അതിരുകൾ തിരുത്തി വരച്ച രാജ്യം

1
509
Aishu hashna athmaonline

കവിത
ഐഷു ഹഷ്ന
ചിത്രീകരണം: ഹരിത

അന്തിയുറങ്ങുന്ന കുടിലുകൾക്ക് മുന്നിലാരോ
മതിലുകൾ പണിയുന്നു.
ഞങ്ങൾക്ക് നേരെ
തിരിച്ച കണ്ണാടിയിൽ ഞങ്ങളുടെ മുഖമല്ല.
അടുപ്പിലിരുന്നു തിളക്കുന്ന
പാത്രങ്ങളാരോ എറിഞ്ഞുടക്കുന്നു.
ഞങ്ങളുടെ ചൂണ്ടുവിരലുകൾ
നേരെ നിൽക്കുന്നില്ല.
രാജ്യസ്നേഹികളെന്ന് നെറ്റിയിലെഴുതിയവർ ഞങ്ങളുടെ വായ തുന്നിച്ചേർക്കുകയാണ്.
കണ്ണുകെട്ടിയ ദേവതയെ
നെടുവീർപ്പിടുന്ന വയൽ വരമ്പിൽ നാട്ടിയിട്ടുണ്ട്.
ഒരിക്കലും നിറയാത്ത
വയറുമായി ചിലർ ഇരുട്ടിൽ പതുങ്ങുന്നുണ്ട്.
കൃഷിക്കാർ പാചകക്കാരായപ്പോൾ,
ഈശ്വരൻ കൃഷിക്കാരനായി കൊയ്തെടുക്കാൻ തലകൾക്ക് വേണ്ടി തെരുവിൽ അലയുന്നു.
പെറ്റികോട്ടിൽ പുരണ്ട രക്തവും, ബീജവും കണ്ട് തിരുത്തി വരച്ച അടയാളങ്ങളായി എൻ്റെ രാജ്യം.
കൊല്ലപ്പെട്ടവൻ്റെയും കൊലചെയ്തവൻ്റെയും ചിത്രങ്ങൾ നേർക്ക്നേരെ
വച്ച് ഞങ്ങളുടെ അതിരുകൾ തിരുത്തി വരക്കുകയാണ്.
ശ്വാസം കിട്ടാതെ മണ്ണിൽ കുത്തിയ തലകളുടെ നീണ്ട നിരയാണ് ഇന്നൻ്റെ രാജ്യം.

ഐഷു ഹഷ്‌ന.
എറണാകുളം സ്വദേശി.
ആനുകാലികങ്ങളിലും, സോഷ്യൽമീഡിയയിലും എഴുതുന്നു

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here