ഒറ്റച്ചോദ്യം – റഫീഖ് അഹമ്മദ്

0
255
Otta chodyam sequal 87

സംഭാഷണം – അജു അഷ്‌റഫ് / റഫീഖ് അഹമ്മദ്

ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ ചർച്ചകളിൽ നിറഞ്ഞു നിൽപ്പാണല്ലോ..വാഴക്കുലയായാലും മാമ്പഴമായാലും… “വാങ്മയഭംഗി” ഈ കവിതകളുടെ ജനകീയതയ്ക്ക് വലിയൊരു കാരണമായിട്ടുണ്ട്. ഒ. എൻ.വി യുടെ “അമ്മ”യാണ് ഈ ഗണത്തിൽ ഓർമ വരുന്ന മറ്റൊരു കവിത. താരതമ്യേന ദൈർഘ്യം ഉണ്ടെങ്കിൽ പോലും, ഈ കവിതകൾ ഏറെക്കുറെ എല്ലാ വായനക്കാർക്കും കാണാപ്പാഠമാണ്. താങ്കൾ എഴുതിയ തോരാമഴയേയും ഞാനീ കൂട്ടത്തിൽ ഉൾപ്പെടുത്തും. എന്നാൽ, പിന്നീട് മലയാള കവിതാ രംഗത്ത് ഇത്തരത്തിൽ കവിതകൾ നെഞ്ചേറ്റപ്പെട്ടതായി തോന്നിയിട്ടില്ല. ഉമ്മുകുൽസു മരിച്ച രാത്രിക്ക് ശേഷം ഒരു കാവ്യം പോലും മലയാളിയെ അത്രയ്ക്ക് തൊട്ടിട്ടില്ല. ചെറിയ കവിതകൾക്ക് ( ദൈർഘ്യം കൊണ്ട് ) ശ്രദ്ധ കിട്ടുമ്പോഴും വലിയ കവിതകൾ എഴുതപ്പെടുന്നേയില്ല. എന്തുകൊണ്ടാവാമിത്?

ജനകീയത, അല്ലെങ്കിൽ ജനപ്രിയത എന്നൊക്കെ പറയുന്നതിനെ സംബന്ധിച്ച് പലതരത്തിലുള്ള മുൻവിധികൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ജനപ്രിയം ആയിട്ടുള്ള ഒരു കവിതയോ മറ്റ് കലാസൃഷ്ടിയോ കലാപരമായിട്ട് അത്ര ഉന്നതമായിരിക്കില്ല എന്ന മുൻവിധി നിലവിലുണ്ട്. ഒരു കൃതി ജനപ്രിയമായതുകൊണ്ടോ ജനകീയമായതുകൊണ്ടോ അത് മഹത്തരം ആകണം എന്നില്ല. മറിച്ചും അങ്ങനെ തന്നെയാണ്.

കുഞ്ചൻ നമ്പ്യാരെ നോക്കൂ. കുഞ്ചൻ നമ്പ്യാരുടെ എത്രയോ കവിതകൾ ആ ജീവിച്ചിരുന്ന കാലത്തും ഇന്നും എത്രയോ ജനപ്രിയമാണ്. ഒരുപാട് ലോകോക്തികളും കാര്യങ്ങളും അദ്ദേഹം കവിതയിലൂടെ അവതരിപ്പിച്ചു. ഇന്നുമവ പ്രസക്തമാണ്. അതുകൊണ്ട് തന്നെ, ജനകീയത എന്നത് നിസ്സാരമായി കാണാവുന്ന കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാ കവിതകളും ജനപ്രിയമാവണമെന്നില്ല. പക്ഷേ അതിനൊരു പ്രാധാന്യമുണ്ട്. ജനങ്ങളുടെ മനസ്സിൽ പതിയുകയും എത്രയോ കാലത്തോളം അവരുടെ ഉള്ളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന വരികൾ ഉണ്ടാക്കുക എന്നുള്ളത് ചെറിയ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. അതൊരു വെല്ലുവിളി പോലെ നമുക്ക് ഏറ്റെടുക്കാവുന്ന ഒന്നാണ്. ഒരു നാലുവരി… ഒരു സിനിമ ഗാനമോ കവിതയോ എന്തുമോ ആവട്ടെ, അത് കാലങ്ങളോളം ജനങ്ങളുടെ മനസ്സിൽ നിലനിൽക്കണം. അത്തരമൊരു നാലുവരി ഉണ്ടാക്കാൻ പറ്റുമോ എന്നുള്ള ഒരു ചോദ്യം ഏത് കവികൾക്കും എഴുത്തുകാർക്കും ഏറ്റെടുത്ത് ശ്രമിക്കാവുന്ന വെല്ലുവിളിയാണ്. അതിന്റെ ബുദ്ധിമുട്ട് മനസിലാക്കാൻ അങ്ങനെയേ സാധിക്കൂ. ജനപ്രിയമാവാത്ത കവിതയ്ക്കും,ജനകീയമാവാത്ത കവിതയ്ക്കും, ആശയമുള്ള, ദാർശനിക ഔന്നിത്യമുള്ള വരികൾക്കും കവിതകൾക്കും സ്ഥാനമുണ്ട്. ഒരു തരത്തിലുള്ള കവിത മാത്രമാണ് നല്ലത്, മറ്റേതൊക്കെയും മോശമാണ് എന്ന് ഉള്ള ആശയത്തോട് എനിക്കൊട്ടും യോജിപ്പില്ല.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here