(പുസ്തകപരിചയം)
ഷാഫി വേളം
ജനനം ഒരു വരയാണെങ്കില്‍ മരണം മറ്റൊരു വരയാണ്. ഈ രണ്ടു വരകള്‍ക്കിടയിലാണ് മനുഷ്യന്റെ ഹ്രസ്വകാല ജീവിതം. ആ ജീവിതത്തിന്റെ തീവ്രമായ ആവിഷ്‌കാരങ്ങളാണ് റൈഹാന വടക്കാഞ്ചേരിയുടെ ‘ഇരുവര’ എന്ന കഥാസമാഹാരം. ഈ സമാഹാരത്തിലെ കഥകളൊന്നും ഒരു എഴുത്തുകാരിയുടെ കേവല ഭാവനകളല്ല. പലരും കടന്നുപോയ വഴികളില്‍ അനുഭവിച്ച പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. നോവും, സന്തോഷവും ഇടകലര്‍ന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ നിറഞ്ഞവ. ഓരോ കഥയും അനുവാചകന്റെ ബോധമണ്ഡലങ്ങളില്‍ പുത്തന്‍ ചിന്താധാരകളെ തൊട്ടുണര്‍ത്താന്‍ പ്രാപ്തമാണ്.
നിത്യജീവിതത്തിലെ തികച്ചും സാധാരണമെന്നു തോന്നാവുന്ന അനുഭവ വിവരണങ്ങളില്‍ നിന്ന് അസാധാരണമായ ചില കഥാ മുഹൂര്‍ത്തങ്ങള്‍ കണ്ടെടുക്കുന്ന സവിശേഷത ഈ സമാഹാരത്തിലെ പല കഥകളിലുമുണ്ട്. ‘പ്രമോഷന്‍’ എന്ന കഥ അത്തരത്തിലൊരു രചനയാണ്. വാക്യഘടനയിലും, ആഖ്യാനത്തിലും ഈ സമാഹാരത്തിലെ ഓരോ കഥകളും ഒന്നിനൊന്ന് മെച്ചമാണെന്ന് വായനയുടെ ഒടുവില്‍ ഏതൊരാളും നിസ്സംശയം പറയും.
നമുക്ക് പരിചിതമായ വിഷയങ്ങളെ കഥാസന്ദര്‍ഭങ്ങളാക്കി മാറ്റുന്നതിലെ എഴുത്തുകാരിയുടെ മാന്ത്രികവിദ്യ ശ്രദ്ധേയമാണ്. ഈ സമാഹാരത്തിലെ ഓരോ കഥയും വിസ്മയിപ്പിക്കുന്ന അനുഭൂതിയുടെ മഹാ പ്രപഞ്ചത്തിലേക്കാണ് അനുവാചകരെ കൊണ്ടെത്തിക്കുന്നത്.
‘മനുഷ്യനുള്ളിലേക്കൊരു തീര്‍ത്ഥാടനം ‘ എന്ന കഥയിലൂടെ അന്യോന്യം മനസ്സിലാക്കാതെയുള്ള മനുഷ്യരുടെ ഇടപെടലിനെ തുറന്ന് കാട്ടുകയാണ് കഥാകൃത്ത് ചെയ്യുന്നത്.മാനുഷിക ബന്ധങ്ങളിലെ സങ്കീര്‍ണതയിലേക്കുള്ള സഞ്ചാരം കൂടിയാണിത്. ഒരാള്‍ തന്റെ നഷ്ടപ്പെട്ട വസ്തുവിനെ തുടരെ പരതുന്നത് കണ്ടപ്പോള്‍ വിദൂരത്ത് നിന്ന് വീക്ഷിക്കുന്നവര്‍ അയാളെ ഭ്രാന്തനെന്ന് മുദ്രകുത്തുന്നു. പക്ഷെ അയാളുടെ അരികെ ചെന്ന് അയാളെ അടുത്തറിഞ്ഞവര്‍ക്ക് അയാളൊരു ഭ്രാന്തനായിട്ട് ചിന്തിക്കാനേ കഴിയുന്നില്ല. ഒടുവില്‍ അയാള്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഭ്രാന്തനായ ഒരു മനുഷ്യന്‍ ആത്മഹത്യ ചെയ്യുമോ?, അതിനുള്ള വിവേകമുണ്ടെങ്കിലെങ്ങനെയാണ് ഭ്രാന്തനാവുക? എന്ന ചോദ്യങ്ങള്‍ ഈ കഥയെ കൂടുതല്‍ മനോഹരവും, സമര്‍ത്ഥവുമാക്കുന്നു. ഇതിലെ ഓരോ കഥകളിലൂടെയും സഞ്ചരിക്കുമ്പോള്‍ തിരിച്ചറിയാനാകുന്നത് ഓരോ കഥയും അനുവാചകനെ പുതിയൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു എന്നതാണ്. കുറേ ചോദ്യങ്ങള്‍ നമ്മളിലേക്ക് എറിഞ്ഞു കൊണ്ട് ഒരുപാട് ചിന്തകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പുതുമയുള്ള കഥകളാണ് സമാഹാരത്തിലുടനീളം കാണാന്‍ സാധിക്കുന്നത്.
‘പഴയ ഒന്നും പുതിയ ഒന്നും ‘ എന്ന കഥയിലൂടെ ഡിജിറ്റല്‍ യുഗത്തിന്റെ അവസ്ഥാവിശേഷങ്ങള്‍ പറഞ്ഞു വെക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. എല്ലാവരും ഇന്റര്‍നെറ്റില്‍ തലകുനിച്ചതോടെ ചുറ്റുപാടില്‍ നടക്കുന്നതൊന്നും ആരും അറിയുന്നില്ലെന്ന് കഥ പരിതപിക്കുന്നു. ഓരോ കഥകള്‍ കഴിയുമ്പോഴും ഇനിയും ഈ മനോഹര കഥപറച്ചില്‍ തുടര്‍ന്നെങ്കില്‍ എന്ന് വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കും വിധം സമര്‍ത്ഥമായാണ് രചനകള്‍.
മനുഷ്യരില്‍ ഉടലെടുക്കുന്ന പലതരം വേവലാതികളുടെ വേലിയേറ്റത്തില്‍ വ്യത്യസ്ത ജീവിതാവസ്ഥകളാണ് ഈ കഥാകൃത്തില്‍ കഥകളായി രൂപം കൊള്ളുന്നത്.
‘കുഞ്ഞാറ്റക്കായൊരു കാത്തിരിപ്പുകാലം’എന്ന കഥയിലൂടെ നീണ്ട കാത്തിരിപ്പിന് ശേഷം ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ ഭാഗ്യം കിട്ടുകയും അതിന്റെ സന്തോഷം മായും മുമ്പേ കുഞ്ഞ് മരിച്ചുപോയി എന്ന് ഡോക്ടറുടെ നാവിന്‍ തുമ്പിലൂടെ പുറത്ത് വരികയും ചെയ്യുന്നതോടെ തകര്‍ന്നുപോകുന്ന പലരുടെയും ജീവിതമാണ് ഈ കഥയുടെ ഇതിവൃത്തം. ഒരു നീറ്റലോടെയല്ലാതെ ഈ കഥ വായിച്ചു തീര്‍ക്കാനാവില്ല.
‘വിധിയുടെ വേഷങ്ങള്‍ ‘ എന്ന കഥയില്‍ മരണം ഒരാളെ തേടിയെത്തുന്നതിന്റെ വ്യത്യസ്ത വഴികളെ വരച്ചുകാട്ടുകയാണ് എഴുത്തുകാരി ചെയ്യുന്നത്. കഥയുടെ മധ്യത്തിലെത്തുമ്പോള്‍ ആകാംക്ഷാഭരിതമായ ഒരു ആകര്‍ഷണവലയത്തില്‍ വായനക്കാരെ തളച്ചിടുക കൂടി ചെയ്യുന്നുണ്ട്.
വ്യത്യസ്തമായൊരു കഥയാണ് ‘തെക്കു ഗിരി ‘ എന്ന കഥ. പ്രായമായവരുടെ വാക്കുകള്‍ക്ക് ഗൗരവം കൊടുക്കാതെ മുന്നോട്ട് പോയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് ഓര്‍മിപ്പിക്കുന്ന ഒരു കഥയാണിത്. പറയാനുള്ള കാര്യങ്ങള്‍ ഒട്ടും വളച്ചുകെട്ടില്ലാതെ കഥാകാരി പറയുന്നു. വലിയ മേമ്പൊടികളോ ചായക്കൂട്ടുകളോ കൂടാതെ കഥകളാക്കിയിരിക്കുന്നു. ആലങ്കാരികതയുടെ ആര്‍ഭാടങ്ങള്‍ തുന്നിച്ചേര്‍ത്ത് കൃത്രിമമായ ഒരു വായനാനുഭവം നല്‍കാന്‍ കഥാകൃത്ത് ശ്രമിക്കുന്നില്ല. റൈഹാനയുടെ കഥാപാത്രങ്ങളെ കണ്ണെത്തും ദൂരത്ത് നിന്നുതന്നെ നമുക്ക് കണ്ടെത്താനാകും.
മാതാവിന്റെ വേര്‍പാടില്‍ ഏതൊരാളിലുമുണ്ടാവുന്ന വേദന എത്രത്തോളമുണ്ടാവുമെന്ന് ‘ഇതള്‍ ‘ എന്ന കഥയിലൂടെ എഴുത്തുകാരി പറഞ്ഞുവെക്കുന്നു. ഈ സമാഹാരത്തിലെ ഓരോ കഥയും വായനയ്ക്ക് ശേഷവും ഒരു നോവായി വായനക്കാരനിലേക്ക് പടരുന്നു.
ആകാംക്ഷ ജനിപ്പിച്ച് യാഥാര്‍ഥ്യങ്ങള്‍ക്ക് കഥാവിഷ്‌കാരം നല്‍കിയതാണ് ഇവയെന്ന് തോന്നിപ്പോകും. പലപ്പോഴും ഗൗനിക്കാതെ പോകുന്ന പച്ചയായ വസ്തുതയെ ഊന്നിപ്പറയുന്നതായി അനുഭവപ്പെടുന്നു.
ജീവിതത്തിന്റെ ചുട്ടുപഴുത്ത പ്രതലത്തിലൂന്നി, ഒതുക്കമുള്ള ഭാഷയും നിയന്ത്രിത വികാരങ്ങളും പാകംചേര്‍ത്ത ഈ സമാഹാരം ഒട്ടും നിരാശപ്പെടുത്തുന്നില്ല.
ലളിതമായ രചനാരീതിയും കരുത്തുറ്റ പ്രമേയവുമാണ് ഈ കഥാകൃത്തിന്റെ കഥകളുടെ മുഖമുദ്രകള്‍. കഥയിലുടനീളം ജിജ്ഞാസ നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ഓരോ സൃഷ്ടിയില്‍ നിന്നും ഓരോ ചിന്തയും അനുവാചകരിലേക്ക് പകരാനും എഴുത്തുകാരി ശ്രദ്ധിച്ചിട്ടുണ്ട്.
എല്ലാ കഥകളുടെയും അവസാനം തികച്ചും അപ്രതീക്ഷിതമായ പരിണാമങ്ങളാണ് വന്നുചേരുന്നത്. അതുതന്നെയാണ് ഈ സമാഹാരത്തെ കൂടുതല്‍ മനോഹരമാക്കുന്നത്.ഭാഷാ ലാളിത്യവും കഥയെഴുത്തിന്റെ കൈയടക്കവും വായനാനുഭൂതിയോടെ വരച്ചിടുന്നതില്‍ റൈഹാന വടക്കാഞ്ചേരി വിജയിച്ചിരിക്കുന്നു. സ്വയം അനുഭവിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ പച്ചയായ ജീവിതങ്ങളുടെ തീവ്രത ഓരോ കഥകളിലും കഥാകാരന്‍ വിവരിച്ചു തരുന്നു എന്ന തിരിച്ചറിവോടെ വായിച്ചു തീര്‍ക്കാവുന്നതാണ് ഇതിലെ ഓരോ കഥകളും
വായനയെയും പുസ്തകങ്ങളെയും സ്‌നേഹിക്കുന്നവര്‍ക്ക് എഴുത്തുകാരിയുടെ പ്രഥമ സമാഹാരം അപൂര്‍വമായൊരു വായനാസുഖം പ്രദാനം ചെയ്യാന്‍ മാത്രം പര്യാപ്തമാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല