The Reader’s View
അന്‍വര്‍ ഹുസൈന്‍
“അനുരാഗഗാനം പോലെ
അഴകിൻ്റെ അല പോലെ
ആരു നീ ആരു നീ
ദേവതേ”
പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ ബാബുക്കയുടെ സംഗീതത്തിൽ ഇന്നും വിരിയുന്നില്ലേ? യൂസഫലി കേച്ചേരിയുടെ വരികൾക്ക് ഇത്ര ഇമ്പം നൽകിയത് ബാബുക്ക അല്ലേ?
“താമസമെന്തേ വരുവാൻ
പ്രാണസഖീ എൻ്റെ മുന്നിൽ
താമസമെന്തേ അണയാൻ
പ്രേമമയീ എൻ്റെ കണ്ണിൽ”
ഭാസ്കരൻ മാഷുടെ ഈ വരികൾക്ക് ബാബുക്ക ഇട്ട താളം അനശ്വരമല്ലേ? ദാസേട്ടൻ്റെ വശ്യ ശബ്ദത്തിൽ ഈ ഗാനം എത്ര ചേതോഹരം!
“പൊട്ടിത്തകർന്ന കിനാവിൻ്റെ മയ്യത്ത്
കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ
കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ”
ഭാസ്കരൻ മാഷിൻ്റെ ഈ വരികൾ ബാബുക്ക തന്നെ പാടി. പിന്നീട് ബാബുക്കയുടെ പ്രിയതമ ബിച്ചുവിന് ഇത് ശരിക്കും അനുഭവമായി.
എം എസ് ബാബുരാജ് എന്ന അനശ്വരനായ സംഗീതജ്ഞൻ്റെ ഭാര്യ ബിച്ചയുടെ ഓർമ്മ – ബാബുക്ക മാതൃഭൂമിയാണ് പുറത്തിറക്കിയത്. ബിച്ചക്കൊപ്പം പി സക്കീർ ഹുസൈനും രചനയിൽ പങ്കു വഹിച്ചു.
കണ്ണീരും സംഗീതവും ഇഴചേർന്ന ആ ജീവിതത്തിലൂടെ ഈ പുസ്തകം ഹൃദയം നിറച്ച് കടന്നു പോവുന്നു. വായനയുടെ പിന്നണിയിൽ ബാബുക്ക അനശ്വരമാക്കിയ ഗാനങ്ങൾ മെല്ലെ പാടുന്നു. ഹാർമ്മോണിയത്തിൽ ബാബുക്കയുടെ മാന്ത്രിക വിരലുകൾ ചലിക്കുന്നത് കാണാം.
ബാല്യത്തിലേ അനാഥനായ മുഹമ്മദ് സാബിറിനെ സനാഥനാക്കിയത് പോലീസുകാരനായ കുഞ്ഞുമുഹമ്മദ് ആണ്. ജാൻ മുഹമ്മദ് എന്ന പാട്ടുകാരൻ്റെ മകനായി ജനിച്ച സാബിർ പിന്നീട് ബാബുരാജായി. ഭാര്യയും രണ്ടു മക്കളും നഷ്ടപ്പെട്ട വിധിയിൽ തകർന്ന ബാബുക്കയെ ചേർത്തു പിടിക്കാൻ ഒരു പിടി നല്ല മനുഷ്യർ ഉണ്ടായിരുന്നു. പിന്നീട് ബിച്ചയും മക്കളും കൂട്ടിനെത്തി. പി ഭാസ്കരനും വയലാറും യൂസഫലി കേച്ചേരിയും ഒക്കെ എഴുതിയ വരികൾ ബാബുക്ക മാസ്മര സംഗീതത്താൽ ജീവസുറ്റതാക്കി.
സ്നേഹത്തിൻ്റെ നിറകുടമായ ആ മനുഷ്യന് സമ്പാദിക്കാൻ അറിയില്ലായിരുന്നു. സുഹൃത്തുക്കളെ സൽക്കരിച്ചും മദ്യത്തിൽ അഭിരമിച്ചും ആ പാട്ടുകാരൻ അലഞ്ഞു. എന്നാൽ പ്രചരിപ്പിക്കപ്പെടും പോലെ കുടിച്ച് ബോധമറ്റ് കിടക്കുന്ന ആളല്ലായിരുന്നെന്ന് ബിച്ച സാക്ഷ്യപ്പെടുത്തുന്നു.
പി ഭാസ്കരൻ മാഷായിരുന്നു ബാബുരാജിൻ്റെ ഏറ്റവും നല്ല കോമ്പിനേഷൻ. യേശുദാസും എസ് ജാനകിയും മഹബൂബും. ഏ എം രാജയും കെ പി ഉദയഭാനുവുമെല്ലാം ബാബുക്കയുടെ പാട്ടുകൾ മനോഹരമാക്കിയിട്ടുണ്ട്.
ഈ പുസ്തകം ബാബുരാജിൻ്റെ മാത്രം ജീവിതം മാത്രമല്ല പറയുന്നത്; കോഴിക്കോട് അബ്ദുൽ ഖാദർ, വി എം മുഹമ്മദ്, സി ഒ ആൻ്റോ , സി എം വാടിയിൽ നിരവധി പാട്ടു ജീവിതങ്ങൾ നമ്മിലെത്തുന്നു.
മനുഷ്യനന്മയുടെ പുസ്തകം കൂടിയാണിത്. ബാബുക്കയുടെ മകളുടെ വിവാഹത്തിനും മരണശേഷവും ദേവരാജൻ മാസ്റ്റർ സഹായ ഹസ്തവുമായി എത്തിയത്, യേശുദാസ് ബിച്ചബാബുരാജിനെ ഹജ്ജിന് വിട്ടത് അതു പോലെ ചിലത്.
ബാബുരാജിൻ്റെ സംഗീത ജീവിതം രേഖപ്പെടുത്തുന്ന നിരവധി ഫോട്ടോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാബുക്ക സംഗീതം നൽകിയ ഗാനങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
സംഗീത സാന്ദ്രമായ ഈ പുസ്തകം വായിച്ചപ്പോൾ ഞാൻ ഒരു നൃത്തം കാണുകയായിരുന്നു. അതിൽ ഹർഷമുണ്ട്, നോവുണ്ട്, സ്നേഹമുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല