കാറ്റിന്റെ മരണം

0
71

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 27

അത് വര്‍ഷയായിരുന്നു.

” വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,” സമീറ സ്റ്റേജിനടുത്തേക്കു നടന്നു.

” സമീറ, ഹെല്‍പ് മീ. ഇവരെന്നെ പിടിച്ചു വെച്ചിരിക്കുകയാണ്. നീയാ വലിയ ചില്ലു കൂടാരം കണ്ടോ? അതിനകത്തുണ്ട് നിന്റെ കാറ്റ്. അവര്‍ കാറ്റിനെ ഇല്ലാതാക്കാന്‍ പോകുകയാണ്,” വര്‍ഷ സമീറയോട് കെഞ്ചി.

സമീറ കാറ്റിന്റെ വേഗത്തില്‍ സ്റ്റേജിലെത്തി. സ്റ്റേജിന്റെ വലതു വശത്തുള്ള ചില്ലു കൂടാരത്തിനു ചുറ്റും വലിയ ചിലന്തി വലകളുണ്ടായിരുന്നു.

” വാ വര്‍ഷാ. നമുക്കിവിടെ നിന്നു പോകാം,” സമീറ വര്‍ഷയുടെ കൈ പിടിച്ചു വലിച്ചു.

” അങ്ങനെയാണ് പോയാലോ. ഈ ചിലന്തി വലകള്‍ കണ്ടോ? അത് വെച്ചു കാറ്റിനെപ്പിടിച്ചതു വെറുതെയല്ല. എഴുത്തുകാരനെക്കൊന്നത് വെറുതെയല്ല. നിന്നെ ഇവിടെ കൊണ്ട് വന്നതും വെറുതെയല്ല. ഞാന്‍ വെറുതെയൊന്നും ചെയ്യാറില്ല,” ഒരു നാടക നടിയുടെ തലയെടുപ്പോടെ വര്‍ഷ പറഞ്ഞു.

” വര്‍ഷാ…നീ…നീയെന്നെ പറ്റിക്കുകയായിരുന്നോ?” അവിശ്വാസത്തോടെ സമീറ ചോദിച്ചു.

”നിന്റെ വല്യച്ചന്‍ ഞങ്ങളെ പറ്റിച്ചില്ലേ? എന്റെ അച്ഛന്‍ വളരെ നല്ലൊരു വൈദ്യനായിരുന്നു. അദ്ദേഹത്തെ ഇല്ലാതാക്കിയത് നിന്റെ വല്യച്ഛനാണ്.”

”നിന്റെ വല്യച്ഛന്‍?”

”നിനക്കറിയാം. നീയൊരിക്കല്‍ കാണാന്‍ വന്നിരുന്നു.”

സമീറ തരിച്ചു നിന്നു പോയി.

”ഞാന്‍ കാണാന്‍ വന്നെന്നോ? നീ കള്ളം പറയുകയാണ്”

”ഞാനീ നാടകം പുനരാവിഷ്‌ക്കരിക്കുന്നതോടെ കാറ്റില്ലാതാകും. പാവം നീല്‍. മികച്ച നാടകക്കാരനായ, മോഡേണ്‍ ഡ്രാമയെ സ്‌നേഹിക്കുന്ന നീലാണ് ഈ നാടകത്തിന്റെ കഥയെഴുതിയത്. എന്നിട്ട് അതിനേക്കാള്‍ മികച്ച തിരക്കഥ രചിച്ചു ഞാനവനെക്കൊന്നു” വര്‍ഷ കാണിക്കളെ നോക്കിപ്പറഞ്ഞു.

”വര്‍ഷാ, നിന്നെ ഇവര്‍ ഉപയോഗിക്കുകയാണ്. വാ. നമുക്കിവിടെ നിന്നു പോകാം” സമീറ വര്‍ഷയോടപേക്ഷിച്ചു.

