സൂര്യനിലേക്കു പടർന്നു കത്തുന്ന പച്ചിലകൾ

0
71

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം)
part 2
ഭാഗം 40
ഡോ. രോഷ്നി സ്വപ്ന

എനിക്ക് കാഴ്ച്ച നഷ്‌ടപ്പെടുമായിരുന്നു. നിത്യാന്ധതയുടെ നിറമായ കറുപ്പിലേക്ക് എന്റെ കാഴ്ച താഴ്ന്നുപോകുമായിരുന്നു. പ്രകൃതിയിലേക്കു തുറന്ന് എന്നിലേക്കടയുന്ന എൻ്റെ കണ്ണുകൾ നിർജ്ജീവങ്ങളായിപ്പോയേനെ. മേലിൽ ഞാൻ കണ്ണാടിയിലെന്നെ കാണുകയുണ്ടാവില്ല. കറുപ്പു കൺമഷിയെഴുതി, ഞാനെൻ്റെ കൺപീലികൾ കറുപ്പിക്കുകയുണ്ടാവില്ല. മരണം വരുംവരെ ഇരുട്ടിലേക്കു നോക്കിയിരുന്നേനെ. അതുവരെക്കണ്ട കാഴ്ചകളെ ഓർമ്മയിൽ കണ്ട് ജീവിച്ചേനെ. ജീവിതത്തിന്റെ അടുത്ത നിമി ഷം, കാഴ്ചയുടെ കണികകൾ എന്നിൽനിന്ന് കുതറിത്തെറിച്ച നിമിഷം കൊണ്ട് ആലോചിച്ച കാര്യങ്ങൾ നിരത്തുവാൻ ഒരായുഷ്കാലം പോര. മേലിൽ ഞാൻ പൂക്കളെ കണ്ടുണരുകയുണ്ടാവില്ല. മേലിൽ ഞാൻ നിഴലുകളുടെ നിറത്തെപ്പറ്റി വേവലാതിപ്പെടില്ല നിറങ്ങളും വെളിച്ചവുമറ്റ ഒരു ലോകത്തേക്ക് ഞാൻ കറുപ്പിൻ്റെ ഇരുട്ടിൻ്റെ വിവിധ ഷേയ്‌ഡുകളിൽ ഓർമ്മകളെ വരക്കും.

വിരലുകൾക്കറിയാത്ത രേഖകൾ, ജലപടത്തിൽ വരക്കു ന്നവപോലെ എൻ്റെ ചുറ്റും ഭാരമില്ലാക്കാഴ്‌ ചകളായി പറന്നുനടക്കും. കുറേക്കാലം അതുവരെ കണ്ട് പച്ചയുടെയും പ്രകൃതിയുടെയും നിറങ്ങളുടെ യുമൊക്കെ ഓർമ്മകൾ എന്നിലുണ്ടാവും പതിയെപ്പതിയെ ഞാൻ മറക്കും.
നിറങ്ങളെ,
ഓരോ നിറങ്ങളുടെയും തണുപ്പിനെ…
തണുപ്പിന്റെ നിറത്തെ,
കാറ്റിന്റെ നിറത്തെ..

അന്ന് ഞാൻ, സ്ഥിരമായി എഴുതുന്ന ഒരു പംക്തിയിലേക്ക് വിഷയമൊന്നും കിട്ടാതെ മുഷിഞ്ഞിരിക്കുകയായിരുന്നു. തൃശൂരിലെ സാഹിത്യഅക്കാദമി ഉച്ചഭക്ഷണസമയം, ആളൊഴിഞ്ഞ മദ്ധ്യാഹ്നം. പൊള്ളുന്ന വെയിൽ വിശപ്പിനെക്കാളേറെ വൈകുന്നേരത്തിനുമുമ്പ് എന്തെങ്കിലും എഴുതി അയക്കണമെന്ന ധൃതി. വാക്കുകളേക്കാൾ കൂടുതൽ ദൃശ്യങ്ങളുടെ ഓർമ്മകളാണ് മനസ്സിൽ.
ചിത്രമാണെങ്കിൽ ഇപ്പോൾ വരച്ചുകൊടുക്കാമെന്ന ഉറപ്പുണ്ട്. നട്ടുച്ചയിൽ അക്കാദമി മുറ്റത്തെവിടെ കിട്ടും നിറങ്ങൾ? സുഹൃത്തുക്കളെ വിട്ട് അക്കാദമി പരിസരത്ത് ഒറ്റക്കു നടന്നു. എത്രയെത്ര ഇലപ്പച്ചകളെന്ന് അതിശയിച്ചു എനിക്കപ്പോൾ ഡെറക് വാൽകോട്ടിന്റെ കവിത ഓർമ്മ വന്നു
“ഈ വാക്യത്തിനവസാനം
ഒരു തോണി വരും ”
വരുമായിരിക്കുമെന്ന് ഒരു ചെറിയ പരിഹാസം സ്വയം തൊടുത്തു. ഇലത്തലപ്പുകൾക്ക് ഒട്ടേറെ മുഖഛായകൾ ഒരുമിച്ച് കാണാനാവും ആ മുറ്റത്ത്. ശിശിരകാലത്ത് എത്ര വൃത്തിയാക്കിയാലും അതിലേറെയെളുപ്പം ഇലകൾ മൂടുന്ന മുറ്റം. കാറ്റടരുകൾ മത്സരിച്ചാണ് ഇലകളെപ്പൊഴിക്കുക മനുഷ്യപ്രവൃത്തിയോടുള്ള പ്രകൃതിയുടെ മൽസരമാണോ ഇലപൊഴിച്ചിൽ? അക്കാദമി മുറ്റത്ത് വന്നിറങ്ങിയവർ ഒരിക്കലും മറക്കില്ല. മറ്റെങ്ങു മില്ലാത്ത ആ ഇലപൊഴിച്ചിൽ

“ചൂട്ടുപൊള്ളുന്ന വെയിൽ കുത്തനെ ഇറങ്ങിവന്നിട്ടും ഒന്നും കിട്ടുന്നില്ല. എനിക്കെഴുതാൻ. വാക്കൊഴിഞ്ഞ മനസുമായി’ സ്വയം സങ്കല്പിച്ച് ഞാൻ ഒറ്റക്കിരുന്നു. ഒരറ്റത്ത് പേരറിയാത്ത ഒരു മരമുണ്ട് പ്ലാവിനോടൊപ്പം ഇഴപിരിഞ്ഞ് പടർന്നിരിക്കുന്നു. അതിൻ്റെ വേരുകളിൽനിന്ന് എന്റെ കാഴ്ച്‌ യാത്രതുടങ്ങി. പരുപരുത്ത കടും തവിട്ടു തടിയിലൂടെ പടർന്ന് മുകളിലേക്ക്….അവിടെ എത്തിയപ്പോളെൻ്റെ കാഴ്ച ഇടറി.
മറ്റൊരു വൃക്ഷം തന്റെ ശരീരം കൊണ്ട് പ്ലാവിനെപ്പുണർന്ന് പടർന്ന് മുകളിലേക്ക്…മെലിഞ്ഞ ഇല കൾ, ഇളം പച്ചനിറം, ശാഖകളിലൂടെ ഞാൻ വീണ്ടും നടന്നു. എന്റെ കണ്ണു കളുടെ കാഴ്ച നേർകുത്തനെയായി ദുർബലമായ ശാഖയുടെ അറ്റത്തേക്കെത്തുംതോറും ഇലകളുടെ നിറം പകർന്നു. പകർന്നുപോകുന്നു. പേരി ടാനറിയാത്ത ഒരു പച്ച എൻ്റെ തല കൂടുതൽ ചരിഞ്ഞു. അത്ഭുതത്തിന്റെ അങ്ങേയറ്റത്ത് ഒറ്റനിമിഷം കത്തുന്ന സൂര്യ ഗോളത്തിൻ്റെയകത്ത് മെലിഞ്ഞ ഇലകൾ!

ഒരു നിമിഷമേ ഞാനാ കാഴ്ച കണ്ടുള്ളു. അത്രക്കു മനോഹരമായ കാഴ്ച്ച ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. കണ്ടിട്ടുണ്ടോ നിങ്ങൾ സൂര്യനിലേക്കു പടർന്നു കത്തുന്ന പച്ചിലകളെ? ആ കാഴ്ച്‌യുടെ സമൃദ്ധിയിൽ നിന്ന് ഞാൻ കണ്ണുകളെ മോചിപ്പിച്ചുവോ? എനിക്കറിയില്ല. ഏകദേശം മൂന്നുമിനിറ്റുകളോളം എൻ്റെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടു. അന്ധത! ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച്‌ച കണ്ടനുഭവിച്ചതിനുശേഷമുള്ള അന്ധത! ആ മൂന്നു മിനിറ്റിനുള്ളിൽ ഞാൻ പോയ ഒരായിരം ജന്മങ്ങളിൽ നിന്ന് മായ്ക്കപ്പെടാനുള്ള ഒട്ടേറെ കാഴ്ച്‌കൾ ഒരു ഫിലിം റിലീലെന്നപോലെ എൻ്റെ കൺമുന്നിലൂടെ പോയി. ഞാൻ വിധിയെഴുതി-

‘എന്റെ കാഴ്ച‌ നശിച്ചിരിക്കുന്നു.’

മങ്ങിയ ഒരിരുട്ടിനു മുന്നിൽ ഞാൻ മൂന്നു നിമിഷം പകച്ചുനിന്നു. പതിയെ എൻ്റെ മുന്നിൽ പ്രകാശം പടർന്നു… എല്ലാം പഴയതുപോലെ മുറ്റം. ഇലകൾ, വൃക്ഷങ്ങൾ, കെട്ടിടങ്ങൾ, റോഡ്, തെരുവ്, ട്രാഫിക്…. പതിയെ ഞാൻ നഗരത്തിലേക്കിറങ്ങി. പക്ഷെ തൊട്ടു മുമ്പ് കണ്ട കാഴ്ച‌യുടെ സൗന്ദര്യം, സൗഭാഗ്യം-അത് യഥാർത്ഥത്തിൽ കാഴ്ചയുടെ അവ്യവസ്ഥിതാവസ്ഥയിലായിരുന്നു. വീട്ടിലെത്തി ഞാനെന്റെ നിറക്കൂട്ടുകളെടുത്തു. സൂര്യപ്രകാശം കലർന്ന പച്ചയ്ക്കായി പരതി.
എത്രയേറെ ഷെയ്‌ഡുകൾ ചാലിച്ചിട്ടും, സൂര്യപ്രകാശത്തിൻ്റെ നിറത്തിലേക്ക് വിലയിക്കാൻ മടിക്കുന്ന പച്ച അതേതു പച്ചയാണ്? ആ കാഴ്ച്‌ച ഇപ്പോളെൻ്റെ ഓർമ്മയിലുണ്ട്. പക്ഷെ അനുഭവമെന്നത് ഒറ്റ നിമിഷം കൊണ്ട് മിന്നിമറയുന്നതു തന്നെയാണ്. തീവ്രതയെന്നാൽ അനുഭവത്തിന്റെ ആദ്യനിമിഷം പകരുന്നതും.

കാഴ്‌ചകൾക്ക് അതിന്റേതായ വേഗങ്ങളും പ്രവേഗങ്ങളും, ആവേഗങ്ങളുമുണ്ട്. ഒരു ജ്ഞാനസംഹിതക്കും ഉൾക്കൊള്ളാനാവാത്ത ഗതിവിഗതികളുമുണ്ട്. ഒരു വാക്കിന് ആയിരം അർത്ഥങ്ങളുണ്ടാവാം. പക്ഷെ ഒരു കാഴ്‌ചക്ക്, ഒരു നിമിഷത്തിന്റെ ആയു സ്സേയുള്ളൂ. രേഖപ്പെടുത്താനാവാത്ത, വാക്കുകളിലൊതുക്കാനാവാത്ത കാഴ്ചാനുഭവങ്ങൾ ചിലവ വീണ്ടും വീണ്ടും വന്നു വന്ന് എന്നെ വിളിക്കുന്നുണ്ട്. -ഓർമ്മയുടെ മഷിപ്പാത്രത്തിലാണെന്നു മാത്രം.

കത്തിനിൽക്കുന്ന സൂര്യഗോളവുമായി ഒറ്റ മാത്രയേ എൻ്റെ കണ്ണുകൾ സംസാരിച്ചുള്ളൂ. പിന്നെ പ്രകാശമയമായ ഒരിരുട്ടായിരുന്നു. സൗരയൂഥത്തിലോ, ഭൂമിയിലോ എന്നറിയാൻ കഴിയാത്തത്ര ഇടകലർന്ന ഒരു വെളിച്ച നൂൽകൊണ്ട് അജ്ഞാതമായ എന്തോ ഒന്നിലേക്ക് ചേർക്കപ്പെടുകയായിരുന്നു. എന്റെ കൃഷ്ണ‌ണമണികൾ എപ്പോഴോ കുതിരകളെപ്പോലെയായി. പ്രകാശത്തിന്റെ ചില്ലുകൾ തട്ടിയുടച്ച ഒരു യാത്ര. ഞാൻ സൂക്ഷ്‌മമായ സംഭാഷണത്തിലായിരുന്നു.- സൂര്യനുമായി. തീവ്രമായ പ്രകാശജ്വാലയിൽ എന്റെ കണ്ണുകളിൽ നിന്ന് ആ കാഴ്‌ച മറയ്ക്കപ്പെട്ടുവെങ്കിലും!

ജീവിതത്തിന്റെ ഭൂതകാലങ്ങളിൽ നിന്ന് എവിടെയങ്കിലും കേൾക്കുക യോ, അറിയുകയോ ചെയ്തിട്ടുള്ളവയാണ് ഓർമ്മകളായി പുനർജ്ജനിക്കു ക. ഓർമ്മ ബുദ്ധിയെയും, ബോധത്തെയും, ഇന്ദ്രിയങ്ങളെയും വ്യത്യസ്ത മായാണ് ബാധിക്കുക. കഴിഞ്ഞു പോയ കാര്യങ്ങളെ ഒന്നൊന്നായി ഓർത്തെ ടുക്കുകയാണ് ബോധമേഖലയിലേക്ക് ഇന്ദ്രിയങ്ങളിലൂടെയുള്ള ഓർമ്മ- കാഴ്ച ചിലപ്പോൾ ഈ ഓർമ്മയെ ഉണർത്തും.

“ഏതാണ് കൂടുതൽ കഠിനം? ഓർമ്മയുടെ നഷ്‌ടമാണോ. കാഴ്‌ചയുടെ നഷ്ടമാണോ?”

ആനന്ദിന്റെ ‘കാഴ്ച്ച’ എന്ന കഥ ഇങ്ങനെ ചോദിക്കുന്നു. 567 പേജുകളുള്ള, സരമാഗുവിന്റെ്റെ ‘അന്ധത’ എന്ന നോവൽ പറയുന്നത് മറ്റൊന്നാണ്. “നാമെന്തിനാണ് അന്ധരായിത്തീരുന്നത്? എനിക്കറിഞ്ഞുകൂട…

നാം അന്ധരായിരുന്നുവെന്ന് ഒരു ദിവസം നാം കണ്ടെടുത്തു. നാം അന്ധരാണെന്ന് ഞാൻ ചിന്തിക്കുന്നുണ്ട്. കാണാൻ കഴിയുന്ന അന്ധരായ മനുഷ്യരാണ് നമ്മൾ. പക്ഷെ, നാമൊന്നും കാണുന്നില്ല.”സരമാഗുവിന്റെ അന്ധതയെ അധികരിച്ച് 2008 ൽ അതേ പേരിൽ ഒരു ചലച്ചിത്രം വന്നിട്ടുണ്ട്. ഫെർണാണ്ടോ മേരേല്ലെസ് സംവിധാനം ചെയ്ത ചിത്രം നിരവധി പുരസ്‌കാരങ്ങൾക്ക് അർഹമായി. നോവലിലേതു പോലെ തന്നെ ഒരു നഗരത്തിലെ മനുഷ്യർക്ക് വെളുത്ത അന്ധത പിടികൂടുന്നതായാണ് ആഖ്യാനം.

നോവലിന്റെ തുടക്കത്തിൽ പുസ്തകത്തെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്.

“no food
no water
no government
no obligation
no order
this is nor anarchy
this is blindness ”

കാഴ്ചകൾക്ക് അതിന്റേതായ പരിമിതിയുണ്ട്. എങ്കിലും സ്വപ്നങ്ങളുടെ കാഴ്ചകൾ സമൃദ്ധമാണ്. കാഴ്ച്ചയുടെ വൈരുദ്ധ്യങ്ങളാണിവ. സ്വപ്നവും, യാഥാർത്ഥ്യവും ഇടകലരുന്നു ഭൂമിയിലെ കാഴ്‌ചകളിൽ. ഈ കാഴ്ച്ച കൾ ചിലപ്പോൾ ഒഴിഞ്ഞ തെരുവിൽ ആൾക്കൂട്ടം തീർക്കുന്ന ഗുഹയിലേക്ക് നോക്കിനിൽക്കുന്നുണ്ടാവാം. അടഞ്ഞ നഗരകവാടം മുഴക്കത്തോടെ തുറന്ന്, നീളമില്ലാത്ത പകലുകളിൽ കുടിയേറിപ്പാർക്കുന്നുണ്ടാവാം. ആൾക്കൂട്ടങ്ങളിരമ്പുന്ന നഗരവീചികൾ. ഒരു നിമിഷം! ഈ കാഴ്‌ചയെ ഒന്നു മറിച്ചിട്ടാൽ-നിശ്ചലമായ നഗരം, ഒഴിഞ്ഞ പെട്ടികൾ, കാഴ്ചക്കാരായി നാം മാത്രം. അതാണ് സത്യം.

നോവലിൽ ഇങ്ങനെ കാണാം.

If you can see , look
If you can look, observe
അന്ധതയെ പ്രഖ്യാപിക്കുന്ന വെളുപ്പ് ആഖ്യാനത്തിന്റെ മുഖ്യ ഘടകമായി വരുന്നു.

കാഴ്ചക്ക് രണ്ട് അടരുകളുണ്ട്. ഓർമ്മയുടെയും ബോധത്തിന്റെയും. അബോധാവസ്ഥയിലും പ്രവർത്തിക്കുന്നുണ്ട് ഓർമ്മയുടെ സൂക്ഷ്‌മമാപി നികൾ. അന്ധൻ ലോകത്തെ വരക്കുമ്പോൾ പ്രവർത്തിക്കുന്നത് ഈ ഓർമ്മ യാവാം. സ്‌പർശനത്തിന്റെ അപൂർവ്വതകൾ അന്ധന് ഇലയുടെ പച്ചയും, ആകാശത്തിന്റെ നീലവും കാട്ടിക്കൊടുക്കുന്നു. കാഴ്‌ചയേക്കാൾ എന്നെ പിടികൂടുന്നത് കാഴ്ച്‌യെക്കുറിച്ചുള്ള ഓർമ്മകളാണ്. സംഗീതത്തിനൊടു വിലത്തെ സ്വരത്തിനുശേഷം മുഴങ്ങുന്ന നിശ്ശബ്‌ദതയിൽ സംഗീതത്തിന്റെ ഓർമ്മ ആസ്വദിക്കപ്പെടുന്നതുപോലെ കാഴ്‌ചകളുടെ ഓർമ്മകളെന്നെ ആവേശിക്കുന്നു. അതെനിക്കെൻറെ സർഗാത്മകതയുടെ കത്തിമുനയാകുന്നു.

അബ്ബാസ് കയറോസ്‌തമിയുടെ ‘അണ്ടർ ദി ഒലിവ് ട്രീസ്’ എന്ന ചലച്ചിത്രം കണ്ടിട്ടുള്ളവരുടെ മനസ്സിൽ മായതെ തങ്ങി നിൽക്കുന്ന ഒരു ദൃശ്യ മുണ്ടാവാം. അവസാന ദൃശ്യം ഒലിവുമരങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുന്ന നായിക. കുന്നിൻപുറത്ത് അവളെ നോക്കിനിൽക്കുന്ന നായകൻ. ഇളം നീള നിറത്തിനു കീഴിൽ ഒലിവുമരങ്ങളുടെ തവിട്ടു കലർന്ന മങ്ങിയ കറുപ്പുതടി കൾ ഇളം പച്ചയിൽ നിന്ന് കടുത്ത പച്ചയിലേക്കും, അരികുകൾ മഞ്ഞ പടർന്നതുമായ ഒലിവുമരത്തിൻ്റെ നൂലിലകളുടെ വിദൂരദൃശ്യം. മഞ്ഞുപടർന്ന ഹരിതഭംഗി നൽകുന്ന കാഴ്ച്ച, കഥാസന്ദർഭത്തിൻ്റെ വൈകാരികതയുടെ തീവ്രത കൊണ്ടല്ല. മനസ്സിൽ തങ്ങിനിൽക്കുന്നത്-ഈ ദൃശം. മറിച്ച് മുറിച്ചുമാറ്റാതെയുള്ള ദൈർഘ്യത്താലാണ്. വിദൂരദൃശ്യങ്ങളുടെ കാഴ്ചാ സമൃദ്ധികൾ ധാരാളമായി പകർന്നു തരുന്ന ഒട്ടേറെ ചിത്രങ്ങളുണ്ടെങ്കിലും ഈ ദൃശ്യത്തിൽ മുഴങ്ങിനിൽക്കുന്ന ഒരു നിശ്ശബ്‌ദതയുടെ ആഴം, ഏകാന്തമായ ഒരു താളത്തിൻ്റെ അകമ്പടിയോടെ ഹൃദയത്തിൻ്റെ സംവേദനമൈതാനത്ത് പടരുന്നു. നാം നിൽക്കുന്നത്. ഒടുവിൽ കഥാനായകന്റെ സ്ഥാനത്താവുകയാണ്. ഒരു പൊട്ടുപോലെ ദൂരെ അലിഞ്ഞലിഞ്ഞില്ലാതാവുമ്പോൾ “മഹമൂദ്സനക് ബാഷി’യുടെ സംഗീതത്തിൻ്റെ നേർമ്മയിലേക്ക് ഹുസൈൻ ദ്ജാഫാരിയന്റെയും ഫർബദ് സാബറയുടെയും ക്യാമറ മുങ്ങിപ്പോകുന്നു. ഇതാണ് കാഴ്ച‌യുടെ അപൂർവ്വതകൾ സമ്മേളിക്കുന്ന ഒരസുലഭ മുഹൂർത്തം. കാഴ്ചയും, ബോധവും ആസ്വാദനത്തിൻ്റെ ഒരു അവ്യവസ്ഥിതാവസ്ഥയിൽ എത്തുകയാണിവിടെ മനസ്സ് ഈ ആസ്വാദനവേളയിൽ ഇഴ മുറിയാത്ത ഒരു തുടർവ്യാപനത്തിലേക്കെത്തുന്നു. ബോധം നിരന്തരമായ ഒരു നിശ്ശബ്ദതയെ സ്വീകരിക്കുന്നു. അപൂർവ്വമായി മാത്രമേ ഇത്തരം കാഴ്ചാനുഭവങ്ങൾ നമുക്കു ലഭിക്കുകയുള്ളൂ. അതിലാവട്ടെ, നിശ്ശബ്ദതയുടെയും മൗനത്തിന്റെയും നിരവധി നാനാർത്ഥങ്ങളെ നിഗൂഢഭാഷയിലൂടെ വെളിപ്പെടുത്തുന്നവയുമായിരിക്കും. ഒരുവൻ മൗനത്തിന്റെ ഭാഷ അഭ്യസിക്കേണ്ടിയിരിക്കുന്നുവെന്ന് ഓഷോ അഭിപ്രായപ്പെടുന്നുണ്ട്. ഈ മൗനത്തിൻ്റെ വിവിധ ഇടങ്ങളെ ആസ്വാദനത്തിന്റെ ഭാഷയുടെ ഓരോ അടയ്ക്കുകളും സ്പർശിക്കുന്നുണ്ട്. കാഴ്‌ച. കേൾവി
തുടങ്ങിയ പ്രത്യക്ഷാസ്വാദനത്തിൻ്റെ അടിസ്ഥാനത്തിൽ ദൃശ്യ വായനാ സംജ്ഞകളിൽ ഇത് ആസ്വാദനത്തിന്റെ മൂന്നാംകണ്ണായി വർത്തിക്കുന്നു.

