മലയാളം ഉപശീര്‍ഷകശില്‍പ്പശാലയ്‌ക്ക്  പയ്യന്നൂരിൽ തുടക്കം

0
438

ശരണ്യ. എം.

ലോകസിനിമകള്‍ മലയാളം ഉപശീര്‍ഷകങ്ങളോടെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നത് ഫിലിം സൊസൈറ്റികളുടെ നാളിതുവരെയുള്ള പല പരിമിതികളെയും മുറിച്ചുകടക്കുന്നതിന് നമ്മെ പ്രാപ്തരാക്കുന്നുണ്ട്. വളരെ വേഗതയില്‍ ഇംഗ്ലീഷിലുള്ള സബ്ടൈറ്റിലുകള്‍ വായിച്ച് അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിവുള്ള, ഉയര്‍ന്ന ഇംഗ്ലീഷ് പരിജ്ഞാനമുള്ളവര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സംഘം എന്ന നിലയില്‍ നിന്നും മാതൃഭാഷ വായിച്ചെടുക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും പ്രാപ്യമായ ഒരു ജനകീയ പ്രസ്ഥാനം എന്ന നിലയില്‍ ഫിലിം സൊസൈറ്റികള്‍ രൂപാന്തരപ്പെടുന്നതിന് മലയാളം സബ്ടൈറ്റിലുകള്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കാന്‍ പോവുകയാണ്.

ഉത്തമമായ സിനിമകള്‍ക്ക്, അവ ക്ലാസ്സിക് കാലഘട്ടത്തിലേത് ആയാലും സമകാലികമായത് ആയാലും മികച്ച മലയാളം സബ്ടൈറ്റിലുകള്‍ ലഭ്യമാവാത്തത് ഫിലിം സൊസൈറ്റികള്‍ നേരിടുന്ന ഒരു വലിയ പ്രയാസമാണ്. ഇപ്പോള്‍ ചില വ്യക്തികള്‍ അവരുടെ ആത്മനിഷ്ടമായ ചില താത്പര്യങ്ങളെ മുന്‍നിര്‍ത്തി സിനിമകള്‍ തെരഞ്ഞെടുക്കുകയും അവയ്ക്ക് മലയാളം പരിഭാഷകള്‍ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. മലയാള ഭാഷയോടും പൊതുവില്‍ സിനിമയോടുമുള്ള അഭിനിവേശത്തെ മുന്‍നിര്‍ത്തിയാണ് യാതൊരു പ്രതിഫലേച്ഛയും കൂടാതെ അവര്‍ ഈ പ്രവര്‍ത്തനം നടത്തുന്നത്. തീര്‍ച്ചയായും അങ്ങേയറ്റം അഭിനന്ദനാര്‍ഹാമായ ഒരു പ്രവൃത്തിയാണ്‌ അവര്‍ നടത്തുന്നത്. എന്നാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നുമുണ്ട്. ലോകോത്തരമായ ചിത്രങ്ങളുടെ ഉപശീര്‍ഷകങ്ങള്‍ ലഭ്യമാവാത്തത്, മൊഴിമാറ്റം വരുത്തുന്ന ഉപശീര്‍ഷകങ്ങളുടെ നിലവാരം, ഭാഷാപരമായ പ്രശ്നങ്ങള്‍, ആശയചോര്‍ച്ച, സാംസ്കാരികമായ പ്രശ്നങ്ങള്‍ തുടങ്ങിയവ ഗൗരവത്തില്‍ പരിഗണിക്കപ്പെടേണ്ടതാണ്. ഫിലിം സൊസൈറ്റികള്‍ അവരുടെ ഉത്തരവാദിത്വമായി ഈ പ്രവര്‍ത്തനങ്ങളെ കൂടെ ഏറ്റെടുത്താലേ ഈ ദിശയില്‍ നമുക്ക് ഏറെദൂരം മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ.

അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാന്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരളാ ഘടകത്തിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന രണ്ട് ശില്‍പ്പശാലകള്‍ കേരളത്തിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കയാണ്.

ഒരു ഫിലിം സൊസൈറ്റിയെ പ്രതിനിധീകരിച്ച് രണ്ടു പ്രതിനിധികള്‍ക്ക് ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കാവുന്നതാണ്. നല്ല സിനിമയോടുള്ള അങ്ങേയറ്റത്തെ താത്പര്യം, ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ ഉള്ള സാമാന്യമായ അറിവ്, വിവര്‍ത്തനം ചെയ്യാനുള്ള ആത്മവിശ്വാസം, കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള അറിവ് എന്നിവ ഉള്ളവരെയാണ് ശില്‍പ്പശാലയില്‍ പ്രതീക്ഷിക്കുന്നത്. ഫിലിം സൊസൈറ്റിയുടെ മുഖ്യഭാരവാഹികള്‍ പങ്കെടുക്കുക എന്നതിലുപരി ഇതിനോട് താത്പര്യമുള്ള ആളുകളെ അതത് പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തി പങ്കെടുപ്പിക്കുക എന്നതായിരിക്കണം സൊസൈറ്റികളുടെ സമീപനം. കാരണം മലയാളം ഉപശീര്‍ഷകങ്ങള്‍ തയ്യാറാക്കുന്നതിലുള്ള പ്രായോഗികമായ പരിശീലനം ആണ് ശില്‍പ്പശാലയില്‍ പ്രധാനമായും നടക്കുക. ഒപ്പം ഉപശീര്‍ഷക പരിഭാഷയുടെ സൈദ്ധന്തികമായ സമീപനങ്ങള്‍, സാംസ്കാരികമായ പ്രശ്നങ്ങള്‍, സാങ്കേതികമായ ഘടകങ്ങള്‍ എന്നിവയും ശില്‍പ്പശാലയുടെ ഉള്ളടക്കമായിരിക്കും. മലയാളം ഉപശീര്‍ഷകങ്ങളോട് കൂടിയ സിനിമകള്‍ കാണാനും ചര്‍ച്ചചെയ്യാനും അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും. ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ അതത് സൊസൈറ്റികള്‍ക്ക് ആവശ്യമായ സിനിമകളുടെ ഉപശീര്‍ഷകങ്ങള്‍ തയ്യാറാക്കി നല്‍കുവാന്‍ സ്വയം സന്നദ്ധരാവേണ്ടതുണ്ട്.

പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ ഫിലിം സൊസൈറ്റികള്‍ക്കായി 2018 മാര്‍ച്ച് 23 മുതല്‍ 25 വരെ പയ്യന്നൂരില്‍ വെച്ചാണ് ശില്‍പ്പശാല നടക്കുന്നത്. പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിമിന്റെ നേതൃത്വത്തിലാണ് പ്രാദേശികമായ സംഘാടനം നിര്‍വ്വഹിക്കുന്നത്. മറ്റ്‌ ജില്ലകളിലെ ക്യാമ്പ് വിവരങ്ങൾ വൈകാതെ പുറത്ത് വിടുന്നതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here