കവിത
സുകുമാരൻ ചാലിഗദ്ധ
രാവിലെ നേരത്തെ എണീറ്റു വരുന്ന
മലയാള മനോരമ പത്രത്തിലെ
വാർത്തകൾ ശാരദ ടീച്ചറിൻ്റെ
വീടിൻ്റെ വാതിലിൽ ഒന്നങ്ങുമുട്ടി.
ശാരദ ടീച്ചർ വാതിൽത്തുറന്ന്
വാർത്തയുമായി അകത്തേക്ക് കടന്ന്
അച്ഛൻ്റെ ചെവിയിൽ ഓതികൊടുത്ത്
മകനത് കേട്ടപ്പാടെ
അനിയത്തിയോട് പറഞ്ഞു.
അനിയത്തിയതിനെ പരത്തി പരത്തി
ചുട്ടെടുത്ത് മേശപ്പുറത്തെടുത്തു വെച്ചതും
എല്ലാരും ചേർന്ന് വട്ടത്തിലിരുന്ന്
വായന തുടങ്ങി.
അറബിക്കടലിൽ ന്യൂനമർദ്ധം
രൂപപ്പെട്ടതിൻ്റെ ഭാഗമായി
കേരളത്തിൽ ശക്തമായ
മഴയ്ക്കും മണ്ണിടിച്ചിലിനും
സാധ്യതയുള്ളതിനാൽ ആരും
പുഴയിലേക്കോ കടലിലേക്കോ
മീൻ പിടിക്കാനോ കുളിക്കാനോ
പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എന്തെങ്കിലും ബുദ്ധിമുട്ടനുഭവപ്പെട്ടാൽ
അടുത്തുള്ള ഉദ്യോഗസ്ഥരെ വിവരമറിയിക്കുക.
ഓപ്പോ ഫോണിൻ്റെ കോളിംങ് ട്യൂൺ’
അമ്മ മഴക്കാറിനും കൺനിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു.
ഹലോ !.
അമ്മേ ….. വേഗം വിട്ടോ.
ഉ ഉ ഉരുൾ പൊ പൊട്ടി.
അമ്മാ ടോർച്ച്
അച്ഛാ അച്ഛൻ്റെ മുണ്ട്
അയ്യോ നമ്മടെ പാത്രം
അച്ചാ ഏട്ടൻ്റെ വ വണ്ടി.
ഒരു കല്ല്യാണത്തിരക്കിൻ്റെ
എല്ലാ ലക്ഷണങ്ങളും ഉള്ള പോലെ
ആ വീടിൻ്റെ അകത്തവർ
ഓടിയോടി തളർന്നിരുന്നു.
ആരുടെയോ ഒരു കൂവൽ,
വിറയലോടെ അവരും കൂവി.
പുറത്തേക്കിറങ്ങിയ അവർ ഞെട്ടി,
മിറ്റത്ത് വലിയൊരു ആറ്.
രക്ഷപ്പെട്ടവർ ഒറ്റപ്പെട്ട വീട്ടിലേക്ക്
തിരിച്ചെത്തി തരിച്ചിരുന്നുപോയി,
കലത്തിലിട്ടിരുന്ന അരി താനെ വലുതായി.
ഒരു ബൾബ് മുകളിൽ ചുവന്നിരിക്കുന്നു.
റെഡലർട്ട്.
ഞാനും എൻ്റെ വീടും
അ ആ ഇ ഈ
ഉ ഊ ഋർർർർ