ഷൗക്കത്ത്
അരുള്‍, അന്‍പ്, അനുകമ്പ എന്നങ്ങനെ സ്നേഹത്തിന്റെ മൂന്നു തലങ്ങളിലും നിറഞ്ഞു ജീവിച്ച മഹാത്മാവായിരുന്നു നാരായണഗുരു.
അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെല്ലാം ഇത്രയും സമഗ്രമാകുന്നത് ഈ മൂന്ന് തലങ്ങളെയും ആ ദര്‍ശനം ഉള്‍വഹിക്കുന്നു എന്നതിനാലാണ്.
പ്രാപഞ്ചികതയും(universal) സാമൂഹികതയും(social) വൈയക്തികതയും(individual) സമ്മേളിക്കുന്ന ദര്‍ശനമാണ് നാരായണഗുരു നമുക്ക് ജീവിച്ചു കാണിച്ചുതന്നത്.
പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലെല്ലാം നിറഞ്ഞു നില്ക്കുന്ന ഏകാത്മകമായ പൊരുളാണ് അരുള്‍.
അരുളാര്‍ന്ന സമഷ്ട്യാവബോധം വ്യക്തിയില്‍ നിറയുന്നതാണ് അന്‍പ്.
അത് ചുറ്റുപാടുകളിലേക്ക് പ്രസരിക്കുന്നതാണ് അനുകമ്പ.
പ്രാപഞ്ചികമായ അരുള്‍ വ്യക്തിയില്‍ അന്‍പായി നിറഞ്ഞ് സാമൂഹികതയിലേക്ക് അനുകമ്പയായി പ്രസരിക്കുന്നിടത്താണ് സ്നേഹം അതിന്റെ പരിപൂര്‍ണ്ണതയെ സ്പര്‍ശിക്കുന്നത്.
ഗുരുതന്നെ ആത്മോപദേശശതകത്തില്‍ പറയുന്നു:
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
ഞാന്‍, നീ എന്നൊക്കെ പലതായി വ്യവഹരിക്കുന്നതിലേക്ക് സൂക്ഷ്മമാകുന്ന ബോധത്തിന് തെളിഞ്ഞുകിട്ടുന്ന അറിവാണ് ഈ പ്രപഞ്ചം ഒരേയൊരു ആത്മരൂപമാണ് എന്നത്. ആ അറിവാണ് ഒരുവന് ആത്മസുഖം പ്രദാനം ചെയ്യുന്നത്.
അവനവന് ആത്മസുഖം ലഭിക്കമ്പോള്‍ അത് അപരന്നുകൂടി സുഖത്തിനായി വരുന്ന തരത്തിലാവും. അല്ലെങ്കില്‍ ആകണം എന്നാണ് ഗുരു പറയുന്നത്.
ഇവിടെ പരന് സുഖത്തിനായി വരണം എന്നല്ല ഗുരു പറയുന്നത് മറിച്ച് അപരന് എന്നാണ്. കാരണം, ആ അറിവുണ്ടാകുമ്പോള്‍ പിന്നെ പരന്‍ ഇല്ലല്ലോ!
അന്യനില്ല എന്ന മഹത്തായ ആ അറിവില്‍ ആമഗ്നമാകുമ്പോഴാണ് (അ)പരന്റെ സുഖം തന്റെ സുഖം തന്നെയാണെന്നും തന്റെ സുഖം (അ)പരന്റെ സുഖം തന്നെയാണെന്നുമുള്ള അറിവുണ്ടാകുന്നത്.
അങ്ങനെ ഒരുണര്‍വ്വുണ്ടാകുമ്പോള്‍ (അ)പരന്റെ സുഖത്തെകൂടി മാനിക്കാതെ, (അ)പരന്റെ സുഖത്തിനായിക്കൂടിയല്ലാതെ ഒരു ചിന്തയോ വാക്കോ കര്‍മ്മമോ നമ്മില്‍നിന്ന് പ്രവഹിക്കുകയില്ല.
അരുള്‍ അറിവായി ഉണരുമ്പോള്‍ അന്‍പ് സ്നേഹമായി വ്യക്തിയെ പ്രകാശപൂര്‍ണ്ണമാക്കും.
ഇരുളിനെ വകഞ്ഞുമാറ്റി പ്രഭാതസൂര്യന്‍ വിരിഞ്ഞു വരുന്നതുപോലെ ആ സ്നേഹാര്‍ദ്രമായ അന്‍പ് എല്ലാറ്റിലേക്കും കുളിരാര്‍ന്ന അനുകമ്പയായി പ്രസരിക്കും.
പരനില്ല എന്ന മഹത്തായ അറിവിലേക്ക്, അപരബോധത്തിലേക്ക് അത് വഴിതെളിക്കും.