‘അഗ്നിച്ചിറകുകളി’ല്‍ നിന്നു ‘വിരലറ്റ’ത്തിലേക്കുള്ള ദൂരം

0
357

വായന

അഹമ്മദ് കെ മാണിയൂര്‍

(എപിജെ അബ്ദുല്‍ കലാമിന്‍റെ ‘അഗ്നിച്ചിറകുകള്‍’, മുഹമ്മദലി ശിഹാബിന്‍റെ ‘വിരലറ്റം’ എന്നീ പുസ്തകങ്ങളെക്കുറിച്ചുള്ള ഹ്രസ്വമായൊരു താരതമ്യപഠനം)

സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനവീഥികളില്‍ സ്വജീവിതം സമര്‍പ്പിക്കുകയും സമൂഹത്തെ അത്തരം സംരംഭങ്ങളിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ധാരാളം വ്യക്തിത്വങ്ങളുണ്ട്. രാഷ്ട്ര സേവനങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നമ്മെ ചിന്തിപ്പിക്കുന്നതും സ്വാധീനിക്കുന്നതുമായിരിക്കും ഇത്തരം വ്യക്തികളുടെ ജീവിത രീതികളും ചിന്തകളും എഴുത്തുകളും. അത്തരത്തില്‍ എടുത്തുപറയാവുന്നതാണ്, മുന്‍രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുല്‍ കലാമിന്‍റെ ‘അഗ്നിച്ചിറകുകള്‍’, ഇപ്പോള്‍ നാഗാലാന്‍റ് കേഡറില്‍ ജോലി ചെയ്യുന്ന മുഹമ്മദലി ശിഹാബ് (ഐ എ എസ്) ന്‍റെ ‘വിരലറ്റം’ എന്നീ ഗ്രന്ഥങ്ങള്‍. വായിക്കുംതോറും അവ, പുത്തന്‍ അറിവുകളുടെ വാതായനങ്ങള്‍ നമുക്കുമുമ്പില്‍ തുറന്നു തരുന്നുണ്ട്. സ്വജീവിതത്തില്‍ കടന്നു വരുന്ന പ്രതിസന്ധിഘട്ടങ്ങളെ, സകല കനല്‍പഥങ്ങളെയും, നാം ആര്‍ജ്ജിച്ചെടുക്കുന്ന അറിവനുഭവങ്ങളെയും പാടവങ്ങളെയും ഉപയോഗപ്പെടുത്തി, അനായാസം ജയിച്ചടക്കാമെന്ന് അവര്‍ പഠിപ്പിച്ചു തരുന്നു. നേതൃപരിശീലനത്തിനും വ്യക്തിത്വവികസനത്തിനും വേണ്ടവിധം പ്രയോജനപ്പെടുത്താവുന്ന ഈ രണ്ടുപുസ്തകങ്ങള്‍, ജീവിതത്തിലെ ഔന്നത്യത്തിലേക്കുള്ള സുവര്‍ണ്ണ പടവുകള്‍ വെട്ടിക്കാണിച്ചു തരുന്നു. അവിടേക്ക് പറന്നെത്താനുള്ള തിളക്കമുറ്റ പുത്തന്‍ ചിറകുകള്‍ നമുക്കു വെച്ചുപിടിപ്പിച്ചു തരികയും ചെയ്യുന്നു.

ഒരു ദശാബ്ദത്തിലേറെക്കാലം തന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ. അരുണ്‍ തിവാരിയുമായി ഡോ.കലാം പങ്കുവെച്ചിട്ടുള്ള അനുഭവങ്ങളുടെ സമാഹാരമാണ് ‘അഗ്നിച്ചിറകുകള്‍’. 1999 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘അഗ്നിച്ചിറകുകള്‍’ (Wings of Fire), യഥാര്‍ത്ഥത്തില്‍ ഡോ.കലാമിന്‍റെ ജീവിതത്തെക്കുറിച്ചുള്ള ഒരുനഖചിത്രം മാത്രമേ ആകുന്നുള്ളു എന്ന് തിവാരി വെളിപ്പെടുത്തുന്നുണ്ട്. തന്‍റെ പുസ്തകത്തിന്‍റെ മുഖവുര എ പി ജെ അബ്ദുല്‍ കലാം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ‘ദിവ്യമായൊരു അഗ്നിജ്വാല ഹൃദയത്തില്‍ പേറിക്കൊണ്ടാണ് നാമെല്ലാം ജനിക്കുന്നത്. ഈ അഗ്നിക്ക് ചിറകുകള്‍ നല്‍കാനും അതിന്‍റെ നന്മയുടെ തിളക്കം കൊണ്ട് ഈ ഭുവനത്തെ നിറയ്ക്കാനും വേണ്ടിയുള്ളതായിരിക്കണം നമ്മുടെ പ്രയത്നങ്ങളെല്ലാം’.

