ഏഴാമത്തെ കല്ലറ

0
378
kavitha seetha lakshmi

കവിത

സീത ലക്ഷ്മി

എനിക്കുവേണ്ടി കവിതകളെഴുതരുത്.
ഞാൻ മറ്റൊരാളാൽ നിരസിക്കപ്പെട്ടവളാണ്.
തട്ടിമാറ്റിയവർക്ക് മുന്നിൽ വീണ്ടും
പൂക്കൾ നിരത്തിയവളാണ്.
എന്റെ ആത്മാവിനു ഇരുമ്പിന്റെ ചുവയായിരിക്കും.
അതിൽ
ക്ലാവെടുത്തതിന്റെ പാടുകൾ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കില്ല എന്നതുകൊണ്ട്
ഞാൻ ക്ഷീണിതയല്ലെന്ന് അർത്ഥമില്ല.
എന്നാൽ അശക്തയുമല്ല.
ഉറക്കുപാട്ടുകളിൽ
വീഥികളിൽ നിരത്തിയിട്ട മുൾപ്പടർപ്പുകൾ ഇല്ലാതിരുന്നിട്ടും
വഴിനീളെ പാദങ്ങൾ
തിണർത്തു വീങ്ങിയതോ
പാപം ചെയ്യാത്തവരുടെ ചാട്ടവാറടിയിൽ
മുതുകിൽ ചോര കല്ലിച്ചതോ
ചൊല്ലിപ്പറയുന്നതിനിടെ
നിദ്ര മുറിക്കുന്ന
യക്ഷിയായേക്കാം ഞാൻ.

നിനക്കറിയാമോ
അനുഗ്രഹിക്കപ്പെട്ടവരുടെ കല്ലറകളിൽ
പുഴുവായാണ് എന്റെ വരും ജന്മം.
അളിഞ്ഞ മാംസം
തിന്നുതീർക്കുകയെന്ന കൃത്യമാണ്
അവരെനിക്ക് തരാൻ പോകുന്ന
പാപച്ചീട്ടിൽ പറയുന്നത്.
നീയന്നും വായിലെ വെള്ളിക്കരണ്ടി
നഷ്ടപ്പെടാതെയാണ് ജനിക്കുക.
എന്റെ വരവെത്തുമ്പോഴേക്കും
നിന്റെ മുറ്റത്തെ നാരകം കായ്ക്കുകയും
അവയ്ക്കുള്ളിൽ നീലമുട്ടകളിൽ പുഴുക്കൾ നിറയുകയും ചെയ്യും.
സ്വതവേ മാംസാഹാരം കഴിക്കാത്ത എനിക്കുവേണ്ടി
മുന്തിരിവീഞ്ഞും പ്രണയഗീതങ്ങളും നീയന്ന്
സെമിത്തേരിയിലെ ഏഴാമത്തെ കല്ലറയിലെത്തിക്കണം.
അതെന്റെ ഇളംതലമുറയിലെ ആരുടെയോ ആയിരിക്കും.
അന്നും അവർ നിന്നെ തടയും.
ജാതിയിൽ താഴ്ന്നവന്റെ
മരണം തങ്ങിനിൽക്കുന്ന
പുറമ്പോക്കിലേക്ക്
അന്നും നിനക്ക് പ്രവേശനമുണ്ടാവില്ല.
അപ്പോൾ
ഇന്നലെ അയാൾ തിരിഞ്ഞു നടന്നതുപോലെ
നീയും വഴിമാറി നടന്നേക്കുമോ??
എങ്കിൽ ഇനിയെനിക്കു വേണ്ടി കവിതകളെഴുതരുത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here