ജാതിവാൽ ഉപേക്ഷിച്ച സവർണർന് കയ്യടി കിട്ടുന്ന കാലത്ത് സങ്കടവും രോഷവും ഉണര്‍ത്തുന്ന എഴുത്ത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നു. സർട്ടിഫിക്കറ്റിലെ ഒരു കോളത്തിൽ ഒതുങ്ങുന്നതല്ല ജാതി. സർട്ടിഫിക്കറ്റിലെ ജാതി മായ്ച്ചതു കൊണ്ട് മാത്രം മാറ്റി നിർത്തലുകളും അവഗണനയും അവസാനിക്കുന്നുമില്ല. ആലീസ് റോഷ്ബി സെബാസ്റ്റ്യന്റെ കുറിപ്പ് പറയുന്നത് ഈ അവഗണനയുടെ കഥ.
ആലീസ് റോഷ്ബി സെബാസ്റ്റ്യന്റെ ഫെയസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.
ഇപ്പോൾ കുറച്ചു കാലമായിട്ടു PSC പഠിക്കാൻ പോവുന്നുണ്ട്. കഴിഞ്ഞ ദിവസം ക്ലാസ്സിൽ front benchൽ തന്നെയിരുന്ന എന്നെ ചൂണ്ടി സർ പറഞ്ഞു : “ആദിവാസി സംസ്ഥാനം – ജാർഖണ്ഡ്”. എല്ലാവരും ചിരിച്ചു, എനിക്ക് ചിരിക്കാനായില്ല. എനിക്ക് നല്ല ദേഷ്യം വന്നു. എന്നെ ആദിവാസി എന്നു വിളിച്ചതിൽ അല്ല, നിറത്തിന്റെ പേരിൽ ഒരാളെ വിലയിരുത്തുന്നതിൽ. അതേ ബെഞ്ചിലെ വെളുത്ത കുട്ടിയുടെ നേരെ സർ എന്ത് കൊണ്ട് വിരൽ ചൂണ്ടിയില്ല. അതിനുത്തരം ഒന്നേയുള്ളൂ, അറിഞ്ഞോ അറിയാതെയോ ഊട്ടിയുറക്കപ്പെട്ട വരേണ്യത ബോധം.
അതേ ദിവസം ഉണ്ടായ മറ്റൊരു അനുഭവമാണ് അടുത്തത്. ക്ലാസ് വിട്ടു വന്നപ്പോൾ അടുത്തുള്ള കടയിൽ കയറി. യാദൃശ്ചികമായി അവിടെ കണ്ട കറുത്ത ചരടിലേക്ക് കണ്ണു പതിഞ്ഞു. ഒറ്റക്കാലിൽ കെട്ടുന്ന പാദസരം ആയിരുന്നത്, വിലയാണെങ്കിൽ പത്ത് രൂപയെ ഉള്ളൂ. ഉടനെ വാങ്ങി കൈയോടൊരെണ്ണം. വീട്ടിൽ അത് കെട്ടി നടന്നപ്പോൾ വന്നു അമ്മയുടെ കമെന്റ്: “നീ എന്തിനാ കറുത്ത ചരട് വാങ്ങിയെ. നിന്റെ കാലിൽ കാണണമെങ്കിൽ വെളുത്ത ചരട് കെട്ടണം. ഇപ്പോൾ തനി ആദിവാസിയെ പോലുണ്ട്. സ്വന്തം അമ്മയാണ് പറയുന്നത്. അമ്മയും എന്നെ പോലെ കറുത്തിട്ടാണ്. ഇഷ്ടമുള്ള നിറത്തിലുള്ളത് ധരിച്ചപ്പോൾ അമ്മയും ഇതേ പരിഹാസം കേട്ടിരിക്കാം. വന്ന ദേഷ്യം കടിച്ചമർത്തി അമ്മയോട് ചോദിച്ചു, “ആദിവാസികളോടാണോ അമ്മയ്ക്ക് വിരോധം, അതോ കറുപ്പിനോടൊ? എനിക്ക് ഇത് രണ്ടും ഇല്ല, അത് കൊണ്ട് ഞാൻ ഇത് കെട്ടും”.
ഇഷ്ടമുള്ളത് ധരിക്കാനാവാതിരിക്കുക, ഒരർത്ഥത്തിൽ അതും സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമല്ലേ? പണ്ടൊന്നും മഞ്ഞ, വെള്ള നിറങ്ങളിലുള്ള വസ്ത്രം ഞാൻ ധരിക്കില്ലായിരുന്നു. എന്റെ കറുപ്പ് എടുത്തു കാണിക്കുമോ എന്നു പേടിച്ചു. അതേ പറ്റി ഞാൻ തന്നെ മുമ്പെഴുതിയ വരികൾ കടമെടുത്താൽ
ഞാൻ കളറുള്ളൊരു ഉടുപ്പിട്ടപ്പോൾ നീ പറഞ്ഞു:
ഇത് എന്തൊരു കളറ്?
കള്ളി പെലച്ചിയെ പോലുണ്ടെന്ന്.
അതേ കളറുടുപ്പ്
ഇച്ചിരി കളറുള്ളൊരുതത്തിയിട്ടപ്പോൾ
നീ പറഞ്ഞു: ” ഇതാണ് കളറെന്ന്.
കളറില്ലാത്ത കള്ളമില്ലാത്ത
ഒരു കാര്യം ഞാൻ പറയാം,
എന്റെ കളറാണ് കളറ്.
അവളുടെ കളറു-
കറുപ്പു മങ്ങിയതാണ്.
അതേ കറുപ്പാണ് കളറ്, ബാക്കി നിറമെല്ലാം കറുപ്പു മങ്ങിയതാണ്. ഇന്ന് ഞാൻ എനിക്ക് ഇഷ്ടമുള്ളതെല്ലാം ധരിക്കുന്നു. ഏത് നിറത്തിലുള്ളതും. ഒരു നിറത്തെയും പേടിക്കാതെ, ആരു പറയുന്നതും കേട്ടു കൂസാതെ.
കറുപ്പു നിറത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ട് സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിനു ഞങ്ങളുടെ നാടകത്തിനായിരുന്നു ഒന്നാം സ്ഥാനം. നല്ല അഭിനയമായിരുന്നു എന്റേതെന്നു ജഡ്ജസ് അടക്കം പറഞ്ഞു. എന്നിരിക്കിലും സ്കൂൾ നാടക ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തഴയപ്പെട്ടു. അത് നിറത്തിന്റെ പേരിൽ ആയിരുന്നു എന്നറിഞ്ഞപ്പോൾ വീട്ടിൽ വന്നു അമ്മയോട് ചൂടായി അമ്മയ്ക്ക് എന്നെ വെളുപ്പിച്ചു പ്രസവിക്കായിരുന്നില്ലെന്നു ചോദിച്ചു.
LP schoolൽ നിന്നും TC വാങ്ങി അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചെന്നു ചേർന്നപ്പോൾ ആദ്യ ദിവസം ഞാൻ ഇരുന്ന ബെഞ്ചിലെ പെണ്കുട്ടിക്ക് എന്നോട് മിണ്ടാൻ മടി. അവൾ എന്നോട് പറഞ്ഞു, “കറുത്ത പിള്ളേരോട് ഞാൻ കൂട്ടുകൂടാറില്ല. കറുത്ത പിള്ളേര് കക്കും”. ഞാൻ ഒന്നും മിണ്ടാതെ പുറകിലെ ബെഞ്ചിലേക്ക് മാറി. വീട്ടിലെ മുതിർന്നവർ അവളുടെ ഉള്ളിൽ കുത്തി വെച്ച ജാതി/വർണ ചിന്തയുടെ വിഷമായിരിക്കും അവൾ എന്റെ നേർക്കു തുപ്പിയത്. സലിം കുമാർ ഡയലോഗ് പോലെ “കണ്ടാൽ അത്ര ലുക്കിന്നെയുള്ളൂ, ഭയങ്കര ബുദ്ധിയായത്” കൊണ്ട് അന്നെന്നെ ഒഴിവാക്കി കളിയാക്കി വിട്ടവൾക്ക് പലകാര്യങ്ങൾക്കും പിന്നീട് എന്റെ അടുത്തു സഹായത്തിനു വരേണ്ടി വന്നു. അന്നെല്ലാം ചിരിച്ചോണ്ട് അത് ചെയ്ത് കൊടുത്തത് എന്റെ മധുരപ്രതികാരം.
ഞാൻ കറുപ്പായത് കൊണ്ടാണ് എന്നെ കൂടെ കൊണ്ടു നടക്കുന്നതെന്നും, അപ്പോൾ അവളുടെ സൗന്ദര്യം കൂടുതലായി തോന്നും എന്നു പറഞ്ഞ മറ്റൊരു കൂട്ടുകാരിയുടെ കൂടെ പിന്നെ ഞാൻ നടന്നിട്ടില്ല. അത് മറ്റൊരു പ്രതികാരം.
ഓർമവെച്ചനാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് കറുത്തപെണ്ണേ, കറുകറുകറുത്തൊരു പെണ്ണാണ്, കറുപ്പിനഴക് വെളുപ്പിനഴക് പാട്ടുകൾ. എന്നെ കളിയാക്കാൻ വേണ്ടി ചേട്ടന്മാർ പാടിയിരുന്നത്. എനിക്ക് അപ്പോൾ ദേഷ്യം വരും. അത് കാണുമ്പോൾ അവർ കോറസ്സായി പാടും. കറുപ്പു താൻ എനക്കു പുടിച്ച കളറ് എന്നു തിരികെ പാടാൻ തുടങ്ങിയപ്പോൾ അവരത് നിർത്തി – അതെ, “കറുപ്പു താൻ എനക്കു പുടിച്ച കളറ്”
-ആലീസ്-