കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്ന
‘’we are living in a time ,
when poets are forced
to speakalla the time
on their own poetry’’
കവിതയുടെ കാഴ്ച്ചക്കാർ എന്ന ലേഖനത്തിൽ ഉദയൻ വാജ്‌പേയി ഇങ്ങനെ എഴുതുന്നുണ്ട് .
ആരെയാണ് കവിത അഭിസംബോധന ചെയ്യുന്നത് എന്ന ചോദ്യത്തെ വായനാ സമൂഹത്തിനു മുമ്പിലേക്ക് നീക്കി വാക്കുകയാണ് അദ്ദേഹം
ആരും ആവശ്യപ്പെടാതെ തന്നെ കവിത ചിലതിനെയെല്ലാം അഭിസംബോധന ചെയ്യുന്നുണ്ട് .അതേ സമയം അത് ആരെയൊക്കെ അടയാളപ്പെടുത്തുന്നില്ല എന്നതിന്റെ കൂടി പ്രാതിനിധ്യമാകുന്നുണ്ട് .
എം .എസ് ബനേഷിന്റെ ”നല്ലയിനം പുലയ അച്ചാറുകൾ ”എന്ന കവിതാ സമാഹാരത്തിന്റെ വായനയിൽ ഉടയാൻ വാജ്പേയിയുടെ ലേഖനം പ്രസക്തമാകുന്നു.
ആരാണിന് കവിതയുടെ കാഴ്ചക്കാർ എന്നോ കവിതയിൽ ഇല്ലാത്തവർ ആരോക്കെയാണെന്നോ നമുക്ക് ചിന്തിക്കാം ബനേഷിന്റെ കവിതയുടെ വായനയിൽ.
”എല്ലാവർക്കും
എല്ലാമറിയുന്ന
നഗരത്തിൽ
സന്ദേഹികളില്ലാത്ത
ചത്വരങ്ങളിൽ
ഉപദേശികളും
പണ്ഡിതരും
തീർപ്പുകാരും
ഇതാണ് ഇതാണ്
എന്ന്
തന്നെത്തന്നെ
അണിയിച്ച്
നിർത്തുമ്പോൾ,
അടിയിടറി,
വഴി പതറി
ഞാൻ തന്നെയുണ്ടോ
എന്നറിയാതെ
അത്രമേൽ
ഏകാകിയും
അപരിചിതനുമായി
നിന്ന
അയാളെ
” ആണ് കവി കവിത എന്ന് വിളിക്കുന്നത്
പുസ്തകങ്ങളുടെ ചരിത്രത്തിൽ ആദ്യകാലങ്ങൾ അത് വായിച്ചവരെക്കുറിച്ചും വായിക്കാത്തവരെ ക്കുറിച്ചും ഉള്ള കൃത്യമായ രേഖകൾ സൂക്ഷിക്കുമായിരുന്നു.
ഒരു നിഘണ്ടുവിനോട് കാണിക്കുന്ന സമീപനമല്ല കവിതയോട് കാണിക്കേണ്ടത്. തീർച്ചയായും കവിതക്ക് പ്രണയം പോലെ ജീവിതത്തിൽ ചിലത് ചെയ്യാനാവും എന്നത് കൊണ്ട് തന്നെയാവാമത്. തീർച്ചയായും ഈ കണ്ടെത്തലുകൾ മനുഷ്യന്റെ നിലനിൽപ്പുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. ബനേഷിന്റെ കവിതയുടെ രാഷ്ട്രീയവും അത് തന്നെ.
ചിലപ്പോൾ,
”പൊക്കിയ
കെട്ടിടങ്ങളുടെ
മുന്നിൽ
കവിതയുടെ
വാതിലുകൾ
എവിടെ”
എന്ന് ചിന്തിക്കുന്നു. നീതി നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിനൊപ്പം പൊരുതി നിൽക്കുന്നു .അവരുടെ ഭാഷ എന്ന് കണ്ട് ഇതാണ് കവിത എന്ന ഒരു തെളിവഴിയിലേക്ക് കാലെടുത്തു വെക്കുന്നു. എവിടെ വെച്ചാകാം കവിക്ക് സ്വന്തം ഏകാന്തതകളെ മൂടുപടമില്ലാതെ വലിച്ചെടുത്ത് പുറത്തിടാനായിക്കാണുക ? അവിടെ വെച്ചാകാം അയാൾ ഈ കവിതകൾ എഴുതിക്കാണുക.
പെട്ടെന്ന് ജീവിച്ചു തീർക്കുന്നവർക്കിടയിൽ കവിത ഒരല്പ നേരം കാത്ത് നിൽക്കുന്നുണ്ടാവാം. ആ നിമിഷത്തെ അയാൾ പകർത്തുന്നു ഒരു കാമറയിൽ എന്നപോലെ അത് കൊണ്ടാണയാൾക്ക്
എത്രെയെളുപ്പം എനിക്ക് നിൻ
നോട്ടത്തിലെന്റെയാനന്ദമീ
സ്മൈലിയാൽ തീർക്കുവാൻ
അത്രയെളുപ്പം നിനക്കെന്റെ
വീഴ്ച്ചയിലത്രക്കനുകമ്പ സ്മൈലിയാൽ ചാർത്തുവാൻ
എന്നെഴുതാൻ കഴിയുന്നത്
നമ്മെ നിരായുധരാക്കുന്ന ആയുധമാണെന്ന കണ്ടെത്തലിലൂടെ കവി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ധ്വനി ശക്തമാണ്..പെട്ടെന്നുള്ള ജീവിതത്തിൽ പെട്ടെന്ന് തന്നെ തെളിയുന്ന ഒരു ഭാഷ തന്നെയായി സ്മൈലി കടന്നു വരുന്നു. ഒന്ന് തിരിഞ്ഞു നോക്കിയാൽ പരിഹാസ രൂപേണ തെളിയുന്ന ഭാഷയിലെ പുതിയ ചിഹ്ന വ്യവസ്ഥ തന്നെയാണത് ,
‘പെട്ടെന്ന് ‘എന്ന അനുഭവം ബനേഷിന്റെ മിക്ക കവിതകളിലും ഉണ്ട്.
‘കല്ലറ തുറക്കുന്ന അതെ നിമിഷം കേൾക്കുന്ന പാട്ട്’ (പോസ്റ്റ് മോർട്ടം )
‘കവിതയിലിനി വരില്ല ഞാൻ’ എന്നുള്ള തീരുമാനം (കരിങ്കൂവളം )
‘പൊടുന്നനെ ചുരുങ്ങുന്ന മേഘകുട ‘(കുടമഴയിൽ )
‘ച്ചെ …വെളിച്ചം ‘’എന്ന കണ്ടെത്തൽ (തത്തമ്മേ …ജനൽ…ജനൽ )
ഇങ്ങനെ ആകസ്മികതകളുടെ അടയാളങ്ങൾ എത്രയെത്ര
ഏകാഗ്രമായിത്തന്നെ നിൽക്കുമ്പോഴും ഓരം ഒരാളെത്തന്നെ നിനച്ചു നിൽക്കുമ്പോഴും കവിത ചെന്നെത്താൻ സാധ്യതയില്ലാത്ത ചില ഇടങ്ങളുണ്ട് .
മറ്റൊരു തരത്തിൽ പറഞ്ഞാൽ യാന്ത്രികമായ ജീവിതത്തിനു മേൽ യാന്ത്രികമായ ചരിത്രബോധത്തിനു മേൽ കരുതിക്കൂട്ടി ഉറപ്പിക്കുന്ന ഭൂതകാല ചിന്തകളെയും മുൻവിധികളെയും രൂപപ്പെടുത്തും വിധം ഉള്ള ഭാവി ചിന്തകളെ മറികടന്നുകൊണ്ട് ജീവിതത്തിന്റെ പ്രതിരോധാത്മകമായ ചില ഇടങ്ങളെ കണ്ടെടുക്കുന്ന കവിതകൾ ബനേഷിന്റെ കൈവശമുണ്ട്.അത് ചിലപ്പോൾ ”പൊട്ടാനൊരുങ്ങി നിൽക്കുന്ന ബോംബുകൾക്കും ചിതറുന്ന ജീനുകൾക്കുമിടയിൽ ഇണ ചേരും.
ജാതിയില്ലാത്ത ചുംബന ശിവലിംഗത്തിൻ കറുപ്പുകൾ ഓർത്തെടുക്കും
ഭാഷയിൽ അതി സൂക്ഷ്മമായ അഴിച്ചു പണികൾ ചെയ്തു ”ഭായിന്റെ മോനെ ‘എന്ന ശരിക്ക് എഴുത്തും
ഇത് കവിതയിലെ , കവിയിലെ രാഷ്ട്രീയ ബോധത്തിന്റെ തെളിച്ചമാണ്. കവിതക്ക് തന്റെ കവിതയോടു തന്നെ പോരാടി ജയിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് കവിയെ പിക്കാസോയെയും രാമനെയും ഒരുമിച്ച് വായിക്കാൻ പ്രേരിപ്പിക്കുന്നു
കാലവുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളുടെ സാക്ഷ്യങ്ങൾ കവിതയും ഭാഷയും തമ്മിൽ നടക്കുന്ന സംവാദങ്ങളെ മുറുക്കുന്നു. കാണാനാവുന്ന കവിതകളാണ് ബനേഷിന്റെത്.
”നികത്താനൊരുങ്ങുന്ന
നിറന്ന
നെൽപ്പാടത്തിന്
വരമ്പിന്
തെക്കേ മൂലയിലിരിക്കുന്ന
നാലുപേരുടെ’’
തിടുക്കവും ആകുലതയും ഈ കവിതകൾക്കുണ്ട്
കവിതയെഴുതാൻ വന്നിരിക്കുന്ന തൊഴുകൈത്തോക്ക് ,ചോറിലെ മുടിനാരെടുത്ത് അലറുന്ന മുടിത്തെയ്യം ,ഒരായിരം കാരിയെരുമകൾ….. ദൃശ്യഭാഷയുടെ ഒഴുക്കാണ് ബനേഷിന്റെ കവിതകൾ.
മനുഷ്യനും പ്രകൃതിയുമായി ചേർക്കാതെ ഒരൊറ്റ വാക്കു പോലുമില്ല ഈ കവിതകളിൽ. എന്ത് കൊണ്ട് ഈ കവിതകൾ വായിക്കുന്നു …
എന്ത് കൊണ്ട് ഈ കവിതകൾ കാണുന്നു എന്ന ചോദ്യത്തിനുത്തരം ഈ കവിതകൾ തന്നെയാണ്
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.