” നിനക്കിപ്പോഴും കാര്യം മനസ്സിലായിട്ടില്ല, അല്ലേ? നീ കഡാവറിനെ ഓര്‍ക്കുന്നോ? നിനക്ക് വല്യച്ഛന്റെ കൊലപാതകത്തെക്കുറിച്ച് മുന്നറിയിപ്പ് തന്ന കഡാവര്‍? അയാളായിരുന്നു വല്യച്ഛന്റെ സഹായി. എല്ലാ സംഭവങ്ങളുടെയും ഒരേയൊരു സാക്ഷി. അത് മനസ്സിലാക്കിയ ഞാന്‍ അയാളെ കൊന്നു. പക്ഷേ, ആ കഡാവര്‍ നിനക്ക് മുന്നറിയിപ്പ് തന്നു. അത് നിന്നെ എഴുത്തുകാരനിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. അങ്ങനെയെങ്കില്‍ നീ സത്യം കണ്ടെത്തിയേനെ.”
സമീറ തണുത്ത കാറ്റ് വീശിയ ആ ദിനത്തെക്കുറിച്ചോര്‍ത്തു. ക്ലോറിന്റെ മണത്തോടൊപ്പം ആ വാക്കുകളും സമീറയുടെ മനസ്സിലേക്ക് തുളച്ച് കയറി. കഡാവറിന്റെ വാക്കുകളുടെ ഉള്ളര്‍ഥം കണ്ടെത്താനാകാത്തതില്‍ സമീറയ്ക്ക് മനപ്രയാസം തോന്നി. പക്ഷേ, അപ്പോഴും എഴുത്തുകാരനോടുള്ള പുച്ഛം സമീറയുടെ മനസ്സില്‍ ഒരു കയിപ്പായി അവശേഷിച്ചു.

ചിത്രീകരണം: മിഥുന്‍ കെകെ

”നിനക്കെഴുത്തുകാരനെ അറിയില്ലേ ? അയാള്‍ നിന്നെയും കാറ്റിനേയും രക്ഷിക്കാന്‍ നടക്കുകയായിരുന്നെന്നറിയുമോ?”

”ഇല്ല. അയാളൊരു ചതിയനായിരുന്നു. നീ കളളം പറയുകയാണ്,” സമീറ തണുത്തുറഞ്ഞ ശബ്ദത്തെ പുറത്തു കൊണ്ട് വരാന്‍ ശ്രമിച്ചു. ആ വാചകങ്ങളൊരു വേദനയായി സമീറയുടെ തൊണ്ടയില്‍ത്തങ്ങി നിന്നു. നിന്റെ വല്യച്ഛന്റെ ആരാധകനായിരുന്നു എഴുത്തുകാരന്‍. പണ്ടത്തെ നാടകങ്ങളുടെ കഥ രചിച്ചിരുന്നയാള്‍. അയാളുടെ കൈവശം കാറ്റിന്റെ മരണമെന്ന നാടകത്തിന്റെ യഥാര്‍ഥ കഥയുണ്ടായിരുന്നു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത നാടകത്തിന്റെ കഥയുമുണ്ടായിരുന്നു. അയാള്‍, നിന്നെ അതറിയിക്കാനാണ് നിന്റെ അടുത്ത് വന്നത്. ഞാനതറിഞ്ഞു. ഞാന്‍ നിന്നെ ഒറ്റുതരാന്‍ ആവശ്യപ്പെട്ടു. അതിനുള്ള പ്ലാന്‍ വരച്ചത് ഞാനാണ്. അയാളെക്കൊണ്ട് നിന്നെ വധിക്കാനായിരുന്നു എന്റെ ശ്രമം. പക്ഷേ, അയാള്‍ നിന്നെ രക്ഷിച്ചു. എന്നെ ചതിച്ചു. നീയന്നു എഴുത്തുകാരനുമായി തെറ്റിപ്പിരിഞ്ഞ സമയമോര്‍ക്കുന്നോ? അയാള്‍ നിന്നെ എന്നില്‍ നിന്നു രക്ഷിക്കുവാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്.”

എഴുത്തുകാരന്റെ സംഭാഷണങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി സമീറയുടെ ചെവിയില്‍ പതിച്ചു കൊണ്ടിരുന്നു.

