ആമിയുടെ പ്രശ്നങ്ങൾ

0
809

ബിലാൽ ശിബിലി

മാധവികുട്ടി പലർക്കും പലതായിരുന്നു. അവർക്കു തന്നെ സ്വയം അവരെ പലതായി തോന്നിയിട്ടുമുണ്ട്. ആമിയും കമലയും മാധവികുട്ടിയും കമലാദാസും അവസാനം സുരയ്യയും. പല രൂപങ്ങൾ. പല ജന്മങ്ങൾ. നമ്മൾ കണ്ടും കേട്ടും അനുഭവിച്ച വ്യക്തികളുടെ ജീവിതം സിനിമ ആക്കുമ്പോൾ എത്ര തന്നെ ആയാലും നമുക്ക് തൃപ്തി വരില്ല. നമ്മൾ ഒരുപാട് സ്നേഹിച്ച ആളിന്റെ ആവുമ്പോൾ പ്രത്യേകിച്ചും. ആമിയുടെ ഒരു പ്രശ്നം ഇതാണ്. പ്രശ്നങ്ങൾ വേറെ ഇല്ലെന്നല്ല.

വലിയൊരു ജീവിതത്തെ രണ്ടര മണിക്കൂറിലേക് ദൃശ്യവൽക്കരിക്കുമ്പോൾ പരിമിതികൾ ഒരുപാടുണ്ട്. അംബേദ്കറും ഗാന്ധിയും നാരായണ ഗുരുവും സച്ചിനും ജെ.സി ഡാനിയേലും ഗൗരിയമ്മയും മൊയ്തീനും കാഞ്ചനമാലയും ഒക്കെ സിനിമ ആയിട്ടുണ്ട്. ബിയോപിക്ക് സിനിമകളിൽ ചിലത് സാമ്പത്തികമായി തന്നെ വിജയിച്ചപ്പോൾ മറ്റു ചിലത് നിരൂപണ ശ്രദ്ധ നേടിയിട്ടുണ്ട്. ചിലത് ഒന്നും നൽകാതെ പോവാറുണ്ട്. ഏതായാലും ഒന്നും നൽകാതെ പോവുന്ന ഒന്നല്ല ആമി.

മഞ്ജു വാര്യറെ നമുക്ക് നല്ല പരിചയമുണ്ട്. ആമിയെ അതിലേക്കാളേറെ. രണ്ടും രണ്ടായി തന്നെ കണ്ടു പോവുന്നുണ്ട് സിനിമയിൽ പലയിടങ്ങളിലും. അതേ സമയം ആമിയുടെ കൗമാരം അവതരിപ്പിച്ച നിരഞ്ജനയെ നമുക്ക് ഇഷ്ടമാവുന്നുണ്ട്. ബാല്യം അവതരിപ്പിച്ച കുട്ടിയേയും. മഞ്ജു ശ്രമിച്ചിട്ടില്ല എന്നല്ല. എത്ര ശ്രമിച്ചാലും നമുക്ക് തൃപ്തി വരില്ല എന്നതാണ് വാസ്തവം.

മുരളി ഗോപി മനോഹരം ആക്കിയിട്ടുണ്ട് മാധവ ദാസിനെ. ആമിയുടെ ദാസേട്ടനെ. ടോവിനോയും നന്നായി അവതരിപ്പിച്ചു, ആമിയുടെ കണ്ണനെ. ആമി മാത്രം കാണുന്ന ആമിയുടെ കൃഷ്‌ണനെ. അക്ബർ അലി ആയി വന്ന അനൂപ് മേനോനും കുഴപ്പമില്ല. ഗംഭീരമാക്കി എന്ന് പറയാൻ മാത്രവുമല്ല. ബാലാമണിയമ്മ, സുലോചന നാലപ്പാട്ട്, നാലപ്പാട്ടെ മറ്റു കഥാ പാത്രങ്ങൾ ഒക്കെ നന്നായിരുന്നു.

ബാക്കി എല്ലാ കഥാപത്രങ്ങളും യഥാർത്ഥ ജീവിതത്തിലെ പേരിൽ തന്നെ വന്നപ്പോൾ, അക്ബർ അലി മാത്രം അതിനൊരു അപവാദമായി. അവരുടെ ബന്ധം പോലെ നിഗൂഢമായി അത് അങ്ങനെ തന്നെ നിൽക്കട്ടെ എന്ന് കമൽ ധരിച്ചു കാണും. ഇല്ലെങ്കിൽ, വിമർശകരെ പേടിച്ചു കാണും. ഉറുദുവും ഗസലും ഇഖ്‌ബാലും പ്രഭാഷകനും ഒക്കെയായി ചില സൂചനകൾ മാത്രം നൽകി അക്‌ബർ അലി ആരെന്നു അറിയിക്കാൻ.

പുന്നയൂർ കുളം, കൽക്കട്ട, മുംബൈ, തിരുവനതപുരം, പുണെ. മാധവി കുട്ടി സഞ്ചരിച്ച വഴികളൊക്കെ ആമിയിലും ഉണ്ട്. പക്ഷെ, ദൃശ്യങ്ങൾ കൊണ്ട് കഥ പറയുന്നതിന് പകരം ശബ്ദം കൊണ്ട് പറയാൻ ശ്രമിച്ച ഇടത്താവാം കമൽ പരാജയപെട്ടത്. മഞ്ജു വാര്യരുടെ ശബ്ദത്തിൽ ആമി ഇങ്ങനെ എന്റെ കഥയും നിർമാതളം പൂത്ത കാലവും നഷ്ടപെട്ട നീലാംബരിയും ഒക്കെ വായിച്ചു കേൾപ്പിക്കുമ്പോൾ കാഴ്‍ച ഇല്ലാതാവുന്നു.

മതം മാറ്റവുമായി ബന്ധപ്പെട്ട ഭാഗങ്ങളും മുസ്ലിം പ്രഭാഷകനുമായുള്ള ബന്ധവും ഒക്കെ ചില പ്രേക്ഷകർക്ക് രസിച്ചിട്ടില്ല. അല്ലെങ്കിലും, ആമിയുടെ ജീവിതത്തിലെ ആ ഭാഗങ്ങൾ പണ്ട് തന്നെ പലർക്കും രസിച്ചിട്ടില്ലല്ലോ. എല്ലാവരെയും രസിപ്പിച്ചിട്ടല്ല മാധവികുട്ടി ഇവിടെ ജീവിച്ചതും.

ഒരു ഡോക്യു് മെന്ററി അല്ല. ഒരു ഗംഭീര സിനിമ ആയിട്ടുമില്ല. ഇതിനിടയിലാണ് കമലിന്റെ ആമി.

എങ്കിലും, ആസ്വദിക്കാം. ആ വലിയ ജീവിതത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം. എന്നിട്ട്, പറയാം, എന്റെ ആമി ഇങ്ങനെ അല്ലെന്നു. കാരണം ആവർത്തിക്കുന്നു, ആമി പലർക്കും പലതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here