ഐക്യ ഇന്ത്യ: പ്രതീക്ഷയും പ്രതിസന്ധിയും 

0
186

(ലേഖനം)

കെ ടി അഫ്സൽ പാണ്ടിക്കാട്
ബ്രിട്ടീഷ് അധിനിവേശത്തിന്റെ കീഴിലായിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവുമുണ്ടെന്ന് പ്രഖ്യാപിച്ച വിനായക് ദാമോദർ സവർക്കറിന്റെ കീഴിൽ രൂപം കൊണ്ട ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ആധാരമാക്കി സ്വാതന്ത്രനന്തര ഇന്ത്യയെ ഭരിക്കണമെന്ന അതിമോഹത്തിലൂടെയാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപം കൊള്ളുന്നത്. ഇന്ത്യയിൽ ഹിന്ദു പാരമ്പര്യമുള്ളവരും ആ പാരമ്പര്യത്തെ അംഗീകരിച്ച് ജീവിക്കാൻ മനസ്സുള്ളവരും മാത്രം മതിയെന്ന് പറഞ്ഞ് അതിനനുസരിച്ച് നിയമവ്യവസ്ഥകൾ രൂപപ്പെടുത്തുകയാണ് നിലവിലെ ഉന്നത ഭരണസിരാ കേന്ദ്രത്തിലെ നേതാക്കൾ. ഇന്ത്യൻ ജനതയെ വർഗീയമായി ഭിന്നിപ്പിച്ച് നിർത്തിയാൽ ഭരണവും അധികാരവും പുഷ്പം പോലെ നടക്കുമെന്ന ബ്രിട്ടീഷ് അജണ്ടയാണ് ന്യൂനപക്ഷങ്ങൾക്കെതിരെ നിലവിൽ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് ഇന്ത്യൻ നാഷണൽ ഡവലപ്‌മെന്റ്‌
ഇൻക്ലൂസീവ് അലിയൻസ് (ഇന്ത്യ) എന്ന പ്രതിപക്ഷ സഖ്യം രൂപപ്പെടുന്നത്.
രാജ്യത്ത് ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കങ്ങൾ ഏതാനും മാസങ്ങളായി സജീവമായി നടന്ന് കൊണ്ടിരിക്കുകയാണ്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വിലപ്പെട്ട പാഠങ്ങൾ നൽകിയതിന് പിന്നാലെയാണത്. ശക്തമായ ഇടപെടലുകൾ നടത്തിയാൽ ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നത് തന്നെയാണ് അതിൽ പ്രധാനം. കർണാടകയിൽ പ്രതിപക്ഷ പാർട്ടികള്‍ യോജിച്ചിരുന്നെങ്കിൽ നിലവിലുള്ളതിനെക്കാൾ ദയനീയമായി ബിജെപിയെ നിലംപരിശാക്കാമായിരുന്നു എന്ന നഗ്ന യാഥാർഥ്യമാണ് ‘ഇന്ത്യ’ യിലേക്കുള്ള വേഗത വർധിപ്പിച്ചത്.
ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായാണ് ബാംഗ്ലൂരിൽ ചേർന്ന രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ കഴിഞ്ഞ ഐക്യ സമ്മേളനം അവസാനിച്ചത്. കാശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങളുടേതായ സ്വാധീന മേഖലകളുള്ള 26 പാർട്ടികളാണ് ബിജെപിക്കെതിരെ പ്രതിപക്ഷ നിരയിൽ അണിനിരന്നത്. നയങ്ങളിലും നിലപാടുകളിലും ഭിന്നാഭിപ്രായങ്ങളുള്ള ഈ പാർട്ടികൾ അഭിപ്രായഭിന്നതകൾക്കെല്ലാം അവധി നൽകി രാജ്യത്തിന്റെ അപകടാവസ്ഥയുടെ ആഴം ഉൾക്കൊണ്ട് ഒരുമിച്ചു പൊരുതാൻ തീരുമാനിച്ചത് ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
രാജ്യത്തിന്റെ മതനിരപേക്ഷതക്കും ജനാധിപത്യ അടിത്തറക്കും അഖണ്ഡതക്കും ബിജെപി ഉയർത്തുന്ന ഭീഷണി അതേ ഗൗരവത്തിൽ തിരിച്ചറിഞ്ഞ്‌ നിലപാട്‌ സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
 ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതരത്വത്തിനും ജനാധിപത്യത്തിനും ആത്യന്തികമായി ഭരണഘടനയ്ക്കുമെതിരെ നിലകൊള്ളുന്ന സംഘ്പരിവാര്‍ ഭരണകൂടത്തെ പുറന്തള്ളുക എന്നതു തന്നെയാണ് പ്രതിപക്ഷ സഖ്യത്തിന്റ മുഖ്യ കടമ. അതിന് തന്നെയാണ് സഖ്യം ശ്രമിക്കുന്നതും. ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രധാന എതിരാളി ബിജെപിയാണെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. അവരെ ഒറ്റപ്പെടുത്താനും അധികാരത്തിൽ നിന്ന് പുറത്താക്കാനും എല്ലാ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും യോജിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിനുള്ള വ്യാപകവും ശക്തവുമായ പ്രവർത്തനങ്ങളാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഇന്ത്യൻ ജനത പ്രതീക്ഷിക്കുന്നതും.
