ബോക്‌സിങ് ഇതിഹാസ താരം മുഹമ്മദലിയുടെ ജീവിതവും റിങ്ങിന് പുറത്ത് അദ്ദേഹം നടത്തിയ പോരാട്ടങ്ങളും കോര്‍ത്തിണക്കി നാടകമൊരുങ്ങുന്നു. ബോക്‌സിങ്ങ് റിംഗിന് സമാനമായ വേദിയില്‍ സംഗീതത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന താല്പര്യം പശ്ചാത്തലമാക്കി, തല്‍സമയ റെഗ്ഗെ, ഹിപ്പ് ഹോപ്പ്, ജാസ് വിഭാഗത്തില്‍പ്പെടുന്ന ഗാനങ്ങള്‍ ആലപിക്കുന്ന ബാന്‍ഡിന്റെ അകമ്പടിയോടെയാണ് അലിയുടെ ജീവിതം വേദിയിലെത്തുന്നത്. കൊച്ചിയിലെ കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സെന്റര്‍ ഫോര്‍ കണ്ടമ്പരറി ആര്‍ട്ട് ആണ് നാടകം അവതരിപ്പിക്കുന്നത്. മദന്‍ ബാബു തിരക്കഥ തയ്യറാക്കിയ നാടകത്തിന് പി.പി ജോയാണ് സംവിധാനം നിര്‍വഹിച്ചത്. ഏപ്രില്‍ 27,28,29 തിയ്യതികളില്‍ ഇടപ്പള്ളി പത്തടിപ്പാലം കേരള ഹിസ്റ്ററി മ്യൂസിയത്തിലെ ആംഫീ തിയ്യേറ്ററിലാണ് ഈ സംഗീത, നൃത്ത നാടകം അറങ്ങേറുന്നത്.