മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം വയനാട് കല്‍പ്പറ്റ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ അനീസ് കെ. മാപ്പിളക്ക്. ആദിവാസി വിഭാഗമായ പണിയരുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടത്.
അനീസ് കെ. മാപ്പിള ആത്മ ഓണ്‍ലൈനോട് സന്തോഷം പങ്കുവെക്കുന്നു:
“….വലിയ ബാനറില്‍ ചെയ്യുന്ന ഒരു എലൈറ്റ് പ്രോഡക്ഷന്‍ ആയ ഡോക്യുമെന്ററി മാത്രമാണ് എപ്പോഴും ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്നത്. വ്യക്തിപരമായി ചെയ്യുന്ന വര്‍ക്കുകള്‍ പരിഗണിക്കുന്നത് വളരെ വിരളമാണ്. വയനാട്ടിലെ ഒരു ട്രൈബല്‍ കമ്മ്യൂണിറ്റിയെ കുറിച്ച് ഒരു വര്‍ക്ക് ചെയ്യുകയും അതിനു ദേശീയ ശ്രദ്ധ നേടുകയും ചെയ്തു എന്നതാണ് ഞാന്‍ ഇതില്‍ കാണുന്ന പ്രാധാന്യം. പൊതുജനങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു ഇഷ്യൂ അല്ല ഇതിന്റെ ഇതിവൃത്തം. പക്ഷെ, ചര്‍ച്ച ചെയ്യേണ്ടതും ചര്‍ച്ച ചെയ്യാന്‍ സാധ്യത ഇല്ലാത്തതും ആയ ഒരു വിഷയം ആണ് ഞാന്‍ ചെയ്തത്.….”
മൂന്നര വര്‍ഷത്തോളമെടുത്ത് ഒറ്റയ്ക്കാണ് അനീസ് ‘ദി സ്ലേവ് ജെനസിസ്’ ചിത്രീകരിച്ചത്. പണിയര്‍ നേരിട്ട ചൂഷണങ്ങളും അവരുടെ അതിജീവനവും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നു. മുഖ്യധാരാ സമൂഹത്തിന് അപരിചിതമായ പണിയരുടെ ആചാരാനുഷ്ഠാനങ്ങളും പ്രതിപാദിക്കുന്നുണ്ട്. ഡോക്എഡ്ജിന്റെ സഹായത്തോടെയും കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റി വഴിയുള്ള ക്രൗഡ് ഫണ്ടിങ്ങിലൂടെയുമാണ് ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്. ഫാറൂഖ് കോളേജില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദമെടുത്ത അനീസ് കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ പി.ജി ഡിപ്ലോമ നേടി.