ബിലാല്‍ ശിബിലി
തലശ്ശേരി
കപില്‍, അസ്ഹര്‍, സച്ചിന്‍, ദാദ, ധോണി, ദാ ഇപ്പോള്‍ കോഹ്ലിയും. ആഘോഷിച്ചത് നമ്മളെന്നും ക്രിക്കറ്റാണ്. പിറകെയായിരുന്നു രാജ്യമെന്നും അവരുടെ. ക്രിക്കറ്റിന്‍റെ അതിപ്രസരത്തില്‍ ഫുട്ബോളിന് അര്‍ഹമായ പരിഗണന ഒരിക്കലും കിട്ടിയിട്ടില്ല. ഫുട്ബോള്‍ താരങ്ങള്‍ക്കും.
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റന്‍ ആയിരുന്നു വി. പി സത്യന്‍. അവഗണനകള്‍ കാരണം വിഷാദരോഗത്തിന് അടിമപെട്ട്, 2006 ജൂലൈ 18 ന് ചെന്നൈയില്‍ തീവണ്ടിക്ക് മുന്നില്‍ സ്വന്തം കളി അവസാനിപ്പിച്ച, അധികമാരും പാടിപുകയ്താത്ത നായകന്മാരുടെ പ്രതിനിധി. വട്ടപറമ്പത്ത് സത്യന്‍. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മേക്കുന്ന് സ്വദേശി.
രാജ്യം കണ്ട ഏറ്റവും മികച്ച ഫുട്ബാളറുടെ ജീവിതമാണ് ജയസൂര്യ അനശ്വരം ആക്കിയിരിക്കുന്നത്. ഇന്ന് (വെള്ളി) റിലീസായ നവാഗതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ക്യാപ്റ്റന്‍’ എന്ന സിനിമയിലൂടെ. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പറ്റാത്ത വിധം മനസ്സില്‍ തൊടുന്ന അനുഭവമാണ് ക്യാപ്റ്റന്‍ സമ്മാനിച്ചത്.
സത്യേട്ടന്‍റെ നാട്ടുകാരാണ് ഞാന്‍. വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം, കനകമലയുടെ താഴവരയിലെ സത്യേട്ടന്‍റെ വീട്ടിലേക്ക്. അതിനാല്‍ തന്നെയാണ് ആദ്യ ഷോ ഉറപ്പിച്ചത്. പക്ഷെ, തിരക്ക് കണ്ടപ്പോള്‍ ഞെട്ടി. ജയസൂര്യ ഒരു പ്രോമിസിംഗ് ആക്ടര്‍ ആയിരിക്കുന്നു എന്നതിന് ഇതില്‍ പരം എന്ത് തെളിവ് വേണം. ആ പ്രതീക്ഷ ഒട്ടും തെറ്റിച്ചിട്ടില്ല ജയസൂര്യ. വി പി സത്യന്‍റെ ആത്മാവ് ജയസൂര്യയിലൂടെ ജീവിച്ചത് പോലെ. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന്. ഗംഭീരമായിരിക്കുന്നു ജയേട്ടാ. നിങ്ങളല്ലാതെ മറ്റാര്‍ക്കും ഇത് ചെയ്യാനാവില്ല. തീര്‍ച്ച.
സത്യന്‍ അനുഭവിച്ച തിരസ്കാരങ്ങളുടെ കഥയാണ് ക്യാപ്റ്റന്‍. വേദനകളിലും വിജയത്തിന്‍റെ പുഞ്ചിരി രാജ്യത്തിന് സമ്മാനിച്ച ഒരു വീരപുരുഷന്‍റെ അതിജീവനത്തിന്‍റെ ജീവിത കഥ.
പ്രജേഷ് സെന്‍. ആദ്യ സിനിമയുടെ പകച്ചലുകളില്ലാതെ തന്നെ താങ്കളിത് മനോഹരമാക്കിയിരിക്കുന്നു. അഞ്ചു വര്‍ഷത്തെ ഹോം വര്‍ക്ക് ഇതിന് പിന്നിലുണ്ടെന്ന് വായിച്ചു. വെറുതെയായില്ല ആ അഞ്ച് വര്‍ഷങ്ങള്‍.
അനു സിത്താര. കൂടെ ജീവിച്ചു സത്യേട്ടന്‍റെ അനിത ആയിട്ട്. പക്വമായ പ്രകടനം. സിദ്ധീഖ് ഒരിക്കല്‍ കൂടി കയ്യടി നേടി, ഒരു ഫുട്ബാള്‍ ഭ്രാന്തന്‍റെ കഥാപാത്രത്താല്‍. കോച്ച് ജാഫര്‍ ആയി വന്ന രഞ്ജി പണിക്കർ, സത്യന്‍റെ സഹകളിക്കാരന്‍ ഷറഫലി ആയ ദീപക്, സൈജു കുറുപ്പ്. ലക്ഷ്മി ശർമ്മ തുടങ്ങിയവരൊക്കെ തങ്ങളുടെ ഭാഗങ്ങൾ നന്നായി ചെയ്തു. മമ്മൂട്ടിയുടെ അതിഥി വേഷവും തിയറ്ററില്‍ കയ്യടി നേടി.
ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതമാണ് സിനിമക്ക് മൂഡ് നല്‍ക്കുന്നത്. സംവിധായകന്‍ ഉദ്ദേശിച്ച അതേ ഫീല്‍ കൊടുക്കാന്‍ സംഗീതത്തിനായി. പാട്ടുകള്‍ പക്ഷെ ശരാശരിയില്‍ ഒതുങ്ങി. എഡിറ്റിംഗിലെ പിഴവുകള്‍ ആവണം രണ്ടാം പകുതിയില്‍ ആസ്വാദനത്തെ മെല്ലെ പോക്കുന്നത്.
റോബി വർഗീസ് രാജ് ആണ് ക്യാമറ ചലിപ്പിച്ചത്. മികച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍. കളി മൈതാനങ്ങളിലെ ദൃശ്യങ്ങള്‍ അതിമനോഹരം ആയിരുന്നു.
അതേ സമയം രണ്ടാം പകുതിയില്‍, അതിജീവനത്തിലേക്കും സഹനത്തിലേക്കും വിഷാദത്തിലേക്കും സിനിമ ചലിച്ചപ്പോള്‍, ചില കാണികള്‍ക്കെങ്കിലും വിരസമായി തോന്നിയത് കണ്ടു. കാണികളായ നിങ്ങള്‍ക്ക് ഇത്ര വിരസത തോന്നിയെങ്കില്‍, തിരിച്ചറിയുക, എത്ര അനുഭവിച്ചു കാണും സത്യനും അനിതയും ആ ജീവിതത്തില്‍.
തലശ്ശേരി ഭാഷ കയ്യടക്കത്തോടെ തന്നെ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും എവിടെയോ ചില പോരായ്മകള്‍ തോന്നി. ഉദാ: ‘നീ’ എന്നതിന് ഇവിടെ ‘ഇഞ്ഞി’ എന്നാണ് ഉപയോഗിക്കുക. സിനിമയില്‍ പക്ഷെ ‘ഇയ്യ്’ എന്ന ഏറനാടന്‍ ഭാഷ ഉപയോഗിച്ചത് കണ്ടു.
ശുഭകരമായ അവസാനമുള്ള ഒരു ആഘോഷ സിനിമയല്ല ക്യാപ്റ്റന്‍. അത് ആഗ്രഹിക്കുന്നവര്‍ സിനിമക്ക് പോവകുകയും ചെയ്യരുത്. കേരളത്തിന് സന്തോഷ് ട്രോഫിയടക്കം സമ്മാനിച്ച 91 മുതല്‍ 95 വരെ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ സുവര്‍ണ്ണ കാലത്തെ നയിച്ച ക്യാപ്റ്റന്‍റെ ജീവിതമാണിത്. അവിടെ കയ്യടിയേക്കാളധികം ഉണ്ടാവുക വൈകാരിക മുഹൂര്‍ത്തങ്ങളാണ്.
സിനിമ കണ്ടു കഴിഞ്ഞ ഉടനെ ചെന്നത് സത്യേട്ടന്‍റെ നാട്ടിലേക്കാണ്. ചൊക്ലി മേക്കുന്നില്‍. ക്യാപ്റ്റന്‍ സിനിമാ പോസ്റര്‍ കൊണ്ട് നിറഞ്ഞിരുന്നു ജങ്ഷന്‍. സത്യേട്ടന്‍റെ അമ്മാവന്‍റെ മകന്‍ ഷിജിത്തിനെ വിളിച്ചു തന്നു അവിടെയുള്ള ഒരു കടക്കാരന്‍ ചേട്ടന്‍. ഫേസ്ബുക്കില്‍ വായിച്ചു കൊണ്ടിരിക്കുകയാണ് സിനിമയെ പറ്റി എന്ന് അഭിമാനത്തോടെ പറഞ്ഞു. ബസ് സമരം ആയത് കൊണ്ടാണ് സിനിമക്ക് രാവിലെ പോവാന്‍ പറ്റാഞ്ഞത് എന്നും കൂട്ടിച്ചേര്‍ത്തു.
വീട്ടില്‍ അമ്മയുണ്ട്. നാരായണിയമ്മ. പിന്നെ, നേരത്തെ പരിചയപെട്ട ഷിജിത്തിന്‍റെ അമ്മയും. സിനിമ കണ്ട് വരികയാണ് എന്ന് പറഞ്ഞപ്പോള്‍ സന്തോഷമായി. സത്യേട്ടന്‍റെ ട്രോഫികളും മറ്റു സമ്മാനങ്ങളും കാണിച്ചു തന്നു അവര്‍. ഷൂട്ടിംഗിന് മുമ്പ് ജയസൂര്യ തന്നെ ഇവിടെ വന്നിരുന്നു എന്നും പറഞ്ഞു.
ജീവിച്ചിരിക്കുമ്പോള്‍ തന്‍റെ മകനെ തേടി വരാത്തവര്‍ ഇപ്പോള്‍ വരുന്നതിന്‍റെ സങ്കടമാണോ സന്തോഷമാണോ ആ മുഖത്ത് നിന്ന് വായിച്ചെടുത്തത്. അറിയില്ല. നിര്‍വികാരം ആയിരുന്നു നാരായണിയമ്മയുടെ മുഖവും മനസ്സും. വൈകിട്ട് തലശ്ശേരി ലിബര്‍ട്ടിയില്‍ സിനിമക്ക് പോവാന്‍ തയ്യാറെടുക്കുകയാണ് അവര്‍.
സത്യേട്ടനെ അറിയാത്ത പുതുതലമുറക്ക് പ്രചോദനം ആവട്ടെ സിനിമ. അറിഞ്ഞിട്ടും അവഗണിച്ചവര്‍ക്ക് കുറ്റബോധവും തിരിച്ചറിവും നല്‍കാന്‍ സിനിമക്ക് കഴിയട്ടെ.
ഫുട്ബോളിനെയും വി.പി സത്യനെയും ജയസൂര്യയെയും നല്ല സിനിമയെയും ഇഷ്ടപെടുന്ന എല്ലാവരും ക്യാപ്റ്റന്‍ കാണണം.
കാരണം, നമ്മളല്ലാതെ ഇത് വിജയിപ്പിക്കാന്‍ മറ്റാരുമില്ല.
തീര്‍ച്ച.
Nice description
thank you
[…] പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ […]