വീട് വരയ്ക്കുന്ന രണ്ടു പേർ

0
419

കവിത
നിഷ

അങ്ങനെ ….
മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട്
അവർ  വീട് വരയ്ക്കാൻ തുടങ്ങി.
ഒരാൾ വരച്ച ചിത്രത്തിൽ
അമ്മ എപ്പോഴും അടുക്കളയിൽ 
ദോശ ചുട്ടുകൊണ്ടിരുന്നു…..
മുത്തശ്ശി കോലായിലിരുന്ന്
കഥകൾ പറയുകയും
മുറ്റത്തെ പൂമ്പാറ്റക്കാടിൽ
കുട്ടികൾ ഊഞ്ഞാലാടുകയും
വേനലിൽ  വിരിഞ്ഞ  പഴങ്ങളെ
കടിച്ചീമ്പുകയും ചെയ്തു.
അച്ഛനും, മുത്തച്ഛനും ഒരുമിച്ച്
ആകാശത്ത് പച്ചക്കുടകൾ 
നിവർത്തുകയും, അതിൽ
അണ്ണാനും, മരംങ്കൊത്തിയും 
കണ്ണാരം പൊത്തിക്കളിക്കയും
ചെയ്തു….

രണ്ടാമത്തെ വീട്.
അതിൽ അമ്മ എപ്പോഴും
നിരത്തിലെ സ്കൂട്ടികളിലൊന്നിൽ
ചുവപ്പും പച്ചയും വെളിച്ചങ്ങൾക്ക്
താഴെ ഉഷ്ണത്താൽ വിരണ്ട്
വീർപ്പ് മുട്ടിക്കൊണ്ടിരുന്നു.

അച്ഛനോ….
ഓഫീസ് ലാപ്ടോപ്പ് 
കവർന്നെടുത്ത 
തിളക്കമറ്റ  മിഴിയുമായ്
ഇരുൾ പ്രഭാതങ്ങളറിയാതെ
ഡിലീറ്റ് ബട്ടൻ്റെ സാധ്യതകളിലേക്ക്
വീണ്ടും വീണ്ടും  
യാത്ര പോയ്ക്കൊണ്ടിരുന്നു.

കുട്ടി….
ബാൽക്കണിയിലെ ശലഭങ്ങളില്ലാത്ത
നരച്ച ചെടികളിൽ വെള്ളമൊഴിച്ച്
വിഷാദം നിറഞ്ഞ കണ്ണുമായ്
ചാരപ്പുകയാൽ നിറഞ്ഞ  ആകാശത്തേയ്ക്ക് ഒറ്റയ്ക്ക്, 
ഒറ്റയ്ക്ക് കണ്ണും നട്ടിരുന്നു….

ചിത്രം രണ്ടും പൂർണ്ണമായപ്പോ…
ആദ്യം വരച്ച ചിത്രത്തിലെ 
കുട്ടിയെ നോക്കി….
രണ്ടാമത്തെ ചിത്രത്തിലെ
കുട്ടി വിതുമ്പുവാൻ തുടങ്ങി.

നിഷ
അധ്യാപിക
സെൻ്റ് മേരീസ് സ്കൂൾ, കൂടത്തായ്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here