നിധിൻ. വി.എൻ
സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണം 2018 ഏപ്രിൽ 22-ന് ചേമഞ്ചേരി പൂക്കാട് കലാലയത്തിൽ വെച്ച് നടത്തുന്നു. വായ്പാട്ട്, ഹാർമോണിയം, മൃദംഗം, ജലതരംഗം, ചമയം, അഭിനയം, സംവിധാനം എന്നീ നിലകളിൽ കഴിവ് തെളിയിച്ച ഭാഗവതർ നാദാനുസന്ധാനത്തിലൂടെ നാടുണർത്തിയ ഗുരുവാണ്.
കോഴിക്കോട് ഒളവണ്ണയിൽ ജനിച്ച മലബാർ സുകുമാരൻ ഭാഗവതർ അമ്മാവന്റെ ശിക്ഷണത്തിൽ ചെറുപ്പത്തിലേ സംഗീതപഠനം ആരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംഗീതവഴിയിൽ സഞ്ചരിച്ചു തുടങ്ങിയ ഭാഗവതർ മദ്രാസ് ഗവൺമെന്റിന്റെ സംഗീതം ലോവർ പരീക്ഷ പാസ്സായി എലത്തൂർ സി.എം.സി.ഹൈസ്കൂളിൽ സംഗീതാധ്യാപകനായി.
1974-ൽ പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനം നടത്തി അതേ കലാലയത്തിന്റെ പ്രിൻസിപ്പാൾ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നൃത്തനാടകങ്ങൾ, നവരാത്രി സംഗീതോത്സവം വാർഷികാഘോഷങ്ങൾ, വർണ്ണോത്സവങ്ങൾ, ഗ്രാമീണകലാമേളകൾ എന്നിവയ്ക്ക് നേതൃത്വം നൽകി പൂക്കാട് കലാലയത്തെ പ്രശസ്തിയിലെത്തിച്ചു. ശാസ്ത്രീയസംഗീത രംഗത്ത് ഭാഗവതർ നൽകിയ സുദീർഘവും സ്തുത്യർഹവുമായ സംഭാവനകളെ മാനിച്ച് 1996-ൽ കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തിന് അവാർഡ് നൽകി ആദരിച്ചു.