കോട്ടയം പുഷ്പനാഥ് അന്തരിച്ചു

0
371

മലയാളത്തില്‍ അപസര്‍പ്പക നോവലുകള്‍ക്ക് ജനപ്രിയ മുഖം നല്‍കിയ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. കോട്ടയത്തെ വസതിയില്‍ രാവിലെ പത്തു മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകന്‍ സലീം പുഷ്പനാഥ് അന്തരിച്ച് ഒരുമാസം തികയുന്നതിനുമുമ്പാണ് കോട്ടയം പുഷ്പനാഥിന്റെ മരണം.

പുഷ്പനാഥന്‍ പിള്ള എന്നതാണ് യഥാര്‍ഥ പേരെങ്കിലും കോട്ടയം പുഷ്പനാഥ് എന്ന പേരിലൂടെയാണ് പിന്നീട് അദ്ദേഹം പ്രസിദ്ധനായത്. ഡിറ്റക്ടീവ് മാര്‍ക്‌സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകള്‍ ഒരു കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. മുന്നൂറോളം നോവലുകള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ നോവലുകള്‍ സിനിമയായിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കല്ലാര്‍ കുട്ടി സ്‌കൂളില്‍ അധ്യാപകനായിരിക്കുമ്പോളാണ് മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന അദ്ദേഹത്തിന്റെ ആദ്യ നോവല്‍ പുറത്തിറങ്ങുന്നത്. നോവലുകള്‍ വിജയിച്ചതോടെ അധ്യാപക ജോലിയില്‍നിന്ന് സ്വയം വിരമിച്ചശേഷം പൂര്‍ണമായും എഴുത്തിന്റെ ലോകത്തായിരുന്നു. കോടിയത്തൂര്‍ പ്രൈവറ്റ് സ്‌കൂള്‍, ദേവികുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കല്ലാര്‍കുട്ടി എച്ച്.എസ്, നാട്ടകം ഗവണ്‍മെന്റ് എച്ച്.എസ്, ആര്‍പ്പൂക്കര ഗവണ്‍മെന്റ് എച്ച്.എസ്, കാരാപ്പുഴ ഗവണ്‍മെന്റ് എച്ച്.എസ്, തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here