പുഴയിൽ പറഞ്ഞുപോകുന്ന ഓർമ്മകളുടെ സംഗീതം

പൊതുവായി വ്യാപരിക്കപ്പെട്ടുവരുന്ന സാഹിത്യ, സംഗീത കാഴ്ചാനുശീലങ്ങളിൽ, കവിത, ഗദ്യം, ആലാപനം, ചിത്രകല, ദൃഷ്യാവിഷ്ക്കാരങ്ങൾ തുടങ്ങിയ ഘടകങ്ങളിലായി നിബദ്ദിക്കപ്പെടുന്ന ആസ്വാദനത്തിന്റെ അടരുകൾ എഴുത്ത്, സിനിമ, നാടകം, ചിത്രം എന്നീ മൂന്നു ഉപഘടകങ്ങളിലേക്കു നമുക്കിതിനെ ചുരുക്കാനാവുന്നതാണ്. എഴുത്ത് ബോധത്തെയും, ചിന്തയെയും മറ്റുള്ളവ കാഴ്‌ചയെയും പിന്നീട് ബോധ, ചിന്താമേഖലയെയും സ്വാധീനിക്കുന്നു. കാഴ്ച്‌ചയുടെ പ്രാഥമികതലം (primitive stage )എന്നത് കണ്ണുകളുടേതുതന്നെയാണ്. റെറ്റീനയിൽ പതിയുന്ന ദൃശ്യങ്ങളുടെ വർണ്ണം, അനുപാതം, സങ്കലനം, ത്രിമാനത്വം എന്നിവയിൽ നിന്നാണ് അത് സസ്മൃതിയുടെ അന്തരികതലത്തിലേക്ക് എടുത്തെറിയപ്പെടുന്നത്. കാഴ്‌ചയിൽനിന്നാണ് ബോധത്തിലേക്ക് മാറ്റപ്പെടുന്നത്. കയറോസ്‌തമിയുടെ ചിത്രം ചർച്ചചെയ്യുന്നത് ഭൂകമ്പം, നാശം, നഷ‌ടം തുടങ്ങിയ വിഷയങ്ങളെയാണ്. ഇവമനസ്സുകളുടെ മേൽ തിർക്കുന്ന അദ്യശ്യമായ ഞടുക്കങ്ങളെക്കുറിച്ച് സംവിധായകൻ പറയുന്നു. പതിഞ്ഞ ഒരു ആന്തരികസംഗീതവും താളവും, ചിത്രത്തിനുണ്ട്. ദൃശ്യങ്ങളുടെ തുടർച്ചകൾക്ക് നിലനിൽപ്പിനുള്ള സാധ്യതകൾ നൽകുന്നത് നിറസങ്കലനമാണ്. പച്ചയുടെയും തവിട്ടിൻ്റെയും സങ്കലനം കാഴ്ചക്കാരുടെ
ആസ്വാദനത്തിന്റെ പ്രാഥമികതലം കയ്യടക്കുന്നു. പിന്നീടാണ് അവയുടെ
രേഖപ്പെടുത്തൽ സംഭവിക്കുക. മക്‌മൽ ബഫിൻ്റെ ‘ഗബ്ബേ’ എന്ന ഇറാനിയൻ ചലച്ചിത്രവും പച്ചയുടെയും പുഷ്പവർണ്ണങ്ങളുടേയും സമൃദ്ധികളാൽ
കാഴ്ചയെ സ്‌മൃതിയിലേക്ക് ഉറപ്പിക്കുന്നതാണ്. ആകാശദൃശ്യങ്ങളും പുഴ
യുടെ വ്യത്യസ്ത ഫ്രെയിമുകളും ഹൊസ്സയിൻ അലി സാഹേദിൻ്റെ സംഗീ
തവും ഗബ്ബെ’ യെ ‌മൃതിയുടെ അടയാളമാക്കുന്നു. ഇറാനിയൻ സംസ്കാരത്തിൽ ‘ഗബ്ബെകളെന്നാൽ അവരുടെ പ്രകൃതി പുനഃസൃഷ്ടിക്കപ്പെടുകയും, പുനർവായിക്കപ്പെടുകയും ചെയ്യുന്ന കമ്പളങ്ങളാണ്. ഇതൊരു തിരിച്ചുപിടിക്കലാണ് ഇറാനിയൻ ജനതക്ക്. സ്വന്തം ജീവിതത്തിന്റെ ഓരോ മുറികളിലേക്കും സ്വന്തം പ്രകൃതിയെയും, പരിസ്ഥിതികളെയും ആവാഹിക്കുകയും വിലയിപ്പിക്കുകയും ചെയ്യുന്ന ആന്തരികമായ ആത്മീയവിലയനം.

കാഴ്ചയുടെ അനുശീലനങ്ങൾ നമ്മെ ബന്ധിപ്പിച്ചിരിക്കുന്നത് ഉറങ്ങിക്കിടക്കുമ്പോഴും, അബോധത്തിലേക്കു തെറ്റിവീഴുന്ന ഇമയനക്കങ്ങളിലുമാണ്. വരി മുറിഞ്ഞ് വഴുക്കുന്ന കാഴ്ച അപരലോകങ്ങളെ കണ്ടെത്തുന്നുമുണ്ട്. വാക്കു മുറിച്ച്, വരിമുറിച്ച് കപോർട്ടുമെന്റുകളിലേക്ക് മനസ്സിനെ തളച്ചിടുകയും ചെയ്യുന്നു. അപരലോകങ്ങളിലേക്ക് നാം അറിയാതെ നടന്നു ചെല്ലുന്നു.

ഈ അപരലോകങ്ങളെക്കുറിച്ച് അത്ഭുതലോകത്തെ ആലീസ് പറയുമായിരിക്കും. സ്വന്തം കണ്ണീരുറവുകൂടി ഉണ്ടായ വെള്ളക്കെട്ടിൽ വീഴു മ്പോൾ, “കടലിലാണോ വീണത്?”-ആലീസിന് സംശയമാകുന്നു. ഒന്നു കൂടി ആലോചിച്ചപ്പോഴാണ് ഒമ്പതടി വലുതായപ്പോൾ കരഞ്ഞുകരഞ്ഞു കണ്ണിൽ നിന്നുറ്റിവീണ് വെള്ളമായിരുന്നു അതെന്ന് മനസ്സിലായത്. ഇപ്പോളവൾ ചെറുതാണ്. ചെറുതാകുമ്പോൾ അവളുടെ കാഴ്ച വലുതാ കുന്നു. കടൽക്കുതിരയോ, കടലാനയോ, ഭീമാകാരരൂപങ്ങളാവുന്നു. കാഴ്ച, നിലനിൽക്കുന്ന അവസ്ഥക്കു നേർ എതിർ വർത്തിക്കുകയാണിവിടെ ചെഷയർ പൂച്ചയെ കാണാത്തപ്പോഴാണ് ആലീസ് ശബ്ദം കേൾക്കുന്നത്. അശരീരി. അത്ഭുതലോകത്ത് കാഴ്ച്‌ചകൾ നിമിഷങ്ങൾകൊണ്ട് മാറ്റിമറിക്കപ്പെടുകയാണ്. ഒരു നാഴികമണിയടിച്ചാൽ രൂപം മാറുന്ന സ്നോവൈറ്റിന്റെ ആടയലങ്കാരങ്ങൾ പോലെയാണ്. ഒരൊറ്റ നാഴികമണി രാജകുമാരിയിൽ നിന്ന് ദരിദ്രയായ പെൺകുട്ടിയിലേക്കൊരു തവളച്ചാട്ടം സാധ്യമാക്കും പോലെ.

ലൂയിബുനുവലിന്റെ ‘ദാറ്റ് ഒബ്‌സ്‌ക്യൂർ ഒബ്ജക്ട് ഓറ് ഡിസയർ’ എന്ന സിനിമയിൽ കാഴ്ചയെ തകിടം മറിക്കുന്ന ഒരു ഭാവനയുണ്ട്.സംവിധായകൻ, തൻ്റെ കൊഞ്ചിറ്റയെന്ന കഥാപാത്രത്തെ അഭ്രപാളിയിൽ പകർത്തിയത് രണ്ട് അഭിനേത്രികളിലൂടെയാണ്. കരോളി ബൊക്വറ്റ് എന്ന വെളുത്ത ഫ്രഞ്ച് നടിയും, ഏഞ്ചലാ മൊളിന എന്ന ഇരുണ്ട സ്‌പാനിഷ് നടിയും ചേർന്ന് ഏകതാനമായ ഒരു തുടർച്ചയിൽ ഈ കഥാപാത്രത്തെ ഉജ്വലമാക്കി. തുടർച്ചയുടെ ഒഴുക്കിന് ഒട്ടും തന്നെ വിഘാതമാകുന്നില്ല ഇരു വരുടെയും സാന്നിധ്യം. കാഴ്ച്‌ കണ്ണുകൾക്കു മുന്നിലുള്ളതിനേക്കാളേറെ ഇവിടെ നാം മനസ്സു സ്വീകരിച്ച സങ്കല്പ്‌പം; കഥാപാത്രമെന്ന സങ്കല്പത്തിന് പ്രാധാന്യം നൽകുന്നു.

രഹസ്യമറിയുന്നവർ അവശേഷിക്കുന്നില്ല

കാഴ്ചയിലെ സഞ്ചാരം പലപ്പൊഴും ഓർമ്മകളുടെ ഇടമുറിച്ചിലാണ്. അല്ലെങ്കിൽ നിലനിൽക്കുന്ന ഓർമ്മയെ നെടുകെ മുറിച്ചിടുകയാണ്. അറിവിനും, ഓർമ്മയിൽ ശേഖരിക്കപ്പെട്ട അടയാളങ്ങൾക്കുമപ്പുറം കാഴ്ച്‌, ഒരു ഞൊടിയിടകൊണ്ട് പോറൽ തീർക്കുമ്പോഴാണ് നാം വിഭ്രമാത്മകരാവുന്നത്. കടലിലെ അജ്ഞാതത്രികോണങ്ങളെക്കുറിച്ച് (Triangle) അന്വേഷി ക്കുന്ന ഒരു ഒരു സംഘത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ചലച്ചിത്രമാണ് ‘ദ ട്രയാംഗിൾ’ (The Triangle).

നിഗൂഢമായ യ ഒരു ഭാഷയിൽ സമുദ്രത്തിലെ ഒരിടം അദൃശ്യകതയുടെ പര്യായമാകുന്നു. ചരിത്രത്തിൽ നിന്നിങ്ങോട്ട് ഏറെയുണ്ട് അപ്രത്യക്ഷമാകലിന്റെ കഥകൾ!. ചലച്ചിത്രം അവയെക്കുറിച്ച് പറയുന്നുമുണ്ട്. വർത്തമാ
നകാലത്തെ ഒരു സംഘം ആളുകൾ ട്രയാംഗിളിന്റെ രഹസ്യമന്വേഷിക്കാനിറങ്ങുന്നു, കാലം അവരിൽ ചെലുത്തുന്ന പൂർവ്വസ്മൃതി ഭാരങ്ങളാലോ എന്തോ, മുമ്പു മറഞ്ഞുപോയ ദൃശ്യങ്ങൾ ഇടക്ക് അവർക്കു മുന്നിൽ തെളി യുന്നുണ്ട്. വർഷങ്ങൾക്കു മുമ്പു നടന്ന ഒരു യാദൃശ്ചികത. കണ്ണാടിയിൽ തെളിയുന്ന പഴയകാലം രഹസ്യങ്ങളുടെ ഓരോ വാതിലും തുറന്നു. തുറന്ന് അവർ ഒടുവിൽ ട്രയാംഗിളിലെത്തുന്നു. നാം സന്തോഷിക്കുന്നു. ഒരു മുങ്ങി ക്കപ്പലിൽ നിന്ന് സമുദ്രത്തിന്റെ ഉപരിതലത്തിലേക്ക് ഉയർന്ന് നോക്കുന്ന അവർക്കുമേൽ അജ്ഞാതമായ, നിഗൂഢമായ ഒരു വെളിച്ചം പരക്കുന്നു.

‘ഹാ! ഒടുവിൽ നാമതു കണ്ടെത്തിയിരിക്കുന്നു. ഈ തീക്ഷ്‌ണമായ പ്രകാശത്തിൽ നിന്ന് ആരെങ്കിലും ഞങ്ങളെ രക്ഷിക്കണേ..

ഇതാണ് ഒടുവിൽ പറഞ്ഞ വാചകം.ട്രയാംഗിളിൻ്റെ രഹസ്യം വെളിച്ചവുമായി മുഖാമുഖം. തൊട്ടടുത്ത നിമിഷമാണ് നമ്മുടെ കാഴയെ തകിടം മറിക്കുന്ന അവസ്ഥ.
ഒരൊറ്റ നിമിഷത്തിൻ്റെ തീവ്രമായ ഒരിടിമിന്നൽ. സ്ക്രീനിൽനിന്ന് അവർ അപ്രത്യക്ഷമാകുന്ന കാഴ്‌ചയെ എങ്ങനെയാണ് നാം നേരിടേണ്ടത്? മുന്നറിയിപ്പുകളില്ലാതെ ചലച്ചിത്രത്തിന്റെ അവസാനമെന്നാണോ?
അതോ അദൃശ്യതയുടെ രഹസ്യം കണ്ടെത്തിയ നിമിഷം അദ്യശ്യത അവരെ വിഴുങ്ങിയെന്ന സത്യത്തെയാണോ നാം സ്വീകരിക്കേണ്ടത്? കാഴ്ച ഇവിടെ ഭാവനക്കും, യാഥാർത്ഥ്യത്തിനുമിടയിൽ പകച്ചുനിൽക്കുന്നു

ഒരു തീവണ്ടിയുടെ ഭാരം എത്രയെന്ന് പറയേണ്ടവൻ അതിനിടയിൽപ്പെടുന്നു. പിന്നെയവൻ അവശേഷിച്ചിരിക്കുന്നില്ലല്ലോ”-എന്ന് സി.വി. ബാലകൃഷ്ണന്റെ ഓർമ്മപ്പെടുത്തൽ.

