അജ്മൽ .എൻ. കെ
കുറ്റസമ്മതത്തോടെ തുടങ്ങട്ടെ, കവർചിത്രം കണ്ടല്ല, പുറംചട്ടയിലായി പുഞ്ചിരിച്ചുനിൽക്കുന്ന ബെന്യാമിനെ കണ്ടാണ് ഞാനീ കഥാസമാഹാരം കയ്യിലെടുത്തത്. പണ്ടൊരു പെൺകുട്ടി പരത്തിയ പ്രകാശം മനസ്സിലിന്നും പരന്നുനിൽക്കുന്നതിനാൽ പെൺകുട്ടി നെയ്ത സ്വപ്നങ്ങളെന്തൊക്കെയാകും എന്നറിയാനുള്ള ആകാംക്ഷയും താളുകൾ മറിക്കാൻ പ്രേരണയായി.
നിസ്സഹായത നിറഞ്ഞുനിൽക്കുന്ന കഥകൾ, ഒരുവശത്ത് ഒരിക്കൽ പൂത്തുകൊഴിഞ്ഞ പ്രണയശാഖകൾ വർഷങ്ങൾക്കിപ്പുറം വീണ്ടും തളിരിടുന്നതോടെ നിസ്സഹായരാവുന്ന കല്യാണി, രാമു തുടങ്ങി ഒരുപറ്റം കഥാപാത്രങ്ങൾ. മറുവശത്ത് ‘ജയചന്ദ്രനി’ലെ പേരില്ലാത്ത വൃദ്ധനും ‘സങ്കടത്തിന്നോരത്തെ’ ബാലനും നിസ്സഹായതയുടെ മറ്റൊരു മുഖത്തെ വരച്ചുകാട്ടുന്നു. കഥകളിൽ പലതിലും ആഖ്യാതാവിന്റെ പേരുപോലും വെളിപ്പെടുത്താതെ കഥ പറയുന്ന ആഖ്യാനശൈലിയിലൂടെ വായനക്കാരനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ കഥാകാരിക്ക് കഴിയുന്നു. ചിലകഥകളിൽ വിവിധ കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെ കഥപറയുന്ന, ഒരൽപ്പം ശ്രമകരമായ ജോലിയും കയ്യടക്കത്തോടെ ചെയ്ത് കഥാകാരി നമ്മെ അത്ഭുതപ്പെടുത്തുന്നു.
പെണ്ണിന്റെ ഹൃദയം മൃദുവും സുന്ദരവുമാണെങ്കിലും അതിന് ഉറപ്പ് കൂടുതലാണെന്ന് പറയുന്ന ഗായത്രിയും പ്രതികരിക്കാൻ ശേഷിയില്ലാതെ ചുരുണ്ടുകൂടുന്നവർക്ക് പ്രതിവിധി നിർദ്ദേശിക്കുന്ന രുഗ്മിണിയും പാത്രനിർമാണത്തിൽ മികച്ചുനിൽക്കുന്നു. ‘മൂന്ന് ജന്മങ്ങൾക്കിരുപുറവും’ ‘ജമോഗ’ തുടങ്ങിയകഥകളിൽ ഒരു തുടക്കക്കാരിയുടെ യാതൊരു പരവശവുമില്ലാതെ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ നെയ്തെടുത്ത മികവും പ്രശംസനീയമാണ്. ഒടുവിലൊരു നർമ്മത്തിൽ ചാലിച്ച നന്മ നേരുന്ന പേരയ്ക്കക്കഥയും ചേരുമ്പോൾ പുസ്തകം വായനക്കാരന് മധുരിതമായൊരു അനുഭവമേകുന്നു.
തിരക്കേറിയലോകത്ത് തിരക്കിട്ട് പായുന്നതിനിടയ്ക്കും തിരിഞ്ഞുനോക്കാൻ സമയം കണ്ടെത്തുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളുടെ കഥകളുടെ സമാഹാരമാണ് “സ്വപ്‌നങ്ങൾ നെയ്യുന്ന പെൺകുട്ടി. ”
വിഖ്യാതമായ അന്ന കരിനീനയുടെ ആദ്യവരികളിൽ ടോൾസ്റ്റോയ് കുറിക്കുന്നു, “All happy families are alike; each unhappy family is unhappy in its own way.” നിങ്ങളീ വാക്യം മുൻപൊരിക്കൽ കേട്ട വ്യക്തിയാണെങ്കിൽ, ഈ ചെറുകഥാസമാഹാരം നിങ്ങളെ ഈ വാക്യമൊരിക്കൽ കൂടെ ഓർമിപ്പിക്കുമെന്നത് തീർച്ച.