തൃശ്ശൂര്‍: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, നേമം പുഷ്പരാജ് എന്നിവരെ എതിര്‍സാക്ഷികളാക്കി സംവിധായകന്‍ ലിജീഷ് മുല്ലേടത്താണ് ഹര്‍ജി നല്‍കിയത്. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകനാണ് ലിജീഷ് മുല്ലേടത്ത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കടുത്ത വിവാദങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സംവിധായകന്‍ വിനയനാണ് ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് വിനയന്‍ ആരോപിച്ചത്. ഇത് സംബന്ധിച്ച് നേമം പുഷ്പരാജ്, ഗായിക ജെന്‍സി ഗ്രിഗറി എന്നീ ജൂറി അംഗങ്ങളുടെ വെളിപ്പെടുത്തല്‍ അടങ്ങിയ ശബ്ദരേഖ പുറത്തുവിടുകയും ചെയ്തു.
പത്തൊമ്പതാം നൂറ്റാണ്ടിനെ പുരസ്‌കാരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് ജൂറിയംഗങ്ങളില്‍ ഭൂരിപക്ഷവും എത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് നേമം പുഷ്പരാജ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കുക എന്നതാണ് ജനാധിപത്യത്തിലെ രീതി. പത്തൊമ്പതാം നൂറ്റാണ്ടിലേത് വളരെ മോശം ആര്‍ട്ട് ഡയറക്ഷനാണെന്ന് പറഞ്ഞപ്പോള്‍ ഉള്‍ക്കൊള്ളാനായില്ല. എങ്കിലും ജനാധിപത്യം കണക്കിലെടുത്ത് എന്റെ അഭിപ്രായത്തെ മാറ്റി ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കുകയായിരുന്നു. എങ്കിലും എന്റെ മനസില്‍ അതൊരു സംഘര്‍ഷമായി നിന്നു. കാരണം അതൊരു അനീതിയാണെന്ന് എനിക്ക് തോന്നിയിരുന്നുവെന്ന് പുഷ്പരാജ് പറഞ്ഞു.
ചില പാട്ടുകള്‍ ചവറാണെന്ന് രഞ്ജിത്ത് പറഞ്ഞതായാണ് ജെന്‍സി ഗ്രിഗറി പറഞ്ഞത്. ഏതാനും പാട്ടുകള്‍ കേള്‍്ക്കാനായി നിര്‍ദ്ദേശിച്ചതായും ജെന്‍സി പറഞ്ഞു. രഞ്ജിത്തിന്റെ ഇടപെടല്‍ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായും ജെന്‍സി കൂട്ടിച്ചേര്‍ത്തു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല