കവിതയുടെ കപ്പൽസഞ്ചാരങ്ങൾ
ഡോ. രോഷ്‌നി സ്വപ്ന
I live in a world
of others words.
ആഞ്ജല ഗോദ്ദാർദും
നീൽ കേറിയും
ചേർന്നെഴുതിയ ‘ഡിസ്കോഴ്സ് ഓഫ് ബേസിക്സ് ‘എന്ന പുസ്തകത്തിലെ
ഒരു തലക്കെട്ടാണിത്
ഭാഷ മനുഷ്യനിർമ്മിതമാണെന്നും പരമ്പരാഗതമായി നാം പിന്തുടരുന്നത്
ഈ നിർമ്മിതി ആണെന്നും ഈ പുസ്തകത്തിൽ പറയുന്നു. വ്യവഹാരത്തെക്കുറിച്ചുള്ള
പൊതു ചർച്ചകളിൽ നിന്ന് ഭാഷാവ്യവഹാരം എന്ന കേന്ദ്രീകൃത ചർച്ചയിലേക്കാണ്
ഈ ചിന്ത നമ്മെ കൊണ്ടുപോവുക.
അത് കവിതയിലാകുമ്പോൾ സ്ഥലം, സമയം, ഇടം, കാലം ,എന്നിങ്ങനെ
പരന്നുകിടക്കുന്ന അനുഭവങ്ങളെ, അനുഭൂതികളെ അടിസ്ഥാനപ്പെടുത്തിയുള്ള
കണ്ടെത്തൽ കൂടി ആകുന്നു.
ചരിത്രത്തിലിന്നോളം ഇടപെട്ട വിവിധ ജനുസ്സുകളുടെയും ശബ്ദങ്ങളുടെയും
ഓർമ്മകളുടെയും മറവികളുടെയും വ്യാവഹാരിക സന്ദർഭങ്ങൾ അവിടെ
അഭിസംബോധന ചെയ്യപ്പെടും. കവി, മനുഷ്യൻ, സാമൂഹിക ജീവി എന്ന
രൂപഭേദങ്ങളിൽ നിന്ന് ഒരൊറ്റ സ്വത്വം ഉയർന്നുവരും. കാട്ടിലേക്ക് പോകും.
ഭാഷയെ തൻറെ ആത്മാവിന്റെ മേൽ മൂടുന്ന തൊലിയായി കണ്ടെടുത്ത് ചീന്തും.
ഒ.പി സുരേഷ് അതാണ് കവിതയിൽ ഇക്കാലമത്രയും ചെയ്തുകൊണ്ടിരിക്കുന്നത്.
ഭാഷയുടെ ചരിത്രവത്കരണ പ്രക്രിയയിൽ കവിതയ്ക്ക് എന്താണ് ചെയ്യാനുള്ളത്
എന്ന ചോദ്യം,തിരച്ചിൽ തൻറെ കവിതയുടെ രാഷ്ട്രീയമായി തന്നെ കണ്ടറിഞ്ഞ്
ആവിഷ്കരിക്കുകയാണ് ഒ പി സുരേഷ് .
ഒപ്പം നടക്കുമ്പോഴും ഞാനും നീയും അവരും ഒറ്റയൊറ്റമരങ്ങൾ
എന്നാണ് “ഒപ്പം” എന്ന കവിതയുടെ തുടക്കം.
കാട്ടിലേക്കാണ് യാത്ര. കാട്ടിലെത്തി ഓരോരുത്തരും ഓരോ കാടുകളായി ഒളിക്കുന്നു.
കാട് ഒരു സ്ഥലവും വെളിമ്പ്രദേശവും,ഒരുമിച്ചു കഴിഞ്ഞതിന്റെ ഓർമ്മയുമാകുന്നു.
കാടു വിട്ടിറങ്ങുമ്പോൾ
ഒരു കാടും ഇറങ്ങിപ്പോകുന്നു .
“വെറുതെയിരിക്കുവിൻ “എന്ന പുസ്തകത്തിലെ കവിതകൾക്ക് ഓർമ്മകളുടെ
ആഴങ്ങൾ ഉണ്ട്. കവി ഭാഷയിലൂടെയും അനുഭൂതി ലോകത്തിലൂടെയും
കവിതയിലേക്ക് തുഴയുന്നു.
കവിതയുടെ സൗന്ദര്യത്തെ ഈവിധം പുന:സന്ദർശനം നടത്തുന്നു.
വെള്ളത്തെക്കുറിച്ചുള്ള ഓർമയിൽനിന്ന്….
ഒഴുക്കിൽ അകപ്പെട്ട ഓർമയിൽനിന്ന്….
അറിഞ്ഞ, ആർജ്ജിച്ച അറിവുകളുടെ വറ്റലിൽ നിന്ന്,…. അപാരജ്ഞാനത്തിന്റെ
നിർയുക്തികതയിൽ നിന്ന്…. എത്ര എഴുതിയാലും എഴുതാനാവാത്ത അക്ഷരം
പോലെയുള്ള ജീവിതങ്ങളെ ഇയാൾ ഒറ്റയ്ക്കിരുന്ന് എഴുതിയെടുക്കുന്നു.
ജീവിച്ചിരിക്കാൻ ഓരോരുത്തർക്കും
ഓരോ കാരണങ്ങൾ
ഉണ്ടാവും
മരിച്ചു പോകുന്നവർക്ക്
അറിയാഞ്ഞിട്ടല്ല
എന്നാണ് കവിയുടെ കണ്ടെത്തൽ. ജനിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം,
ജീവിച്ചിരിക്കുന്നവരും,മരിച്ചു പോകുന്നവരും ഒ. പി സുരേഷിന്റെ കവിതയിൽ
ഒരുപോലെയാണ്.
അനുഭവങ്ങളുടെ തനത് പാഠങ്ങളോ പാ0ഭേദങ്ങളോ അല്ല ഒ പി സുരേഷിൻറെ
കവിതകളിൽ. മറിച്ച് അനുഭവങ്ങളുടെ തന്നെ ഏറ്റവും സൂക്ഷ്മവും തെളിഞ്ഞതുമായ
മുഖങ്ങളാണ്. അതാവട്ടെ
“കൊഴുത്ത കാഴ്ചകൾക്കിടയിൽ
പിടയുന്ന
കറുത്തനേരുകൾ “ആയും.
(യാന്ത്രികം )
“അകത്തും പുറത്തുമായി കലമ്പുന്ന ഇരട്ടജീവിതമായും
മനുഷ്യരോരോന്നുമോരോ
മുരത്ത യന്ത്രങ്ങൾ ആകുന്ന പോലെയോ
ആണ് വെളിപ്പെടുന്നത്. അതിനിടയിൽ മനുഷ്യനെന്ന നിലയിലുള്ള ചില
വെളിപ്പെടുത്തലുകളും “ഞാൻ” എന്ന് കർതൃത്വ നിർമ്മിതിയുടെ ആശങ്കകൾ
ആയും കവിതയിൽ കടന്നു വരുന്നു.
അഹം ബ്രഹ്മാസ്മി എന്ന തത്വചിന്താപരമായ ദർശനത്തെ സമകാലിക രാഷ്ട്രീയ
ആശയം എന്ന നിലയിൽ പരിവർത്തിക്കുന്നു ചിലപ്പോൾ.
പോകുന്നതും വരുന്നതും ,കാണിയും അവതാരകനും, എല്ലാം താൻ തന്നെയാണ്.
വിരുന്നുകാരനും ,വീട്ടുകാരനും, കള്ളനും, രാജാവും കരയുന്നവനും ,ചിരിക്കുന്നവനും
എല്ലാം താൻ തന്നെ ആവുന്നു.
അസൂയയുടെ
ദംഷ്ട്രകൾക്ക് മൂർച്ച ഏറെയാണ്
അസഹിഷ്ണുതയുടെ ആഴമോ
അളക്കാനുമാവില്ല
ആരോരുമില്ലാത്തപ്പോൾ താങ്ങിയിട്ടുണ്ടാവാം
എല്ലാരും ഉള്ളപ്പോൾ വേണ്ടെന്നേ പറഞ്ഞുള്ളൂ
(നവസെലിബ്രിറ്റി ഭൂതകാലത്തോട് )
കാലവുമായി കവി നടത്തുന്ന ഈ സംവാദത്തിൽ ഓർമ്മകൾക്കാണ് തൂക്കം കൂടുതൽ.
നിങ്ങൾ മാത്രം
എന്തിനാണ്
വടിവൊത്ത ഓർമ്മയിൽ വരച്ചിടുന്നത്
എന്ന കവിതയിൽ ഒരിടത്ത് ചോദിക്കുന്നുണ്ട്.
കരഞ്ഞവരെ മാത്രമല്ലല്ലോ കൂടെ ചിരിച്ചവരെയും ഓർത്തിരിക്കേണ്ടേ
എന്ന് വിരുദ്ധോക്തി കൂടിയുണ്ട് ഈ ഓർമ്മയുടെ കളിയിൽ. വായനയുടെ രൂപപ്പെടൽ
കൂടി ഈ കവിതകളിൽ സാധ്യമാകുന്നുണ്ട്.
ഉറങ്ങുന്നവർ രഹസ്യമായി മരിക്കാൻ പരിശീലിപ്പിക്കുകയാണ്
എന്ന പ്രസ്താവന നോക്കൂ (പരിശീലനം )
ഉറക്കം ഒരു കന്യാസ്ത്രീ എന്ന കുഴൂർ വിൽസൺ കവിത ഓർമ്മ വരുന്നു.
രണ്ടും രണ്ട് ശരീരങ്ങൾ ആണെങ്കിലും!
ഉണർന്നിരിക്കുന്നവർ പരസ്യമായി മരിക്കാൻ പരിശീലിക്കുകയാണ്
എന്ന മറുവശം കൂടിയുണ്ട് മേൽപ്രസ്താവിച്ച വരികൾക്ക്. ഇവിടെ വിഷയമല്ല, ആ
വിഷയത്തിന്മേൽ കവി മെനയുന്ന നിർമ്മിതിക്കാണ് പ്രാധാന്യം.
എന്തിനും ഒരു വഴിയുണ്ടാകും എന്ന ആശ്വാസത്തിൽ അല്ല
ഒരിടത്തേക്ക് ഉള്ള വഴി അവിടേക്ക് മാത്രമാവില്ല.
അകത്തേക്കുള്ള വഴി ഏകമാണ്
ഒരായുസ്സ് പോരാ കണ്ടെടുക്കാൻ (എന്നും മറ്റും )
എന്ന കണ്ടെത്തലാണ് കവിത പ്രസക്തമാകുന്നത്
അന്യങ്ങളെയും അപരങ്ങളെയും അമൂർത്തതയിലേക്ക്. ബന്ധപ്പെടുത്തി കാണുന്ന
രീതിയിൽ നിന്ന് മാറി നിന്ന് അവ മൂർത്തമായ തന്നെയാണ് എന്ന് ഉറപ്പിച്ചു
പറയുന്നതിലാണ് പുതിയ കവിതയുടെ സാങ്കേതികത എന്ന് എവിടെയോ വായിച്ചത്
ഓർമ്മ വരുന്നു.
‘നീയൊന്ന് തീർന്നു കിട്ടിയാൽ മതി’
( ശേഷം)
എന്ന് ഒരാളുടെ മുഖത്തുനോക്കി പറയുന്നത് അതുകൊണ്ടാണ്: ഇത്ര എളുപ്പത്തിൽ.
“താമരക്കുന്ന്” എന്ന കവിത ഒരു ലൂയി ബുനുവൽ എഫക്ട് തരുന്ന കവിതയാണ്.
കുറേകൂടി ഇറങ്ങിച്ചെന്നാൽ
കുളങ്ങൾ കുന്നുകൾ ആകുമെന്ന
നനഞ്ഞ പട്ടിൽ
എന്നപോലെ
നീ എന്നെ
പൊതിഞ്ഞെടുക്കുന്നുവെന്ന
ഉയരങ്ങളിലെ ജലാശയങ്ങളിൽ ചത്തുപൊന്തിയ രാവുകൾ…..
എന്ന്, കാണാനാവുന്ന ദൃശ്യങ്ങളും (visual images. )
ചലിക്കുന്ന ദൃശ്യങ്ങളും (Moving images. )
ചില കവിതകളിലുണ്ട്. മനുഷ്യനാണ് താമരക്കുന്നിലെ പ്രതിപാദ്യം.
മനുഷ്യനും പ്രണയവും സ്വാർത്ഥതയും കവിതയിൽ കാണാം.
പരസ്പരമറിയില്ലെങ്കിൽ എത്രയും സുരക്ഷിതം സ്നേഹവും സന്തോഷവും
എന്നാണ് പുതിയ കാലത്തെ മാനിഫെസ്റ്റൊ.
കയറി കയറി പോകെ
മുന്നിൽ മറ്റൊരു മല
കടൽ
ചുറ്റും ദിക്കുകളാകെ വിഴുങ്ങി വളർന്നൊരു സർപ്പം.
ചത്തദിനത്തിന്
കോടി പുതപ്പിച്ചെത്തുന്ന വെൺമേഘങ്ങൾ
(അനശ്വരം )
ഭാഷാ നിരാസത്തിനിടയിലും എത്ര സുന്ദരമായാണ് കാല്പനിക ബിംബങ്ങളും
വാക്കുകളും കവിതയിൽ നിറയുന്നത്! ഒറ്റുകാരനെ കുറിച്ച് ചിന്തിക്കുന്ന പ്രതിഭാഗം
എന്ന കവിത ഒറ്റപ്പെട്ടവന്റെ പ്രതിരോധവും ഉയർത്തെഴുന്നേൽപ്പുമാണ്.
തൂക്കിക്കൊന്നോളൂ
പ്രാർത്ഥനകളില്ല
ദൈവമാണ് ഏറ്റവും വലിയ ഒറ്റുകാരൻ
എന്ന കണ്ടെത്തലിൽ കവിത ഏകാകികളുടെ ഒപ്പമാണ് താൻ എന്ന് പ്രസ്താവിക്കുന്നു.
/ പ്രഖ്യാപിക്കുന്നു.
വേഗത്തെക്കാളും വേഗത്തിലോടുന്ന ലോകത്ത് എല്ലാ പക്ഷങ്ങളും
നിഷ്പക്ഷമാകുന്ന ലോകത്ത്, എങ്ങനെയാണ് സത്യം പറയേണ്ടതെന്ന് കവിക്കറിയുന്നില്ല.
ഉള്ളിൽ നിന്നുള്ള ചിന്തകൾ ഒന്നുമില്ലായ്മക്ക് വഴിപ്പെട്ടു പോവുകയാണ്.
തീറ്റയും കുടിയും എഴുത്തും ഒന്നും വേണ്ട. മനുഷ്യന് അപ്പോൾ ചെയ്യാനുള്ള
ഒരേയൊരുകാര്യം വെറുതെ ഇരിക്കുക എന്നതാണ്. സ്വന്തം വിഴുപ്പുകൾ
അലക്കി വെറുതെയിരിക്കാൻ ആണ് കവി പറയുന്നത്.
ഏതു യുക്തിയാൽ വ്യാഖ്യാനിച്ചാലും ദൈവമേ എങ്ങനെയാണ് കോടിക്കണക്കിന്
പ്രാർത്ഥനകളെ ഒരുമിച്ചു കേൾക്കുന്നത് എന്ന സന്ദേഹം “ദൈവമേ “എന്ന കവിതയുടെ
വായനയിൽ കൗതുകം ഉണ്ടാക്കുന്നു.ഈ ചിന്ത ഭാഷയിലേക്കും ഭാഷാ ചിന്തയിലേക്കും
ദേശങ്ങളിലേക്കുംനീളുന്നു. ഇത്രയും വലിയ ഭൂമിക്ക് ഒരൊറ്റ ആകാശം മാത്രം!
ഒരൊറ്റ സൂര്യൻ!
ഇത് യുക്തിയോ എന്നറിയില്ല. ഇങ്ങനെ ചിന്തിക്കുന്ന ഒരാൾ ഒ പി സുരേഷിൻറെ
കവിതയിലുണ്ട്. അയാളാണ്
“ആകാശത്തിലെ അവകാശികൾ ആരാണ് “?എന്ന് വിളിച്ചു ചോദിക്കുന്നത്.
(അവകാശികൾ )
അയാൾ തന്നെയാണ് “എവിടെയാണ് ഞാൻ “?എന്ന് ചോദിക്കുന്നത് (അപ്രത്യക്ഷം )
അപരനോട് അയാൾക്ക് സ്നേഹവും സഹവർത്തിത്വവുമുണ്ട്
“ചത്തു ഞാൻ വീണാലും നിൻറെ മേൽ
പോറലൊന്നേൽക്കാൻ വിടില്ലെന്ന് ധീരമായി കത്തി ഉയർത്തിയ
സ്നേഹമാണ് അയാളുടേത്
(കാലഹരണം)
പ്രതിഷേധങ്ങളുടെ കാലം കഴിഞ്ഞു എന്നും ഒത്തുതീർപ്പില്ലാതെ പൊക്കി ഉയർത്തിയ
വാക്കിൻറെ പന്തങ്ങൾ കെട്ടുപോയി എന്നും കവി തിരിച്ചറിയുന്നുണ്ട്. കവിത തന്നെയാണ്
അയാൾ അല്ലെങ്കിൽ അയാൾ തന്നെയാണ് കവി. തുറന്നാൽ ഇരുട്ടു കയറുന്ന അകമാണ്.
അവിടെ അത്ഭുത ലോകങ്ങളുടെ ആകാശത്ത് കവി സ്വയം കണ്ടെത്തുന്നു (ഞായം)
അതിർത്തികൾ ലംഘിച്ച് സ്വന്തം ജീവിതത്തിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദിയാണ്
ഞാൻ (രണ്ടാലൊന്ന്)
എന്നയാൾ തിരിച്ചറിയുന്നുണ്ട്. സ്വന്തം വെടിയുണ്ടയേറ്റ് എപ്പോൾ വേണമെങ്കിലും
`രക്തസാക്ഷിയാവാം എന്ന് അയാൾ പ്രതീക്ഷിക്കുന്നുണ്ട്.
എനിക്കറിയാം
ഞാൻ മറഞ്ഞിരിക്കുന്ന ഒളിത്താവളങ്ങൾ
കരുതി വെച്ചിട്ടുള്ള ആയുധങ്ങൾ
അടുത്ത കരുനീക്കങ്ങൾ കാത്തിരിക്കുന്ന ചതികൾ ഒത്തുതീർപ്പുകളില്ല കീഴടങ്ങലുകളില്ല
ഒരാൾ മാത്രമാകുംവരെ തുടർന്നുകൊണ്ടേയിരിക്കും ഓർമ്മകളുടെ ഒളിയുദ്ധങ്ങൾ
(രണ്ടാലൊന്ന് )
മൂല്യങ്ങളെയും മൂല്യനഷ്ടങ്ങളെയും കുറിച്ച് ഒരുപാട് സംസാരിച്ച ആധുനികതയ്ക്കു
ശേഷം വന്ന കവിതകളിൽ അർത്ഥത്തിൽ നിന്നടർത്തി മാറ്റിയാലും നിലനിൽക്കുന്ന
ചില അപൂർവ്വം കവിതകളെ ചൂണ്ടിക്കാട്ടാൻ ഉള്ളൂ. ഒ. പി സുരേഷിൻറെ കവിതകൾ
അക്കൂട്ടത്തിൽപ്പെടുന്നു.
ഭൂമിയിൽനിന്ന് നാടുകടത്തപ്പെട്ട മനുഷ്യരെ സുരേഷിൻറെ കവിതകളിൽ നിന്ന്
നമുക്ക് കണ്ടെടുക്കാൻ സാധിക്കും. അവർ വെറും മാനക രൂപങ്ങൾ എന്ന പേരിലല്ല
മൂർത്തതയുടെ വൈവിധ്യങ്ങൾ ആയി കാവ്യരൂപങ്ങളായി കടന്നുവരുന്നു.
ആഖ്യാനങ്ങളുടെ വൈവിദ്ധ്യസാധ്യതകളെ വേണ്ട വിധം ഉപയോഗിച്ച കവിതകളാണ്
സുരേഷിൻറെതെന്ന് കാണാം. അത് സാമൂഹ്യ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ കാഴ്ചകൾ
ആവാം. വ്യക്തിശൈഥില്യങ്ങളുടെ കാഴ്ചയാവാം സംസ്കാരത്തിൻറെ ഭാഗമെന്ന്
പ്രധാനമായും വിവക്ഷിക്കപ്പെടുന്ന ഭാഷയിൽ ഈ മാറ്റങ്ങളെ എങ്ങനെ ആവിഷ്കരിക്കും
അതും സൂക്ഷ്മമായി!
ഇന്നു കാണുന്ന സ്വപ്നം ഇന്നലെ ഉണ്ടായിരുന്നില്ല
നാളെയില്ല
എന്ന അസന്നിഗ്ദ്ധത!
നാം കാണുന്ന കവിത
നാം കാണുന്ന സ്വപ്നം ..നമ്മൾ കാക്കുന്ന മരണം…
നമ്മൾ തിരയുന്ന പ്രണയം എല്ലാം ഈ അസന്നിഗ്ദ്ധതയിൽ മുങ്ങിപ്പോകുന്നു
ഭാഷയുടെ പരീക്ഷണവ്യഗ്രമായ ആശങ്കകളും ആസക്തികളും അവസാനിച്ചിടത്ത്
ഒ പി സുരേഷിൻറെ കവിതകൾ ഉറക്കെ സംസാരിക്കുന്നു.
ഉറങ്ങുമ്പോൾ
ഉള്ളിൽ ഒരാൾ ഉണർന്നിരിക്കുന്നു
ഉണ്ണുമ്പോൾ വിശന്നിരിക്കുന്നു
കിടക്കുമ്പോൾ നടന്നും
ചിരിക്കുമ്പോൾ കരഞ്ഞുo
ഉള്ളിൽ ഒരുന്മത്ത വിപരീതം അർഥങ്ങൾ തേടുന്നു “”
ജീവിതത്തിൻറെ തുറസ്സിൽ ശൂന്യതയുടെ കൊടികൾ നിറഞ്ഞ് കെട്ടു പോയ
സ്വപ്നങ്ങളുടെ ഒച്ചയനക്കങ്ങളില്ലാത്ത… ജാഥകൾ മാത്രമാകുന്ന ജീവിതത്തിൻറെ
വിമർശനമാകുന്നു ഈ കവിതകൾ.
ഒ പി സുരേഷ് കവിതയിൽ ചെയ്യുന്നത് സ്വന്തം കാലത്തെ പകർത്തുക എന്ന ദൗത്യമാണ്.
കവിതയും ഭാഷയും വാക്കുകളും അതിൻറെ അവയവങ്ങളായി സ്ഥിതി ചെയ്യുകയാണ്.
2008 ൽ പുറത്തുവന്ന ‘പലകാലങ്ങളിൽ ഒരു പൂവി”ലെ അതേ പേരിലുള്ള കവിതയിൽ
മേൽപ്പറഞ്ഞ ഘടകങ്ങളുടെ ചരിത്ര പരിണാമങ്ങളെ ഒരു കവി നോക്കിക്കാണും
വിധമുണ്ട്.
ഓർക്കാപ്പുറത്ത് ഒരു പൂവ്
ഞെട്ടറ്റ് തലയിൽ വീണാലോ
എന്ന അപ്രസക്തമായ ഒരു ആശങ്ക കാവ്യചരിത്രത്തിലേക്ക് നീളുന്നു.
