നാട് കടക്കും വാക്കുകൾ – ‘കുണ്ടൻ’

0
286

അനിലേഷ് അനുരാഗ്

മനുഷ്യൻ്റെ സാമൂഹ്യാസ്തിത്വങ്ങളുടെയും, ആചാരസ്ഥാനങ്ങളുടെയും സൂചകങ്ങൾ സംശയലേശമെന്യെ അധികാരശ്രേണിക്കുള്ളിൽ അടയാളപ്പെടുത്തപ്പെട്ടവയാകും. ശ്രേണീബദ്ധമായ ഇന്ത്യൻ സമൂഹത്തിൽ ഒരാൾ ആരാണെന്ന ഏറ്റവും ലളിതമായ ചോദ്യത്തിൻ്റെ ഏറ്റവും കുറഞ്ഞ ഉത്തരം അയാൾ ഏത് ജാതി-മത-വർഗ്ഗ-ലിംഗ- ലൈംഗീകതയിൽപ്പെട്ട ആളാണെന്ന് വാച്യേണയോ, വ്യംഗ്യേണയോ സൂചിപ്പിക്കുന്ന ഒന്നോ, രണ്ടോ വാക്കുകളായിരിക്കും. നമുക്കറിയാം, മറ്റേതൊരു സാമൂഹ്യവ്യവഹാരവും പോലെ ഭാഷയും രാഷ്ട്രീയപരമാണ്; അരാഷ്ട്രീയമോ, നിഷ്കളങ്കമോ എന്ന് ആളുകൾ അവകാശപ്പെട്ടേയ്ക്കാവുന്ന സംജ്ഞാ നാമങ്ങൾ പോലും അറിവില്ലായ്മകൊണ്ട് അളന്നെടുക്കാനാകാത്ത അധികാരധ്വനികൾ ഉൾക്കൊള്ളുന്നവയാണ്. ചുരുക്കത്തിൽ, വാക്കുകൾ അധികാരത്തിൻ്റെ അടിസ്ഥാനത്തിൽ – കൈയ്യാളുക, നിഷേധിക്കപ്പെടുക – ഉദ്ദേശിക്കുകയും, പ്രയോഗിക്കപ്പെടുകയും ചെയ്യുന്നവയാണ്. അതുകൊണ്ട് തന്നെയാണ് അശ്ലീലവും, അധിക്ഷേപപരവുമായ വാക്കുകൾ പ്രയോഗത്തിൽ നിന്ന് നീക്കം ചെയ്യേണ്ടവയാണെങ്കിലും ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടവയും, വിമർശനാത്മകമായി പഠിക്കപ്പെടേണ്ടവയുമാണെന്ന് നമുക്ക് അംഗീകരിക്കേണ്ടി വരുന്നത്.

ഒറ്റയ്യ്‌ക്കോ, സുഹൃത്തുക്കളുമൊത്തോ കാഴ്ച കാണാൻ പോകുന്ന തൊണ്ണൂറുകളിലെ സാഹസികകൗമാരത്തിൽ ഉത്തരമലബാർ പട്ടണങ്ങളിലെ ഇരുണ്ടതും, വൃത്തിരഹിതവുമായ മൂത്രപ്പുരകളിൽ അർത്ഥഗർഭമായി നമ്മെ ശ്രദ്ധിയ്ക്കുന്ന അപരിചിതനുമായി ആ വാക്ക് ബന്ധപ്പെട്ടിരിക്കുന്നു; അല്ലെങ്കിൽ അന്നത്തെ കണ്ണൂർ കോട്ടയുടെ ഏറ്റവുമറ്റത്തെ കൂറ്റൻ കാറ്റാടി മരങ്ങൾക്കും, കരിങ്കൽ കടൽഭിത്തികൾക്കൾക്കുമപ്പുറം അദൃശ്യതയിൽ കേട്ട അടക്കിപ്പിടിച്ച ഞരക്കങ്ങളുമായിട്ട്; അല്ലെങ്കിൽ തലശ്ശേരിയിലെയോ, കോഴിക്കോടേയോ കടൽപ്പാല-സന്ധ്യയിൽ ആൾക്കൂട്ടത്തിൽ നിന്നകന്ന രണ്ട് ആൺ-നിഴലുകളുമായിട്ട്; അതുമല്ലെങ്കിൽ വായനശാലാ വാർഷികോത്സവരാത്രിയിൽ രണ്ടാളുടെ – മീശ പിരിച്ച ഒരു പകൽമാന്യനും, സ്ത്രൈണത കൂടിയ ഒരു കുമാരനും – അപ്രതീക്ഷിതമായ അസാന്നിധ്യവുമായിട്ട്: കുണ്ടൻ. അർത്ഥം അറിയിക്കുന്ന അനവധി ചിത്രങ്ങൾ ഇനിയുമുണ്ടാകാം, പക്ഷെ, എന്നുണ്ടായി എന്നറിയില്ലെങ്കിലും ഇന്നുമുണ്ട് എന്നു പറയാവുന്ന ഒരു രഹസ്യലൈംഗീകതയെ ഞാൻ ഇതിനകം ദ്യോതിപ്പിച്ചുകഴിഞ്ഞു എന്നു തോന്നുന്നു.

പദവ്യാപ്തി അത്രകുറഞ്ഞ വാക്കല്ല ‘കുണ്ടൻ’: ആഴമുള്ള, അംഗഭംഗമുളള, പൊക്കം കുറഞ്ഞ, തടിച്ച… അങ്ങനെ നീണ്ടുകിടക്കുന്നു അതിൻ്റെ അർത്ഥതലങ്ങൾ. തമിഴിൽ ‘കുണ്ടൻ’ അടിമയാണ്, കീഴാളനാണ്. നാട്ടുവഴക്കത്തിൽ, പ്രായമായവർ കുത്തിപ്പിടിച്ചു നടക്കുന്ന ‘കുണ്ടൻ വടി’ യും, ആഴം കൂടി, ഇടുങ്ങിയ ‘കുണ്ടനിടവഴി’ യും നമുക്ക് സുപരിചിതമാണ്. ഒരുപക്ഷെ,’ നെടിയ’ എന്ന ഗംഭീരപദത്തിൻ്റെ (‘നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങൾ തൻ കിരണമേറ്റാണ്’ ചുള്ളിക്കാടിൻ്റെ ചില്ലകൾ പൂത്തത്!) വിപരീതമാകാം കുട്ടി എന്നു കൂടി അർത്ഥമുള്ള ‘കുണ്ടൻ’. പക്ഷെ, ഒരു കണ്ണിറുക്കിയ നോട്ടത്തിലും, ഹസ്തദാനത്തിലെ ഉള്ളംകൈ ചൊറിയലിലും ഗോപ്യമായി കൈമാറ്റം ചെയ്യപ്പെടുന്ന ‘കുണ്ടൻ്റെ’ ജനകീയാർത്ഥം, ശബ്ദതാരാവലിയിൽ പോലും അസഭ്യമെന്ന ധ്വനിയില്ലാത്ത, ആസനം എന്ന ‘കുണ്ടി’ യുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ചിലപ്പോൾ അംഗീകൃതാർത്ഥമായ കുമാരൻ്റെയും, നിഗൂഡാർത്ഥമായ ആസനത്തിൻ്റെയും ഒരു അവിഹിതസംബന്ധമാകാം അധോലോകങ്ങളിൽ ഈ വാക്ക്.

സെമിറ്റിക് മതങ്ങളിലെ (ഹീബ്രു ബൈബിൾ) ഉൽപ്പത്തി പുസ്തകത്തിൽ പുരുഷന്മാർ പരസ്പരം രതിയിലേർപ്പെട്ട നഗരങ്ങളിലൊന്നാണ് സോഡം. അബ്രഹാമിൻ്റെ അപേക്ഷയനുസരിച്ച് സർവ്വനാശത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട സോഡമും, അതിലെ സ്വവർഗ്ഗലൈംഗീകരും പുരുഷനെ അറിഞ്ഞിട്ടില്ലാത്ത യൗവനയുക്തരായ ലോത്തിൻ്റെ പെൺമക്കളെപ്പോലും അവഗണിച്ച്, അതിഥികളായി വന്ന രണ്ടു പുരുഷ-മാലാഖമാരെ വളയുകയും, ദൈവകോപത്താൽ അവർ ഉടനടി അന്ധരാക്കപ്പെടുകയും ചെയ്യുന്നു. സ്വവർഗ്ഗലൈംഗീകതയെന്ന ‘പാപം’ മനസ്താപമില്ലാതെ ചെയ്ത സോഡം നഗരവാസികളും, അവരുടെ നഗരവും ദൈവക്രോധത്താൽ വർഷിക്കപ്പെട്ട തീമഴയാൽ മുച്ചൂടും മുടിക്കപ്പെടുന്നു. പുറംതിരിഞ്ഞു നോക്കരുതെന്ന ദൈവകല്പന ലംഘിച്ച ലോത്തിൻ്റെ ഭാര്യ ഉപ്പുതൂണായി മാറുകയും, വംശം നിലനിർത്താൻ ലോത്തിൻ്റെ പെൺമക്കൾക്ക് പിന്നീട് അച്ഛനെത്തന്നെ പ്രാപിക്കേണ്ടി വരികയും ചെയ്യുന്നു എന്നൊക്കെയാണ് കഥ. ഭൂമിശാസ്ത്രപരമായി, സോഡം നഗരം നശിപ്പിക്കപ്പെട്ടതിൻ്റെ കാരണം ചാവുകടലിലുണ്ടായ ശക്തമായ ഒരു ഭൂചലനമാണെന്ന് ചരിത്രവാദങ്ങളുമുണ്ട്. അതെന്തായാലും,’സോഡം’ എന്ന വാക്ക് പിന്നീട് ഭാഷയിൽ, പ്രകൃതിവിരുദ്ധമെന്ന് ഓരോ സമൂഹവും അധിക്ഷേപിച്ച ലൈംഗീകവൃത്തികളുടെ സാമാന്യനാമമായി മാറി. പക്ഷെ, പലയിടങ്ങളിലും അതിൻ്റെ നിർവ്വചനം പലതായിത്തുടർന്നു: ഒരിടത്ത് അത് പുരുഷ-സ്വവർഗ്ഗരതിയാണെങ്കിൽ, മറ്റൊരിടത്ത് അത് മൃഗരതിയാണ്, ഇനിയും മറ്റൊരിടത്ത് അത് ഗുദ-വദനസുരതമാണ്. മലയാളത്തിൽ ഇതെല്ലാം ഉൾക്കൊള്ളുന്ന ഒരു വിശാലപദം ഏതെന്ന് അന്വേഷിച്ചാൽ നമ്മൾ എത്തുന്നത് ‘കുണ്ടനി’ലായിരിക്കും.

തീർച്ചയായും,സാന്ദർഭിക- അർത്ഥത്തിൽ ‘കുണ്ടൻ’ അധിക്ഷേപപരമായ അശ്ലീലവാക്കാണ്. സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ‘ക്യുയർല’ ഈ പദത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

“വര്‍ഷങ്ങളോളം നീണ്ട മാനസികസംഘര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ഒരാളും തങ്ങളെ മ്ലേച്ചമായ ഈ വാക്കുപയോഗിച്ച് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.”

ഒന്നു ശ്രദ്ധിച്ചാൽ നമുക്ക് കാണാൻ കഴിയും, ‘കുണ്ടൻ്റെ’ അധിക്ഷേപധ്വനി ഭിന്നലൈംഗീകതയോട് ഒരു സമൂഹത്തിനുള്ള ഭയത്തിൽ നിന്നോ, വെറുപ്പിൽ നിന്നോ ഉടലെടുക്കുന്നതാണെന്ന്. നിർബ്ബന്ധിത എതിർലിംഗ ലൈംഗികത (Compulsory Heterosexuality) പ്രതീക്ഷിത പെരുമാറ്റമാകുന്ന നമ്മുടേത് പോലുള്ള ഒരു സദാചാരസമൂഹത്തിൽ വ്യത്യസ്തമായ എന്തും – വസ്ത്രധാരണം മുതൽ ലൈംഗീകത വരെ – സാമൂഹികമായി (ചിലപ്പോൾ നിയമപരമായും) അടിച്ചമർത്തപ്പെടുകയും,അധിക്ഷേപിക്കപ്പെടുകയും ചെയ്യും. എങ്കിലും, അടക്കാൻ വയ്യാത്ത ആസക്തികൾ പകലിൽ അസാധ്യമായ ആനന്ദങ്ങളെ ഇരവിൽ സാധ്യമാക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചേയ്ക്കും. ഇരുട്ടിലേക്ക് മാറ്റിവയ്ക്കപ്പെടുന്ന എല്ലാം ക്ഷുദ്രമായിക്കൊള്ളണമെന്നില്ലല്ലോ.

‘പ്രകൃതിവിരുദ്ധം’ അതിസങ്കീർണ്ണവും, ആശയക്കുഴപ്പമുണ്ടാക്കുന്നതായ സങ്കേതമാണ്. എന്താണ് പ്രാകൃതികം എന്ന ഒറ്റ ചോദ്യം തന്നെ വൈരുദ്ധ്യാത്മകവാദങ്ങളുടെ അനന്തമായ ഒരു അല തന്നെ നമ്മുടെ ബൗദ്ധികലോകത്തിൽ സൃഷ്ടിച്ചേക്കും. താരതമ്യേന സങ്കീർണ്ണത കുറഞ്ഞ ഒരു പദം ‘സാമൂഹ്യവിരുദ്ധം’ ആയിരിക്കും. അവിടെയും ആരാണ്, എന്ത് അർഹതയിലാണ് സമൂഹനിയമങ്ങളെ നിർമ്മിക്കുന്നത് എന്ന സമസ്യകൾ ഉയർന്നുവരും. അതെങ്ങനെയായാലും, ദൈവശാപം പോലുള്ള അതിഭൗതിക രൂപകങ്ങൾ മാറ്റിവച്ചാൽ, പുരോഗമനപരമായ ഒരു സമൂഹം ഭിന്നതയെ അംഗീകരിക്കുന്ന ഒരു സമൂഹമായിരിക്കും. ഉദയകക്ഷി സമ്മതപ്രകാരമുള്ള വ്യക്ത്യാനുഭൂതികൾ തടകളേതുമില്ലാതെ അനുഭവിക്കാൻ മനുഷ്യനെ അനുവദിയ്ക്കുന്ന ഒരു സമൂഹത്തിൽ സ്വാതന്ത്ര്യത്തിൻ്റെയും, ആത്മപ്രകാശനത്തിൻ്റെയും മഴവില്ല് വിരിയുക തന്നെ ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്; അവിടെ അധിക്ഷേപവാക്കുകൾ സ്വയമേവ അപ്രസക്തമായിക്കൊള്ളും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here