ഇന്ത്യ പോലെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്ത്‌ സംസ്ഥാനാടിസ്ഥാനത്തിൽ രൂപപ്പെടുന്ന പ്രാദേശിക കക്ഷികളുടെ കൂട്ടായ്‌മയാകും ബിജെപിക്ക്‌ എതിരായ യഥാർഥ ബദൽ ശക്തിയെന്നത് വ്യക്തമായ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ സഖ്യം രൂപപ്പെട്ടത്. എന്നാൽ, മതം, ജാതി വിഭജനത്തിലൂന്നി ആർഎസ്‌എസ്‌ പിന്തുണയോടെ രാഷ്‌ട്രീയം കളിക്കുന്ന ബിജെപിയെ തോൽപ്പിക്കാൻ കൂടുതൽ ജാഗ്രത അനിവാര്യമാണെന്ന യാഥാർഥ്യവും പ്രതിപക്ഷ സഖ്യ കൂടിച്ചേരലുകൾ പറയാതെ പറയുന്നുണ്ട്‌.
നിലവിൽ ‘ഇന്ത്യ’ സഖ്യത്തിൽ പ്രതിപക്ഷ നിരയിലെ ബി എസ് പിയടങ്ങുന്ന പല പാർട്ടികളുമില്ല. എന്നാൽ സഖ്യ നേതാക്കൾ അതേക്കുറിച്ച് ആകുലരുമല്ല. കർണാടകയിലും ഹിമാചലിലും നേടിയ വിജയത്തിന്റെയും രാഹുലിന്റെ പദയാത്രയുടെയും പിൻബലത്തിൽ നിതീഷും തന്ത്രജ്ഞരും ചേർന്ന് പുതിയ രസതന്ത്രങ്ങൾ അനുകൂലമാക്കാനുള്ള ഒരുക്കത്തിലാണ്. നിലവിൽ പാർലമെന്റിൽ പ്രതിപക്ഷം പുലർത്തുന്ന ഏകോപനത്തിൽ ആ രസതന്ത്രം പ്രകടവുമാണ്. 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി അത് ജനകീയ തലത്തിൽ എത്രമാത്രം ഫലപ്രദമായി വ്യാപിപ്പിക്കാനാവും എന്നത് കണ്ടറിയുക തന്നെ വേണം.
ഇത്തരം കൂടിയിരുത്തങ്ങൾ പ്രതിപക്ഷ ഐക്യത്തിനു വേണ്ടി മാത്രമുള്ള അഭ്യാസമായി ഒതുങ്ങിയില്ലെങ്കിൽ ഇന്ത്യ മുന്നണി രൂപവത്ക്കരണം 2024 തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് വലിയ വഴിത്തിരിവാകും എന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ രൂപപ്പെടുന്ന സഖ്യത്തെ പോലെ തിരഞ്ഞെടുപ്പിലെ വോട്ടുകൾ സ്വരൂപിക്കാനോ തിരഞ്ഞെടുപ്പിനുശേഷം സീറ്റുകൾ ഒന്നിപ്പിക്കാനോ സാധിക്കുമെന്നത് ഇന്ത്യ രൂപീകരണത്തിന്റെ അധിക നേട്ടം തന്നെയാണ്. എന്നാൽ ഇന്ത്യ എന്ന ആശയത്തെ തന്നെ ആവിഷ്കരിക്കാനും പ്രയോജനപ്പെടുത്താതെ കിടക്കുന്ന മുഴുവൻ ഊർജ്ജങ്ങളെയും സംയോജിപ്പിക്കാനും സാധിച്ചാൽ ജുഡേഗ ഭാരത്, ജിതേഗ (ഒരുമിക്കും, ഇന്ത്യ വിജയിക്കും) മെന്ന മുദ്രാവാക്യത്തിലൂടെ വലിയ മുന്നേറ്റം തന്നെ രാഷ്ട്രീയത്തിൽ ‘ഇന്ത്യ’ നടത്തും.
പ്രാരംഭ നേട്ടങ്ങളെ ഉപയോഗപ്പെടുത്തി ഇന്ത്യൻ ജനതയ്ക്ക് ആവശ്യമായ അടിത്തറ എങ്ങനെ കെട്ടിപ്പടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പുതിയ സഖ്യത്തിന്റെ സാധ്യതകൾ നീണ്ടുകിടക്കുന്നത്.
മൃത്യാസനായി കിടന്നിരുന്ന എൻഡിഎയെ പുനർ ജീവിപ്പിക്കാൻ ബിജെപി തിരക്കിട്ട് നടത്തിയ ശ്രമങ്ങളും പ്രധാനമന്ത്രിയുടെ ‘ഇന്ത്യ’യോടുള്ള പ്രതികരണവും ഭരണപക്ഷ സഖ്യങ്ങളുടെ പുതിയ നിയമ സംഹിതകളും ‘ഇന്ത്യ’ എത്രത്തോളം ഭരണ സിരാ കേന്ദ്രത്തെ പേടിപ്പെടുത്തുന്നു എന്നതിന്റെ തെളിവുകളാണ്.
ന്യൂനപക്ഷങ്ങൾ നിരന്തരമായി വേട്ടയാടി കൊണ്ടിരിക്കുന്ന നവീന കാല സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ പ്രത്യാശ വളർത്തുന്നതിന് തീർച്ചയായും ഒരു അജണ്ട അനിവാര്യമാണ്. അതാണ് ഇന്ന് കോൺഗ്രസ് നേത്രത്വത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ആ അജണ്ടയുടെ ആത്മാർത്ഥതയിലും സാധ്യതയിലും വിശ്വാസമുറക്കുമ്പോൾ മാത്രമേ അത് ജനങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുകയൊള്ളു എന്നതാണ് യഥാർത്ഥ്യം. പ്രതിപക്ഷത്തുള്ളവരടക്കം ഒട്ടുമിക്ക മുഖ്യധാര പാർട്ടികളോടും ജനങ്ങൾക്കുള്ള വിശ്വാസ രാഹിത്യം കണക്കിലെടുക്കുമ്പോൾ അത് അത്ര എളുപ്പമാകില്ല എന്ന് വേണം കരുതാൻ.
പ്രതിപക്ഷ ഐക്യത്തിന്റെ പേര് തന്നെ ജനങ്ങളിൽ ഉണ്ടാക്കിയെടുത്ത സ്വാധീനം ചെറുതൊന്നുമല്ല. ബിജെപി വിരുദ്ധസഖ്യം സമീപകാലത്ത് ജനങ്ങളോട് നടത്തിയ ഏറ്റവും മനോഹരവും പ്രഹരശേഷിയുള്ളതുമായ രാഷ്ട്രീയ സംവേദനം (political communication) മായാണ് രാഷ്ട്രീയ നിരീക്ഷകർ അതിനെ വിലയിരുത്തിയത്.
ഇന്ത്യ എന്ന പേരിന്റെ ആനുകൂല്യം വോട്ടായും വോട്ടുകൾ സീറ്റുകളായി മാറ്റാനുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചരണ പരിപാടികളും എത്ര ഫലപ്രദമായി നടത്താൻ കഴിയുമോ അതിനനുസരിച്ചായിരിക്കും ‘ഇന്ത്യ’യുടെ ഭാവി. ദേശീയതലത്തിലെ യോജിപ്പ് സംസ്ഥാനങ്ങളിൽ എങ്ങനെ ഫലപ്രദമായി നടപ്പാക്കാൻ കഴിയും എന്നതാണ് പ്രതിപക്ഷ ഐക്യ നിരയുടെ മറ്റൊരു ബാധ്യത.
ഇന്ത്യ മുന്നണിയിലെ വെല്ലുവിളികൾ തുടങ്ങുന്നതേയുള്ളൂ. ഈ വെല്ലുവിളികളെ രാഷ്ട്രീയ നിശ്ചയദാർഢ്യത്തോടെ ആഭിമുഖീകരിക്കാൻ ‘ഇന്ത്യ’ക്ക് സാധിച്ചാൽ നിലവിലെ അരാഷ്ട്രീയത്തെയും മുതലാളിത്വ വത്കരണത്തെയും രാജ്യം അതിജീവിക്കുമെന്നുറപ്പാണ്.
സഖ്യം: ആശയത്തിന്റെ ഉത്ഭവം
സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ആദ്യ രണ്ട് പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്യ കാലമായിരിന്നു. പാര്‍ലമെന്റിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണം കൈയാളിയിരുന്നതും അവർ തന്നെ. 1969-ല്‍ കോണ്‍ഗ്രസിനെ കാര്യമായി ബാധിച്ച പിളര്‍പ്പ് പാർട്ടിയിൽ ഉണ്ടായിട്ട് പോലും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് വേണ്ടവിധം കൈകാര്യം ചെയ്തിരുന്നുവെന്നതും ഭരണകാലാവധി പൂര്‍ത്തിയാക്കിയെന്നതും കോൺഗ്രസ്സിന് അന്നുണ്ടായിരുന്ന സ്ഥാനത്തെ വിളിച്ചോതുന്ന പ്രധാന സംഭവമാണ്. 1971-ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടുകയും 1977 വരെ നീണ്ടുനിന്ന ഏകകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തതും ഇതിന്റെ തെളിവാണ്. തുടർന്ന് 1975 ജൂണില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും തുടർന്ന് 1977ല്‍ അത് പിന്‍വലിക്കുകയും ചെയ്തു.
ഇതിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് മുതലാണ് ഇന്ത്യ സഖ്യ രാഷ്ട്രീയം കേട്ട് തുടങ്ങിയത്. ഒട്ടേറെ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ ട്രെന്‍ഡ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കണ്ടു.
ആദ്യ സഖ്യം – ജനതാപാര്‍ട്ടി (1977-1979)
ഇന്ദിരാഗാന്ധിയുടെ ഭരണത്തില്‍ അസംതൃപ്തരായ, വ്യത്യസ്തമായ ഒരു കൂട്ടം പാര്‍ട്ടികള്‍ ഒന്നിച്ചുചേര്‍ന്ന് 1970-കളുടെ അവസാനത്തോടെ സഖ്യരൂപീകരണത്തിന് ശ്രമങ്ങളാരംഭിച്ചു. ഇത്തരത്തിലുള്ള ആദ്യ പരീക്ഷണമായിരുന്നു ഇത്. വ്യത്യസ്തമായ ആശയങ്ങള്‍ പുലര്‍ത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പെട്ടെന്ന് ഒന്നിച്ചു ചേര്‍ന്ന് ജനതാ പാര്‍ട്ടിയെന്ന പുതിയൊരു പാര്‍ട്ടിക്ക് രൂപം നല്‍കി. അടിയന്താരാവസ്ഥയെ എതിര്‍ക്കുന്ന എല്ലാവരും, ജഗ് ജീവൻ റാം അടക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്നുള്ളവർ പോലും ഈ പാര്‍ട്ടിയില്‍ ചേര്‍ന്നു.
1977 ജനുവരി 23-നാണ് ജനതാ പാര്‍ട്ടി ഔദ്യോഗികമായി ആരംഭിച്ചത്. ജനതാ പാര്‍ട്ടിയുടെ രണ്ട് വര്‍ഷം നീണ്ട കാലയളവില്‍ മൊറാര്‍ജി ദേശായിയും ചരണ്‍ സിങ്ങും എന്നീ രണ്ട് പ്രധാനമന്ത്രിമാരുണ്ടായി. 1977-ല്‍ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം വീണ്ടും വിജയം നേടിയെങ്കിലും തമ്മിലടി രൂക്ഷമായതോടെ രണ്ട് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ താഴെ വീണു.
സഖ്യത്തിന്റെ പരാജയത്തെക്കുറിച്ച് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്‌പേയി പറഞ്ഞത് ഇപ്രകാരമാണ്: ”തിരിഞ്ഞു നോക്കുമ്പോള്‍ ഈ അവസ്ഥയുടെ ഉത്തരവാദിത്വം എല്ലാവരും പങ്കിടണം. സഖ്യത്തിലെ വിശ്വസ്തതയും വ്യക്തിഗത താത്പര്യങ്ങളും പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്നു. സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ജനതാപാര്‍ട്ടിയുടെ പ്രകടനം അതിനു മുമ്പുള്ള കോണ്‍ഗ്രസ് ഭരണകാലത്തേക്കാള്‍ ഏറെ മികച്ചതായിരുന്നു. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ വഴക്കുകളും എതിര്‍പ്പുകളും പരസ്യമായി പറഞ്ഞതും അന്തരീക്ഷത്തെ തകിടം മറിക്കുകയും പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്തു”.
ഇത് തന്നെയാണ് ‘ഇന്ത്യ’ സഖ്യത്തിലുള്ള ആശങ്കയും. ഭരണം കയ്യിൽ വന്നാൽ ആരെന്താവുമെന്ന് കണ്ടറിയുക തന്നെ വേണം.
രണ്ടാം സഖ്യം: നാഷണല്‍ ഫ്രണ്ട് (1989-1990)
ജനതാദള്‍, തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), ദ്രാവിഡ മുന്നേട്ര കഴകം (ഡിഎംകെ), അസം ഗന പരിഷത് (എജിപി), കോണ്‍ഗ്രസ് എസ് (സോഷ്യലിസ്റ്റ്) എന്നീ പാര്‍ട്ടികള്‍ കൂടിച്ചേര്‍ന്നാണ് നാഷണല്‍ ഫ്രണ്ട് രൂപീകരിച്ചത്. ബിജെപിയുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും പുറത്ത് നിന്നുള്ള പിന്തുണ കൊണ്ടാണ് സഖ്യത്തിന് ജന ശ്രദ്ധയാകർശിക്കാൻ സാധിച്ചത്. 1984-ല്‍ വന്‍ വിജയം നേടിയ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ദിരാ ഗാന്ധിയുടെ വധത്തോടെ വീണ്ടും വലിയ തോൽവിയിലേക്ക് കൂപ്പുകുത്തി. തുടര്‍ന്ന് 1989-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് തോല്‍വിയേറ്റു വാങ്ങി. അന്ന് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോണ്‍ഗ്രസ് നേടിയത് വെറും 197 സീറ്റുകള്‍ മാത്രം.
എന്നാല്‍ 146 സീറ്റുകള്‍ നേടിയ നാഷണല്‍ ഫ്രണ്ടും ബിജെപിയുടെ 86 സീറ്റുകളും ഇടതുപാര്‍ട്ടികളുടെ 52 സീറ്റുകളുമായി ചേർന്ന് വി.പി സിങിന്റെ നേത്രത്വത്തിൽ സര്‍ക്കാര്‍ രൂപീകരിച്ചു.
രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി അയോധ്യയിലേക്ക് രഥയാത്ര നടത്തിയ തങ്ങളുടെ നേതാവ് എല്‍കെ അദ്വാനിയെ അറസ്റ്റ് ചെയ്തതോടെ ബിജെപി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ സര്‍ക്കാര്‍ താഴെ വീണു.
മൂന്നാം സഖ്യം: ജനതാദള്‍ (സോഷ്യലിസ്റ്റ്), സമാജ് വാദി പാര്‍ട്ടി(1990-91)
വിപി സിങ് സര്‍ക്കാരിന്റെ പതനത്തോടെയാണ് മൂന്നാം സഖ്യത്തിന്റെ രൂപീകരണം നടക്കുന്നത്. ജനതാദളിന്റെ അമരക്കാരനായിരുന്ന ചന്ദ്രശേഖര്‍ ഇതില്‍ നിന്ന് മാറി 64 എംപിമാരുമായി ചേര്‍ന്ന് സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ അദ്ദേഹം ഭരണത്തിലെത്തുകയും പ്രധാനമന്ത്രിയാകുകയും ചെയ്തു. എന്നാൽ സര്‍ക്കാര്‍ രാജീവ് ഗാന്ധിക്കെതിരേ പടനീക്കം നടത്തുന്നുവെന്ന ആരോപണം പുറത്തു വന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഏഴുമാസത്തോടെ സർക്കാരും സഖ്യവും താഴെ വീണു.
നാലാം സഖ്യം: യുണൈറ്റഡ് ഫ്രണ്ട്‌ (1996-1998)
രണ്ട് വര്‍ഷം മാത്രം നീണ്ടുനിന്ന ഈ സഖ്യത്തിൽ നിന്ന് പിന്നീട് രണ്ട് പ്രധാനമന്ത്രിമാരുണ്ടായി. എച്ച്ഡി ദേവഗൗഡയും ഐകെ ഗുജ്‌റാളും. ജനതാദള്‍, സിപിഐ, കോണ്‍ഗ്രസ് (ടി), സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, എജിപി, തമിഴ് മാനിലാ കോണ്‍ഗ്രസ് (ടിഎംസി), തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) എന്നിവർ കൂടിയ സഖ്യമാണ് സര്‍ക്കാർ രൂപീകരിച്ചത്.
സഞ്ജയ് രൂപരേലിയ സഖ്യത്തെ കുറിച്ച് എഴുതിയത് ഇപ്രകാരമാണ്:
’11-ാമത് പൊതു തിരഞ്ഞെടുപ്പ് കൂടുതല്‍ ആഴത്തില്‍ വിള്ളലുണ്ടാക്കുന്ന വിധമായിരുന്നു. 29 പാര്‍ട്ടികൾക്കും ഒന്‍പത് സ്വതന്ത്രര്‍ക്കും ലോക്‌സഭയില്‍ പ്രാതിനിധ്യം ലഭിച്ചു. ദേശീയ പാര്‍ട്ടികളില്‍ ഏഴെണ്ണം ആകെയുള്ളതിന്റെ നാലില്‍ മൂന്ന് ഭാഗവും നേടി, 543-ല്‍ 403 സീറ്റുകളും നേടിയത് ഈ സഖ്യമായിരിന്നു. കോണ്‍ഗ്രസ് അതിന്റെ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലേക്ക് കൂപ്പുകുത്തി. 140 സീറ്റുകളാണ് കോൺഗ്രസ്‌ നേടിയത്’.
ഈ തിരഞ്ഞെടുപ്പിലൂടെയാണ് ബിജെപി ഇന്ന് കാണുന്ന വൻ ഭൂരിപക്ഷ നിലയിലേക്കെത്തിയത്. 1991-ല്‍ 41 സീറ്റുകള്‍ മാത്രം നേടിയെടുത്ത അവർ ഇതോട് കൂടി 161 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി. എബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് മൂന്നാം മുന്നണിയെന്ന ആശയം രൂപപ്പെട്ടു. 140 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് സഖ്യത്തിന് നേതൃത്വം നല്‍കാന്‍ മടികാണിച്ചെങ്കിലും സഖ്യത്തെ പിന്തുണയ്ക്കാമെന്ന് അറിയിച്ചതോടെ സർക്കാർ നിലവിൽ വന്നു. എന്നാൽ പാർട്ടികൾ തമ്മിലുള്ള തർക്കം കാരണം സര്‍ക്കാറിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
അഞ്ചാം സഖ്യം: നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) (1998 മുതൽ ഇത് വരെ)
1998-ലാണ് എൻ. ഡി. എ സഖ്യം രൂപവത്കരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപിക്കൊപ്പം ഓള്‍ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേട്ര കഴഗം (എഐഎഡിഎംകെ), ബിജു ജനതാദള്‍ (ബിജെഡി), ശിവസേന, ലോക് ശക്തി, അരുണാചല്‍ കോണ്‍ഗ്രസ്, സാംതാ പാര്‍ട്ടി, അകാലി ദള്‍, പട്ടാലി മക്കള്‍ കച്ചി (പിഎംകെ) തുടങ്ങിയ പാര്‍ട്ടികളും ചേര്‍ന്നതോടെ സഖ്യം ശക്തിയാർജ്ജിച്ചു. ഈ സഖ്യം നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളാണ് വിജയിച്ചത്. (1998, 1998, 2014, 2019). ഇതിന്റെ രൂപീകരണത്തിന് ശേഷം ഒട്ടേറെ പാര്‍ട്ടികള്‍ സഖ്യത്തിൽ നിന്ന് പിരിഞ്ഞു പോകുകയും പുതിയ കുറേ പാര്‍ട്ടികള്‍ കൂടിച്ചേരുകയും ചെയ്തു. ഈയൊരു സഖ്യം മാത്രമാണ് 25 വര്‍ഷമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനില്‍ക്കുന്നത്.
ആറാം സഖ്യം: യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) 1 & യുപിഎ 2 (2004-2014)
കോൺഗ്രസിന്റെ നേത്രത്വത്തിലുള്ള ഈ സഖ്യം രണ്ട് തിരഞ്ഞെടുപ്പുകളാണ് വിജയിച്ചത്. (2004, 2009).കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), ഡിഎംകെ, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), എല്‍ജെപി, പിഎംകെ എന്നിവയാണ് യു പി എയിലെ കക്ഷികള്‍. ആദ്യ യുപിഎ സര്‍ക്കാരിനെ സിപിഐയും സിപിഎമ്മും പുറമെ നിന്ന് പിന്തുണച്ചു. എന്നാൽ യു എസ് എയുമായുള്ള ആണവ കരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് അവര്‍ പിന്തുണ പിന്‍വലിക്കുകയായിരുന്നു.
രാഷ്ട്രീയ പ്രക്രിയകളില്‍ ഇതുവരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ഒറ്റപ്പെട്ട് മാറി നില്‍ക്കേണ്ടി വന്ന വിഭാഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ജനാധിപത്യം ഇപ്പോള്‍ ബഹുജന സ്വഭാവവും പുതിയ ചടുതലയും കൈവരിച്ച് മുന്നേറി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പഴയ പാര്‍ട്ടി സംവിധാനങ്ങൾ ക്ഷയിച്ച് വേഗത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപംകൊള്ളുന്നു. അത്തരത്തിലുള്ള സഖ്യ രാഷ്ട്രീയത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ചാണ് ‘ഇന്ത്യ’ മുന്നോട്ടെത്തിയത്.
ഇത്തരമൊരു കൂട്ടായ്‌മ ആദ്യമായി ജനങ്ങളുടെ വിശ്വാസം ആർജിച്ചെടുക്കുകയാണ് വേണ്ടത്. രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്‌നങ്ങളിൽ പൊതുതീരുമാനവും നയങ്ങളും സ്വീകരിക്കാനും നടപ്പാക്കാനും കഴിയുന്ന യാഥാർഥ്യബോധമുള്ള കൂട്ടായ നേതൃത്വം പ്രതിപക്ഷ ഐക്യത്തിനുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം. ഇതിനായി പ്രധാന രാഷ്‌ട്രീയ, സാമൂഹ്യ പ്രശ്‌നങ്ങളിൽ പൊതുസമീപനം സ്വീകരിക്കാനുള്ള ചർച്ചകൾക്ക്‌ തുടക്കമിടണം. ഒപ്പം ജനകീയ പ്രശ്‌നങ്ങൾ ഉയർത്തി യോജിച്ച പ്രക്ഷോഭങ്ങളിലേക്ക് നീങ്ങണം. രാജ്യം നേരിടുന്ന ഹിന്ദുത്വ ഭീഷണിയുടെ ആഴം മനസ്സിലാക്കി നിലപാടുകളിലും സീറ്റ്‌ ചർച്ചകളിലും വിട്ടുവീഴ്‌ചക്ക് പാർട്ടികൾ തയ്യാറാകണം. എന്നാൽ മാത്രമേ ഒരു നിലക്കെങ്കിലും പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മയ്‌ക്ക്‌ മൂന്നേറാൻ കഴിയൂ. സംസ്ഥാന തലത്തിൽ ബിജെപിക്ക്‌ എതിരായ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാനുള്ള സംവിധാനമൊരുക്കാൻ സംസ്ഥാന തലത്തിൽ ഇപ്പോൾത്തന്നെ ചർച്ചകൾ ആരംഭിക്കെടേണ്ടതുണ്ട്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here