കുമാരനാശാനിലേക്കും ഐസക്ക് ന്യൂട്ടനിലേക്കും നീളുന്ന കവിതയുടെ പ്രാണൻ
ചുറ്റിലും പരകായം ചെയ്യുകയാണ്.ഒരേ അനുഭവത്തിന്റെ വ്യത്യസ്ത കാഴ്ചകൾ…
അനുഭൂതികൾ…പകർച്ചകൾ… വ്യവഹാരങ്ങൾ…!
പൂവിൻറെ രാഷ്ട്രീയ അനുഭൂതി പരിണാമം കൂടി കവിതയുടെ ഉടലിൽ ഉണ്ട്
നിറങ്ങൾ
നിലച്ചുപോയ നിസ്സംഗതകൾക്ക്
ഒറ്റപ്പൂവിൻറെ റീത്ത്
അഭംഗിയാവില്ല
എന്നാണ്
Beauty will save the world. എന്ന ഡോസ്റ്റോവ്സ്കിയൻ
ചിന്തയുടെ മറുവശമാണിത് പല വസന്തങ്ങളിൽ അടയിരുന്നിട്ടും
വിരിയാതെ പോയ നൂറു പൂക്കളുടെ ഓർമ്മയിൽ പരിഭ്രാന്തമാകുന്ന സഹയവ്വനങ്ങളെ
കവി അഭിസംബോധന ചെയ്യുന്നു. പൂവ് വെറുമൊരു പൂവല്ല എന്നും കായും വിത്തുമാകുന്ന
സുനിശ്ചിത ഭാവിയുടെ കാല്പനിക സൂചനകൾ
ആണെന്നുമുള്ള തിരിച്ചറിവ് കവിയിൽ ഉണ്ടാകുന്ന വ്യത്യാസം ഒരു പരമ്പരയുടെ തന്നെ
പുനരാഖ്യാനമാകുന്നുണ്ട്.
പൊടുന്നനെ
ഒരു പൂവ്
തലയിൽ വീണു
കാലിടറി
ഞാൻ
താഴെവീണു
കവിതയിലെയും മറ്റേത് വ്യവഹാരങ്ങളിലും പാരമ്പര്യത്തെയല്ല,നാം അനുഭവിക്കുന്ന
ജീവിതത്തിൻറെ പരിണാമത്തെയും വിപരിണാമത്തെയും ആണ് കവി ആവിഷ്കരിക്കാൻ
ആഗ്രഹിക്കുന്നത്. ഒ പി സുരേഷിൽ ജീവിതവും കവിതയും രാഷ്ട്രീയവും കലർന്നു
വരുന്നതിന്റെ അടയാളങ്ങൾ ഇനിയുമുണ്ട്
നാടു വിട്ടു
പോയവരുടെ
ഓർമ്മകളിൽ മാത്രം ജീവനുള്ള ദേശമേ
ചിട്ടപ്രകാരം നിനക്കുമുണ്ട് പെൻഷൻപ്രായം
വളർച്ചയുടെ സായംകാലം നടുനിവർത്തി
നിൽക്കുവാൻ മതിയോ
നിരാലംബമായി
ചോർന്നു പോകുന്ന
ആത്മബലങ്ങൾ
(കേരളം വളരുന്നു )
ആളുകൾ, കുടിയേറിപ്പാർത്തവരോ കുടിയൊഴിഞ്ഞു പോയവരോ നാടു തെണ്ടി
നടന്നവരോ പല ലോകങ്ങൾ നേടിയവരോ ഒന്നും നേടാത്തവരോ
എല്ലാം നഷ്ടപ്പെട്ടവരോ ആയതുകൊണ്ട് കേരളം വ്യാമോഹങ്ങളുടെ സ്വന്തം നാടാണ്
എന്ന വിമർശനം കവി ഉന്നയിക്കുന്നു.
എത്ര ദൂരങ്ങൾ പിന്നിട്ടാലും
തുടങ്ങിയിടത്തുതന്നെയെത്തുന്ന
പുലർകാല നടത്തങ്ങൾ അന്നത്തെ
ജീവിതത്തിനുവേണ്ടി ഇച്ഛാഭംഗങ്ങൾ തരുന്നു
അസംഖ്യം ആസക്തികൾക്കടിയാൻ
നനഞ്ഞൊരുങ്ങിയ ശരീരം
വിയർപ്പാറ്റി കിതപ്പാറ്റി പൊടുന്നനെ തരിശാകുന്നു
(നടത്തം )
എത്ര വേണ്ടെന്നു വെച്ചാലും നാളെയും നടന്നേ തീരൂ എന്
മനുഷ്യത്വകർത്തൃത്വത്തിന്റയും മനുഷ്യരുടെ വിയർപ്പിന്റെയും
അന്തരികതയിലാണ് ഈ വഴികൾ മുളച്ചത് എന്ന തിരിച്ചറിവിലാണ്
ചിലപ്പോൾ ഈ കവിതകൾ കത്തുന്നത്. “ഉഭയസമ്മതം “എന്ന കവിത ജനാധിപത്യ
തകർച്ചയുടെ കറുത്ത വിമർശനമാണ്.
‘നമ്മൾ ‘എന്നത് ‘ഞാൻ’ ആയി മാറുന്നതിന്റെ മനുഷ്യൻ ഒറ്റയിലേക്ക്….
അവനവനിലേക്ക് ചുരുങ്ങുന്നതിന്റെ ആത്മവിമർശനങ്ങൾ ആണ് ‘ഉഭയസമ്മതം ‘
“ഒരേ കുടക്കീഴിൽ ഒരാളേയുള്ളൂ ”
എന്ന കണ്ടെത്തൽ നമ്മെ ആശങ്കപ്പെടുത്തുന്നു.
അയാൾ ഞാനല്ല നീയല്ല
എന്ന തിരിച്ചറിവ് അതിലേറെയും.
പിന്നിൽ പതുങ്ങുന്ന അപരനെ/ മൂന്നാമനെക്കുറിച്ച് എലിയറ്റും കാമുവും കാഫ്ക്കയും
എല്ലാം സമൃദ്ധമായി എഴുതിയിട്ടുണ്ട്. ഉഭയ സമ്മതത്തിൽ എല്ലാ കർതൃത്വങ്ങളും
ഒരൊറ്റ കേന്ദ്രത്തിലേക്ക് ചുരുങ്ങുകയും ഞാനോ നീയോ അല്ലാത്ത അദൃശ്യതയായി
മാറുകയും ചെയ്യുന്നു.
അടുത്ത കാലത്ത് എഴുതിയ താജ്മഹൽ എന്ന കവിത സമകാലിക ഇന്ത്യയുടെ
രാഷ്ട്രീയത്തെ വൈയക്തികമായി ആവിഷ്കരിച്ച ഒരു കവിതയാണ്
ആളുകൾ
തലങ്ങും വിലങ്ങും പായുന്ന തിരക്കേറിയ
തീവണ്ടി സ്റ്റേഷനിൽ ദൂരെ നിന്ന് നടന്നുവരുന്നുണ്ട്
കീറിപ്പറിഞ്ഞ ഒരു മനുഷ്യൻ.
അപ്പുറത്തെത്തുംതോറും അയാൾ
ബാവൂട്ടിക്കയായി
പരിണമിച്ചു
ഈ പരിണാമമാണ് താജ്മഹലിലെ കാവ്യ വിഷയം. അടിസ്ഥാന മനുഷ്യൻറെ
രൂപഭാവ സാമൂഹിക പരിണാമത്തിന് സാക്ഷ്യമാണ് താജ്മഹൽ
“”വെറുതെ ആയിട്ടില്ലെൻ ചലനമൊന്നും
വെറുങ്ങലിപ്പെന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല “”
എന്ന് ‘കടത്തുതോണി’യിൽ ഇടശ്ശേരി പണ്ട് എഴുതിയിട്ടുണ്ട്. വിശാലമായ ഒരർഥത്തിൽ
ഒരു മനുഷ്യൻ ചരിത്രത്തിൽ ഇടപെട്ടു കൊണ്ടു നേടിയെടുക്കുന്ന പ്രതിരോധമാണ്.
വ്യക്തി എന്നനിലയിൽ അയാൾക്ക് അതിന് അവകാശവുമുണ്ട്. താജ്മഹലിലെ
ബാവൂട്ടിക്ക കാമുകനാണ് പൗരനാണ് മനുഷ്യനാണ്. അയാളുടെ പരിസരങ്ങൾ
ഒരേ സമയം കാല്പനികമാണ്..രാഷ്ട്രീയ സ്ഥലവുമാണ്. അടിസ്ഥാനപരമായി
വ്യക്തിയുടെ പ്രണയവും വിശ്വാസവും രാഷ്ട്രീയവും രൂപപ്പെടുത്തുന്ന ഏറ്റവും
സ്വകാര്യ ഇടങ്ങളെ കയ്യേറുന്ന പൊതു അബോധങ്ങൾ മനുഷ്യ രാശിക്ക് തന്നെ
ഭീഷണിയാകുന്നുണ്ടെന്ന സൂചന കവിത തരുന്നു.
ബെർലിൻ നഗരം പൊളിച്ചു കളഞ്ഞതിനു ശേഷമുള്ള ഒരോർമ്മപുസ്തകത്തിൽ
ഇങ്ങനെ പറയുന്നു.
“”ഇല്ലാതായ നഗരത്തിന്റെ പേര്?
“ബെർലിൻ ”
“ഇല്ലാതായ നഗരത്തിന്റെ ഓർമ്മയുടെ പേര്?”
“……….”
ഈ നിശബ്ദതയുടെ പിൻ തുടർച്ച ‘താജ് മഹലിൽ ‘ഉണ്ട്.
“സ്മാരകങ്ങൾ നിങ്ങൾക്ക് പൊളിക്കാനായേക്കും. സ്മരണകളെ തൊടാനാവില്ല”
എന്ന രീതിയിൽ
അഞ്ചു ഭാഗങ്ങളാണ് താജ്മഹലിൽ ഉള്ളത്. പ്രണയത്തിൻറെ ചുറ്റിപിണച്ചിലാണ്
ആദ്യഭാഗത്ത്. ബാവൂട്ടിക്കയുടെ ചെറിയ കടയാണ് താജ്മഹൽ.
അതിൽ ചെറിയ ചെറിയ വസ്തുക്കൾ നക്ഷത്രങ്ങൾ പോലെ തിളങ്ങുന്നുണ്ട്.
വഴിയേ പോകുന്ന ആവശ്യങ്ങളെ അകത്തേക്ക് വിളിക്കുന്ന ഇല്ലായ്മയുടെ
ഇതൾ വിടർത്തി പുഞ്ചിരിക്കുന്ന,കുട്ടികളിലൂടെ, അമ്മമാരിലൂടെ വളർന്ന്
താജ്മഹൽ ബാവൂട്ടിക്കയുടെ നഷ്ട പ്രണയത്തിൻറെ സ്മാരകമാകുന്നു.
ഉള്ളുതുറന്ന് താജ്മഹൽ പ്രണയിനിക്കു കാണിച്ചുകൊടുക്കുന്ന ബാവൂട്ടിക്ക
അയാളുടെ പള്ളിയും പ്രാർത്ഥനയും പ്രണയമാണ്. പ്രണയിനിയാണ്
“മലർക്കെ തുറന്ന ഹൃദയങ്ങളുടെ അചഞ്ചല ലാവണ്യത്തിൽ അമർന്ന്
ഇളം കാറ്റ് ചിറകൊതുക്കി
എന്ന് കവിത പ്രണയത്തിൽ മുങ്ങിത്താഴുന്നു.
ജീവിതവും മരണവും തമ്മിലുള്ള ഇടപെടൽ പെട്ടെന്ന് കവിതയിലേക്ക്
കടന്നിരിക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ സന്ദേശങ്ങൾക്ക് മരിച്ചവരുടെ
ലോകത്ത് മറുപടി ഉണ്ടാകുമോ എന്ന നെടുവീർപ്പിൽ കവിതയുടെ
സ്ഥലകാല സങ്കല്പങ്ങൾ തകിടം മറിയുന്നു
God does not need endorsement
Yes, it’s that What all religions are about.
എന്ന ലാ മെൻ പേൾ ഹാർട്ട്
ടു ലൈഫ് ഫ്രം ദി ഷാഡോ എന്ന കൃതിയിൽ പറയുന്നുണ്ട്. നിർമ്മിക്കപ്പെടുന്ന
മതവിശ്വാസവും ദൈവ സങ്കല്പവും പകർച്ചവ്യാധി പോലെ സമൂഹത്തിൽ
പടരുന്നതിന്റെ സാക്ഷ്യങ്ങളാണ് പിന്നീട് കവിതയിൽ. ബാവൂട്ടിക്കയുടെ കാലം വിസ്മൃതമാകുന്നു. മതബോധം വൈയക്തികതയുടെ നിഷേധം,
വ്യവഹാര ച്യുതി എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ രാഷ്ട്രീയം
തീവ്രവിമർശനത്തിന് വിധേയമാക്കപ്പെടുകയുമാണ് പിന്നീട്.
സെവൻസ് കളിക്കുന്നതിനിടയിൽ കുട്ടികൾക്ക് കിട്ടിയ പഴയ കരിങ്കൽ ശില്പം
ദേവിവിഗ്രഹമായി മാറിയതോടെ ഈ കാല സങ്കല്പം തകിടം മറിയുന്നു
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം എന്ന പ്രഖ്യാപനങ്ങൾ ഒരു മനുഷ്യൻറെ
പ്രണയത്തെ മുഴുവൻ പുനരുദ്ധരിക്കുന്നു.
കെ ജി ശങ്കരപിള്ളയുടെ കൊച്ചിയിലെ വൃക്ഷങ്ങൾ എന്ന കവിതയിൽ സംഭവിച്ച
ചിന്തയുടെ പരിണാമത്തിന്റെ വേഗം താജ്മഹലിലും തെളിയുന്നു.
ഒരു സാമൂഹിക വിഘടനത്തിന്റെ പരിധിയിലേക്ക് പിന്മാറുന്ന
അപകടകരമായ ദശാസന്ധി കവിതയിൽ സംഭവിക്കുന്നു.
അത്യാവശ്യ സാധനങ്ങളും ചെറിയ നാലഞ്ച് ഭരണികളിലെ പല്ല്മ്മലൊട്ടി,
പഞ്ചാര മിഠായി, മൂന്നാല് തക്കാളി പെട്ടികൾ, പേന പെൻസിൽ എന്നിവയ്ക്കു
പകരം നിത്യപൂജയും വഴിപാടും എണ്ണ,തിരി കർപ്പൂരം ദേവീദേവന്മാരുടെ
ചില്ലിട്ട ഫോട്ടോകൾ എന്നിവ നിരക്കുന്നു
ബാവൂട്ടിക്കയുടെ കട ഭക്തരുടെ ആവശ്യങ്ങൾ അറിഞ്ഞു ഒരുക്കി താജ്മഹൽ
സ്റ്റോറും ഒപ്പം ചേരുന്നു. വിഗ്രഹാരാധനക്ക് വിഭവങ്ങൾ ഒരുക്കുന്ന
അന്യമതസ്ഥന്റെ മാതൃക പത്രങ്ങളിൽ ഫീച്ചറുകൾ ആവുന്നു.
മതേതര പ്രതീകമാകുന്നു.
ഈ മാറ്റം സമാന്തരമായി ഭാഷയിലെ ആഖ്യാന മാതൃകകളിൽ പ്രതിഫലിക്കുന്നു.
