തുള്ളിക്കവിതകൾ

0
82

(കവിത)

വിനോദ് വിയാർ

നമുക്കിടയിലെ
ഒരിക്കലും വാടാത്തയില,
പ്രണയം

*

ജലത്തിനോളം
നീ എന്നെ സ്നേഹിക്കും
മഴയോളം
ഞാൻ നിന്നിൽ പെയ്യും

*

കാടിനുമീതെ പറക്കണമെന്ന്
നീ പറയും
ആകാശത്തിലേക്ക്
നമ്മളൊരുമിച്ച് പറക്കും

*

നീ ഇന്നോളം പറഞ്ഞതെല്ലാം
ഞാൻ കവിതകളാക്കും
എൻ്റെ കവിതകൾ ജീവൻ വെയ്ക്കും

*

മഴ പറയുന്നത്
പുഴ പറയുന്നത്
കടൽ പറയുന്നത്
കര പറയുന്നത്
അവൾ പറയുന്നത്
എല്ലാം ഒരേ ഭാഷയാണ്

*

ചിത്രീകരണം: മിഥുന്‍ കെ.കെ.

അവൾക്കറിയാവുന്ന ഭാഷയ്ക്കും
എനിക്കറിയാവുന്ന ഭാഷയ്ക്കും
രണ്ടു വശങ്ങളില്ല
അതൊരു നാണയം പോലെയല്ല
ഭിത്തിയിലെന്നോ പതിച്ചുവെച്ച
ഒരു ചിത്രം പോലെ…
ആ ഭാഷ
നിങ്ങൾക്ക് തീർച്ചയായും അജ്ഞാതമായിരിക്കും

*

അന്ന്
അവൾ വിരലുകൾ കൊണ്ട്
ആകാശത്തെഴുതുന്നത്
എനിക്ക് നന്നായി മനസ്സിലാകുമായിരുന്നു
അവളെൻ്റെ സ്വന്തമായതിൽ പിന്നെ
ആ സിദ്ധി ഞാൻ മറന്നുപോയി

*

ചിലപ്പോൾ നിന്നിൽ നിന്ന്
വസന്തം കൊഴിയുന്നു
കൊഴിഞ്ഞതിനു ശേഷവും
നിന്നെ വസന്തമായി തന്നെ
കാണാനാവുന്നല്ലോ

*

എവിടെ നിന്നോ വന്ന കാറ്റ്
നിന്നെക്കുറിച്ചു പറഞ്ഞു
ഏതു സ്വപ്നത്തിനക്കരെ വെച്ചാണ്
നീയാ കാറ്റിനോടു മിണ്ടിയത്

*

എൻ്റെ ഹൃദയം
നിന്നിൽ മിടിക്കുന്നു
നിൻ്റെ
ഹൃദയമെന്നിലും
എന്നിട്ടും ഹൃദയമില്ലാത്തവരെപ്പോലെ
നമ്മൾ പിരിഞ്ഞതെന്തിന്


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here