കോഴിക്കോട്: കോഴിക്കോടിന്‍റെ ആത്മാവുറങ്ങുന്ന മിഠായിതെരുവിൽ നടൻ വിനോദ് കോവൂരിന്‍റെയും ഗായകൻ ഭാനുപ്രകാശിന്റേയും നേതൃത്വത്തിൽ ‘ഒരു തെരുവിന്‍ മധുരം’ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. ഫെബ്രവരി 24 ശനി വൈകിട്ട് 6 മണി മുതല്‍.
തെരുവോരത്തെ ചിരിയും ചിന്തയും കണ്ണീരും പ്രണയവും എല്ലാം ചേർത്ത് ചാലിച്ച ഒരു മധുര മിഠായി നുണയാനായി നാവിൽ വെച്ചു തന്നാണ് കോഴിക്കോടിന്റെ സ്വന്തം കഥാകാരൻ ശ്രീ എസ് കെ പൊറ്റെക്കാട് ഈ മിഠായിതെരുവിന് ജീവനുണ്ട് എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയത്. കണ്ണിമ ചിമ്മാതെ ഇന്നും ഈ തെരുവിലെ പുതിയ ജീവിതത്തിന് ദൃക്സാക്ഷിയായി പ്രിയപ്പെട്ട ആ കഥാകാരൻ ഉണ്ട് . ആ തൃപ്പാദങ്ങളിൽ ഒരു സമർപ്പണമായി ഒരു ഗാന സന്ധ്യ ഒരുങ്ങുന്നു. കോഴിക്കോടൻ മധുരം ചുരത്തുന്ന ഒരു മധുഗാന സന്ധ്യ .
ജീവൻ തുടിക്കുന്ന പച്ചയായ വാക്കുകളിൽ ഉൻമാദമുറഞ്ഞ രാഗസഞ്ചാരങ്ങൾ ചേർത്ത് മൂളി ഈ തെരുവിലൂടെ നടന്ന് നടന്ന് എങ്ങോ പോയ് മറഞ്ഞ കോഴിക്കോടിന്റെ സ്വന്തം കലാകാരൻമാർ ശ്രീ എം സ് ബാബുരാജ് , കോഴിക്കോട് അബ്ദുൾ ഖാദർ , പി.ഭാസ്കരൻ , രാഘവൻ മാസ്റ്റർ , രാജാമണി , കെ ടി മുഹമ്മദ് , രഘുകുമാർ അങ്ങിനെ നിരവധി പേർ. അതിൽ ചിലരുടെ ഓർമ്മകൾ വരികളായി ഈണങ്ങളായി ഒരിക്കൽ കൂടി നറുമധുരമായി ഈ തെരുവിനെ പുണരാനൊരുങ്ങുകയാണ് രാഗസന്ധ്യയിലൂടെ.