ഇന്ത്യയുടെ പന്ത്രണ്ടാമത്തെ രാഷ്ട്രപതിയും ഇന്ത്യന്‍ മിസൈല്‍ ടെക്നോളജി വിദഗ്ദ്ധനും പ്രശസ്ത ശാസ്ത്രജ്ഞനുമായിരുന്ന അബ്ദുല്‍ കലാമിന്‍റെ, തികച്ചും സാധാരണമായ ഒരു ജീവിത ചുറ്റുപാടില്‍ നിന്നുള്ള, ഉയര്‍ച്ചയുടെയും വ്യക്തിപരവും ഔദ്യോഗികവുമായ പോരാട്ടങ്ങളുടെയും ജീവിത കഥാകഥനമാണ് ഈ പുസ്തകം. ദാരിദ്ര്യവും വിശപ്പും വേട്ടയാടിയ ബാല്യത്തില്‍ തന്‍റെ ഉള്ളില്‍ കിടക്കുന്ന അഗ്നിജ്വാലയ്ക്ക് ചിറകുകള്‍ മുളപ്പിച്ചത്, ജില്ലാ കലക്ടറാവുക എന്ന തന്‍റെ പിതാവിന്‍റെ അഭിലാഷപൂര്‍ത്തീകരണത്തിനായിരുന്നു. ‘എന്‍റെ മാതാപിതാക്കളുടെ സ്മരണയ്ക്ക്’ എന്നു തുടങ്ങുകയും അമ്മയെക്കുറിച്ച് കാവ്യരീതിയില്‍ അനുസ്മരിക്കുകയും ചെയ്യുന്ന ഡോ.കലാം, തന്‍റെ അമ്മയെ ‘അന്ത്യനാളില്‍ കണ്ടുമുട്ടു’ മെന്ന് പ്രത്യാശിക്കുന്നുമുണ്ട്. ‘ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടേതുമായ എന്‍റെ ലോകത്ത് ജീവിതകാലം മുഴുവന്‍ എന്‍റെ പിതാവിനെ അന്ധമായി അനുകരിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് വെളിപ്പെടുത്തിത്തന്ന സനാതനസത്യങ്ങളെ മനസ്സിലാക്കാന്‍ ഞാന്‍ പ്രയത്നിക്കുകയും ചെയ്തു…. സത്യസന്ധതയും അച്ചടക്ക ബോധവുമാണ് പിതാവില്‍ നിന്നും എനിക്കു കിട്ടിയത്. നന്മയിലുള്ള വിശ്വാസവും ആഴമേറിയ ദയയും എനിക്ക് മാതാവില്‍ നിന്നും കിട്ടി’.-ഡോ. കലാം അനുസ്മരിക്കുന്നു. തന്‍റെ പുസ്തകം ഒരുതരത്തില്‍ തന്‍റെ മാതാപിതാക്കള്‍ക്കും ഉറ്റ ബന്ധുക്കള്‍ക്കും പിന്നെ, ഒരു വിദ്യാര്‍ത്ഥി എന്ന നിലയിലും ഔദ്യോഗിക ജീവിതത്തിലും തനിക്കു ലഭിക്കാന്‍ ഭാഗ്യമുണ്ടായ അദ്ധ്യാപകര്‍ക്കും മേലധികാരികള്‍ക്കുമുള്ള ഒരു കൃതജ്ഞതാസമര്‍പ്പണം കൂടിയാണ് എന്ന് എ പി ജെ വെളിപ്പെടുത്തുന്നു. ജീവിതത്തില്‍ താന്‍ നേടിയതെല്ലാം സര്‍വ്വേശ്വരന്‍റെ സഹായത്താല്‍ മാത്രമാണെന്നും, അവിടുത്തെ ഇച്ഛയുടെ ഒരു പ്രകാശനമെന്നപോലെ, പ്രതിഭാശാലികളായ ചില അദ്ധ്യാപകരിലൂടെയും സഹപ്രവര്‍ത്തകരിലൂടെയും അവിടുന്ന് തന്‍റെ അനുഗ്രഹം എന്‍റെമേല്‍ വര്‍ഷിച്ചുവെന്നും ഡോ.കലാം വിശ്വസിക്കുന്നു.

സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വീസിന്‍റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദലി ശിഹാബിന്‍റെ ആത്മകഥാ കഥനമാണ് ‘വിരലറ്റം’ എന്നുപറയാം. 2018 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തില്‍, തികച്ചും വികൃതിയും അശ്രദ്ധനുമായ തന്‍റെ മകനെ വിദ്യാസമ്പന്നനാക്കുന്നതിനും സമൂഹത്തിന്‍റെ ഉന്നത ശ്രേണിയില്‍ എത്തിക്കുന്നതിനുമുള്ള ഒരു പിതാവിന്‍റെ ‘അകപ്പൊരുള്‍’ അനാവരണം ചെയ്യപ്പെടുകയാണ്. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും കൊണ്ട് നമുക്കാവശ്യമായതെല്ലാം കൈവരിക്കാമെന്നതിന് ഉത്തമ നിദര്‍ശനമാണ് ശിഹാബിന്‍റെ ജീവിതം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്ത, സാധാരണക്കാരനായ ഒരു നാട്ടുമ്പുറത്തുകാരന്‍, ഇച്ഛാശക്തിയും ലക്ഷ്യ ബോധവുമുള്ളവര്‍ക്കുമുമ്പില്‍ വിജയത്തിന്‍റെ കരുത്തുറ്റ കവാടങ്ങള്‍ തുറന്നിടുന്നു. ജീവിതത്തിന്‍റെ ദശാസന്ധികളില്‍, ദാരിദ്ര്യത്തിന്‍റെ നെരിപ്പോടില്‍, പിതാവ് മരണപ്പെട്ട് ചിറകറ്റുപോയ ഒരനാഥബാലന്‍ തന്‍റെ സ്വപ്നച്ചിറകിലേറി രാജ്യത്തെ ഉന്നതമായ സിവില്‍ സര്‍വ്വീസില്‍ എത്തിപ്പിടിച്ചിരിക്കുന്നു.

ശിഹാബ് തന്‍റെ പുസ്തകത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: ‘അപരിചിത വഴികളില്‍ കാലിടറി തിരസ്കരണത്തിന് വിധേയരായവരുടെ ഹൃദയത്തില്‍ പ്രത്യാശയുടെ നാളം തെളിയിക്കാന്‍ എന്‍റെ അനുഭവങ്ങള്‍ ഉപകരിക്കുമെന്ന് തിരിച്ചറിഞ്ഞത് പുസ്തക നിര്‍മ്മിതിക്ക് ഹേതുവായി… എന്നാല്‍, ‘ഇതൊരു ആത്മകഥയല്ല; ഹൃദയത്തോട് ചേര്‍ത്തുവെച്ച അനുഭവങ്ങളെ തത്ഭാവം ചോര്‍ന്നു പോവാതെ മുദ്രണം ചെയ്യാനുള്ള ശ്രമമാണ്. ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിന്‍റെ സാക്ഷ്യമാണ് അതിജീവനം. സമാന സാഹചര്യത്തില്‍ ജീവിച്ചവരുടെ ഒരു പ്രതിനിധിയായി ഞാനെന്നെ സങ്കല്പിച്ചു.’ ശരിയായ ജീവിതചിത്രങ്ങള്‍ കോറിയിട്ട ഈ പുസ്തകം കണ്ണുകള്‍ ഈറനണിയാതെ വായിക്കാനാവില്ല. ‘ഇത് ജീവിതം വെട്ടിപ്പിടിച്ചവന്‍റെ കഥയല്ല; ജീവിതം ജീവിച്ചുകൊണ്ട് നേരിടുന്നതിന്‍റെ കഥയാണ്’ എന്ന് അവതാരികയില്‍ എന്‍ എസ് മാധവന്‍ വിശേഷിപ്പിച്ചിട്ടുണ്ട്.

‘അകപ്പൊരുളായ വായിച്ചിക്ക്, കണ്ണീരാല്‍ തലയണ കുതിര്‍ത്ത മാതൃത്വത്തിന്, അരക്ഷിതരായ അനാഥ ബാല്യങ്ങള്‍ക്ക്’ എന്നിങ്ങനെയാണ് ‘വിരലറ്റം’ സമര്‍പ്പിക്കുന്നത്. അറിവാണ് ധനമെന്നു കരുതിയ വായിച്ചി (പിതാവ്) യെയും ഉയര്‍ച്ചയ്ക്കായി തപസ്സിരുന്ന ഉമ്മയെയും ശിഹാബ് അനുസ്മരിക്കുന്നുണ്ട്. പുല്‍ച്ചാടിയും പുല്‍നാമ്പും മുതല്‍ ബന്ധുക്കളും ഗുരുകാരണവന്മാരും ഇളം പ്രായത്തില്‍ തണലൊരുക്കിയ സഹോദരങ്ങളും അനാഥാലയവും കൂട്ടുകാരും നല്‍കിയ തുണയാണ്, പ്രവര്‍ത്തനം നിലയ്ക്കാത്ത ഘടികാരം കണക്കെ, ശിഹാബിനെ കര്‍മ്മനിരതനാക്കിയത്. വായിച്ചി ഉള്ളംകയ്യില്‍ വെച്ചുതന്ന മധുരനാരങ്ങയില്‍ നിന്നാണ് തന്‍റെ ഭാവിയെക്കുറിച്ച് ഓര്‍ക്കാന്‍ ശിഹാബിനാകുന്നത്. അനാഥത്വത്തിന്‍റെ മുറിവേറ്റ്, ഒറ്റപ്പെടലിന്‍റെ വ്യഥപേറുന്ന ജീവിതാവസ്ഥയിലും അനാഥാലയം പകര്‍ന്നു നല്‍കിയ കരുത്തിലും വിശ്വാസത്തിലുമാണ് ശിഹാബ് തന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ചത്. മഴനനഞ്ഞ ഒരിടവപ്പാതിയില്‍, ഭാവിയെന്തെന്നറിയാതെ, ശൂന്യതയില്‍, അനാഥാലയത്തിന്‍റെ പടികടന്നെത്തിയ താന്‍ ഭാഗ്യവാനാണെന്നും സമൂഹത്തിന്‍റെ നിതാന്ത ജാഗ്രതയുടെ പിന്‍ബലത്തില്‍ സുരക്ഷിത ഇടം തേടാനായെന്നും ശിഹാബ് വിശ്വസിക്കുന്നുണ്ട്.

സ്കൂള്‍ ജീവിതകാലത്തെ, തന്‍റെ ക്ലേശകരമായ ചുറ്റുപാടുകള്‍, ഡോ. അബ്ദുല്‍കലാം അനുസ്മരിക്കുന്നു. സ്കൂള്‍ ഫീസ് അടക്കാനായി താന്‍ ചെയ്തുപോന്ന കൊച്ചുകൊച്ചു ജോലികള്‍, കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ ഭാഗികമായി, സാമ്പത്തിക കാരണങ്ങളാല്‍, ഒരു സസ്യഭുക്കാകുവാനുള്ള തീരുമാനം തുടങ്ങിയവ സാമൂഹിക ഘടനയില്‍ നിക്ഷിപ്തമായ വ്യക്തിഗത ഭാഗധേയമായി അദ്ദേഹം കാണുന്നു. ഒരു വ്യോമസേനാ വൈമാനികനാകാനുള്ള നിഷ്ഫലയത്നത്തെക്കുറിച്ച്, താന്‍ ഒരു ജില്ലാകലക്ടറാവണമെന്ന പിതാവിന്‍റെ സ്വപ്നത്തില്‍ നിന്നു വ്യത്യസ്തമായി, എങ്ങനെയാണ് ഒരു റോക്കറ്റു സാങ്കേതിക വിദഗ്ദ്ധനായി മാറിയതെന്നും ഡോ.കലാം വിശദീകരിക്കുന്നുണ്ട്. യത്നങ്ങള്‍ ഒരിക്കലും നിഷ്ഫലമാവില്ലെന്ന് അദ്ദേഹം അടിക്കടി ഉണര്‍ത്തുന്നുണ്ട്. കൂടാതെ, തന്‍റെ ഗ്രന്ഥത്തിലെ ആഖ്യാനം കേവലം വ്യക്തിഗത വിജയങ്ങളുടെയും വേദനകളുടെയും വിവരണമല്ല. മറിച്ച്, സാങ്കേതിക വിദ്യയുടെ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ശാസ്ത്രസ്ഥാപനങ്ങളുടെ വിജയങ്ങളുടെയും തിരിച്ചടികളുടെയും ചരിത്രം കൂടിയാണ്.

തന്‍റെ ഗുരുനാഥനായ ഇയ്യാദുരൈ സോളമന്‍ പറഞ്ഞത് എ പി ജെ ഉദ്ധരിക്കുന്നു: ‘ജീവിത വിജയം നേടാനും നേട്ടങ്ങള്‍ കൊയ്തെടുക്കാനും സാധിക്കണമെങ്കില്‍ നീ മൂന്നു സുപ്രധാന ശക്തികളെക്കുറിച്ച് മനസ്സിലാക്കുകയും അവ പ്രയോഗിക്കാന്‍ പ്രാവീണ്യം നേടുകയും വേണം. ആഗ്രഹം, വിശ്വാസം, പ്രതീക്ഷ എന്നിവയാണാശക്തികള്‍’. ‘വിശ്വാസം കൊണ്ട് നിനക്ക് നിന്‍റെ വിധിയെപ്പോലും മാറ്റിത്തീര്‍ക്കാന്‍ കഴിയും’ എന്നദ്ദേഹം പറയുമായിരുന്നു. അദ്ധ്യാപകരില്‍ നിന്നുള്ള അംഗീകാരങ്ങള്‍, ആശീര്‍വാദങ്ങള്‍, പിന്തുണ എല്ലാം തന്നെയാണ് കലാമിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ പ്രേരിപ്പിച്ചത്. അതേസമയം, എസ്എസ്എല്‍സി ക്ലാസ്സിലെ സുകുമാരന്‍ മാസ്റ്റര്‍, ‘ജീവിതം തുടങ്ങുകയാണെ’ന്നു പറഞ്ഞു നല്‍കിയ ലക്ഷ്യബോധം, തന്‍റെ ജീവിതത്തെ മാറ്റിമറിച്ച വന്‍സ്വാധീനമായി ശിഹാബ് അനുസ്മരിക്കുന്നുണ്ട്. ആ ഒരു മുന്നറിയിപ്പാണ്, തന്നെ പിന്‍ബെഞ്ചില്‍ നിന്ന് മുന്‍ബെഞ്ചിലെത്തിച്ചത്. ഒരദ്ധ്യാപകന് തന്‍റെ വിദ്യാര്‍ത്ഥി യുടെ ജീവിത ഗതിവിഗതികളില്‍ സ്വാധീനം ചെലുത്താനാകും എന്നും അദ്ദേഹം വ്യംഗ്യമായി വ്യക്തമാക്കുന്നുമുണ്ട്.

ജീവിതത്തില്‍ നാം സ്വപ്നം കാണണമെന്ന് എപിജെ ആവശ്യപ്പെടുന്നു: ‘നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരാന്‍ കഴിയുന്നതിനുമുമ്പേ തന്നെ നിങ്ങള്‍ സ്വപ്നം കാണേണ്ടതുണ്ട്. ചില മനുഷ്യര്‍, അവര്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ ആവശ്യങ്ങളുണ്ടായാലും അവ നേടാനായി അവര്‍ ധൃതിയില്‍ ഇറങ്ങിപ്പുറപ്പെടുന്നു. മറ്റുള്ളവരാകട്ടെ, കാലിട്ടടിക്കുകയല്ലാതെ ഒരിക്കലും നടന്നു തുടങ്ങുകയില്ല, എന്തെന്നാല്‍ തങ്ങള്‍ക്കെന്താണു വേണ്ടതെന്ന് അവര്‍ക്കറിയില്ല, മാത്രമല്ല, അവ എങ്ങനെ കണ്ടെത്തണമെന്നും അവര്‍ക്കറിയില്ല’. അതേസമയം, ദാരിദ്ര്യവും അനാഥത്വവും കൊണ്ട് അരികുവത്കരിക്കപ്പെട്ട സമൂഹത്തിനുപോലും സ്വപ്നം കാണാനും ലക്ഷ്യം നേടാനും സാധിക്കുമെന്നുതന്നെയാണ് മുഹമ്മദലി ശിഹാബ് തന്‍റെ ജീവിതം കൊണ്ട് തെളിയിക്കുന്നത്. മുക്കം അനാഥാലയത്തിന്‍റെ ചരിത്രം പേറിക്കൊണ്ട് മലയോര ഗ്രാമങ്ങളെ തഴുകിത്തലോടി ഒഴുകുന്ന, തന്‍റെ വിരസതയകറ്റിയ, ഇരവഴഞ്ഞിപ്പുഴയുടെ ഓരത്തിരുന്നാണ് അദ്ദേഹം തന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം ചാലിക്കുന്നത്. കൈക്കുമ്പിളില്‍ കോരിയെടുത്ത ആ പുഴവെള്ളത്തില്‍ നോക്കിയാണ് തന്‍റെ മനസ്സുകണ്ടതെന്ന് ശിഹാബ് ഉള്‍പ്പുളകത്തോടെ ഓര്‍ക്കുന്നുണ്ട്.

ഉന്നതപഠനത്തിന് രാമേശ്വരത്തു നിന്ന് രാമനാഥപുരം പോകേണ്ടി വന്നപ്പോഴുണ്ടായ ഗൃഹാതുരത്വം എപിജെ വിവരിക്കുന്നു. എന്നാല്‍, അവിടത്തെ ജീവിതരീതികളോ സാമൂഹികാവസ്ഥയോ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അതിനാല്‍, രാമേശ്വരം സന്ദര്‍ശിക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ എന്നും അദ്ദേഹം ഉപയോഗപ്പെടുത്തി. പിതാവാണ് അദ്ദേഹത്തെ രാമനാഥപുരത്തേക്ക് അയക്കുന്നത്. ഏതായാലും, വിധി അദ്ദേഹത്തെ രാമേശ്വരത്തേക്ക് തിരിച്ചു കൊണ്ടുവന്നില്ല; പ്രത്യുത, തന്‍റെ ബാല്യം ചെലവിട്ട ആ നാട്ടില്‍ നിന്ന് അതദ്ദേഹത്തെ കൂടുതല്‍ ദൂരത്തേക്ക് പറത്തിക്കൊണ്ടുപോകുകയാണ് ചെയ്തത്. തമിഴ്നാട്ടിലെ രാമേശ്വരത്തിന്‍റെയും രാമനാഥപുരത്തിന്‍റെ യും മറ്റും ഗ്രാമീണ ശാലീനതയും സൗന്ദര്യവും തന്‍റെ ബാല്യത്തിന്‍റെ നഷ്ട സ്വപ്നങ്ങളായി അദ്ദേഹം ഓര്‍ക്കുന്നുണ്ട്. അതേസമയം, ശിഹാബിന്‍റേത് മുക്കം അനാഥാലയത്തില്‍ എത്തിയപ്പോഴുണ്ടായ ഗൃഹാതുരത്വമാണ്. അവിടേയ്ക്ക് എത്തിക്കുന്നത് ഉമ്മയാണ്. അവിടത്തെ ജീവിതരീതികളൊന്നും ഇഷ്ടമാകാതിരുന്ന ശിഹാബ് സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ മുക്കത്തുനിന്ന് തന്‍റെ നാടായ വാഴക്കാട്ടും എടവണ്ണപ്പാറയിലും എത്താന്‍ തിടുക്കം കാണിച്ചു. എത്തിക്കഴിഞ്ഞാല്‍ മുക്കത്തേക്കു തിരിച്ചുപോകാന്‍ വൈമനസ്യം കാണിക്കുകയും ചെയ്തു. തന്‍റെ ബാല്യം ചെലവിട്ട ജന്മനാട്ടില്‍ നിന്ന് ശിഹാബിനെയും വളരെ ദൂരത്തേക്കു തന്നെയാണ് വിധി പറത്തിക്കൊണ്ടുപോയത്.

ക്രമീകരണം, സൃഷ്ടി, സാന്ത്വനം, ധ്യാനം എന്നിങ്ങനെ നാലു ഭാഗങ്ങളായാണ് അഗ്നിച്ചിറകുകള്‍ രചിച്ചിട്ടുള്ളത്. 1931 മുതല്‍ 1963 വരെയുള്ള കാലഘട്ടമാണ് ‘ക്രമീകരണ’ത്തില്‍ വിവരിക്കുന്നത്. ഗൃഹാതുര ഓര്‍മ്മകളിലൂടെ തുടങ്ങുന്ന ഈ ഭാഗത്ത് ജനനം, ബാല്യം, സ്കൂള്‍ വിദ്യാഭ്യാസം, ബിരുദ-ബിരുദാനന്തര പഠനം, എംഐടി (മദ്രാസ് ഇന്സ്ടിട്യൂട് ഓഫ് ടെക്നോളജി) യിലെ എയ്റോനോട്ടിക്കല്‍ എഞ്ചിനീറിങ് കോഴ്സ് തുടങ്ങിയ പടവുകള്‍ കടന്ന്, സീനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റായി നിയമനം കിട്ടിയത് ഉള്‍പ്പെടെയുള്ളവ അനാവരണം ചെയ്യപ്പെടുന്നു. 1962 ന്‍റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തിലെ ‘തുമ്പ’ എന്ന നിദ്രാസലമായ മത്സ്യ ബന്ധന ഗ്രാമത്തില്‍ ‘ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍’ സ്ഥാപിക്കാന്‍ തീരുമാനമായതുമായി ബന്ധപ്പെട്ട വിവരണങ്ങള്‍ കൂടി ഈ ഭാഗത്തില്‍ കാണാം.

1963 മുതല്‍ 1980 വരെയുള്ള കാലഘട്ടമാണ് ‘സൃഷ്ടി’യില്‍. നേതാക്കളുടെയും നേതൃത്വത്തിന്‍റെയും കഴിവും പ്രസക്തിയും വ്യക്തമാക്കുന്ന ഈ ഭാഗത്ത് നാസയിലെ ജോലി, ഐഎസ്ആര്‍ഒ (ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച് ഓര്‍ഗനൈസേഷന്‍) യിലെ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയുടെ പ്രഥമ റോക്കറ്റ് വിക്ഷേപണം, സൗണ്ടിങ് റോക്കറ്റുകളുടെ നിര്‍മ്മാണം, വിക്രം സാരാഭായിയുടെ സേവനങ്ങള്‍, സംയോജിത പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളുടെ ഉത്പാദനം, ഭൗമ-ആകാശ മിസൈലു കളുടെ നിര്‍മ്മിതി, ഉപഗ്രഹ വിക്ഷേപണ വാഹന (എസ്എല്‍വി) നിര്‍മ്മാണം തുടങ്ങിയവ വിശദീകരിക്കുന്നു. തന്‍റെ പിതാവിന്‍റെ മരണം, എസ്എല്‍വി മൂന്നിന്‍റെ പരാജയം, അതുണ്ടാക്കിയ ആഘാതങ്ങള്‍ മുതലായവയും ഈ ഭാഗത്ത് വായിക്കാം. കൂടാതെ, രൂപകല്പന, വികസനം, നിര്‍മ്മാണം, പ്രവര്‍ത്തനം തുടങ്ങിയവ പഠനാര്‍ഹമാംവിധം വിവരിക്കുന്നതോടൊപ്പം വിദ്യാഭ്യാസവും കൈപ്പുണ്യവും കെട്ടിപ്പടുക്കണമെന്നും, വ്യക്തി സ്വാതന്ത്ര്യം ശക്തമാക്കാന്‍ വ്യക്തിപരമായ ചുമതലകളോടുള്ള അഭിനിവേശം വളര്‍ത്തിയെടുക്കണമെന്നും ആഹ്വാനം ചെയ്യുന്നുമുണ്ട്.

1981 മുതല്‍ 1991 വരെയുള്ള ഘട്ടമാണ് ‘സാന്ത്വനം’. ഈ ഭാഗത്തില്‍ ഐഎസ്ആര്‍ഒ യും ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) യും തമ്മിലുണ്ടായ വടംവലി മനോഹരമായി പരാമര്‍ശിക്കുന്നുണ്ട്. എസ്എല്‍വി നാലിന്‍റെയും ആദ്യത്തെ മിസൈലായ ‘ത്രിശൂലി’ന്‍റെയും വിജയകരമായ വിക്ഷേപണം, ഡിആര്‍ഡിഒ യിലേക്കുള്ള മാറ്റം, ഭൂതലമിസൈല്‍ നിര്‍മ്മാണം, മിസൈല്‍ സാങ്കേതിക വിദ്യയുടെ തുടക്കവും വ്യാപ്തിയും, വ്യത്യസ്ത മിസൈലുകളുടെ രൂപകല്പന, നിര്‍മ്മാണം, വികസനം മുതലായവ വിവരിക്കുന്നത് ഈ ഭാഗത്തിലാണ്. പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ വധവും ശാസ്ത്രലോകത്തിനുണ്ടായ നഷ്ടവും തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍, ഡോ.കലാം, ഹൃദയസ്പര്‍ശിയായി വിവരിക്കുന്നുണ്ട്.

1991 മുതലാണ് ‘ധ്യാനം’. 60 വയസ്സ് പുര്‍ത്തിയാകുന്നതോടെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് സാമൂഹിക പ്രവര്‍ത്തനത്തിന് തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ വീണ്ടും നീട്ടി. ആര്യഭട്ട (1994), പദ്മഭൂഷണ്‍, ഭാരത് രത്ന (1997), മുതലായ പുരസ്കാരങ്ങള്‍ക്ക് സാഹചര്യമൊരുങ്ങിയതും അവ ലഭിച്ചതും വിവരിക്കുന്ന ഡോ.കലാം ഐഎസ് ആര്‍ഒ, ഡിടിഡി&പി (വ്യോമം) (ഡയറക്റ്ററേട് ഓഫ് ടെക്നിക്കല്‍ ഡവലപ്മെന്‍റ് ആന്‍റ് പ്രൊഡക്ഷന്‍), ഡിആര്‍ഡിഒ എന്നിവിടങ്ങളിലെ പ്രവര്‍ത്തന കാലത്ത് നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നുവെന്നും അവയെ എങ്ങനെ തരണം ചെയ്തുവെന്നും വിശദീകരിക്കുന്നുണ്ട്. സാങ്കേതിക വിദ്യയും ടെക്നോളജി മാനേജ്മെന്‍റും എന്ന ആശയത്തിനു വേരുപിടിപ്പിച്ചു. ഒരു കാലഘട്ടം അവസാനിക്കുന്നതിന്‍റെ കഥ പറഞ്ഞുകൊണ്ടാണ്, അത് തന്നോടൊപ്പം അവസാനിക്കുമെന്നും തനിക്ക് പിന്തുടര്‍ച്ച ഇല്ലെന്നും വെളിപ്പെടുത്തിയാണ്, ഡോ.കലാം അവസാനിപ്പിക്കുന്നത്.

മൂന്നു ഭാഗങ്ങളായാണ് വിരലറ്റം രചിച്ചിരിക്കുന്നത്. ഒന്നാംഭാഗം ബാല്യകാല ഗ്രാമീണ ജീവിതത്തിന്‍റെ ഗൃഹാതുതര ഓര്‍മ്മകളാണ്. സാഹചര്യങ്ങള്‍ എത്ര പ്രതികൂലമാണെങ്കിലും തന്‍റെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ നടത്തുന്ന നിരന്തരമായ ശ്രമങ്ങളാണിത്. വിദ്യാലയത്തോടും അതിന്‍റെ പരിസരങ്ങളോടും വളരെ പ്രിയമുണ്ടായിട്ടും പഠനത്തില്‍ മാത്രം താത്പര്യമില്ലാതിരുന്ന, പ്രകൃതിയോടിണങ്ങി ജീവിച്ച, വാഴക്കാട്ടങ്ങാടിയിലെ പെട്ടിക്കടയില്‍ വായിച്ചി യുടെ കൂടെ എപ്പോഴും ഉണ്ടാവണമെന്ന് വാശിപിടിച്ച ഒരുബാലനാണ് ഒന്നാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാവും പ്ലാവും മരങ്ങളും, കുന്നിന്‍ മുകള്‍പ്പരപ്പിലെ തടായിയും, ചാലിയാര്‍ പുഴയും തോടുകളും, കൊയ്ത്തു പാടങ്ങളും നാട്ടിടവഴികളും മറ്റു ജീവജാലങ്ങളുമെല്ലാം തന്‍റെ ജീവിത കഥാകഥനത്തിലെ സ്വാധീന ശക്തിസ്രോതസ്സുകളായി മാറുന്നുണ്ട്. ജീവിതാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള കുറിക്കല്യാണം, വാര്‍ഷിക പുരകെട്ടല്‍, വീടുകളിലെ കൂവപ്പൊടിയൊരുക്കല്‍ ഉത്സവം, തോട്ടിലും പുഴയിലും നീന്തിത്തുടിച്ച മീനുകള്‍ തുടങ്ങി ഒരിക്കലും വീണ്ടെടുക്കാന്‍ പറ്റാത്തവിധം വിദൂരതയിലേക്ക് മറഞ്ഞു പോയ ഗൃഹാതുര ഗ്രാമീണ ജീവിത ഓര്‍മ്മകള്‍ വിരസതയില്ലാത്ത വായനാനുഭവം സമ്മാനിക്കുന്നു.

യതീംഖാനയിലെ ജീവിതാനുഭവങ്ങളാണ് രണ്ടാംഭാഗം. നാടും വീടും വിട്ട് പുറത്തുനില്‍ക്കുമ്പോള്‍ അനുഭവിക്കുന്ന സങ്കടങ്ങളും കുടുംബ-ബന്ധു മിത്രാദികളുടെ സാന്നിദ്ധ്യത്തിന്‍റെ അനുഭൂതികളും അനാവരണം ചെയ്യപ്പെടുന്നു. അനാഥത്വത്തിന്‍റെ സങ്കടങ്ങളിലൂടെ ജീവിക്കാന്‍ പാടുപെടുന്ന ബാല്യങ്ങളോടൊപ്പം ഊണിലും ഉറക്കത്തിലും പഠനത്തിലുമൊക്കെ ഇടപഴകി ജീവിച്ച അനാഥാലയവാസത്തിന്‍റെ സങ്കടാനുഭവങ്ങളാണിത്. ആ ജീവിതത്തില്‍ സ്വമേധയാ കൈവന്ന വ്യക്തിത്വവികാസങ്ങള്‍ സിവില്‍ സര്‍വ്വീസിലെ മുന്നോട്ടുപോക്കിന് സഹായകമാകുമെന്ന് ഗ്രന്ഥകാരന് പ്രതീക്ഷയും വിശ്വാസവുമുണ്ട്. കടബാധ്യതയുള്ള കുടുംബത്തെ സഹായിക്കാന്‍ കല്ലുതട്ട് ജോലി, കോണ്‍ക്രീറ്റ് പണി, സിമന്‍റ് കുഴക്കല്‍ പണി, ഹോട്ടല്‍പണി, സ്കൂള്‍ അദ്ധ്യാപകന്‍, പഞ്ചായത്ത് ഓഫീസ് ഗുമസ്ഥന്‍ മുതലായ ജീവിതോപാധികള്‍ അദ്ദേഹം കണ്ടെത്തുന്നുണ്ട്.

ഐഎഎസ്സിലേക്കുള്ള സാഹസിക യാത്രാനുഭവങ്ങളുടെ സംഗ്രഹമാണ് മൂന്നാംഭാഗം. നിരന്തര പരിശ്രമവും കൃത്യമായ പഠനവും കഠിനയത്നവും വഴി, ആദ്യാവസരത്തില്‍ തന്നെ, സിവില്‍ സര്‍വ്വീസ് പരീക്ഷയും കടമ്പകളുമെല്ലാം മറികടക്കുന്നുണ്ട്, എടവണ്ണപ്പാറയിലെ ഒരു കൂരയില്‍ നിന്ന് മുസ്സൂരി ഐഎഎസ് അക്കാദമിയിലേക്കുള്ള ഈ സാഹസിക യാത്രയില്‍. പുസ്തകത്താളുകളില്‍ കിടക്കുന്ന നിര്‍വ്വചനങ്ങളില്‍ നിന്നല്ല, പ്രത്യക്ഷ ബോധത്തില്‍ നിന്നാണ്, യാഥാര്‍ത്ഥ അറിവുകള്‍ സ്വായത്തമാക്കാന്‍ കഴിയുക എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നുമുണ്ട്.

‘പതിനൊന്നാം വയസ്സിലാണ് ശിഹാബ്, പിതാവ് മരിച്ചതിനെത്തുടര്‍ന്ന്, അനാഥാലയത്തില്‍ എത്തുന്നത്. അതിനു ശേഷം ഇരുപത്തിയൊന്നു വയസ്സുവരെ അദ്ദേഹം യതീംഖാനയില്‍ തുടര്‍ന്നു. അവിടെനിന്ന് വിദ്യാഭ്യാസവും ജീവനകൗശലങ്ങളും സ്വന്തമാക്കി. കല്ലുവെട്ടുകാരനായിട്ടായിരുന്നു ആദ്യത്തെ പണി. പിന്നെ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ കരാര്‍ പണിയില്‍ കൂലിവേല. തുടര്‍ന്ന് പ്യൂണായും ഗുമസ്തനായും അധ്യാപകനായും പല പല ജോലികള്‍. അതിനിടയില്‍ ബിരുദവും നേടി. പിന്നെ ഇന്ത്യയിലെ ഏറ്റവും ദുഷ്കരമായ പരീക്ഷ എന്നു കരുതുന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതി വിജയിച്ചു. ഇപ്പോള്‍ നാഗാലാന്‍റ് കേഡറില്‍ ജോലി ചെയ്യുന്നു. ഓരോ ജീവിതസാഹചര്യത്തിലും നേരിടേണ്ടി വന്ന ദുര്‍ഘടങ്ങളെ എങ്ങനെ ആശയോടും പ്രസന്നതയോടും ഇച്ഛാശക്തിയോടും നേരിട്ടുവെന്നതിന്‍റെ കഥനമാണ് ഈ പുസ്തകത്തിന്‍റെ അന്തര്‍ധാര. ഇത് ജീവിതം വെട്ടിപ്പിടിച്ചവന്‍റെ കഥയല്ല; ജീവിതം ജീവിച്ചുകൊണ്ട് നേരിടുന്നതിന്‍റെ കഥയാണ്.’ -എന്‍. എസ്. മാധവന്‍

അനാഥാലയവാസം കൂടുതല്‍ പഠിക്കാനും വായിക്കാനും പ്രാപ്തനാക്കി. പിതാവിന്‍റെ പെട്ടിക്കടയും അങ്ങാടി ബന്ധങ്ങളും സാമൂഹിക ബോധവും ഉത്തരവാദിത്തവുമുള്ള മനുഷ്യനാക്കി. ജീവിതാനുഭവങ്ങളെല്ലാം ഒരു ലക്ഷ്യത്തിലേക്കുള്ള പാകപ്പെടുത്തലാണെന്ന് തിരിച്ചറിഞ്ഞു. സ്വയം വെട്ടിപ്പിടിച്ച പാതയിലൂടെ സഞ്ചരിച്ച് ഒരു ഇന്ത്യന്‍ പൗരന് ആഗ്രഹിക്കാവുന്നതും എത്താവുന്നതുമായ മാറ്റമാണ് ‘വിരലറ്റം’. ഇല്ലായ്മകളില്‍ നിന്ന് ആത്മ വിശ്വാസത്തിന്‍റെ കരു ത്തുമായി നഷ്ടങ്ങളുടെ പടവുകള്‍ കീഴടക്കിയ സാഹസിക കഥാകഥനമാണിത്. വിറയ്ക്കുന്ന കൈകളുമായി വില്ലേജ് ഓഫീസില്‍ എത്തിയ വൃദ്ധന്‍റെ ആവശ്യം ഓഫീസില്‍ നിന്ന് തള്ളിയപ്പോള്‍, വേദനയോടെ, കാര്യങ്ങള്‍ നേരിട്ടേറ്റെടുത്ത് പൂര്‍ത്തിയാക്കിക്കൊടുക്കാന്‍ കാണിച്ച ആ നല്ല മനസ്സാണ് സിവില്‍ സര്‍വ്വീസിന്‍റെ പടവുകള്‍ കയറാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ‘വിരലറ്റം’. പെട്ടിക്കടക്കാരനായ വായിച്ചി യുടെ വിരലറ്റം പിടിച്ച് ബാല്യം പിന്നിട്ട, ഉമ്മയുടെ വിരലറ്റം പിടിച്ച് അനാഥാലയം പിന്നിട്ട, കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും വിരലറ്റം പിടിച്ച് രാജ്യത്തിന്‍റെ ഉന്നത ശ്രേണി കീഴടക്കിയ ശിഹാബ് ഇനി നമ്മുടെ രാഷ്ട്രത്തിനു വേണ്ടിയാണ് വിരലുയര്‍ത്തുന്നത്. ആര്‍ഷ ഭാരത സംസ്കാരം, നമ്മില്‍ പടുത്തുയര്‍ത്തിയ, സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ഒരു സഹവര്‍ത്തിത്ത സൗഹൃദ സാംസ്കാരികത്തനിമയുണ്ടല്ലോ അത്, ഇനിയുമിവിടെ ശിഹാബിനെപ്പോലെയുള്ള വരുടെ വിരലറ്റങ്ങളില്‍, ശോഭയുയര്‍ത്തി പരിലസിക്കുമെന്ന് പ്രതീക്ഷിക്കാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here