”അയാള്‍ നിസ്സാരക്കാരനായിരുന്നില്ല. അയാളാണ് നാടകത്തിന്റെ കഥ അച്ചനെയേല്‍പ്പിച്ചത്. ഞാന്‍ എഴുത്തുകാരനെ പറഞ്ഞു പറ്റിച്ചു, നീലാണ് നാടകം പുനരാവിഷ്‌ക്കരിക്കുന്നതെന്നു . അങ്ങനെ അയാള്‍ നീലിനെക്കൊന്നു. എന്റെ ജോലിയെളുപ്പമായി. ഞാന്‍ എഴുത്തുകാരനെ തന്ത്രപൂര്‍വ്വം വകവരുത്തി. പിന്നെ, എനിക്കു തടസ്സമായി നിന്നത് നീയാണ്. ഞാന്‍ നിന്നെയുമന്നു കൊല്ലാന്‍ ശ്രമിച്ചു,” വര്‍ഷ സമീറയെ നോക്കി. സമീറ ഒന്നും പറയാനാകാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ വര്‍ഷയ്ക്ക് ആവേശമായി.

”നിന്നെ ഞാന്‍ മനഃപൂര്‍വ്വം തള്ളിയിട്ടതാണ്. കാറ്റിനെപ്പിടിക്കാന്‍ ഞാന്‍ വലവീശി കാത്തിരിക്കുകയായിരുന്നു. പക്ഷേ, കാറ്റതു മനസ്സിലാക്കി അന്ന് വന്നില്ല. നീ നീലിന്റെ ശബ്ദം വീണ്ടെടുത്താല്‍ അപകടമാണെന്ന് എനിക്കു അറിയാമായിരുന്നു. നീല്‍ മരിച്ചതിലുള്ള മനപ്രയാസം കൊണ്ടാണ് ഞാന്‍ നിന്നെ തള്ളിയിട്ടത് എന്നു നീ വിചാരിച്ചു. അത് ഞാന്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. പക്ഷേ, നിന്നെ കാറ്റ് രക്ഷിച്ചു. ഞാന്‍ വിരിച്ച വലയില്‍ കാറ്റു പെട്ടു. നീ വിചാരിച്ചു നീയാണ് കാറ്റിനെക്കൊന്നതെന്നു. കാറ്റിന്റെ ഞാന്‍ പിടിച്ചു വെച്ചതായിരുന്നു. എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍. അതിനു നീ സാക്ഷിയാകണമെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതിനു ഒരു ഐഡിയ അന്വേഷിച്ചു കത്തിരിക്കുമ്പോഴാണ് നീ തന്നെ സഹായമഭ്യര്‍ത്ഥിച്ച് എന്റെ അടുത്തു വന്നത്. കല മാനിനെപ്പോലെ സ്വന്തം കഴിവുകളറിയാത്ത പമ്പര വിഡ്ഢി,” വര്‍ഷ പൊട്ടിച്ചിരിച്ചു.

സമീറയുടെ നട്ടെല്ലിലൂടെ ഒരു തണുപ്പ് ഇരച്ചു കയറി. അവള്‍ ചില്ലു കൂടാരത്തില്‍ക്കിടക്കുന്ന കാറ്റിനേയും കാണികളെയും മാറിമാറി നോക്കി.

” ഹെല്‍പ്,” നടുക്കം വിട്ടുമാറാത്ത കാണിക്കളെ നോക്കി സമീറ അപേക്ഷിച്ചു. എന്നാല്‍, അവര്‍ ഇരിപ്പിടങ്ങളില്‍ നിന്നനങ്ങിയില്ല.

” അവരെന്റെ ആള്‍ക്കാരാണ്. നിന്റെ വല്യച്ഛനാല്‍ ചതിക്കപ്പെട്ടവര്‍. ഡ്രാമ ആസ്വദിക്കാന്‍ യഥാര്‍ത്ഥ കാണികള്‍ വരും. അവര്‍ സാധാരണ കാണികളായിരിക്കില്ല. ഡ്രാമയില്‍ പ്രശസ്തരായ ആളുകള്‍, ഡ്രാമ*!*!*!െക്കുറിച്ച് എല്ലാമറിയുന്നവര്‍, ഡ്രാമ അസോസിയേഷനിലെ പ്രമുഖര്‍. പിന്നെ ലോകം മുഴുവനുള്ള മാധ്യമപ്രവര്‍ത്തകരും.”

സമീറയുടെ വയറ്റില്‍ പൂമ്പാറ്റകള്‍ പറന്നു. ഇനി ഇവിടെ നിന്നു രക്ഷപ്പെനാകില്ലെന്നു സമീറയ്ക്കു മനസ്സിലായി. കാറ്റിനെ എങ്ങനെ രക്ഷിക്കുമെന്ന് അവള്‍ക്കൊരു രൂപവുമില്ലായിരുന്നു. ഒരാശയം മനസ്സില്‍ തോന്നുന്നത് വരെ വര്‍ഷയെക്കൊണ്ട് സംസാരിപ്പിക്കുക തന്നെ. തന്റെ വാക്കുകള്‍ക്കു ചിറകുകള്‍ മുളയ്ക്കുന്നത് പോലെ സമീറയ്ക്കു തോന്നി.

”പഴയ നാടകമല്ലേ അവതരിപ്പിക്കുന്നത്?”

” നീയെന്താ വിചാരിച്ചത്? ഞാനും നിന്നെപ്പോലെ ഒരു വിഡ്ഢിയാണെന്നോ? ഇവിടെ അരങ്ങേറാന്‍ പോകുന്നത് ഞാന്‍ നിനക്ക് നേരത്തെപ്പറഞ്ഞു തന്ന കഥയാണ്. അതായത് കാറ്റിന്റെ മരണമെന്ന നാടകത്തിന്റെ പുനരാവിഷ്‌ക്കാരം. അത് ലോകമെങ്ങും എത്തുന്നതോട് കൂടി ഞാന്‍ ജയിക്കും. പിന്നെ, നീ പറയുന്നതൊന്നും ആരും വിശ്വസിക്കുകയില്ല. ചരിത്രത്തിലൊരു പൊന്‍ തൂവലായി ഈ നാടകം രേഖപ്പെടുത്തപ്പെടും. കാറ്റ് എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറയും. ഇനി സമയം കളയാനില്ല. അഞ്ചു മിനിറ്റിനുള്ളില്‍ ക്യാമറകള്‍ ഓണാകും. പിന്നെ, ഈ വേദി ലോകത്തിന്റെതാകും.”

” ക്യാമറകള്‍ ഞാന്‍ ഓഫ് ചെയ്താലോ?”

”അങ്ങനെ ഓഫ് ആക്കാന്‍ പറ്റില്ല. നിനക്കെന്നല്ല ആര്‍ക്കും. അത് നാല്‍പ്പത്തഞ്ച് മിനിറ്റു കഴിഞ്ഞു മാത്രമേ ഓഫ് ആകൂ. അത് കൊണ്ട് നിനക്കൊന്നും ചെയ്യാന്‍ പറ്റില്ല. ലോകം ഈ വേദിയെ കേട്ടുകൊണ്ടിരിക്കും. കണ്ടുകൊണ്ടിരിക്കും. ഡ്രാമ തുടങ്ങാന്‍ സമയമായി.”

സമീറ പ്രതീക്ഷിയോടെ കാറ്റിനെ നോക്കി. ആ ചില്ലു കൂടാകരത്തിനകവും നിശ്ചലമായിരുന്നു.

വേദിയില്‍ ഒരു കുന്ന് പ്രദര്‍ശിപ്പിക്കപ്പെട്ടു. അത് ശരിക്കുമുള്ള ഒരു കുന്നു പോലെത്തോന്നി. എന്താണ് നടക്കാന്‍ പോകുന്നതെന്ന് സമീറയ്ക്കു നല്ല ബോധ്യമുണ്ടായിരുന്നു. നാടകത്തിലെ കഥാപാത്രങ്ങള്‍ വരുന്നതോട് കൂടി നാടകം തുടങ്ങും. ആ കെട്ടുകഥ തന്റെ മുന്നില്‍ അവതരിപ്പിക്കപ്പെടും. അതവസാനിക്കുന്നതോട് കൂടി കാറ്റിനെ തനിക്കു എന്നെന്നേക്കുമായി നഷ്ടപ്പെടും. സമീറയുടെ കണ്ണുകള്‍ ചുറ്റുപാടും ഓടി നടന്നു. ക്യാമറ ഓണ്‍ ആകുന്നതിനു മുന്‍പ് എന്തെങ്കിലും ചെയ്യണം. വര്‍ഷയെ ആക്രമിച്ചാലോ? ഈ സഹായികളെ സത്യം പറഞ്ഞു മനസ്സിലാക്കിയാലോ? അവര്‍ എന്നെ വിശ്വസിക്കുമോ? നിസ്സഹായതയോടെ സമീറയുടെ ഹൃദയം നിലവിളിച്ചു.

” ക്യാമറക്കണ്ണുകള്‍ ഓണ്‍ ആയിക്കഴിഞ്ഞിരിക്കുന്നു,” വര്‍ഷ പ്രഖ്യാപിച്ചു.

നാനാ ഭാഗത്തും ഉറപ്പിച്ചിരുന്ന ക്യാമറകളില്‍ ചുമന്ന ചെറിയ പ്രകാശം വന്നു.

‘ഇനി രക്ഷയില്ല,’ സമീറയുടെ ഹൃദയം വിലപിച്ചു. കാണികളില്‍ ആരാണ് ബോറിയാസും സഫൈറസുമായി മാറുക എന്നു സമീറയ്ക്കു ആധിയായി. അവരോടു കാര്യങ്ങള്‍ തുറന്നു പറഞ്ഞാലോ? സ്റ്റേജില്‍ കയറിയാലോ? പൊടുന്നനെ, വെളുത്ത ചിറകുകളും താടിയും നീണ്ട മുടിയുമുള്ള ഒരു വൃദ്ധന്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അത് ലേസര്‍ ലൈറ്റുകളാല്‍ പ്രൊജക്റ്റ് ചെയ്യുന്ന രൂപങ്ങളാണെന്നറിഞ്ഞപ്പോള്‍ സമീറയുടെ അവസാനത്തെ പ്രതീക്ഷയും പൊലിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നന്നേ ചെറുതായിരുന്നു. അദ്ദേഹത്തിന്റെ മൂക്ക് വളരെ നീണ്ടതായിരുന്നു. ആ വൃദ്ധന്‍ ചുമലില്‍ വാകപ്പൂക്കള്‍ തുന്നിയ ഒരു ഷോളണിഞ്ഞിരുന്നു. തന്റെ അമ്മച്ചിയുടെ അലമാരയില്‍ അന്ന് കണ്ട ഷോള്. സമീറ ആശ്ചര്യത്തോടെ ആ വൃദ്ധന്റെ മുഖത്തേക്ക് നോക്കി. അതേ, അത് തന്റെ വല്യച്ഛന്‍ തന്നെയാണ്. സമീറ ഉറക്കെ വിളിച്ചു. പക്ഷേ, സമീറയുടെ ശബ്ദം പുറത്തു വന്നില്ല. സമീറ ഓടി സ്റ്റേജില്‍ കയറാന്‍ ശ്രമിച്ചു. പക്ഷേ, ഒരു പോയെന്റിനപ്പുറത്തേക്ക് സമീറയ്ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഒരു ശക്തി സമീറയെ പുറകോട്ടു പിടിച്ചു വലിച്ചു. സമീറ സര്‍വ്വ ശക്തിയുമെടുത്ത് അതിനെ എതിരേറ്റു. സമീറ കുറച്ചപ്പുറത്തേക്ക് തെറിച്ച് വീണു.

സ്റ്റേജിലെ വൃദ്ധന്‍ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ ബോറിയാസ്-കാറ്റിന്റെ ദേവന്‍. എനിക്കു ഒരു പ്രത്യേക കഴിവുണ്ട്. എനിക്കു കാറ്റിനോടു സംസാരിക്കാം. എല്ലാ വസ്തുക്കളിലും ശബ്ദതരംഗങ്ങള്‍ വളരെ ചെറിയ സുഷിരങ്ങള്‍ സൃഷ്ടിക്കുന്നു. അവ മനുഷ്യരിലും മാറ്റങ്ങളുണ്ടാക്കുന്നു. അത് പക്ഷേ, നമുക്ക് തിരിച്ചറിയുവാന്‍ സാധിക്കുകയില്ല. കാറ്റിന്റെ സഹായത്തോടെ അവ മനസ്സിലാക്കുവാന്‍ എനിക്കു സാധിക്കും. അങ്ങനെ ഞാന്‍ കാലം മറച്ചു വച്ച സത്യങ്ങള്‍ പുറത്തു കൊണ്ട് വരുന്നു.

സമീറയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. തന്റെ ഉള്ളില്‍ ഉടലെടുത്ത സംശയങ്ങള്‍ക്കുത്തരം കിട്ടുകയാണല്ലോ എന്നോര്‍ത്ത് അവള്‍ സന്തോഷിച്ചു.
എന്നാല്‍, എനിക്കു മടുത്തിരിക്കുന്നു. സത്യം കണ്ടുപിടിച്ചത് കൊണ്ട് എനിക്കെന്ത് പ്രയോജനം? ഞാന്‍ എനിക്കു വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
സമീറ ഞെട്ടിപ്പോയി. അപ്പോളത് തന്നെയാണോ സത്യം? വല്യച്ഛന്‍ ഒരു ദുഷ്ടനായി മാറിയെന്നോ?

ഞാനാണ് വാസുദേവനെതിരേയും കാര്‍ലോസിനെതിരേയും അമ്മിണിക്കെതിരെയും സാക്ഷി പറഞ്ഞത്. അതെല്ലാം ഞാനുണ്ടാക്കീയാ കെട്ടു കഥകളായിരുന്നു.
കാണികളില്‍ ചിലര്‍ രോഷാകുലരായി മുന്നോട്ട് വരുന്നത് സമീറ ശ്രദ്ധിച്ചു. എന്നാലവര്‍ക്കും ഒരു പോയിന്റിനപ്പുറത്തേക്ക് കടക്കാന്‍ സാധിച്ചില്ല. അവര്‍ ആ അതിര് ഭേതിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

അപ്പോഴാണ് സമീറ അത് ശ്രദ്ധിച്ചത്-തന്റെ ചെവിയില്‍ ആരോ എന്തോ മന്ത്രിക്കുന്നത് പോലെ. പശ്ചാത്തലത്തിലെ വലിയ ശബ്ദം കാരണം ഒന്നും വ്യക്തമാകുന്നില്ല. അവള്‍ കണ്ണുകളടച്ചു. അതേ, എന്തോ ഒരു ശബ്ദം കേള്‍ക്കുന്നുണ്ട്.

”നീയാരാ?” സമീറയ്‌ക്കൊരു വാക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.

സഫൈറസ് , ഞാനിതാ നിന്നെ കൊല്ലാന്‍ പോകുന്നു. നീയാണ് എന്റെ സ്വപ്നങ്ങള്‍ തകര്‍ത്തത്.

”ഞാന്‍ സഫൈറസ്,” സമീറ കണ്ണു തുറന്നു. സ്റ്റേജിലെ കഥാപാത്രങ്ങളുടെ ചുണ്ടനക്കവും സംഭാഷണങ്ങളും തമ്മില്‍ വൈരുധ്യമുണ്ടോ?

”നിനക്കെന്നെ അറിയാമായിരിക്കും.” സമീറ താന്‍ കേള്‍ക്കുന്നതെന്തൊ അതിനനുസരിച്ച് ചുണ്ടനക്കി. അത് ഉച്ചത്തില്‍ സ്പീക്കറിലൂടെ പുറത്തോട്ട് വന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here