ശരണ്യ എം ചാരു
കുലത്തൊഴിലുകളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന അപൂർവ്വം ചില സാമുദായിക ജനങ്ങൾ കേരളത്തിലിന്നുമുണ്ട്. ആനുകൂല്യങ്ങളോ തൊഴിലിൽ ലാഭമോ ലഭിക്കാതിരിക്കുമ്പോഴും അവർ ആകെ അറിയാവുന്ന ഏക തൊഴിലിനെ നെഞ്ചോട് ചേർത്ത് പിന്തുടർന്ന് പോരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സാമുദായികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മൺപാത്ര നിർമ്മാണ തൊഴിലാളികളുടെ ജീവിത കഥയാണ് ഈ പറയുന്നത്.
വർഷങ്ങളായി പരമ്പരാഗത രീതിയിൽ മലപ്പുറം, പാലക്കാട്, തൃശൂർ, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒരു വിഭാഗം ജനങ്ങൾ മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെടുന്നു. പണ്ട് കാലത്ത് മുതിർന്നവർ മുതൽ കൊച്ചു കുട്ടികൾ വരെ ഇതിന്റെ ഭാഗമായിരുന്നു. വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത ഏറി വന്നതും, സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം ലഭ്യമായി തുടങ്ങിയതും ഈ മേഖലയിലേക്കുള്ള പുതിയ തല മുറയുടെ കടന്ന് വരവ് കുറച്ചു. കുലത്തൊഴിൽ നൽകുന്ന നഷ്ടക്കണക്കും സാമ്പത്തികവും, അദ്ധ്വാന ഭാരവും ഇതിന് ആക്കം കൂട്ടി.
സ്വാതന്ത്ര്യാനന്തരം എഴുപത് വർഷം പിന്നിടുമ്പോഴും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും കാര്യമായ പിന്തുണകളൊന്നും ഈ മേഖലയ്ക്ക് ലഭിക്കുന്നില്ല. പരമ്പരാഗത വ്യവസായ പട്ടികയിൽ ഇന്നോളം ഈ തൊഴിലിനെ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ തയ്യാറായിട്ടില്ല. അത് കൊണ്ട് തന്നെ കുലത്തൊഴിലായി മാത്രം ഇത് ചെയ്ത് പോകുന്നവരാണ് തൊഴിലാളികൾ.
മൺപാത്ര നിർമ്മാണത്തിന് ഏറ്റവും അടിസ്ഥാനമായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ കളിമണ്ണിന്റെ ദൗർലഭ്യം ചെറുകിട തൊഴിലാളികൾക്ക് ഏറ്റവും വലിയ പ്രഹരമായിരുന്നു. ഓട്, ഇഷ്ടിക തുടങ്ങിയവ നിർമ്മിക്കുന്ന വൻകിട കമ്പനികളെ ലക്ഷ്യമിട്ട് തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നതോടെ ഇത് ചെറുകിട കുലത്തൊഴിൽ തൊഴിലാളികളേയും ബാധിച്ചു. പോലീസിന്റെയും ഗവണ്‍മെന്റിന്റെയും ഭാഗത്തുനിന്നും ഒരു പിന്തുണയും ചെറുകിട തൊഴിലാളികൾക്ക് ലഭിക്കുന്നില്ല എന്നതും ഇവരെ അടിമുടി തളർത്തി. നിയമങ്ങൾ എന്നും വൻകിട കമ്പനികളെ ലക്ഷ്യം വച്ചുള്ളതാകുമ്പോൾ അതിന്റെ അലയൊലികളിൽ പെട്ടു പോകാറുള്ളത് ചെറുകിട തൊഴിലാളികൾ തന്നെ ആകുമല്ലോ.
റവന്യൂ വകുപ്പും, ജിയോളജി വകുപ്പും പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ കളിമൺ ഖനനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. മണ്ണ് ഖനനം ചെയ്യുന്ന പ്രദേശങ്ങളിലെ പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ എങ്കിലും ഇതിൽ യാതൊരു കഴമ്പും ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. മണ്ണെടുക്കുന്ന ഇടങ്ങളിൽ പുതിയ മണ്ണ് ഇട്ട് നൽകിയാൽ തന്നെ പ്രശ്‌നത്തിന് പരിഹാരമാകും എന്നതാണ് യഥാർത്ഥ കാര്യം.
മൺപാത്ര നിർമ്മാണ തൊഴിലാളികളുടെയും ഇതര സംഘടനകളുടെയും നിരന്തര ശ്രമങ്ങളുടെ ഫലമായി 2014 ൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സംസ്ഥാന വ്യാവസായിക വകുപ്പ് ഒരു കുടുംബത്തിന് 50 ടൺ കളിമണ്ണ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. നിയമത്തിൽ പുനരാവിഷ്ക്കരണം നടത്തിയിരുന്നെങ്കിലും ഇതിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മാറ്റം തൊഴിലാളികളേയും നിരന്തരം ബുദ്ധിമുട്ടിലാക്കി. ഇന്ന് 25000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് കളിമൺ ഖനനം. ഇതേ സമയം അഞ്ച് ബജറ്റുകളിലായി പിന്നോക്ക തൊഴിലാളി ഉന്നമന വിഭാഗത്തിൽ ഉൾപ്പെടുത്തി 7 കോടി രൂപ മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് വകയിരുത്തി നൽകി. ഒരു കുടുംബത്തിന് 25000 രൂപ എന്ന തോതിൽ അതിന്റെ വിതരണവും അന്ന് നൽകി പോന്നിരുന്നു. നിലവിലെ സർക്കാർ പുതിയ ബജറ്റിൽ 5 കോടി ഇവർക്കായി വകയിരുത്തിയിട്ടുണ്ടെങ്കിലും ആ തുക ഇത് വരെ വിതരണം ചെയ്‌ത് തുടങ്ങിയിട്ടില്ല.
നിലവിൽ വയനാട്, ബാംഗ്ലൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലെ ചില സ്ഥലങ്ങളിൽ നിന്നുമാണ് മണ്ണ് പണിസ്ഥലങ്ങളിലേക്ക് കൊണ്ട് വരുന്നത്. ഇതിന് ആവശ്യമാകുന്ന യാത്രാ ചിലവ് പലപ്പോഴും തൊഴിലാളികൾക്ക് താങ്ങാൻ ആകുന്നതല്ല. ഇതിന് പുറമെ ആണ് നിർമ്മിച്ച പാത്രങ്ങൾ ചൂളയിലേക്കിട്ട് ചുട്ടെടുക്കാൻ ആവശ്യമായ ചിരട്ട, വിറക്, വൈക്കോൽ, ചകിരി എന്നിവയുടെ ചിലവ്. ചൂളയിൽ ഇടുന്ന എല്ലാ പാത്രങ്ങളും അത് പോലെ തിരികെ കിട്ടും എന്നും പ്രതീക്ഷിക്കാൻ പറ്റില്ല. പലപ്പോഴും പലതും പൊട്ടിപോകുന്നതും ചിലവ് കൂട്ടുന്നു. നിർമ്മിച്ച വസ്തുക്കൾക്ക് ഇൻഷുറൻസ് ഇല്ലാത്തത് കൊണ്ട് നഷ്ട്ട പരിഹാര തുക ഒന്നും തന്നെ തൊഴിലാളികൾക്ക് ലഭ്യമാവുകയുമില്ല. കരകൗശല വിദഗ്ദ്ധ തൊഴിലാളി പെൻഷൻ ഇനത്തിൽ ലഭിക്കുന്ന തുച്ഛമായ തുക ഒഴിച്ചു നിർത്തിയാൽ ഈ തൊഴിലാളികൾക്ക് മറ്റൊരു ആനുകൂല്യവും ഇവിടെ നിന്നും ലഭ്യമാകുന്നില്ല എന്നത് ഈ മേഖലയിലെ പ്രവർത്തനം നിർത്താൻ തൊഴിലാളികളെ നിർബന്ധിതമാക്കുന്നു.
കടുത്ത ആരോഗ്യ പ്രശ്നങ്ങളിലൂടെ ജന ജീവിതം മുന്നോട്ട് പോകുന്ന കാലത്ത് പഴമകളിലേക്കെന്ന പോലെ തന്നെ ഭക്ഷണത്തിലും അത് ഉണ്ടാക്കുന്ന പാത്രങ്ങളിലും മാറ്റം അനിവാര്യമായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തി ‘മൺ പാത്രമുപയോഗിക്കൂ ആരോഗ്യം സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയ ക്യാമ്പയിനുകള്‍ തൊഴിലാളികളുടെയും സന്നദ്ധ പ്രവർത്തകരുടെയും ഭാഗത്ത് നിന്നും ഉണ്ടായിരുന്നുവെങ്കിലും അത് കച്ചവട തന്ത്രമായി മാത്രം ഒതുങ്ങി. ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഒരു പ്രചാരണം ലഭിച്ചാൽ അത് ഈ മേഖലയെ ഒരുപടി മുന്നിൽ എത്തിക്കും എന്നതിൽ തർക്കമില്ല.
കേരളത്തിൽ മാത്രം 10 ലക്ഷം ജനങ്ങൾ ഈ സമുദായത്തിന് കീഴിൽ ഉൾപ്പെടുന്നു. ഇതിൽ ഇപ്പോൾ വെറും 5000 കുടുംബങ്ങൾ ആണ് കുലത്തൊഴിൽ ആയി ഇതിനെ നിലനിർത്തി പോകുന്നത്. മറ്റുള്ളവരൊക്കെയും സമൂഹവും, സർക്കാരും നൽകിയ അവഗണന സഹിക്കാൻ വയ്യാതെ തൊഴിൽ ഉപേക്ഷിച്ചവരാണ്. ഇതിൽ തന്നെയും നല്ലൊരു വിഭാഗം ജനങ്ങളും സഹായങ്ങൾ ലഭിച്ചാൽ തൊഴിലിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നവരും. സബ്സിഡി ആയി വായ്‌പ, ചൂളനിർമ്മാണ ചിലവിൽ സഹായം, ആധുനിക രീതിയിൽ ഉള്ള നിർമ്മാണ ഉപകരണങ്ങൾ എന്നിവ ഒക്കെ ലഭിക്കുകയാണെങ്കിൽ തൊഴിലാളികളുടെ എണ്ണത്തിൽ വൻവർധന ഉണ്ടാവും എന്നതിൽ തർക്കമില്ല.
ഇൻസ്റ്റിറ്റ്യൂട്ട് അടിസ്ഥാനത്തിൽ മൺപാത്ര നിർമ്മാണം പരിശീലിപ്പിക്കാൻ സർക്കാർ തയ്യാറായാൽ പുതിയ വിപ്ലവത്തിന്റെ തുടക്കമാവുമിത്. പുതു തലമുറയിൽ ഈ തൊഴിലിനോടുള്ള സമീപനവും, തൊഴിൽ സാധ്യതയും വർധിപ്പിക്കുക എന്നത് ഈ കാലത്തിന്റെ അനിവാര്യമായ കടമയാണ്. പാത്ര നിർമ്മാണത്തിലോ, ഉപയോഗത്തിലോ ഒരു രീതിയിലുമുള്ള ചർമ്മരോഗം ജനങ്ങൾക്ക് ഉണ്ടാവുന്നില്ല. എന്നിട്ടും ചെളി എന്ന രീതിയിലാണ് സമൂഹം അതിനെ നോക്കിക്കാണുന്നത്. പ്രകൃതി ചികിത്സയിലെ പോലും അനിവാര്യ ഘടകമായ കളിമണ്ണിനെ ഈ രീതിയിൽ ആവിഷ്‌കരിക്കുന്നത്തിൽ കാലം പിന്തുടർന്ന പഴയകാല വിശ്വാസങ്ങളുടെ മറന്ന് പോകലുകൾ ഉണ്ട്. ഇന്നത്തെ തല മുറയുടെ അറിവില്ലായ്മ്മയും.
കറുപ്പ് നിറത്തിലുള്ള മൺപാത്രങ്ങൾ ഇന്ന് വിപണിയിൽ സജീവമായി കണ്ട് വരുന്നുണ്ട്. കന്യാകുമാരിയിലും മറ്റുമായി നിർമ്മിക്കുന്ന ഇവയിൽ നിർമ്മാണ വേളയിൽ കളിമണ്ണിന് പുറമെ സാധാരണ മണ്ണ് കൂടി ചേർക്കാറുണ്ട്. കുറഞ്ഞ വിലയ്ക്കാണ് അയൽസംസ്ഥാന തൊഴിലാളികൾ ഇത് വില്പ്പന നടത്തുന്നതും. ഇത് കേരളത്തിലെ തൊഴിലാളികൾ നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളിയാണ്. ഇതിനെല്ലാം പുറമെ പാത്ര വിൽപ്പനയ്ക്ക് കൃത്യമായൊരു മാർക്കറ്റ് ഇല്ലെന്നത് തൊഴിലാളികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. ഉത്സവ ചന്തകൾ കേന്ദ്രീകരിച്ചുള്ള വിപണനമാണ് ഇന്ന് നടന്ന് വരുന്നത്. കാലം മാറിയതോടെ തലച്ചുവടായി വീടുകളിൽ കൊണ്ട് ചെന്നുള്ള വിൽപ്പന രീതി പാടെ ഇല്ലാതായി. ഉള്ളവർ തന്നെയും പ്രായം ചെന്നവർ മാത്രം.
ഏത് രീതിയിൽ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാണ് എല്ലാ വസ്തുക്കളുടെയും നിലനിൽപ്പ്. ആ നിലയ്ക്ക് അൽപ്പം ശ്രദ്ധയോടെ ഉള്ള ഉപയോഗമാണെങ്കിൽ മൺപാത്രങ്ങൾ എത്ര കാലം വേണമെങ്കിലും നിലനിൽക്കും. എണ്ണത്തിൽ ഏറ്റവും കൂടുതൽ മൺപാത്ര നിർമ്മാണ തൊഴിലാളികൾ ഉള്ളത് കാസർഗോഡ് ജില്ലയിലെ എരിക്കുളം എന്ന സ്ഥലത്താണെങ്കിലും, മലപ്പുറം പാലക്കാട് ജില്ലകൾ ആണ് പാത്ര നിർമ്മാണത്തിൽ ഒന്നാം സ്ഥാനം.
കാല വർഷത്തിൽ പരമ്പരാഗത മൺപാത്ര നിർമ്മാതാക്കൾക്ക് തൊഴിലെടുക്കാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ ദിവസക്കൂലി കണക്കാക്കി തൊഴിലാളികളുടെ വരുമാനം കണക്കാക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഉത്സവ ചന്തകൾ ലക്ഷ്യം വച്ചുള്ള വിപണനം ആയത് കൊണ്ട് തന്നെ ആ സമയങ്ങളിൽ മാത്രമാണ് കാര്യമായ കച്ചവടം സാധ്യമാവുകയുള്ളൂ. അതിൽ തന്നെയും ഉത്സവം കഴിഞ്ഞ സ്ഥലങ്ങളിൽ നിന്നും പാത്രങ്ങൾ തിരികെ കൊണ്ടു വരാനുള്ള ചിലവ് കണക്കിലെടുത്ത് പലപ്പോഴും മിച്ചം വരുന്ന പാത്രങ്ങൾ വില കുറച്ച് വിപണനം നടത്തേണ്ടിയും വരുന്നു. ഇതും തൊഴിലാളികളെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.
പരമ്പരാഗത നിർമ്മാണരീതിയിൽ നിന്നും മാറി യന്ത്രവൽകൃത അരവ് മിഷ്യനുകളും, വൈദ്യുത മിഷ്യനുകളും ലഭ്യമായാൽ തൊഴിലാളികളുടെ ജോലി ഭാരത്തിൽ ഏറെ കുറവുണ്ടാകും. സ്വന്തം ചിലവിൽ ഈ രീതി പിന്തുടരുകയെന്നത് തൊഴിലാളികൾക്ക് സാധിക്കുന്ന കാര്യവുമല്ല. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഉണ്ടായാൽ ഒരുപാട് ജനങ്ങൾ ഇനിയും ഈ മേഖലയിലേക്ക് തിരികെ വരും. സംസ്ഥാന- കേന്ദ്ര സർക്കാരുകൾ ഈ തൊഴിലാളി ദിനത്തിലെങ്കിലും മൺപാത്ര നിർമ്മാണ തൊഴിലാളികളുടെ പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹാരം കണ്ടെത്തുകയും ചെയ്യട്ടെയെന്ന് പ്രത്യാശിക്കാം. അങ്ങനെ എങ്കിൽ അത് ഒരു ജനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ നീതിയും പുതു ജീവിതവുമാകും….