നും വെറുതെ ഒരു ചില്ലിക്കാശ് സ്വീകരിക്കില്ല. വെറുതെ വീണ് കിടന്നാലും എടുക്കില്ല – ആർക്കു മുമ്പിലും തന്റെ ശരീരം അടിയറവ് വെയ്ക്കില്ല: ഈ വ്യക്തിപ്രഭാവവും പിന്നെയവൾ ജീവിത യാതനകളെ തരണം ചെയ്യുന്ന രീതിയും! നമ്മിൽ പലർക്കും നമ്മോട് തന്നെ സഹതാപം തോന്നിപ്പോവും.എന്തു കിട്ടിയാലും പോരാ – പോരാ എന്ന് കരുതുന്ന നാം ഈ പോരാട്ടം കണ്ട് .ഒടുങ്ങാത്ത ഈ മഹത്ത്വസാക്ഷാത്കാര തൃഷ്ണ കണ്ട് “Linger a while, thou art so fair ” (നിൽക്കണേ – അങ്ങയുടെ കലയെത്ര സുന്ദരം) എന്ന് ഫൗസ്റ്റിനെപ്പോലെ സംവിധായകനോട് മനസ്സിൽ പറഞ്ഞു പോകുന്നു. നമ്മുടെ ഐന്ദ്രിയ, മാനസിക, ആത്മീയ തലങ്ങളെ ഈ സിനിമ സ്വാധീനിക്കുന്നു.
ഈ സിനിമ കോടികളുടെ സിനിമയല്ല. സാമ്പത്തിക ഞെരുക്കം കണ്ട് നല്ലവനായ സംഗീത സംവിധായകൻ ഫീസ് വാങ്ങിച്ചിട്ടില്ല. ഇതിൽ താരപ്രഭയില്ല. സാധാരണക്കാരുടെ ചായം തേയ്ക്കാത്ത മുഖങ്ങളേയുള്ളൂ – വസ്ത്രധാരണപ്പൊലിമയില്ല – ന്യത്തങ്ങൾ ഇല്ല .മായി കക്കാഴ്ചകളും ഇല്ല! ക്രൈം ഇല്ല’ ത്രില്ലർ അല്ല. എന്നിട്ടും നാം കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ചു ജീവിച്ചു. അവർ സന്തോഷിച്ചപ്പോൾ സന്തോഷിച്ചു കരഞ്ഞപ്പോൾ കരഞ്ഞു. കാരണം ഈ സിനിമയിൽ ജീവിതമുണ്ട്.നിർമാതാവും
സംവിധായകനുമായ ശ്രീ. അനിൽ തോമസ്- സുരഭി ക്ക് ഈ പ്രധാന വേഷം കൊടുത്ത അങ്ങയുടെ ഈ നല്ല സിനിമയ്ക്ക് നന്ദി.
നല്ല കലയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ തീരാദാഹത്തെ അങ്ങ് നിർലോഭം ശമിപ്പിച്ചിരിക്കുന്നു. ഒരു
അഭിമുഖത്തിൽ സുരഭി പറഞ്ഞത് പോലെ ടീം വർക്ക് തന്നെയാണ് ഏതൊരു നല്ല സിനിമയുടേത് പോലെ ഇതിന്റെയും വിജയം. കഥാകൃത്ത് മനോജ് റാം സിംഗിന്, മറ്റ് നടീനടന്മാരായ റെബേക്ക തോമസ് , പ്രേം പ്രകാശ്, കൃഷ്ണൻ ബാലകൃഷ്ണൻ, അരുന്ധതി നായർ, രാധാകൃഷ്ണൻ.ഇവർക്കും ,പശ്ചാത്തലസംഗീതം ചെയ്ത ഔസേപ്പച്ചന് ‘ ഛായാഗ്രാഹകൻ സുനിൽ പ്രേമിന്, എഡിറ്റിംഗ് ചെയ്ത ശ്രീനിവാസിന് – മറ്റ് അണിയറ പ്രവർത്തകർക്ക് എല്ലാം ആത്മാവിൽ നിറഞ്ഞ നന്ദി
അഭിനന്ദനങ്ങൾ.
പ്രിയരെ – ജീവിത ത്തിന്റെ പ്രവാഹം കാണാൻ മിന്നാമിനുങ്ങിന്റെ മഹാ പ്രകാശം കാണാൻ പോവുക – തിയേറ്ററിലേക്ക് .