ജീവിതത്തിൽനിന്ന് ചുവപ്പിൻ്റെ പാതയിലേക്ക് ഓടിക്കയറിക്കൊണ്ട്…..

ഓർമ്മയെയും, രേഖപ്പെടുത്തലിനുമപ്പുറത്ത് എന്തൊക്കെയോ കാഴ്ച യിലുണ്ട്. അത് സമയത്തിൽ അധിഷ്‌ഠിതമായാൽ പ്രത്യേകിച്ചും. കാഴ്ചയുടെ പ്രഖ്യാപിത ഭാവങ്ങളിലേക്ക് നമ്മെ വീഴ്ത്തിക്കൊണ്ട്, സിനിമയും, ചിത്രവുമെല്ലാം നമ്മെ പടിയിറക്കുന്നുണ്ടോ? രണ്ടുമെനിക്ക് കാഴ്ച തന്നെ യാണ്. പിന്നീടാണത് ഓർമ്മയാകുന്നത്. ഓർമ്മയിൽ രേഖപ്പെടുത്തിവെച്ചവയെ കാഴ്‌ച ഖണ്ഡിക്കാറുമുണ്ട്. വിശദീകരിച്ചു പകരാനാവാത്ത ചില അവ്യവസ്ഥിതതത്വങ്ങൾ എന്റെ കാഴ്‌ചയിലുണ്ട്. കി‌സ്ലോവ്സ്കിയുടെ ‘ത്രീകളർ റെഡി’ൽ ഭാവനയും ഇടകലരുന്ന ഒരു രംഗമുണ്ട്. ഒരു പതാകയുടെ ചുവപ്പു ഭാവനയിലേക്ക് ജീവിതത്തിൽ നിന്ന് ഓടിക്കയറുന്ന ഒരു മുഖം. ഇതൊരുപക്ഷെ അവ്യവസ്ഥിതമായ ഒരനുഭവമാവില്ല. പക്ഷെ, ത്രീകളർ റെഡ് എന്ന ചിത്രം തുടക്കം മുതലേ പ്രതീക്ഷിച്ച ഒരു നിമിഷം ഇത് ആണ്. ഈ സങ്കലനത്തിൻ്റെതാണെന്ന് നിശ്ശബ്ദമായി പറഞ്ഞ് സംവിധായകൻ അവസാനിപ്പിക്കുന്നു. ഈ നിശ്ശബ്ദതക്കു ശേഷമാണ് ഓർമ്മയി ലൂടെ സിനിമ വീണ്ടും സംസാരിക്കുന്നത്.

കാഴ്ചയുടെ വ്യവസ്ഥകളിൽ അസഹ്യമായ ഒരനുഭൂതിയുണ്ട്. കണ്ടത് രേഖപ്പെടുത്താനാവാത്ത ഒന്നായിരിക്കുന്ന അവസ്ഥ കി‌ലോവ്സ്കിയുടെ ഈ ഭാവനയിലുടക്കി എന്റെ മനസ്സ് അസ്വസ്ഥമായി ചുവന്നുപോയതിനെ എങ്ങനെ വാക്കുകളിലേക്കാവാഹിച്ചാലും ആ ഒരു നിമിഷം ജീവിത ത്തിൽനിന്ന് ചുവപ്പിൻ്റെ പതാകയിലേക്ക് ഓടിക്കയറിയ നിമിഷത്തെ അത്രയും തീവമായി പകർത്താൻ എനിക്കു സാധിക്കുന്നില്ല. കാഴ്ച, അത് ആദ്യത്തേതിനു തന്നെയാണ് തീവ്രത. അറിവുകളെ മുറിച്ചുമാറ്റി കാഴ്ച്‌ അടർന്നുവീഴുമ്പോൾ എല്ലാ സഞ്ചാരങ്ങളും സ്‌തംഭിക്കുകയാണ്.

സ‌മയത്തെ വേദനിപ്പിക്കുന്ന ഞരമ്പുകൾ

ആവിഷ്കാരത്തിന്റെ്റെ കത്തിമുനപ്പോറൽ കൊണ്ട് എന്നെ നീറ്റുന്നവയാണ് ഫ്രിദാ കാഹ്ലോയുടെ പെയിൻ്റിംഗുകൾ എന്ന് ഞാൻ കരുതുന്നു. കാഴ്ചയിലേക്ക് കുത്തനെ ഇറക്കപ്പെടുന്ന മൂർച്ചകളായാണ് ‘ഫ്രിദാ കാലോ” എന്ന ചിത്രകാരിയുടെ രചനകൾ എനിക്കനുഭവപ്പെട്ടിട്ടുള്ളത്. “ടു ഫ്രിദാസ്’ എന്ന ഇരട്ടപ്പെൺചിത്രത്തിനുള്ളിൽ ഞാൻ കണ്ണാടിച്ചില്ല് കാണുന്നുണ്ട്. ഒരുവൾക്ക് സ്വയം കാണാൻ കണ്ണാടി വേണമെന്നുണ്ടോ? കണ്ണാടിയില്ലാതെ തന്നെ ഫ്രിദ സ്വന്തം രൂപത്തെ നേർക്കുനേർ നിർത്തുന്നു. ഒരു കയ്യിൽനിന്ന് ഊർന്നിറങ്ങിയ ഞരമ്പ് അപരയുടെ കൈത്തണ്ടയി ലേക്കും ഹൃദയത്തിലേക്കും ഒഴുകുന്നു. ‘ബ്രോക്കൺ കോള’മെന്ന മറ്റൊരു ചിത്രത്തിൽ കണ്ഠനാളം മുതൽ ഗർഭപാത്രം വരെ കുത്തനെ നിർത്തിയി രിക്കുന്ന ഒരു മൂർച്ചവാൾ ഫ്രിദയെ നിർവ്വചിക്കുന്നു. ആവിഷ്കാരത്തിന്റെ അടയാളപ്പെടുത്തലുകളായി ഒരുവൾക്ക് ഇതിനപ്പുറം എങ്ങനെ സ്വയം നവീകരിക്കാൻ സാധിക്കും? ആത്മാവു മുറിച്ച് പുറത്തു ചാടലാണ് അത്. ഫ്രിദ ചിത്രങ്ങളുടെ ഓരോ കാഴ്ചയും ഓരോ മുറിവാണ്. ഇതേ പേരിൽ ഒരു ചലച്ചിത്രമുണ്ട്. ഫ്രിദയുടെ ചിത്രങ്ങളുടെ വഴികൾ തേടുകയാണ് ചലച്ചിത്രം. ഏറെ സത്യസന്ധമായ ഒരു ആവിഷ്കാരശ്രമം സിനിമയിൽ നിന്ന് ലഭിക്കുന്നില്ല. ഫ്രിദചിത്രങ്ങളുടെ പീഡകളും അവ നിറം കൂടിക്കലർന്ന് വഴിപ്പെട്ട പാതകളും എൻ്റെ കാഴ്ചയുടെ പരിമിതിയിൽ രക്തസഞ്ചാരം നിലച്ച ഞരമ്പുകളാകുകയാണ്.

Frida Kahlo

മനുഷ്യന്റെ ജ്ഞാനതൃഷ്ണ‌യെ നിർമ്മിക്കുന്ന ഒരു പ്രധാനഘടകം തന്നെയാണ് കാഴ്ച.
കാലത്തിന്റെ ഓരോ അരുകളായി ബോധത്തെയും ഓർമ്മയെയും സ്ഥിതജ്ഞാനപ്രവേഗങ്ങളെയും രൂപപ്പെടുത്തിയെടുക്കുന്നത് കാഴ്ചകളാണ് കാണേണ്ടത്. കാണാനും കാണേണ്ടാത്തത് ഒഴിവാക്കാനും കണ്ണടക്കാനും തുറക്കാനും നമുക്കാവുന്നു. ഓർമ്മയിൽ കാഴ്ച്ചയുടെ സമൃദ്ധിയുണ്ട്. പൂർവ്വകാലങ്ങളെ കാഴ്‌ചയിലേക്കുണർത്തുവാനാവുന്ന ഒരു മായികവിദ്യ നമുക്കുണ്ട്. പറിച്ചുകളഞ്ഞാലും കൂടെക്കൂടുന്ന കാഴ്‌ചകൾ, ദൂരെയെറിഞ്ഞാലും അടർന്നുപോകാത്ത കാഴ്ചകൾ! കാഴ്ചയെന്നാൽ വാസ്ത‌വത്തിലെന്താണ്? കണ്ണിലൂടെ കാണുന്നതോ? അതോ കാണാനുള്ള കഴിവോ? കണ്ണടച്ചാലും കൺമുന്നിൽ തെളിയുന്നുവല്ലോ?

അപഗ്രഥിക്കപ്പെടുമ്പോളത് ഓർമ്മയുടെ സർഗ്ഗാത്മകതയാണ്. അതിൽ
ആഗ്രഹങ്ങൾ അടക്കംചെയ്യാം പ്രതീക്ഷകൾ കൊരുത്തുവെ ക്കാം. എന്നോ കണ്ടു മറന്നവയെ ഓർമ്മിക്കാൻ മനസ്സു നടത്തുന്ന തീവ്ര പ്രയത്നത്തിന്റെ നിഴലാകാം കാഴ്‌ചയും, കാഴ്ചയുടെ ഓർമ്മയും അനുഭവവും സർഗ്ഗാത്മകയുമെല്ലാം അഗാധമായ ഒരു ചേർത്തുകെട്ടൽ കൊണ്ട് ബന്ധിച്ചിരിക്കുന്നു. എവിടെയാണോ കാഴ്‌ച മുറിയുന്നത് അവിടെനിന്ന് ആ കാഴ്ചയുടെ അർത്ഥങ്ങൾ തന്നെ മാറിയിരിക്കുന്ന ഈ കാലത്ത് നാം പ്രതീക്ഷിക്കുന്ന കാഴ്ചകൾ എത്? നമുക്കു കിട്ടുന്ന കാഴ്‌ചകളേത്? ബോധത്തിൽനിന്ന് നാം നേടിയെടുക്കുന്ന കാഴ്ചകളോടുള്ള അതൃപ്തിയാണ് അബോധത്തിലേക്ക് സർഗ്ഗാത്മകമായ സ്ഥാനം നേടിയെടുക്കുന്നത്. ഈ പ്രക്രിയ അബോധത്തിലൂടെ ഓർമ്മയിലേക്കും; പിന്നീട് കലയിലേക്കും സംഭ്രമിക്കുകയാണ്.

നിലവിലുള്ള കാഴ്ചയായി നാം ചുറ്റുപാടുകളെ അറിയുന്നതിലൂടെ അദൃശ്യമായിരിക്കുന്ന ഒരുപാട് കാഴ്‌ചകളെ നാം മനഃപൂർവ്വം പറത്തിവിടുന്നുണ്ട്. കാണുന്ന ആ നിമിഷത്തിലാണോ കാഴ്ച‌ സർഗ്ഗാത്മകതയുടെ ഇടം തേടുന്നത്? അതോ ആ കാഴ്‌ചയുടെ ഓർമ്മയെ തിരിച്ചുപിടിക്കലിലോ?

എനിക്കു പലപ്പോഴും രണ്ടാമത്തെ അവസ്ഥയിലാണത് സാധിക്കാറ്- കറുത്ത തവിട്ടിൽ പടർന്നു പന്തലിച്ച വൃക്ഷത്തിന്റെ ഇടതൂർന്ന ഇലകൾക്കിടയിലൂടെ സൂര്യപ്രകാശം ഭൂമിയിലേക്കു കടക്കാനാവാതെ ഞെരുങ്ങുക യും, ഇലയോട്ടകൾക്കിടയിലൂടെ മഞ്ഞനൂലുകളായി മരത്തടിയിൽത്തട്ടു ന്നതും തൃശൂർ നഗരത്തിലൂടെ പോകുമ്പോൾ എനിക്കു ലഭിക്കുന്ന സ്ഥിരം കാഴ്ചയാണ്. മനസ്സിൽ പതിഞ്ഞത് ഈ ദൃശ്യത്തിലെ ‘വെളിച്ചത്തിന്റെ ഞെരുക്കമാണ്. പക്ഷെ, എൻ്റെ ക്യാൻവാസിൽ ആ മരത്തടിയിൽ
പച്ചപ്പായലുണ്ടാകുന്നു. മരത്തടിയിലെ കനത്തുമങ്ങിയ കുറ്റിക്കാടും, വയലിൽ വഴു തിത്തെറിക്കുന്ന വെളിച്ചവുമുണ്ടായിരുന്നു. കാഴ്‌ചയിൽ ഞാൻ കാണാ ത്തതും കാണാൻ കൊതിച്ചതുമായ പായൽപ്പതുപ്പ്, സർഗ്ഗാത്മകതയിൽ ഞാനാവാഹിക്കുന്നു. സത്യത്തിൽ കാഴ്ചയെന്നത് നാം കാണാനാഗ്രഹിക്കുന്നതല്ലെ?


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here