ഒരു കാലത്തിൻറെ മുഖച്ഛായ മാറുന്നതിന്റെ പ്രതീകവൽക്കരിക്കരണം
സംഭവിക്കുമ്പോൾ, മനുഷ്യൻ അസാധുവായിപ്പോകുന്നു. താജ്മഹലിന്റെ കർതൃത്വത്തിൽ വന്നുചേരുന്ന പരിണാമവൈരുദ്ധ്യങ്ങളിലൂടെ ഒരു പ്രദേശത്തിൻറെ തന്നെ മാറ്റങ്ങൾ ബാവുട്ടിക്കയിലൂടെ
നമുക്ക് കാണാനാവുന്നു. മതമോ വിശ്വാസമോ അല്ലാത്ത അതിലും
ഭീതിതമായ ഒരു അവസ്ഥ ഈ കർതൃത്വത്തെ വിഴുങ്ങുകയാണ്.
ഒരു ദിവസം ഒരു അടയാളം പോലും ഇല്ലാതെ പൊളിച്ചു നിരത്തിയിരിക്കുന്ന
താജ്മഹൽ! പകരം നട്ടിരിക്കുന്ന മുരിക്ക് മരങ്ങൾ സമൂഹബോധത്തിന്റെ
വരണ്ട സ്ഥലങ്ങളാണ്. കട ഉണ്ടായിരുന്നതിന്റെ തെളിവുകളാണ് നിയമം
ആവശ്യപ്പെടുന്നത്. കരുണയല്ല നിയമമാണ് രക്ഷകൻ എന്ന് ഉദാരനാകുന്ന
ഓഫീസർ അധികാരത്തിന്റെ പ്രത്യക്ഷ പീഡകനാകുന്നു.
നികുതിയും ലൈസൻസും ഇല്ലാത്ത താജ്മഹൽ കയ്യേറ്റ ഭൂമിയിൽ അനധികൃത
നിർമ്മാണമാണെന്ന നിയമ പ്രഖ്യാപനം
ഒരുകാലത്തെ മുഴുവനായും റദ്ദ് ചെയ്യുന്നു.
കണ്ണീരിലാഴ്ത്തിയ
കവിളിൽ കനമുള്ള
അടിയേറ്റ് വീഴുമ്പോൾ നക്ഷത്രങ്ങൾ മിന്നുന്ന
ഇരുട്ടിൽ മുംതാസിന്റെ തേങ്ങൽ
താങ്ങിനിർത്തി
അന്ധകാരത്തിൻറെ ദൈവങ്ങളെ കൈകൂപ്പി തൊഴുകയാണ് പിന്നീടയാൾ.
ഒരു സാധാരണ മനുഷ്യന്റെ രാഷ്ട്രീയകർത്തൃത്വത്തിന് സമകാലിക
ഇന്ത്യയിൽ സംഭവിച്ചേക്കാവുന്ന സ്വത്വനഷ്ടം കവിതയുടെ കാതലായ
വിഷയമാകുന്നു.
ഒരു പാഠം എന്ന നിലയിൽ മതവും രാഷ്ട്രീയവും
ഇന്ന് ഇടകലരുന്നതിന്റെ ദൃശ്യങ്ങൾ കവിതയിൽനിന്ന് കണ്ടെടുക്കാം.
മതം ഒരു ദേശീയ സ്വത്വമായി… വ്യക്തിയുടെ ഓർമ്മയുടെ ചരിത്രത്തിൽ നിന്ന്
അവനെ അടർത്തി മാറ്റാൻ ശ്രമിക്കുന്നതിന്റെ പ്രതിലോമ പ്രത്യയശാസ്ത്രമാണ്
കവിതയിൽ തെളിയുന്നത്.
വ്യക്തിയിൽ നില നിന്നിരുന്ന നാമങ്ങൾ ഓർമ്മകൾ പേരുകൾ സ്പർശങ്ങൾ
ശബ്ദങ്ങൾ എന്നിവയൊക്കെ തന്നെ നിസ്സാരവൽക്കരിക്കുന്ന
മതവിഭാഗങ്ങളുടെ സാന്നിധ്യത്തെ കവിത സങ്കീർണമായ ആഖ്യായത്തിലേക്ക്
കലർത്തുന്നു കവി. നിസ്സഹായരായ നിരവധി ഇന്ത്യൻ പൗരന്മാരും
നിസ്സഹായരായ നിരവധി ഇന്ത്യൻ പൗരന്മാരുടെ പ്രതിനിധി മാത്രമാണ് ബാവൂട്ടിക്ക.
ദൂരെയുള്ള താജ്മഹലിലേക്ക് അശരണനായി ഒരു യാത്രയ്ക്ക് ഒരുങ്ങുന്നു അയാൾ.
അവിടെ എത്തിച്ചേരും
വരെയെങ്കിലും
അതാരും പൊളിക്കാതെ കാക്കണേ
എന്നാണയാളുടെ പ്രാർത്ഥന. ഏറ്റവും അസ്ഥിരവും സങ്കീർണവുമായ
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വർത്തമാനകാലത്ത് ഇങ്ങനെയല്ലാതെ മറ്റ്
എങ്ങനെ പ്രാർത്ഥിക്കാൻ
* * **
ആത്മ പ്രതിരോധത്തിന്റെ അറിവനുഭവങ്ങളിൽ നിന്നാണ് സുരേഷിനെ
പല കവിതകളും പുറത്തുവരുന്നത്.
കുട്ടികളാവാതെ ആവാതെ മുതിരരുത്
എന്നുo
പരിണമിച്ചവൻ മരച്ചില്ലയിൽ തന്നെ വസിക്കുകയും അരുത്
എന്നും പറയാൻ ആവുന്നത്
ഈ അനുഭവപരിസരങ്ങളുടെ പിൻബലം കൊണ്ടാണ്. മനുഷ്യ
ചരിത്രത്തിലേക്കും കാവ്യ ചരിത്രത്തിലേക്കും മുറുകുന്ന അറിവിൻന്റെ
അശാന്തമായ സ്വപ്നങ്ങളുടെ സമരങ്ങൾ കവിതയിൽ നിന്നയാൾ കണ്ടെടുക്കുന്നു.
അപ്പോഴാണ് ഇങ്ങനെ എഴുതാൻ കഴിക്കാവുന്നത്
“എന്നെക്കുറിച്ച് എഴുതാൻ എൻറെ
ഭാഷ മതിയാകാതെ വന്നു
എൻറെ ചിരി ചിരിക്കുവാൻ
ഉള്ളും പുറവും പരാജയപ്പെട്ടു
സ്വന്തം പാർട്ടിയിൽ
ഒതുങ്ങാതെ എൻറെ രാഷ്ട്രീയം
പുറത്തായി എന്നിൽ നിന്ന്
എന്നെക്കാൾ
വളർന്നു
ഞാൻ
എന്നെ ശ്വാസം
മുട്ടിച്ചു
(വലുപ്പം)
പള്ളിക്കൂടം വിട്ട കുട്ടിയെപ്പോലെയാണ് ചിലപ്പോൾ ഒ പി സുരേഷിന്റെ
കവിതകൾ.
നിറങ്ങൾ ഓരോന്നും ഓരോരോ അപൂർണതകളിലേക്ക്
മടങ്ങിപ്പോയിരിക്കണമെന്ന നിഷ്കർഷതയുണ്ട് കുട്ടികളുടെ സ്വപ്നങ്ങളിൽ.
നട്ടാൽ മുളക്കാത്ത നുണകൾ ചിത്രശലഭങ്ങൾ ആവുന്നുണ്ട് എന്നും.
മുതിർന്നവർക്കെപ്പോഴും നുണകൾ മാത്രമാണ് തുണയെന്നും
കവി പറയുന്നു.
ഒടിഞ്ഞ ചിറകുകൾ പരതി സങ്കടപ്പെടാത്ത ഒരു ചിത്രശലഭം
ഈ കവിതകൾക്കുള്ളിലുണ്ട്.
(പിറ്റേന്ന്)
കവിയുടെ ഭൂമിശാസ്ത്രത്തിലെ ഭൂമിയിൽ പൂക്കളും പുഴകളും മണ്ണും
മരങ്ങളും ഒന്നുമില്ല. നിറങ്ങൾ മണങ്ങൾ കാഴ്ചകൾ കുന്നിൻ പുറങ്ങൾ
നാട്ടുവഴികൾ ഒന്നുമില്ല. അച്ചുതണ്ട് നഷ്ടമായ ഭൂമി സ്വപ്നത്തിൽ
ഇടവേളയിലേക്ക് തെറിച്ചു വീഴുന്നത് കവി സ്വപ്നം കാണുന്നു.
(ഭൂമിശാസ്ത്രത്തിലെ ഭൂമി )
കവിതകളുടെ ഉള്ളടക്കമോ പ്രമേയമോ അല്ല ഒ.പി സുരേഷിന്‍റെ
കാവ്യദർശനവും രാഷ്ട്രീയവും വെളിപ്പെടുത്തുന്നത്. പൊതുബോധത്തിന്റെയോ
വ്യവസ്ഥാപിത വ്യവഹാരങ്ങളുടെയോ നടപ്പു വഴികളിൽ കൂടി
ഈ കവിതകൾ സഞ്ചരിക്കുന്നില്ല എന്നതാണ് കാരണം.
അമേരിക്കൻ കവിയായ സുസി കസേമിന്റെ ഒരു കവിതയിൽ വായിക്കുന്നു
I am for
one word undivided.
One world without fear and Corruption.
One word, ruled by truth
and Justice.
I am for one peaceful world
for all where hate had been overcome
by love
and everyone is
Guided by
their conscience
ഭയമോ ആശങ്കയോ അരക്ഷിതമാക്കപ്പെട്ട ഭൂമിയെ കുറിച്ചുള്ള
കവിതകൾ ഇതുപോലെ ഏറെയുണ്ടാകാം
ഒ പി സുരേഷിന്റെ “ഭൂമി”യുടെ അച്ചുതണ്ട് നഷ്ടപ്പെട്ടിരിക്കുന്നു.
സ്വപ്നത്തിന്റെ ഇടവേളകളിലേക്ക് തെറിച്ചുവീഴുകയാണത്.
പറയാതെയും കേൾക്കാതെയും ഇരിക്കാമല്ലോ എന്ന തിരഞ്ഞെടുപ്പ്
സാധ്യമാകുന്നത് അവിടെയാണ്( രഹസ്യം )
അവിഹിതമായ ഭാരങ്ങൾ, നാക്കിൽ തടയുന്ന വാക്ക്,….
കവിതയുടെ കാരണങ്ങൾ പലതാണ്.
സ്വന്തം നാട് എന്ന് അഹങ്കാരം തന്നിൽനിന്ന് എടുത്തെറിയപ്പെട്ടു
എന്ന് കവിക്കറിയാം.
(തുറന്ന വഴികൾ )കുളിച്ചു കുളിച്ചു കൊക്കായി മാറിയ കാക്കകളുടെ,
നനഞ്ഞ കൈയ്യടികളുടെ, മരണ ബാധിതരുടെ,വിശപ്പ് സഹിക്കാനാവാത്ത
ആധി കളുടെ,നിറഞ്ഞ തോക്കിന്റെ,ധ്യാനങ്ങളുടെ നാടാണിത്(കാ… കാ )
എന്തൊക്കെയായാലും കവിയിൽ തീവ്രമായ സ്വാതന്ത്ര്യമുണ്ട്.
പലരെയും താണ് തൊഴുന്ന,പല ഭാഷയിൽ ചിരിച്ചുലയുന്ന,
സ്വന്തം സ്വത്വത്തെ കാണാതാവുന്നുണ്ട് (നിഴൽ)
“നിഴൽ നൃത്തം “എന്ന കവിതയിൽ.
അവനവൻ എന്ന അപരനെ ഈ കവിതയിൽ കാണാം.
എല്ലാ കുതിപ്പുകളും ഒരു ചുവട് മുന്നിൽ ഇടർച്ചകളിൽ
തനിക്കുമുമ്പേ അടിതെറ്റുന്ന, പരസ്പരം തള്ളിപ്പറയാത്ത,
ഉള്ളിലേറ്റു വാങ്ങാത്ത തന്റെ തന്നെ പ്രതിബിംബത്തെ കവിക്ക്
കണ്ടെടുക്കേണ്ടതുണ്ട്.
നീ നീയായിരിക്കുമ്പോൾ എനിക്കൊരു നിഴൽ ജീവിതമുണ്ട്
നീ തന്നെ നിഴലാകുമ്പോൾ എനിക്ക് എന്നെ ഒറ്റുകൊടുക്കേണ്ടി വരുന്നു
എന്നാണ് കവിത അവസാനിക്കുന്നത്.
അപ്പോഴും “എവിടെ എൻറെ നിഴൽ? അല്ല നിഴലിന്റെ ഞാൻ
എന്ന തിരച്ചിൽ കവിയിൽ കവി നിലനിൽക്കുന്നു.
ഒരു ഒറ്റുകാരൻ ഇല്ലാത്ത ജീവിതം എത്ര അരോചകമാണ്!
* * **
ഒരൊറ്റ
ഓർമ്മയിൽ ജ്വലിച്ചു നിൽക്കുവാൻ
അനേകമോർമ്മകൾ
ക്ഷണം മറക്കണം
(ഏകം)
ഓർമ്മ കൊണ്ടും മറവി കൊണ്ടും പ്രണയത്തേയും ജീവിതത്തേയും
വായിക്കുകയും ചില ഓർമ്മകളുടെ ആശ്ലേഷത്തിൽ ഉണരുകയും
ലഹരി പൂക്കുന്ന പലതരം പുസ്തകങ്ങളിൽ സ്വയം മരിച്ചും പ്രണയ തീക്ഷണത
ആവിഷ്കരിക്കുന്ന ഒരുപാട് കവിതകൾ ഒ.പി സുരേഷ് എഴുതിയിട്ടുണ്ട്.
കാൽപ്പനികതയുടെ നവവ്യവഹാരങ്ങളുടെ ആഖ്യാനമാതൃകകളെ
അലോസരപ്പെടുത്താതെ തന്നെ വൈകാരികതയെയും
വൈയക്തികതയെയും ആവിഷ്കരിക്കാൻ കവിക്ക് കഴിയുന്നു.
പ്രണയം ഓർമിക്കപ്പെടുമ്പോൾ പുതിയകാലത്ത് പതിഞ്ഞ ചരിത്രവീഥികൾ
ചിലപ്പോൾ പുളകം കൊണ്ടേക്കാം. പകരമില്ലാത്ത ലഹരി പൂക്കുന്ന
പുഷ്പവനങ്ങൾ സ്വയം മരിക്കട്ടെ എന്ന് കവി ആശ്വസിക്കുന്നു.
എങ്കിലും പകർന്നു നൽകാം എന്ന് തന്നെയാണ് ഉറപ്പ്. പ്രണയമെന്നാൽ
മരണം കൂടിയാണല്ലോ!
പരസ്പരം തിന്നു ഇറച്ചി തീർന്നുപോയ് ഇരു മൃഗങ്ങളാണ് ‘പ്രണയ മൃഗങ്ങൾ’
എന്ന കവിതയിലെ പ്രണയികൾ.
ഒളിച്ചുവയ്ക്കാൻ
രഹസ്യമില്ലാതെ
സ്വയം വെളിപ്പെടും
കൊഴുത്ത നേരുകൾ
ആണ് പല രൂപത്തിൽ പല ഭാവത്തിൽ പ്രണയ ശൽക്കങ്ങൾ ആയി മാറുന്നത്.
പരസ്പരം തള്ളിപ്പറയാതെ… ഉള്ളിൽ ഏറ്റു വാങ്ങാതെ (നിഴൽ നൃത്തം )
പ്രണയമൊരു കടംകഥയുമാകുന്നു പലപ്പോഴും.
അത് അപരനും അപരിചിതനും പ്രണയിക്കും ഒരേ ഉപാധികളില്ലാത്ത
സ്നേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.
അപരിചിതമായ വർണ്ണങ്ങൾ ഫണം നിർത്തി
ആടുമ്പോൾ
ആഭിമുഖം നിന്ന്
കുഴലൂതി പാട്ടിലാക്കി
സ്വന്തം പ്രാണനെ (പാമ്പാട്ടി)
എന്ന വിധം ഇഴപിരിഞ്ഞിക്കുകയാണ്.
ഒന്നുകിൽ മരണാസന്ന നിശബ്ദത പോലെ….അല്ലെങ്കിൽ ഇലപൊഴിഞ്ഞ്
ശിശിരത്തിൻ തണുത്ത നഗ്നത പോലെ… ഇരുളും വെളിച്ചവും കലർന്ന്
വരച്ച ചിത്രത്തിന്റെ തിരശ്ശീലയിൽ ആണ് ‘കഠിനം ‘എന്ന കവിതയിലെ
പ്രണയം. കാറ്റ് മൂടിയും കാറ്റു വിതച്ചും താറുമാറായ ജീവിതത്തിലാണ്
ഒരു വിദൂര നക്ഷത്രം പോലെ പ്രണയം തെളിയുന്നത്.
അടുത്തെത്തും തോറും
അകന്നു പാറുന്ന
കഠിന സ്നേഹമേ
നിൻറെ
ചിറകരിഞ്ഞു ഞാൻ
ഹൃദയ നീഡത്തിൽ
സ്വതന്ത്രമാകട്ടെ
എന്ന ആത്മബലിയാണതിന്റെ
ഉണ്മ.എല്ലാ ഒഴുക്കുകളും വന്നുചേരുന്ന ഒരിടത്താണ് അതിൻറെ വേരുകൾ.
( മച്ചിക്കടൽ )
ത്രിമാനം
എന്ന കവിത പ്രണയത്തിന്റെ മായികതയെ അപ്പാടെ ഊറ്റിക്കുടിക്കുന്ന ഒന്നാണ്.
ഞാനും നീയും
ആവുന്നതിനു മുമ്പ് നമുക്കിടയിൽ
ഉണ്ടായിരുന്ന
അപരിചിതാകർഷണം
ആണ് കാവ്യ വിഷയം
അറിവല്ല, വിശ്വാസമാണ് അടിത്തറയെന്ന് പ്രണയി പറയുമ്പോൾ
അവിശ്വാസത്തോടെ കാതോർത്തിരിക്കുന്ന പങ്കാളിയിൽ ആണ്
പുതിയ കാലത്തിൻറെ പ്രണയസങ്കല്പം ആശങ്കപ്പെടുന്നത്.
“”ഉപേക്ഷിക്കപ്പെട്ടപ്രണയം ഉറയൊഴിച്ചിട്ട ഒരു കിനാവായി
നിശബ്ദതക്കൊപ്പം ഉറങ്ങി” എന്ന് കവി എഴുതുന്നു
പ്രണയതീക്ഷ്ണമായ പല കവിതകൾ ഇനിയും ഉണ്ട്.
തണ്ടെല്ലൊടിഞ്ഞു
അനക്കമറ്റ ജീവനാണെങ്കിലും
നിൻറെ ഇഷ്ടത്തിന്
ഇരയാവാനായല്ലോ
( പ്രണയമുറി )
നിനക്ക് മാത്രമറിയുന്ന ഭാഷയുടെ ഉദ്യാനമാണ് ഞാൻ നീ തുറക്കുമ്പോൾ
മാത്രം അർത്ഥം തെളിയുന്ന പുസ്തകം (മാത്രം )
ഒരു കടലിലും ചേരില്ല
നിന്നെ മാത്രം തിരഞ്ഞു നിന്നിലൂടെ നിന്നിലേക്ക്
നിത്യ തീർത്ഥാടനം
(പ്രണയനദി )
പറഞ്ഞു തീരാത്ത പകയുമായി പരസ്പരം ഇറങ്ങിപോകുമ്പോൾ മറക്കാതെ
നീ മറന്നു വച്ച ഈ മുറിവ് ഇനി എന്തു ചെയ്യും ഞാൻ കാത്തുസൂക്ഷിക്കുo.
പിന്നീടതിന്റെ അനാഥത്വം ആരുടെ വേദനയാകും?
ആണ് ജീവിതത്തിൽ ചേരും പടി ചേർക്കുന്നത് പിഴച്ചു പോകുമ്പോൾ
ജീവിത യാഥാർഥ്യങ്ങൾ പിഴക്കുന്നു.
താൻ ഇരുന്നിടം ശൂന്യമാകുന്നു.
സ്വന്തം വംശത്തിന്റെ ചരിത്രത്തെക്കുറിച്ച് ബോധവാനാണ് കവി.
മോഹമുക്തനുമാണ്.
ആശകളോ ആസക്തികളോ ഇല്ലാതെ….ആട്ടവും പാട്ടും കൊണ്ടും
കൊടുക്കലും ഇല്ലാതെ….എതിരാളികളില്ലാതെ…. വെളിച്ചത്തായ
വെളിവില്ലാത്ത ജീവിതത്തിന്റെ അടിസ്ഥാനത്തിൽ കവി പറയുന്നു
മേലിൽ എൻറെ ജീവിതത്തിലെ വാദിയോ പ്രതിയോ അല്ല ഞാൻ
( ഇന്നുമുതൽ )
അതേസമയം
മരം പൂവ് കൊണ്ടെറിഞ്ഞു വീഴ്ത്തിയ
മാനിന്റെ വേഗമാണ് ഞാൻ (യുഗമം )
എന്നും കവി കണ്ടെത്തുന്നു ജീവിതത്തെ പ്രതിരോധത്തിന് രാഷ്ട്രീയ
അടയാളമായി കണ്ടെടുക്കുന്നിടത്താണ് കവിതയുടെ ജയം
നെഞ്ചിലേക്കുന്നം വേണ്ട ഇഞ്ചിഞ്ചായേ മരിക്കൂ
(കാഞ്ചി )
എന്ന സ്ഥൈര്യവും
ഒറ്റുകാരന്റെ മുഖമില്ലാത്ത
മന്ദസ്മിതവുമായി
ഒരാൾ മാറിയിരിക്കുന്നു
അകത്താണോ പുറത്താണോ
പണ്ടൊരിക്കൽ
കള്ളനും പിന്നീട്
കവിയുമായവനാകണം (വാ നിഷാദ)
എന്ന തിരിച്ചറിവും കവിതയുടെ, വാക്കിന്റെ,ഭാഷയുടെ തീക്കാറ്റ്
നിറച്ചു വരികയാണ്. വാക്കുകളുടെ ശവങ്ങൾ നിറഞ്ഞ് ഭാഷാശ്മശാനമായി
എരികയാണെങ്കിലും
ഒരു വാക്കെങ്കിലും
ഉയിർത്തെണീറ്റില്ലെങ്കിൽ
ഈ ഏർപ്പാടൊന്ന് തീർക്കാമായിരുന്നു
എന്നാണ് കവി പറയുന്നത് (അവസാനം
ജീവിത രാഷ്ട്രീയത്തിന്റെ തീയില്‍ തെളിഞ്ഞ് കത്തുന്ന പ്രണയവും പൊതു ബോധത്തിന്റെ സര്‍ഗ്ഗാത്മക തിരിച്ചറിവുകളും കൊണ്ടുമെനഞ്ഞ കാവ്യ ലോകത്തിലിരുന്നാണ് ഒ പി സുരേഷ് ഇപ്പോഴും കവിതകളിലേക്ക്
യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്. ദേശവും ദേശരാഷ്ട്രീയവും പുറത്താക്കലുകളും പ്രണയവും നിരാസവും വിശപ്പും വേവും അയാളെ ഇത്രമേല്‍ ബാധിക്കുന്നതും ഈ രാഷ്ട്രീയ ബോധമുള്ളില്‍ കത്തുന്നത് കൊണ്ടാണ്. അത് അണയാതിരിക്കട്ടെ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല