കോമ്പൗണ്ട് ഐ
വിജയകുമാർ ബ്ലാത്തൂർ
ചെറുപ്പത്തിൽ കാലിലും തലയിലും ചൊറിയും ചിരങ്ങും ഉള്ള കുട്ടികളെ ഇഞ്ചയും കാർബോളിക്ക് ആസിഡ് സോപ്പും ഒക്കെ കൊണ്ട് തേച്ച് കുളിപ്പിക്കാറുണ്ടല്ലോ. കൂടാതെ തലയിലും രോമത്തിലും ഉള്ള പേനും മറ്റും കളയാൻ നമ്മൾ പെർമിത്രിൻ പോലുള്ള ചില മരുന്നുകൾ പുരട്ടി കുളിക്കാറുണ്ട്. വളർത്ത് മൃഗങ്ങളുടെ ദേഹത്തുള്ള ചെള്ളുകളെ കൊല്ലാനും ഇതുപോലെ പലതരം മരുന്നുകൾ പുരട്ടി കുളിപ്പിക്കാറുണ്ട്. എന്നാൽ പ്രകൃതിയിൽ സ്വന്തമായി ഇത്തരം മരുന്നുകൾ കണ്ടെത്തി ഔഷധക്കുളി ചികിത്സ നടത്തുന്നവരാണ് പക്ഷികളും ചില മൃഗങ്ങളും.
തൂവലിലും തൊലിയിലും വളരുന്ന പലതരം മൈറ്റുകളെയും ഫംഗസുകളേയും ബാക്റ്റീരിയകളേയും കൊല്ലാനും ഇല്ലാതാക്കാനും നിയന്ത്രിക്കാനും ഉള്ള പരിപാടിയാണിത്.
ഉറുമ്പിനെ കൊക്കു കൊണ്ട് കൊത്തിയെടുത്ത് ഗ്ലൂസ്റ്റിക്ക് ഉരയ്ക്കും പോലെ തൂവലുകളിൽ ഓരോന്നായി ഉരയ്ക്കുന്ന പരിപാടി ആണ് ഒന്ന്. അക്റ്റീവ് ആന്റിങ് എന്നു പറയും. മിനക്കേടുള്ള പരിപാടി ആണിത്. അതല്ലെങ്കിൽ ഉറുമ്പിൻ കൂട്ടിലോ മാളത്തിനരികിലോ ഉറുമ്പുകൾക്ക് മേലെ ഉരുണ്ട് പിരണ്ട് മൊത്തം ജഗപൊഗയാക്കുകയെന്ന പാസീവ് ആന്റിങ്. പുളിയുറുമ്പുകളുടെ ഒക്കെ ശരീരത്തിലെ ഫോർമിക്ക് ആസിഡ് അപ്പോൾ പൊട്ടിത്തൂവി പുരളും. ഫോർമിക്ക് ആസിഡ് കീടങ്ങളേയും ബാക്റ്റീരിയകളേയും ഫംഗസുകളേയും നശിപ്പിക്കുവാൻ കഴിവുള്ള ആസിഡാണ്. (എന്നാലും, ഉറുമ്പിൽ നിന്ന് കിട്ടുന്ന അളവ് കൊണ്ട് തൂവലുകളിലെ മൈറ്റുകളേയും ചെള്ളുകളേയും പേനുകളേയും കൊല്ലാൻ മാത്രം ശക്തിയുണ്ട് എന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല).
ഈ ആസിഡിന്റെ പുളി രുചിയും പൊള്ളിക്കലും ഉള്ളതിനാലാണ് ഉറുമ്പുകളെ പക്ഷികൾ തീറ്റയിൽ നിന്ന് പലപ്പോഴും ഒഴിവാക്കുന്നത്. അരുചിക്ക് കാരണമായ ആസിഡ് മൊത്തം പൊട്ടിത്തൂവി ചിറകിലും തൊലിയിലും ആയാൽ ബാക്കിയാകുന്ന ഉറുമ്പ് ശരീരം കൊത്തിത്തിന്ന് കുശാലായി വയറു നിറക്കുകയും ചെയ്യും. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പറഞ്ഞതുപോലെ ആണ് ഉറുമ്പ് കുളിയുടെ കാര്യം. തൂവലും റെഡിയാകും വയറും നിറയും.
പൊതുവെ ആന്റിങ് നിലത്ത് പതിഞ്ഞ് കിടന്നാണ് പക്ഷികൾ ചെയ്യുക. ചിലവ മരക്കൊമ്പുകളിലും ഉറുമ്പ് കുളി നടത്തും. സ്ഥിരം ചെയ്യുന്ന തൂവലൊരുക്കൽ പരിപാടിയും ഇതും പരസ്പരം മാറി തെറ്റിദ്ധരിക്കാറുണ്ട്. മിനുട്ടുകൾ മുതൽ അര മണിക്കൂറു വരെ നീളുന്നതാണ്, ഏകാഗ്രതയോടെ ഓരോരോ ഉറുമ്പുകളെ എടുത്ത് നടത്തുന്ന ഈ തേച്ച് കുളി . ഒറ്റയ്ക്കും ചിലപ്പോൾ സംഘമായും കുളി നടത്തും. ഉറുമ്പിനു പകരം ഒച്ചുകൾ ലാർവകൾ തേരട്ടകൾ, പുൽച്ചാടികൾ, കടന്നലുകൾ എന്നിവയെ ഒക്കെ പക്ഷികൾ ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്.
പാസ്സീവ് ആന്റിങ്ങിൽ പക്ഷികൾ ചിറകുകൾ മുന്നോട്ട് നീട്ടി പരത്തി അമർത്തി ഉറുമ്പിൻ കൂടിനുമുകളിൽ പിടിച്ച് വാലമർത്തി ശരീരം മുഴുവൻ ചേർത്ത് കിടക്കുകയാണ് സാധാരണ ചെയ്യുക. ഉറുമ്പുകൾ ദേഹത്ത് കയറുമ്പോൾ കൊക്കുകൊണ്ട് തൂവലുകളിൽ തടവി അവയെ പ്രകോപിപ്പിക്കും. തലയിലും കൊക്കിലും കണ്ണിലും ഒക്കെ കയറാതിരിക്കാൻ തല ഇടക്കിടെ ശക്തിയായി കുടയുകയും ചെയ്യും.
ഈ കുളി തൂവലുകൾ വൃത്തിയാക്കുന്ന പ്രീനിങ്ങിനുള്ള സഹായം മാത്രം ആണ് എന്ന വാദവും ഉണ്ട്. ഒരു ഉപകാരവും ഇല്ലാതെ , സുഖത്തിനും ഉണർവിനും ഉത്തേജനത്തിനും വേണ്ടി മനുഷ്യർ പുക വലിക്കുന്നതുപോലുള്ള സമാന ശീലം മാത്രമാണ് ഇത് എന്ന ചില അഭിപ്രായവും ശാസ്ത്ര ലോകത്ത് ഉണ്ട്.
ഉറുമ്പ് കുളി പോലെ തന്നെ വെറും പൊടിയിൽ ഉരുണ്ട് പിരണ്ട് പൊടിമൺകുളി നടത്തുന്ന സ്വഭാവവും ചില പക്ഷികൾ പ്രകടിപ്പിക്കാറുണ്ട്. അതും പോരാഞ്ഞ് ചില പഹയർ വീണു കിട്ടുന്ന സിഗരറ്റ് കുറ്റികൾ, ചിലപ്പോൾ കെടാത്തവപോലും എടുത്ത് തൂവലുകളിൽ തടവുന്ന പ്രത്യേക സ്വഭാവക്കാരും ആണ്.
…