കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിനെ തേടിയെത്തി. ഈ പദവി നേടുന്ന ആദ്യ ഇന്ത്യന്‍ നഗരമാണു കോഴിക്കോട്. മധ്യപ്രദേശിലെ ഗ്വാളിയര്‍ യുനെസ്‌കോയുടെ സംഗീതനഗര പദവി നേടിയിട്ടുണ്ട്. യുനെസ്‌കോ പുതുതായി തിരഞ്ഞെടുത്ത 55 സര്‍ഗാത്മക നഗരങ്ങളില്‍ ഒന്നായാണു കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചതെന്ന് കോഴിക്കോട് കോര്‍പറേഷനെ യുനെസ്‌കോ അറിയിച്ചു.
സാഹിത്യനഗര പദവി ലഭിക്കുന്നതോടെ, ഈ പട്ടികയിലെ വിവിധ രാജ്യങ്ങളിലെ എഴുത്തുകാരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സാഹിത്യവിനിമയ പരിപാടികളുടെ ഭാഗമായി കോഴിക്കോട്ടെ എഴുത്തുകാര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വിദേശ സന്ദര്‍ശനങ്ങള്‍ക്കും അവസരം ലഭിക്കും.
വിദേശങ്ങളിലെ പ്രശസ്ത എഴുത്തുകാര്‍ക്ക് കോഴിക്കോട് വന്ന് താമസിച്ച് പുസ്തകങ്ങള്‍ തര്‍ജമ ചെയ്യാനും കഴിയും. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്നു മേയര്‍ ബീന ഫിലിപ് പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷമായി യുനെസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിക്കാന്‍ കിലയുടെ സഹകരണത്തോടെ കോഴിക്കോട് കോര്‍പറേഷന്‍ പരിശ്രമിച്ചു വരികയായിരുന്നു. സാഹിത്യനഗര ശൃംഖലയിലുള്ള നഗരങ്ങളായ പ്രാഗ്, കാര്‍ക്കോവ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പഠിച്ച ശേഷമാണു കോഴിക്കോട് സാഹിത്യനഗര പദവിക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കോഴിക്കോട് എന്‍ഐടിയും ആവശ്യമായ സഹായങ്ങള്‍ നല്‍കി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല