ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 31
ഡോ. രോഷ്നി സ്വപ്ന
‘I want to live with myself
I want to enjoy the good
that i owe to heaven alone….
Without witness
Free of love….’
Fray luis de leon – എന്ന ഫ്രെഞ്ച് കവിയുടെ ഈ വരികള്‍ എദ്ഗാര്‍ അല്ലന്‍ പോ മനഃപാഠമാക്കിയിരുന്നുവത്രേ.
അദ്ദേഹം എഴുതുന്നു.
‘എന്നെ സംബന്ധിച്ച്
വെറുപ്പ് കൂടാതെ
എനിക്ക് ജീവിക്കാനാകില്ല.
പക്ഷേ,വെറുപ്പെന്തെന്ന്
ഞാന്‍ അറിഞ്ഞിട്ടില്ല.
സ്‌നേഹമില്ലാതെ ജീവിക്കുന്ന കാര്യം ഞാന്‍ ആലോചിച്ചിട്ടു കൂടിയില്ല. പക്ഷേ ‘I want to live with myself,enjoy the good that i owe to Heaven’ എന്നുള്ളത് തിരുത്തപ്പെടും. സ്വര്‍ഗ്ഗത്തിലെ എല്ലാ നന്മയും സ്വീകരിക്കുകയാണെങ്കില്‍ അവിടെ ഇരുട്ടും ഉണ്ടായേക്കാം.
Then who lives more with themselves?
Who can explore themselves more?
Who can know more of themselves?
who can know himself more than the blind man
നിറങ്ങളും വെളിച്ചങ്ങളും സ്വപ്നങ്ങളും ജീവിതത്തില്‍ യാദൃശ്ചികമായി ഇടപെടുന്നതിനെക്കുറിച്ച് ഈ കവിത സൂചിപ്പിക്കുന്നു.
ഇത്തരത്തില്‍ ഒരു സ്വപ്നാനുഭവത്തിന്റെ മൂര്‍ച്ചയാണ് ക്രിസ്റ്റോഫര്‍ കീസ്ലോവ്‌സ്‌കിയുടെ ‘റെഡ്’ (Three colours: Red,1994) ഒരു ദൃശ്യം സ്വപ്നം കാണിക്കുക പിന്നീട് ആ ദൃശ്യത്തിലേക്ക് എത്താന്‍ 99 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ചലച്ചിത്രം എടുക്കുക.’ ത്രീ കളര്‍സ്: റെഡ്’ എന്ന ചലച്ചിത്രം കണ്ട സമയത്ത് അതാണ് എനിക്ക് തോന്നിയത് മൂന്ന് സിനിമകളുടെ കൂട്ടത്തിലെ ഒരംഗം. ബ്ലൂ, വൈറ്റ് എന്നിവ മറ്റ് അംഗങ്ങള്‍.
നമ്മുടെയൊക്കെ ജീവിതങ്ങളെ അദൃശ്യമായി ബന്ധിപ്പിക്കുകയും ഇടപെടുകയും ചെയ്യുന്ന ചില സ്പര്‍ശങ്ങളെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. ചുവപ്പും കറുപ്പും വെളിച്ചവും കലര്‍ന്ന ഒരു പതാകയിലേക്ക് ഒരു പെണ്‍കുട്ടിയുടെ മുഖം പടര്‍ന്ന ദൃശ്യമാണ് എന്നെയീ സിനിമയിലേക്ക് വലിച്ചിഴച്ചത്. ജീവിതത്തെ നിയന്ത്രിക്കുന്നതോ കൂടെ നടക്കുന്നതോ ആയ അപരിചിതസാന്നിധ്യങ്ങളെക്കുറിച്ച് ഒരു പക്ഷെ നാം അത്ര തന്നെ ഓര്‍ക്കാറില്ല. ഒരുപക്ഷേ നമ്മുടെ നിലനില്‍പ്പിനെ തന്നെ നിര്‍വചിക്കാന്‍ പ്രാപ്തമാക്കും വിധം ആഴങ്ങളിലേക്ക് മുക്കിക്കൊന്നേക്കാമെങ്കിലും നാം ആ ആഴത്തിലേക്ക് എടുത്തു ചാടും.
നാമറിയാതെ നാം പിന്തുടരുന്നതോ, നമ്മെ പിന്തുടരുന്നതോ ആയ ചില അദൃശ്യതകള്‍…..! നമ്മുടെ കാഴ്ചയ്ക്ക് പിന്നിലുള്ള ഒരു നിശബ്ദത നാമറിയാതെ തന്നെ നമ്മില്‍ മാറ്റിവരക്കുന്ന ഭൂപടങ്ങള്‍ എന്നിവയെ കുറിച്ചാണ് ഈ സിനിമ എന്നോട് സംസാരിച്ചത്. ഫ്രഞ്ച് പതാകയിലെ ചുവന്ന നിറം സാഹോദര്യത്തെയും പരസ്പര്യത്തെയും കുറിച്ചാണ് വിളിച്ചോതുന്നത്. ചിത്രം മുഴുവന്‍ ചുവപ്പിന്റെ സാന്നിധ്യം ഉണ്ട് താനും.
‘Painting is the silence of thought and the music of sight.’ എന്ന് ഓര്‍ഹാന്‍ പാമുക് തന്റെ നോവലായ ‘മൈ നെയിം ഈസ് റെഡ്’ല്‍ പറയുന്നുണ്ട്. ത്രീ കളര്‍സ് റെഡില്‍ ഓരോ ഷോട്ടും ഓരോ പെയിന്റിംഗ് പോലെയാണ് അനുഭവപ്പെടുക. ഏറ്റവും നിശബ്ദമായ സംവേദനം കൊണ്ട് ചുവപ്പിന്റെ കലർച്ചകളിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ട് പോകും.
മനുഷ്യന്റെ സംവേദനങ്ങളെ കൂട്ടിയിണക്കുന്ന സാങ്കേതികതയെക്കുറിച്ച് കൂടി ഈ ചലചിത്രം സംസാരിക്കുന്നു. ഒരു ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ സംഭവിച്ചേക്കാവുന്ന അദൃശ്യമായ സംവേദന ശൃംഖലകളുടെ യാത്രകളിലേക്കാണ് കീസ്ലോവ്‌സ്‌ക്കി തന്റെ കണ്ണുകള്‍ ചലിപ്പിക്കുന്നത്. കടലിനടിയിലും നഗരത്തിലും തെരുവോരങ്ങളിലും ക്യാമറയ്ക്ക് മുന്നിലും തെളിഞ്ഞു കാണുന്ന ചുവപ്പ്. ഏകാന്തതയെക്കുറിച്ചും യാദൃശ്ചികതകളെക്കുറിച്ചും പറയുന്നു, ഓരോ കാഴ്ചയിലും ഈ ചലച്ചിത്രം.
കീസ്ലോവ്‌സ്‌ക്കി ട്രൈലോജി പൂര്‍ത്തിയാക്കിയത് തന്റെ ചലച്ചിത്ര ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ ആണ്. ജനീവയില്‍ താമസിക്കുന്ന മോഡലാണ് വാലന്റൈന്‍. അപ്രതീക്ഷിതമായി അവള്‍ക്ക് അപരിചിതമായ ഇടങ്ങളിലേക്ക് അലഞ്ഞു തിരിയേണ്ടി വരുന്നു. അതിനിടയില്‍. അവള്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജിനെ പരിചയപ്പെടുന്നു. അയാളാകട്ടെ അവളുടെ അയല്‍ക്കാരന്റെ ഫോണ്‍ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ് കുറെ കാലങ്ങളായി. ഒരു പ്രത്യേക രസം അയാള്‍ തന്റെ പ്രവൃത്തിയില്‍ കണ്ടെത്തുന്നു. മനുഷ്യര്‍ക്കിടയില്‍ സംഭവിച്ചേക്കാവുന്ന ചില ബന്ധങ്ങള്‍, ക്ഷണികമായ ആനന്ദനങ്ങള്‍ എല്ലാം സിനിമ ചര്‍ച്ച ചെയ്യുന്നു. വാലന്റൈനും ജഡ്ജിനും ഇടയില്‍ രൂപപ്പെടുന്ന ബന്ധത്തിന് പുറം ലോകവുമായോ പൊതു ബോധവുമായോ ചേര്‍ന്ന് നില്‍ക്കുന്ന യാതൊരു ന്യായവാദങ്ങളും സംവിധായകന്‍ നിരത്തുന്നില്ല.
‘We’re always looking at
this love through the eyes of
the perosn
who is suffering’
because of this love’ എന്ന് തന്റെ പ്രണയ സങ്കല്പം കീസ്ലോവ്‌സ്‌കി വ്യക്തമാക്കിയിട്ടുണ്ട്.
റെഡില്‍ പല വിധത്തിലുള്ള പാരസ്പര്യങ്ങളെക്കുറിച്ചും ചങ്ങലക്കൊളുത്തുകളെക്കുറിച്ചും പറയുനണ്ട്. ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത ശേഷം, ഫോണിനെ മതിലുമായി ബന്ധിപ്പിക്കുന്ന വയറിനു മുകളിലൂടെ ക്യാമറ പാന്‍ ചെയ്യുന്നു, പ്രോക്സി വഴി പുറത്തുള്ള വലിയ ലോകത്തിലേക്ക് ക്യാമറ നീങ്ങുന്നു. തുടര്‍ന്ന്, സമുദ്രത്തിനടിയിലൂടെ നീണ്ടുകിടക്കുന്ന വയറുകളുടെ കൂട്ടം വെളിപ്പെടുന്നു.
മനുഷ്യര്‍ തങ്ങളുടെ ദൈനം ദിന ജീവിതത്തെക്കുറിച്ച് സാധാരണ ഗതിയില്‍ ചിന്തിക്കാറില്ല.എല്ലാവരും ഒരുമിച്ചിരിക്കുന്നുണ്ടെങ്കിലും.
ത്രീ കളര്‍സ് എന്ന ട്രൈലോജിയിലെ മുന്‍ഭാഗങ്ങള്‍ നഷ്ടങ്ങളെയും ജീവിക്കാനുള്ള കാരണങ്ങളെയും കുറിച്ചായിരുന്നുവെങ്കിലും, ചെറുതും വലുതുമായ വഴികളില്‍ നാമെല്ലാവരും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതില്‍ ചുവപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു മനുഷ്യനും ഒരു ദ്വീപല്ല എന്ന് സിനിമ ആവര്‍ത്തിച്ചുറപ്പിക്കുന്നു.
വാലന്റൈന്‍ ഡസ്സൗട്ട് (ഐറിന്‍ ജേക്കബ്), അഗസ്റ്റെ ബ്രൂണര്‍ (ജീന്‍-പിയറി ലോറിറ്റ്)എന്നീ അപരിചിതരായ രണ്ട് മനുഷ്യരുടെ ജീവിതവുമായി ചുവപ്പ്എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് സിനിമയുടെ ഒരു ആഖ്യാന ഇടം.വിശദീകരിക്കാനാകാത്ത, നിര്‍വ്വചിക്കാനാകാത്ത മനുഷ്യബന്ധങ്ങളോടുള്ള കീസ്ലോവ്‌സ്‌കിയുടെ കൗതുകങ്ങളും ഇതിലേക്ക് കലരുന്നുണ്ട്.
അവരുടെ ജീവിതത്തിനെ ബന്ധിപ്പിക്കുന്നത് ചിലപ്പോള്‍ നായ്ക്കള്‍ ആയിരിക്കാം എന്ന് തോന്നാം. അല്ലാതെ ഈ രണ്ട് വ്യക്തികള്‍ക്കിടയില്‍ ആഴത്തിലുള്ള ബന്ധം ഉള്ളതായി തോന്നില്ല.എന്നാല്‍ചുവപ്പ്മുന്നോട്ട് നീങ്ങുമ്പോള്‍ വാലന്റൈനിലും അഗസ്റ്റിലും പലപ്പോഴായി കേന്ദ്രീകരിക്കുന്ന സ്‌പോട്ട്‌ലൈറ്റിന് ഒരു ലക്ഷ്യമുണ്ടെന്ന് വെളിപ്പെടുന്നു. പ്രത്യേകിച്ചും, ജോസഫ് കെര്‍ണുമായി (ജീന്‍ ലുയിസ് ട്രിന്റിഗ്‌നന്റ് )ഒരുപാട് ബന്ധമുള്ള ഒരു കഥാപാത്രമാണ് അഗസ്റ്റേ എന്നിരിക്കെ.
ജോസഫ് സ്നേഹിച്ച ഒരു സ്ത്രീ അന്തരിച്ചിട്ട് വര്‍ഷങ്ങളായിരിക്കുന്നു. യാളുടെ ഏകാന്തജീവിതത്തിലേക്കാണ് വാലന്റൈന്‍ അപകടപ്പെട്ട നായയുമായി കടന്നു വരുന്നത്. മനുഷ്യനും മനുഷ്യനും മാത്രമല്ല മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം കൂടി കീസ്ലോവ്‌സ്‌കി വിഷയമാക്കുന്നു. അഗസ്റ്റേയുടെ നായ തന്റെ ഉടമസ്ഥന്‍ പോയിക്കഴിഞ്ഞ് ഭ്രാന്തമായി ചുറ്റും നോക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. ബന്ധങ്ങളുടെ ഇഴകള്‍ പലപ്പോഴും സങ്കീര്‍ണ്ണമാണ് കീസ്ലോവ്‌സ്‌കിയില്‍.
ഈ സങ്കീര്‍ണ്ണതയാണ് യഥാര്‍ത്ഥത്തില്‍ ചുവപ്പിനെ ആകര്‍ഷകമായ ഒരു ധ്യാനമായി പരിവര്‍ത്തിപ്പിക്കുന്നത്.
ബന്ധങ്ങളും പ്രണയവും രതിയുമെല്ലാം ജീവിതം നിലനില്‍ക്കാനുള്ള ഉപ്പാണെന്ന് സിനിമ പറയുന്നു.
സ്ബിഗ്‌നിയു പ്രേസ്‌നറിന്റെ സംഗീതമാണ് ഈ സിനിമയുടെ കേന്ദ്രരേഖയെ മുന്നോട്ട് നയിക്കുന്നത്. അനുഭൂതിതലങ്ങളെ മാന്ത്രികമായ ഒരു തലത്തിലേക്ക് ഉയര്‍ത്താന്‍ അദ്ദേഹത്തിന്റെ സംഗീതത്തിനു കഴിയുന്നു.പലപ്പോഴും ലോ നോട്ടുകളിലാണ് സംഗീതം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
യാദൃശ്ചികത,വിധി,മറ്റുള്ളവരുടെ ജീവിതത്തിന്റെ അവ്യക്തമായ രഹസ്യങ്ങള്‍,ചില പ്രാപഞ്ചികസത്യങ്ങള്‍,സമാന്തരങ്ങളും അസ്തിത്വപരമായ പ്രതിധ്വനികള്‍ എന്നിവ കീസ്ലോവ്‌സ്‌ക്കിയുടെ മുന്‍ സിനിമകളിലേത് പോലെ തന്നെ റെഡിലും കാണാം. അതിന്റെ ട്രീറ്റ്‌മെന്റ് പലപ്പോഴും ദി ഡബിള്‍ ലൈഫ് ഓഫ് വെറോണിക്കയെ ഓര്‍മ്മിപ്പിച്ചേക്കാം. കഥാപാത്രങ്ങള്‍ അദൃശ്യമായ ഒരു ചങ്ങല കൊണ്ട് പരസ്പരം ബന്ധിതരാണ് എന്ന് തോന്നിയേക്കാം.
ച്യൂയിംഗ്ഗം ബില്‍ബോര്‍ഡ് കാമ്പെയ്നിന് പോസ് ചെയ്യുന്ന ഒ മോഡലായ, വാലന്റൈനാണ് ഈ തോന്നലിന്റെ ആക്കം കൂട്ടുന്ന കഥാപാത്രം. അവളുടെ പ്രതിച്ഛായ നഗര തെരുവുകളില്‍ സ്ഥാപിക്കുക എന്നതാണ് ഒരു പ്രധാന ലക്ഷ്യം. അതില്‍ നിന്നുള്ള പ്രശസ്തി കൂടി അവളുടെ ലക്ഷ്യമാണ്. ത്രീ കളേഴ്സ്: റെഡിനെ ഒരു ന്യൂ വേവ് സിനിമയാക്കുന്നതില്‍ വലന്റിനയുടെ കഥാപാത്രസങ്കല്പനം പ്രധാനമാണ്. സിനിമയുടെ ഒരു ഭാഗത്ത് ചിത്രീകരണത്തിനിടയില്‍, നനഞ്ഞ മുടിയുമായി, കടുത്ത ചുവന്നപശ്ചാത്തലത്തില്‍, തീര്‍ത്തും നാടകീയമായി, വിഷാദ ഭാവത്തോടെ പോസ് ചെയ്യണമെന്ന് അവളോട് ഫോട്ടോഗ്രാഫര്‍ പറയുന്നുണ്ട്.
ത്രീ കളര്‍സ്, ബ്ലൂ ആന്റ് വൈറ്റ് എന്ന ആദ്യ രണ്ട് സിനിമകളില്‍ നിന്നുള്ള ത്രെഡുകളോട് ഇണക്കം തോന്നുമെങ്കിലും ആ തോന്നല്‍ വിചിത്രമായതെന്ന് ഉറപ്പിക്കും വിധത്തിലുള്ള അവസാനമാണ് റെഡിനുള്ളത്.
മോഡലിങ്ങനൊപ്പം പഠനവുമുണ്ട് വലന്റിനക്ക്. ഒരു രാത്രി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ റിത എന്ന ഗര്‍ഭിണിയായ ഒരു നായയെ അബദ്ധത്തില്‍ അവളുടെ കാര്‍ ഇടിക്കുന്നു. കുറ്റബോധത്തില്‍,അവള്‍ അതിനെ എടുത്ത് മൃഗവൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോകുന്നു. നായയുടെ കോളറില്‍ നിന്ന് അവള്‍ അതിന്റെ ഉടമസ്ഥന്റെ വിലാസം കണ്ടെത്തുന്നു. ബില്ലടച്ച് അവള്‍ നായയുടെ ഉടമയെ സന്ദര്‍ശിക്കുന്നു.ഒരു എഫ്എം റേഡിയോ ഉപയോഗിച്ച് അയല്‍വാസികളുടെ കോര്‍ഡ്‌ലെസ് ടെലിഫോണ്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് സ്വയം രസിപ്പിക്കുന്ന,വിനാശകരമായ ഒരു ഹോബിയുള്ള ജഡ്ജി ജോസഫ് കെര്‍ണ്‍ ന്റെതായിരുന്നു ആ നായ. ആളുകളുടെ സ്വകാര്യതയിലേക്കുള്ള അയാളുടെ കടന്നുകയറ്റത്തില്‍ വാലന്റീന നീരസം പ്രകടിപ്പിക്കുന്നു. പക്ഷെ പതിയെ രൂപപ്പെടുന്ന ഒരു സൗഹൃദം ആഖ്യാനത്തിന്റെ ചില ഞൊറിവുകള്‍ മനോഹരമായി ആവിഷ്‌കരിക്കുന്നു. വലന്റൈന്‍ന്റെ സ്വകാര്യമായ ചില കുടുംബ പ്രശ്‌നങ്ങള്‍ കൗശലപൂര്‍വ്വം ഏറ്റെടുക്കുന്നതായി അയാള്‍ അവളെ ബോധിപ്പിക്കുന്നു.
അതേസമയം, നിയമവിദ്യാര്‍ത്ഥിയും വാലന്റൈന്റെ അയല്‍വാസിയുമായ അഗസ്റ്റെ (ജീന്‍-പിയറി ലോറിറ്റ്) വാലന്റൈനോടും കെര്‍ണിനോടും നിഗൂഢമായ സാദൃശ്യമുള്ള ജീവിതം നയിക്കുന്ന ഒരാളാണ്. നിയമ ജീവിതവും അവളോടുള്ള പ്രണയവും അവനെ അസൂയാലുവായ ഒരു കാമുകനാക്കിയിരിക്കുന്നു.
ഈ സിനിമയുടെ നാടകീയമായ പ്രചോദനം വലന്റീനയുടെ വേഗത്തിലുള്ള ചലനങ്ങളാണ്. അതിനിടയില്‍ അവളുടെ വിധിന്യായത്തിന് കീഴടങ്ങുന്നു പലരും. താന്‍ ഒരിക്കല്‍ ഒരു പുരുഷനെ കുറ്റവിമുക്തനാക്കിയതും പിന്നീട് താന്‍ അങ്ങനെ ചെയ്തത് തെറ്റാണെന്നും ആ മനുഷ്യന്‍ കുറ്റക്കാരനാണെന്നു ബാധ്യപ്പെട്ടതെങ്ങനെയെന്നും അവന്‍ അവളോട് പറയുന്നുണ്ട്.ഈ മനുഷ്യന്‍ പിന്നീട് നിഷ്‌കളങ്കമായ, കുറ്റമറ്റ ജീവിതമാണ് നയിച്ചതെന്ന് കെര്‍ണില്‍ നിന്ന് കണ്ടെത്തുന്നു അവള്‍. തെറ്റായ വിധിയാണ് ശരിയെന്നും, വിധി തിരിച്ചുനല്‍കിയ മനുഷ്യനെയാണ് അവന്‍ ‘രക്ഷിച്ചു’ എന്നു പറയുന്നതെന്നും കൂടി അവള്‍ കണ്ടെത്തുന്നു. അല്ലെങ്കില്‍ ഒരുപക്ഷേ,ശിക്ഷ ഒരു മാന്യനായ ഒരാളെ പരുക്കനാക്കുകയും വികൃതമാക്കുകയും ചെയ്യുമായിരുന്നു എന്നുള്ള കണ്ടെത്തല്‍ കൂടി അവളില്‍ ഉണ്ടാകുന്നു.
അതിനെക്കുറിച്ചൊക്കെ ആധികാരികമായി ആര്‍ക്ക് പറയാന്‍ കഴിയുമെന്ന ആശങ്ക ഈ സിനിമയിലുണ്ട്. അവ്യവസ്ഥിതമായ ഒരവസ്ഥ ഒരുപക്ഷെ ത്രീ കളര്‍ സീരിസിലെ ഓരോ സിനിമകള്‍ക്കു പിന്നിലുമുണ്ട്. കഥാപാത്രങ്ങള്‍ ഈ സിനിമകളില്‍, പരസ്പരം കാണുന്നത് വിദൂരദൃശ്യങ്ങളിലാണ് പലപ്പോഴും. ലോകത്ത്,നാമെല്ലാവരും യഥാര്‍ത്ഥത്തില്‍ പരസ്പരം ഏറെ അടുത്താണ് എന്നതാണല്ലോ സത്യം.
‘ജീവിതത്തിന്റെ ഒരു തുള്ളി ശ്വാസം’ എന്ന് സിനിമയില്‍ ഒരിടത്ത് പരാമര്‍ശിക്കുന്നുണ്ട്. ജീവിതത്തിന്റെ ചെറിയ ചുറ്റളവിലാണ് എല്ലാവരും. തികച്ചും അപരിചിതരായ ആളുകള്‍ എന്താണ് ചിന്തിക്കുന്നതും അനുഭവിക്കുന്നതും എന്ന പ്രഹേളികയില്‍ നാം പരസ്പരം നോക്കുമ്പോള്‍ ,ഈ സിനിമകള്‍ ഏറ്റവും പുതിയ ഭാഷയില്‍ രീതിയില്‍,നമ്മുടെ വിചിത്രമായ ശീലങ്ങളെ ശാസിക്കുന്നു.
‘നോക്കൂ ഇവര്‍, ഈ ആളുകള്‍ നമ്മളെപ്പോലെയാണല്ലോ’ എന്ന് തോന്നിപ്പിക്കുന്നു ,ഒരു തരത്തില്‍ അവര്‍ നമ്മളാണ് എന്നതാണല്ലോ യാഥാര്‍ഥ്യം!
ആവര്‍ത്തിച്ചു വരുന്ന ഇത്തരം ചങ്ങലകളുടെ സാന്നിധ്യം പ്രൊഡക്ഷന്‍ ഡിസൈനിലേക്ക് പോലും വ്യാപിക്കുന്നുണ്ട് ചിലപ്പോള്‍. മിക്കപ്പോഴും ചുവപ്പ് നിറം ഉപയോഗിച്ചു കൊണ്ടാണ് ഈ അനുഭൂതി സാധ്യമാക്കുന്നത്. ത്രീ കളേഴ്സ് ട്രൈലോജിയിലെബ്ലൂആന്‍ഡ്വൈറ്റ് എന്നീരണ്ട് മുന്‍ ചിത്രങ്ങളിലും സ്ഥാപിതമായ വിഷ്വല്‍ സ്വഭാവമാണിത്. അതത് കഥാപാത്രങ്ങളുടെ പശ്ചാത്തലത്തിലേക്ക് കലരുന്ന ആവര്‍ത്തിച്ചുള്ള നിറസങ്കലനം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യത്യസ്ത പ്രതീകങ്ങളിലൂടെ സാധ്യമാകുന്ന അന്തര്‍ലീനമായ ബന്ധം കാണിക്കാന്‍ ചുവപ്പിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം പ്രാപ്തമാകുന്നു. ഒരു പുതിയ അര്‍ത്ഥം പ്രദാനം ചെയ്യുന്നുമുണ്ട്. കഥാപാത്രങ്ങള്‍ ഓരോരുത്തരുടെയും. ജീവിതം തികച്ചും വേറിട്ടതായി തോന്നിയേക്കാം, എന്നാല്‍ ചുവപ്പ് നിറം അവരുടെയെല്ലാം ആഖ്യാനഇടങ്ങളിലൂടെ ആഴത്തില്‍ കടന്നുപോകുന്നുണ്ട്. നമ്മളെല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാഴ്ചക്കാരനെ ഓര്‍മ്മിപ്പിക്കുന്നു ഈ പ്രക്രിയ.
പിയോറ്റര്‍ സോബോസൈന്‍സ്‌കിയുടെ ഛായാഗ്രഹണം വെളിച്ചങ്ങളെയും നിഴലുകളെയും. ഒപ്പിയെടുക്കുന്നത് അനുഭവത്തിന്റെ ഏറ്റവും അങ്ങേയറ്റത്താണ് നാം സൂക്ഷിച്ചു വക്കുക. വ്യായാമത്തിനിടയില്‍ പിന്നിലേക്ക് കഴുത്തു ചലിപ്പിച്ച് ശ്വാസം വിടുന്ന വലന്റിനയുടെ മുഖത്തിന്റെ ദൃശ്യം, തുടര്‍ന്ന് ഒരു ബോട്ടില്‍ വെള്ളം. മുഴുവന്‍ ഒറ്റയിറക്കില്‍ കുടിച്ചു തീര്‍ക്കുന്ന അവളുടെ മുഖം! രണ്ട് ഷോട്ടുകളിലും വെളിച്ചമാണ് കവിതയാകുന്നത്. നിഴലാണ് ഭാഷയാകുന്നത്. തുടര്‍ന്ന് ഫ്‌ലാഷ് ലൈറ്റ്കള്‍, മിന്നുന്ന സ്വര്‍ണ്ണ വെളിച്ചം, ചുവപ്പിന്റെ നേരിയ പാട.
റെഡില്‍ നിരവധി ദൃശ്യങ്ങള്‍ ചുവപ്പിന്റെ പല ഷെയ്ഡുകളിലൂടെ അവര്‍ത്തിച്ചു വരുന്നുണ്ട്. വലന്റീനയുടെ പല തരത്തിലുള്ള ചിത്രങ്ങള്‍ നിരന്നു കിടക്കുന്ന ഒരു മേശപ്പുറം. ചുവപ്പാണ് ആ ചിത്രങ്ങളില്‍ ഫോകസ് ചെയ്യപ്പെടുന്നത്.
മറ്റൊരു രംഗത്തില്‍ ഒരു ഓഡിറ്റോറിയം നിറയെ ചുവന്ന, ഒഴിഞ്ഞ കസേരകള്‍!
ഓരോ കഥാപാത്രത്തിനും ഓരോ ശരീര സാധ്യതകകളാണ് കല്പ്പിച്ചു കൊടുത്തിട്ടുള്ളത്. കഥാപാത്രങ്ങളുടെ ദൃശ്യതലങ്ങള്‍ (visual levels )പലപ്പോഴും പരീക്ഷണാത്മകമാണ്.
ചിത്രത്തിലുടനീളം ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ചില്ലുകള്‍ക്കിടയിലൂടെയുള്ള സുതാര്യമായ കാഴ്ചകള്‍ സിനിമയുടെ മറ്റൊരു പാഠം ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. പലപ്പോഴും കഥാപാത്രങ്ങള്‍ക്കിടയിലെ സംഭാഷണങ്ങള്‍, അവ മുറിഞ്ഞു പോകുന്ന സമയങ്ങള്‍. ഇവിടെയും ചില്ലുകളുടെയും പ്രതിഫലനങ്ങളുടെയും സാന്നിധ്യമുണ്ട്. വലന്റൈന്‍ന്റെ മുഖം കാറിന്റെ സുതാര്യ ശരീരത്തില്‍ പ്രതിഫലിക്കുന്നു ഒരിക്കല്‍.
അവസാന രംഗം നോക്കൂ. കപ്പല്‍ യാത്രയാകുന്നത് സ്‌ക്രീന്‍ മറക്കുന്ന കപ്പല്‍ച്ചാടിന്റെ ദൃശ്യം കൊണ്ടാണ്.നേര്‍ത്ത പാളിയിലൂടെ കപ്പല്‍ അകന്നു പോകുന്നത് കാണാം. കാറ്റ് ശക്തിയായി വീശുന്നു. വാലന്റിനയുടെ പോസ്റ്റര്‍ അഴിഞ്ഞു വീഴുന്നു. ആളുകള്‍ ആ പോസ്റ്റര്‍ തിരിച്ചു വക്കാന്‍ ശ്രമിക്കുകയാണ്. ആകാശം മേഘാവൃതമാണ്. ഒരു മേശമേല്‍ ചില്ലുഗ്ലാസില്‍ ചുവന്ന പാനീയം. പെട്ടെന്ന് അടിച്ച കാറ്റില്‍ അത് മറിഞ്ഞു വീഴുന്നു. റീത എന്ന നായ് പ്രസവിച്ചിരിക്കുന്നു. ഇളം ചുവന്ന വിരിപ്പിട്ടപെട്ടിയില്‍ നായ്ക്കുട്ടികള്‍. പിന്നീട് കാണുന്നത് മറിഞ്ഞു പോയ കപ്പലിന്റെ ദൃശ്യങ്ങള്‍. വാര്‍ത്ത കാണുന്ന കേര്‍ണര്‍ . ആളുകളെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍. സൈനികര്‍ക്ക് ചുവന്ന കുപ്പായം. ഓര്‍കോര്‍ എന്നൊരു റെഫുജീ ബോട്ടില്‍ നിന്ന് വലന്റീന പുറത്തിറങ്ങുന്നു. അവളുടെ മുഖം പരസ്യ ചിത്രത്തിന്റെ അതേ കോണിലേക്ക് പകര്‍ത്തി വച്ചതു പോലെ ഒരു ദൃശ്യത്തിലേക്ക് പോസ് ചെയ്യുന്നു. പതിയെ ക്യാമറ അവളുടെ മുഖത്തേക്ക് സൂം ചെയ്യുകയാണ്. യഥാര്‍ത്ഥമായ ഒരു ദൃശ്യത്തിലേക്ക് എത്താന്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കാത്ത വഴികളിലൂടെ സംവിധായകന്‍ എത്തിച്ചേരുന്നു.
എല്ലാ ചിത്രങ്ങള്‍ക്കും ക്രിസ്റ്റ്‌സ്‌ടോഫ് പീസ്വെവിക്‌സ് (Krzystztof Piesiewicz)നോടൊപ്പമാണ് കീസ്ലോവ്‌സ്‌ക്കി തിരക്കഥ എഴുതിയത്. തന്റെ അമ്പത്തിരണ്ടാം വയസില്‍ യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന സംവിധായകനായി അദ്ദേഹം മാറി. ഈ പ്രശസ്തിയെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.
‘എന്തെങ്കിലും നേടിയെടുക്കലില്‍ കാര്യമായ നേട്ടമില്ല.
നേട്ടങ്ങളുടെ വഴികളാണ് ഉന്മേഷം തരുന്നത് ‘
അമേരിക്കന്‍ ഇല്ലസ്‌ട്രേറ്ററായ വിക്ടോ നാഗി (victo Nagi ) കീസ്ലോവ്കിയുടെ സിനിമകള്‍ (പ്രത്യേകിച്ച് ത്രീ കളഴ്സ് )ആധാരമാക്കി ധാരാളം രേഖാ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഓരോ കഥാപാത്രവും സവിശേഷമായ വിശകലനം ആവശ്യപ്പെടുന്ന ആഴമുള്ളവരാണ് എന്ന് വിക്ടോ പറയുന്നു. റെഡ് ആധാരമാക്കി വരച്ച ചിത്രങ്ങളില്‍ ഒന്നിലും വലന്റിനക്കൊ കെറിനോ കണ്ണുകള്‍ ഇല്ല എന്ന ഒരു പ്രത്യേകതയുണ്ട്. ജീവന്‍ ഉള്ളില്‍ തുടിക്കുന്ന ദൃശ്യങ്ങളുടെ സമൃദ്ധിയാണ് വിക്ടോയെ ഈ വരകളിലേക്ക് നയിച്ചത്.
പൊട്ടിയ ചില്ലിനുള്ളിലൂടെ കാണുന്ന കരയുന്ന കെറിന്റെ കണ്ണുകളാണ് ഓര്‍മ്മയില്‍. അയാള്‍ കാണുന്ന ആ ചുവപ്പ് കാഴ്ചയും. ഒരു പക്ഷെ ചുവപ്പിലേക്ക് പടരുന്ന അവളുടെ മുഖം മാത്രമായിരിക്കും ത്രീ കളര്‍സ് റെഡ് എന്ന കവിത എഴുതിയപ്പോള്‍ കീസ്ലോവ്‌സ്-ക്കിയുടെ ഉള്ളില്‍ തെളിഞ്ഞിരിക്കുക.
There are mysteries,
secret zones in each individual.
എന്നാണല്ലോ അദ്ദേഹം വിശ്വസിച്ചത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല