സങ്കീര്‍ണ്ണതകളുടെ സുന്ദരയാനങ്ങള്‍

0
199

വിനോദ് വിയാര്‍

മനുഷ്യജീവിതത്തെ അതിന്റെ സങ്കീര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാനുള്ള ശ്രമമാണ് ദസ്തയേവ്‌സ്‌കി നടത്തിയത്. അദ്ദേഹത്തിന്റെ നോവലുകളിലെല്ലാം മനുഷ്യരെ രേഖീയമായ പ്രകൃതിയില്‍ കാണാനാകില്ല. കൂടിക്കുഴഞ്ഞും ഇടിഞ്ഞും ഗര്‍ത്തത്തില്‍പ്പെട്ടതു പോലെ വിലപിച്ചും ഭ്രാന്തജല്പനങ്ങള്‍ പേറുന്ന മനസ്സുകൊണ്ട് ഗര്‍ജ്ജിച്ചും മനുഷ്യര്‍ അതിസങ്കീര്‍ണ്ണമായ ലോകമായി പ്രത്യക്ഷപ്പെടുന്നു. ശരിക്കും അങ്ങനെ തന്നെയാണല്ലോ മനുഷ്യര്‍, പുറമെ കാണുന്നില്ലെങ്കിലും ഒടുങ്ങാത്ത അന്ത:സംഘര്‍ഷങ്ങളുടെ ആകെത്തുക.

പി കെ രാജശേഖരന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ദസ്തയേവ്‌സ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം എന്ന പുസ്തകം വായിക്കുമ്പോള്‍ മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം കുറച്ചുകൂടി തെളിച്ചത്തില്‍ വായനക്കാര്‍ക്ക് മനസ്സിലാകും. 182 പുറങ്ങളില്‍ അവസാനിക്കുന്ന പുസ്തകമായിട്ടും, ദസ്തയേവ്‌സ്‌കി വിഷയമാകുന്നതു കൊണ്ടുതന്നെ ആയിരത്തിലധികം പുറങ്ങള്‍ വായിച്ചുതീര്‍ന്ന പ്രതീതിയാണുണ്ടാകുന്നത്. സൂക്ഷ്മമായ വായനയാണ് ഈ പുസ്തകം ആവശ്യപ്പെടുന്നത്. ദസ്തയേവ്‌സ്‌കിയുടെ മൂന്ന് നോവലുകള്‍ (ഇരട്ട, കുറ്റവും ശിക്ഷയും, കരാമസൊവ് സഹോദരന്മാര്‍) പലതലങ്ങളില്‍ പരിശോധിക്കപ്പെടുന്നു. നോവലിന്റെ ഘടന, ബിംബങ്ങള്‍, കഥാപാത്രങ്ങള്‍, പരിസരം എല്ലാം സൂക്ഷ്മാര്‍ത്ഥത്തില്‍ വിശകലനം ചെയ്യപ്പെടുന്നു. ദസ്തയേവ്‌സ്‌കിയന്‍ നോവല്‍ വായനയില്‍ നിന്ന് നമ്മളറിഞ്ഞതിനേക്കാള്‍ കൂടുതല്‍ അറിയാത്ത കാര്യങ്ങളുണ്ടെന്ന് മനസ്സിലാക്കിത്തരാന്‍ ഈ പഠനം സഹായകരമാകുന്നു.

‘ആ മനുഷ്യനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല, നേരിട്ടുള്ള ബന്ധവും ഒരിക്കലുമുണ്ടായിട്ടില്ല, എന്നാല്‍ അദ്ദേഹത്തിന്റെ തിരോധാനത്തില്‍ പൊടുന്നനെ ഞാന്‍ തിരിച്ചറിയുന്നു, എന്നോട് ഏറ്റവും ചേര്‍ന്നുനിന്നിരുന്നത് അയാളാണെന്ന്, അമൂല്യനും അത്യന്താപേക്ഷിതനുമായി.’ ലോകസാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്‍ ലെവ് ടോള്‍സ്റ്റോയ്, ദസ്തയേവ്‌സ്‌കിയുടെ മരണത്തെപ്പറ്റി എഴുതിയ കത്തിലെ വാചകങ്ങളിലൂടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. തിരോധാനം ചെയ്ത് ഒന്നര നൂറ്റാണ്ടിനു ശേഷവും കത്തിലെ വാചകങ്ങളിലെ പോലെ അമൂല്യനും അത്യന്താപേക്ഷിതനുമായി ദസ്തയേവ്‌സ്‌കി വായനാലോകത്ത് തിളങ്ങിനില്‍ക്കുന്നു. ആദ്യനോവലായ പാവപ്പെട്ടവരില്‍(1846) നിന്ന് കരാമസൊവ് സഹോദരന്മാരിലേക്ക്(1880) എത്തുമ്പോഴേക്കും ദസ്തയേവ്‌സ്‌കി തന്റെ പ്രതിഭയുടെ ഔന്നത്യം കാണിച്ചുതരുന്നു. കഥാപാത്രങ്ങളുടെ നേര്‍രേഖാ സ്വഭാവത്തെ ആദ്യം മുതല്‍ റദ്ദുചെയ്യുകയും ദ്വന്ദ്വാത്മക വ്യക്തിത്വങ്ങളായി അവരെ പ്രസരിപ്പിക്കുകയും ചെയ്യുന്നു. ഏറെ വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടി വന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ ഇരട്ട(1846), പില്‍ക്കാല രചനകളിലേക്കുള്ള കരുതലിന്റെ ആദ്യചുവടുവെയ്പായി വേണം കരുതാന്‍. ഇരട്ടയിലെ നായകനായ ഗല്യാദ്കിന്‍ തെരുവില്‍ തന്റെ അതേ രൂപവും വേഷവുമുള്ള അതേ പേരുകാരനായ ഒരു അപരനെ കണ്ടുമുട്ടുന്നതാണ് നോവലിന്റെ പ്രമേയം. ഗല്യാദ്കിന്‍ പുറത്താക്കപ്പെടുന്ന ഇടങ്ങളിലെല്ലാം ഇരട്ട സ്ഥാനം പിടിക്കുന്നു. രണ്ട് ഗല്യാദ്കിന്‍മാര്‍ തമ്മിലുള്ള സംഘര്‍ഷം നോവലിന് പുതിയമാനം നല്‍കുന്നു. നിരൂപകരുടെ രൂക്ഷവിമര്‍ശനമേറ്റു വാങ്ങിയെങ്കിലും ഈ പാത്രസൃഷ്ടി ദസ്തയേവ്‌സ്‌കി കൈവിട്ടില്ല. പിന്നീട് പുറത്തുവന്ന കുറ്റവും ശിക്ഷയിലും കരാമസൊവ് സഹോദരന്മാരിലും ഏറിയും കുറഞ്ഞും പലയിടത്തും ഇരട്ടസങ്കല്പം കാണാനാകും. ഒരാള്‍ ഒരാള്‍ മാത്രമല്ല അയാള്‍ പലതാണെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന കഥാപാത്രങ്ങളെയാണ് ദസ്തയേവ്‌സ്‌കി അതില്‍ സൃഷ്ടിച്ചത്. ആദ്യനോവലില്‍ നിന്ന് കരാമസൊവില്‍ എത്തുമ്പോഴേക്കും ഏകനായക സങ്കല്പത്തേയും അദ്ദേഹം ഉടച്ചുകളയുന്നു. പരിസരവും വിഷയവും പ്രാധാന്യത്തോടെ നായകതുല്യമായി ഉയര്‍ന്നുവരുന്നു. കഥ നടക്കുന്ന സ്ഥലം പോലും നോവലിനെ ചുമലിലേറ്റുന്നു.

കുറ്റവും ശിക്ഷയിലും കരാമസൊവ് സഹോദരന്മാരിലും കുറ്റാന്വേഷണത്തിന്റെ സരണി ദസ്തയേവ്‌സ്‌കി തെളിക്കുന്നുണ്ട്. കുറ്റാന്വേഷണത്തിലെ സാമ്പ്രദായികമായ സസ്‌പെന്‍സിനെ അദ്ദേഹം ആദ്യമേ തന്നെ പൊളിക്കുന്നു. കുറ്റവാളിയുടേയോ കുറ്റാരോപിതന്റെയോ കുറ്റാന്വേഷകന്റെയോ അന്ത:സംഘര്‍ഷങ്ങള്‍ ഉള്ളുതൊടുന്ന രീതിയില്‍ നോവലില്‍ നിറയ്ക്കുന്നു. കുറ്റം, കുറ്റാന്വേഷണം, കുറ്റവാളി എന്ന ഒരേ ലക്ഷ്യത്തിലേക്കു പായുന്ന അമ്പിന് പകരം കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണങ്ങള്‍, കുറ്റം നടന്നതിനു ശേഷമുള്ള കഥാപാത്രങ്ങളുടെ മാനസിക വ്യതിയാനവും സംഘര്‍ഷങ്ങളും ഏറ്റുപറച്ചിലുകളും എന്നിവയിലേക്ക് നോവലിന്റെ പ്രകൃതിയെ മാറ്റുന്നു. മനുഷ്യമനസ്സിന്റെ ഇരുള്‍വഴികളിലൂടെയുള്ള സത്യസന്ധമായ ഈ സഞ്ചാരമാകാം നൂറ്റാണ്ടുകള്‍ക്കിപ്പുറവും ദസ്തയേവ്‌സ്‌കി നോവലുകള്‍ വായനക്കാര്‍ക്ക് പ്രീയങ്കരങ്ങളായി നില്‍ക്കുന്നത്.

പി കെ രാജശേഖരന്‍ ഈ പുസ്തകത്തിലൂടെ ദസ്തയേവ്‌സ്‌കി നോവലുകള്‍ വിശകലനം ചെയ്യുന്നതിനൊപ്പം ദസ്തയേവ്‌സ്‌കി പഠനങ്ങള്‍ (ദസ്തയേവ്‌സ്‌കിയുടെ കലയുടെ പ്രശ്‌നങ്ങള്‍) വഴി പ്രസിദ്ധനായ മിഹയില്‍ ബഹ്ചിന്റെ ക്ലേശജീവിതത്തിന്റെ ഉയിര്‍പ്പും സ്പര്‍ശിക്കുന്നു. അതിനൊപ്പം മലയാളിക്ക് ദസ്തയേവ്‌സ്‌കിയെ അനുഭവവേദ്യമാക്കിയ വിവര്‍ത്തകരേയും ഓര്‍ക്കുന്നു. അതില്‍ എന്‍ കെ ദാമോദരനെ എടുത്തുപറയുന്നു. സുനില്‍ പി ഇളയിടം ഈ പുസ്തകത്തിന്റെ ബ്ലര്‍ബില്‍ പറയുന്നതുപോലെ മലയാളത്തിലെ ദസ്തയേവ്‌സ്‌കി പഠനങ്ങളിലെ ഉയര്‍ന്ന ശിരസ്സാണ് പി കെ രാജശേഖരന്റെ ഈ ഗ്രന്ഥം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here