ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ അന്തരിച്ചു

0
88

ചെന്നൈ: ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എംഎസ് സ്വാമിനാഥന്‍(98) എന്ന മാങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന്‍ അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

1925 ആഗ്‌സറ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് അദ്ദേഹം ജനിച്ചത്. സ്വാമിനാഥന്റെ തറവാട് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മാങ്കൊമ്പ് എന്ന സ്ഥലത്താണ്. 1940ല്‍ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍) ഉന്നതപഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം കൃഷ് ശാസ്ത്രത്തില്‍ ഉപരിപഠനം നടത്താന്‍ തീരുമാനിക്കുകയും കോയമ്പത്തൂര്‍ കാര്‍ഷിക കോളേജില്‍ (ഇപ്പോള്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല) പഠനത്തിനു ചേരുകയും ചെയ്തു.

1947-ല്‍ അദ്ദേഹം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ ചേര്‍ന്നു. അവിടെ നിന്ന് യുനെസ്‌കോ ഫെല്ലോഷിപ്പോടു കൂടി നെതര്‍ലന്‍ഡ്സില്‍ ഗവേഷണത്തിനായി പോയി. എട്ട് മാസത്തോളം നെതര്‍ലന്‍ഡ്സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്സിലെ വാഗെനിംഗന്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം അംഗമായിരുന്നു. പിന്നീട് 1950-ല്‍ അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ ചേര്‍ന്നു. 1952-ല്‍ പി.എച്ച്.ഡി. ബിരുദം നേടി. വിസ്‌കോണ്‍സിന്‍ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ്-ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് സ്വീകരിച്ചു.

1954-ന്റെ തുടക്കത്തില്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷമാണ് ഒരു മുന്‍ പ്രൊഫസര്‍ മുഖേന കട്ടക്കിലെ സെന്‍ട്രല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താത്കാലികമായി അസിസ്റ്റന്റ് ബോട്ടണിസ്റ്റായി ജോലി ചെയ്യാന്‍ അവസരം ലഭിച്ചത്. 1954 ഒക്ടോബറില്‍ ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേര്‍ന്നു.

തുടര്‍ന്ന് സ്വാമിനാഥന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ നോര്‍മന്‍ ബോര്‍ലോഗുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 1971-ല്‍ ഭക്ഷ്യോത്പാദനത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ ഡോ. സ്വാമിനാഥന്‍ വലിയ പങ്കു വഹിച്ചു.

അദ്ദേഹത്തിന് ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്:

1961 – ഭട് നഗര്‍ അവാര്‍ഡ്
1971 – മാഗ്‌സാസെ അവാര്‍ഡ്
1987 – റോമില്‍ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി
1987 – വേള്‍ഡ് ഫുഡ് പ്രൈസ്
2000 – ഫ്രങ്ക്‌ലിന്‍ റൂസ്വെല്‍റ്റ് പുരസ്‌കാരം
2021-ല്‍ കേരള ശാസ്ത്ര പുരസ്‌കാരം
ഇവ കൂടാതെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here