കവിത
ബിബിൻ ആൻ്റണി
ചിത്രീകരണം: ബിബിൻ ആൻ്റണി
പ്രാവുകൾക്കുവേണ്ടി മരിക്കുന്ന
ഒരാളുണ്ട്.
സന്ധിബന്ധങ്ങളുടെ ഉറവക്കുഴികളിലെല്ലാം
അയാൾ
നെല്ലും പയറും തിനയും
കരുതി വയ്ക്കുന്നു.
തൊണ്ടക്കുഴിയിൽ
പ്രണയത്തിന്റെ മുറിപ്പാടിൽ
കുടിനീരിന്റെ
കരുതൽ കാത്ത് വയ്ക്കുന്നു.
അയാളൊരു
പഴയ തപാലാപ്പീസിന്റെ നിറത്തിൽ
ഇടിഞ്ഞും പൊളിഞ്ഞും
ഇരുട്ടു പൂശിയും
ചെതുക്കിച്ചിരിക്കുകയാണ്…
അയാളിലെ അറകളിൽ,
മുറികളിൽ, മച്ചുകളിൽ
നീലച്ചില്ലുടഞ്ഞ
അലമാരകളിൽ
കുന്നുകൂടി,
കൂടണയാതെപോയ കത്തുകളിലെ
മേൽവിലാസങ്ങളിൽ നിന്നും
പ്രാവുകൾ
മുട്ട വിരിഞ്ഞിറങ്ങുന്നു,
പെരുകുന്നു,
ഫിഗ് ഫ്രൂട്ടു പോലെ
കുലച്ചു കിടക്കുന്നു…
അവ
കൊക്കുരുമ്മുമ്പോൾ
ചിറകുണക്കുമ്പോൾ
കൊത്തി പറക്കുമ്പോൾ
കൊഴിഞ്ഞടിയുന്ന
തൂവലുകൾക്കുമേൽ
അയാൾ അടയിരിക്കും
അമർന്നിരിക്കും
അല്പംനിറംകെട്ട ദേശത്തേക്കൊരിക്കൽ
മഞ്ഞയിൽ ചുവന്ന് പടർന്ന
പോപ്പിപൂക്കളുള്ള ഫ്രോക്കിട്ട
ഒരു കുട്ടി അയച്ച കത്തിലെ
മേൽവിലാസത്തിൽനിന്നും വിരിഞ്ഞ
രണ്ടു പ്രാവുകൾ
ചുവന്നും വിളറിയും
തോക്കുകളിൽ നിന്നെന്നപ്പോലെ
ചുമച്ചു കൊണ്ടേയിരുന്നു.
അവയുടെ കുറുകലിൽ
ലബ് ഡബ്
ലെഫ്റ്റ് റൈറ്റ്
ലബ് ഡബ്
ലെഫ്റ്റ് റൈറ്റ്
ലബ് ഡബ്
ലെഫ്റ്റ് റൈറ്റ്
എന്ന് ഇടഞ്ഞും മുറിഞ്ഞുമൊരു താളം
പട്ടാളക്കാരുടെ ചുവടുകളോടെ
മലഞ്ചെരുവിലെ മഞ്ഞപ്പുല്ലുകൾ
ചവച്ചരച്ചുപായുന്ന ടാങ്കുകളുടെ ചിരികൾക്കിടയിൽ
ചിതറിക്കിടന്നു.
മഷിയുണങ്ങിപ്പോയ
വിലാസത്തിൽനിന്നും
ഒരു കത്ത്
മഞ്ഞുറഞ്ഞപ്പോൾ
ചുണ്ടുകൾക്കിടയിൽ
ചുംബനച്ചൂടിൽ വിരിഞ്ഞ്
ചിരിച്ചിരിക്കെ മരിച്ചുപോയ
റോസാപ്പൂക്കളെക്കുറിച്ച്
ഒരു പാട്ടുമൂളി.
ഹൃദയത്തിൽ
പ്രണയത്തിന്റെ ചോരപടർന്നൊരു
നീല ഇല്ലെന്റിൽനിന്നും
കരഞ്ഞുറങ്ങിപ്പോയവളുടെ മുഖമുള്ള,
വിളറിയും വെളുത്തും
പാതിവെന്ത പ്രാക്കൾ
ആകാശം കുടിക്കാൻ
പരവേശപ്പെട്ടു
മൂന്നു മക്കളുള്ള
ഒരമ്മയുടെ വിലാസത്തിൽ
കരുതലിന്റെ കറയുള്ള കത്ത്
പിൻ കോഡ് തെറ്റി
പെറാതെ കിടന്നിരുന്നു,
തള്ളചത്തുപോയ
മൂന്ന് ആൺ പ്രാവുകളതിൽ
ചുണ്ടുരച്ചും തലയിട്ടടിച്ചും
മുലതിരഞ്ഞു .
ഒരുദിവസം
അനിവാര്യമായൊരു നുണപോലെ
പ്രാവുകൾക്കുവേണ്ടി മരിക്കുന്ന അയാൾ
ആര്‍ക്കുമല്ലാതെ മരിച്ചുപോകുമ്പോൾ
തിനയും പയറും വെള്ളവുമില്ലാത്ത
അയാളുടെ ഉടലിൽ
പക്ഷിപ്പാടുകളുടെ
കൊക്കുകളും നഖങ്ങളും ബാക്കിയാവും
മേൽവിലാസമുണ്ടായിട്ടും അന്യരായിപ്പോയ അയാളിലെ പ്രാവുകള്‍
ഒരു യുദ്ധാനന്തര ചിത്രത്തിലെ
കറുപ്പിനും വെളുപ്പിനുമിടയിലുള്ള
ഗ്രേ സ്കെയിലിൽ പതിഞ്ഞു കിടക്കും
കാലം ഒരു നിമിഷത്തിന്റെ മട്ടത്തിൽ
അയാളേയും പ്രാവുകളേയും
പരിമിതപ്പെടുത്തും.
ചരിത്രത്തിൽ അയാൾ
“പ്രാവുകൾക്കുവേണ്ടി ജീവിച്ച ഒരാളായിരിക്കും”
…
ബിബിൻ ആന്റണി
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ഭരതീയ ഭാഷ വിഭാഗത്തിൽ പ്രൊഫ. ടി. എൻ സതീശന്റെ കീഴിൽ ‘ബാലചന്ദ്രനൻ ചുള്ളിക്കടിന്റെ കവിതയിലെ ബിംബങ്ങൾ; ചിഹ്നശാസ്ത്ര പഠനം’ എന്ന വിഷയത്തിൽ ഗവേഷകനാണ്. ആനുകാലികങ്ങളിൽ സർഗാത്മകരചനകളും അവയുടെ ചിത്രീകരണവും ചെയ്തുവരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചിത്രപ്രതിഭയായിരുന്നു. വിലാസം : മരോട്ടിക്കൽ, മീമുട്ടി, കോടഞ്ചേരി, കോഴിക്കോട് , 673580. Email id: binuncle1911@gmail.com
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.