അമ്പമ്പോ , ചുള്ളിക്കമ്പ് രൂപി !

0
961
athmaonline-compound-eye

വിജയകുമാർ ബ്ലാത്തൂർ

വളരെ നിസാരക്കാരായ,ചുള്ളിക്കമ്പിന്റെ കോലത്തിൽ ഒളിഞ്ഞ് ജീവിക്കുന്ന സ്റ്റിക്ക് ഇൻസെക്റ്റുകളാണ് ഇണചേരൽ സമയ ദൈർഘ്യത്തിൽ റിക്കാർഡ് ഉള്ള ജീവിവർഗം. കൂട്ടിലിട്ട് വളർത്തുന്ന ചിലയിനം സ്റ്റിക്ക് ഇൻസെക്റ്റുകളെ ഗവേഷകർ നിരീക്ഷിച്ചപ്പോൾ Diapheromera veliei , D. covilleae എന്നീ ഇനങ്ങൾ 3മുതൽ 136 മണിക്കൂർ വരെ നീണ്ട ഇണചേരൽ പൊസിഷനിൽ തുടരുന്നതായി നിരീക്ഷിച്ചിടുണ്ട്. നെക്റോസ്കിയ സ്പരാക്സസ് (Necroscia sparaxes) എന്ന ഇന്ത്യൻ ചുള്ളിപ്പ്രാണി നീണ്ട 79 ദിവസം – ഒരേ ഇണചേരൽ പൊസിഷനിൽ കഴിഞ്ഞു എന്നത് ഇതു വരെ അറിഞ്ഞതിലെ ഏറ്റവും നീണ്ട സമയം ആണ്. തുടർച്ചയായി ഇത്ര സമയവുമത്രയും മുകളിൽ ഉള്ള ആൺ ചുള്ളിപ്രാണി ലിംഗാവയവം സ്ത്രൈണാവയത്തിനുള്ളിൽ ചേർത്ത് വെച്ച് ഇണചേരൽ പ്രക്രിയ ചെയ്തു കൊണ്ടിരിക്കലാവില്ല. ഇടവേളകളെടുത്ത് നിരവധി തവണയായാണ് ബീജസ്ഖലനം നടത്തുക. പക്ഷെ ഇത്ര ദിവസം മുഴുവനും പെണ്ണിനേക്കാൾ വലിപ്പം നന്നായി കുറവുള്ള ആൺ ചുള്ളിപ്പ്രാണി ഇണയുടെ മുകളിൽ കയറി ശരീരത്തിന്റെ പിറക് വശത്തുള്ള ഇറുക്ക് സംവിധാനമായ ടാർസി കൊണ്ട് കൊളുത്തി, കാലുകൾ കൊണ്ട് ചേർത്ത് പിടിച്ച് അതേ നിലയിൽ നിൽക്കുകയാണ് ചെയ്യുക. പരിണാമ ജീവ ശാസ്ത്രപ്രകാരം പല വിശദീകരണങ്ങളും ഇത്തരം അതി ദൈർഘ്യ ഇണചേരലിൽ കാരണമായി പറയുന്നുണ്ട്. മറ്റ് ആൺ ഇനങ്ങൾ വന്ന് ഇണചേരുന്നത് തടയാനൂം സ്വന്തം ബീജത്തിലൂടെ പുതിയ തലമുറ ഉണ്ടാവുന്നത് ഉറപ്പ് വരുത്താനും വേണ്ടിയുള്ള മത്സരത്തിൽ തോൽക്കാതിരിക്കാനുള്ള ശ്രമം ആണത്രെ ഇതൊക്കെ. ഇണ ചേർന്ന് ബീജകൈമാറ്റം കഴിഞ്ഞ ഉടനെ അവർ തന്റെ പാട്ടിന് പോയാൽ ഉടൻ തന്നെ വേറൊരു ആൺ പ്രാണി വന്ന് ഇണ ചേരാനും മുന്നെ ഉള്ള ബീജം നഷ്ടപ്പെടുത്താനും സാദ്ധ്യതയുള്ളതിനാലാണ് കഴിയുന്നത്ര സമയം പെണ്ണിനെ വേറെ ആരുമായി ഇണചേരാൻ വിടാതുള്ള ഇത്തരം ലോക്കിങ്ങ് രീതി എന്നും കരുതപ്പെടുന്നു . തുമ്പികളും ഇത്തരം ലോക്കിങ്ങ് രീതി തുടരുന്നുണ്ട് . നീണ്ട ഇണ ചേരലിന് ഇടയിൽ പാവങ്ങൾക്ക് വിശക്കില്ലെ എന്ന ചോദ്യം ഇപ്പോൾ മനസിൽ വന്നു കാണും. ടാർസി എന്ന ഇറുക്കു സംവിധാനം കൊണ്ട് ദേഹം താഴോട്ട് വളച്ച് പെൺ പ്രാണിയെ ഇറുക്കി പ്പിടിച്ച് കൊണ്ട് ശരീരം വേർപെടുത്താതെ – പെൺ പ്രാണിയുടെ ശരീരത്തിൽ നിന്ന് അരികിലേക്ക് അത്പം ചരിഞ്ഞ് ഞാണ് നിന്ന് ഇവർ ഇടക്ക് ഭക്ഷണം കണ്ടെത്തി തിന്നുകും ചെയ്യും . ആ തക്കത്തിന് വേറെ പ്രാണികൾ മുകളിൽ കയറി അതിനെ തള്ളി താഴെയിട്ട് ഇണചേരാൻ ശ്രമിക്കുകയും അടിപിടി നടത്തുകയും ചിലപ്പോൾ വിജയിക്കുകയും ചെയ്യും.. പെൺ പ്രാണിയെ സംബന്ധിച്ചടുത്തോളം മുകളിൽ കൂടിയുള്ള ഈ ദീർഘ ആലിംഗന പൊസിഷൻ പ്രധാനപ്പെട്ട ഒരു സഹായം കൂടി ആണ് . തടി കാക്കൽ തന്നെ ! പക്ഷികളേ പോലുള്ള ഏതെങ്കിലും ഇരപിടിയന്മാർ വന്നാൽ ആദ്യശ്രമത്തിൽ കൊത്തി എടുക്കുക , ശരീരത്തിന് മുകളിലുള്ള ഇണചേർന്ന് നിൽക്കുന്ന ആൺ പ്രാണിയെ ആണല്ലോ . സ്വന്തം തടി സേഫ്! പെൺ പ്രാണിക്ക് ഒരു കവചമായി പാവം ആൺ പ്രാണി ഉപകരിക്കുന്നു എന്നർത്ഥം. അതിനാൽ ഇണചേരൽ എത്ര സമയം നീളുന്നോ , അത്രയും സന്തോഷം – പെണ്ണിന്റെ ആയുസ്സിനും അത് നല്ലത് തന്നെ.

Giant Stick Insect
വിയറ്റ്നാമിൽ നിന്നും ഒരു ജയന്റ് സ്റ്റിക്ക് ഇൻസക്ട്.

ആൺ പ്രാണികൾ ഇല്ലാതെയും ഇവ പ്രത്യുത്പാദനം നടത്താറുണ്ട്. പാർത്തെനോജെനിസിസ് എന്ന പ്രത്യേക കഴിവിലൂടെ പെൺപ്രാണികൾ ഇണചേരാതെ തന്നെ മുട്ടകൾ ഇട്ട് കുഞ്ഞുങ്ങളെ ഉണ്ടാക്കും. ചില ഇനങ്ങളിൽ ഇതുവരെയും ആൺ ഇനങ്ങളെ ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ശത്രുക്കളുടെ കണ്ണിൽ പെടാതെ രക്ഷപ്പെടാൻ പട്ടാളക്കാർ ചെയ്യുന്ന ഒരു വേഷം മാറൽ പരിപാടിയാണല്ലോ കാമഫ്ലാഷ്. പല പ്രാണികളും പരിണാമത്തിലൂടെ ഈ അനുകൂലനം നേടി അത്ഭുത രൂപങ്ങളിൽ ജീവിക്കുന്നവരാണ്. ചുറ്റുപാടുകളിൽ നിന്ന് മറഞ്ഞ് നിൽക്കാൻ സഹായിക്കുന്ന ശരീര രൂപം, വർണ്ണം എന്നിവയാണ് പലതിനും സഹായമാകുന്നതെങ്കിൽ ചിലവ , ശത്രുക്കളെ തെറ്റിദ്ധരിപ്പിച്ചും ആശയക്കുഴപ്പം ഉണ്ടാക്കിയും തടി രക്ഷപ്പെടുത്തുന്നവരാണ്. .ഏറ്റവും നല്ല വേഷപ്രഛ്നക്കാരാണ് ചുള്ളിപ്രാണികൾ . കാമഫ്ലാഷിന്റെ തലതൊട്ടപ്പന്മാർ. ഇവരെ പോലെ തന്നെ വ്യത്യസ്ഥമായ ഇലകളുടെ രൂപങ്ങൾ ആർജിച്ച് ഒളിച്ച് കഴിയുന്ന ഇലപ്രാണികളും ( Leaf insect) ഉണ്ട് . ഇരുവരും ചേർന്ന ഫാസ്മറ്റൊഡെ (Phasmatodea) എന്ന ഓർഡറിൽ (ഫാസ്മിഡ് എന്നും ഈ ഓർഡറിന് പേരുണ്ട്)ലോകത്ത് മൂവായിരത്തോളം പ്രാണി ഇനങ്ങൾ ഉണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ ധാരാളമായി കാണുന്നത്.

athmaonline-compound-eye-leaf-insect
ഇലപ്രാണി

ഇലകളാണ് ഇവയുടെ ഭക്ഷണം. രാത്രിയാണ് സജീവമാകുക. അതിന് സഹായിക്കുന്ന കാഴ്ച സംവിധാനങ്ങൾ ഉണ്ട്. പകൽ ഒട്ടും ചലിക്കാതെ ഒറ്റ നോട്ടത്തിൽ കണ്ണിൽപ്പെടാത്ത വിധം നിൽക്കുന്നവരുണ്ട്. കാറ്റിൽ ഇളം തണ്ടുകൾ ആടുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും പതുക്കെ ആടിക്കൊണ്ടിരിക്കുന്നവയും ഉണ്ട്.
ഇതും തെറ്റിദ്ധരിപ്പിക്കാനുള്ള അടവാണ്. മുന്നോട്ടും പിറകോട്ടും ഉള്ള ഈ ആട്ടം ചിലപ്പോൾ ആശാരിമാർ പണ്ട് ചിന്തേര് ( ചിപ്ളി ) ഇടുന്നത് പോലെ നമുക്ക് തോന്നിക്കുന്നതിനാൽ ചിലയിടങ്ങളിൽ ഇതിന് ആശാരിക്കൂളി എന്ന പേരുമുണ്ട്. ഇവയെ പക്ഷികളും ചില ഉരഗങ്ങളും തൊഴുകൈയ്യൻ പ്രാണികളും ഒക്കെ കണ്ടു കിട്ടിയാൽ തിന്നും. അവരുടെ കണ്ണിൽപ്പെടാതിരിക്കലാണ് പ്രധാനം.

ഇത്ര ശ്രദ്ധയോടെ ഒളിച്ച് കഴിഞ്ഞിട്ടും അബദ്ധത്തിൽ ശത്രുക്കളുടെ പിടിയിൽ പെട്ടു പോയാൽ രക്ഷപ്പെടാൻ പല പരിപാടികളും ഇവർക്ക് ഉണ്ട്. പല്ലികൾ വാലുമുറിച്ച് രക്ഷപ്പെടും പോലെ കാലുകൾ സ്വയം മുറിച്ച് വീഴ്ത്തി ശത്രുവിന്റെ ശ്രദ്ധ തെറ്റിച്ച് രക്ഷപ്പെടാറുണ്ട്. autotomy എന്നാണ് ഇതിന് പറയുക. പൂർണ്ണ വളർച്ചയെത്താത്ത നിംഫുകൾക്ക് അടുത്ത ഉറ പൊഴിക്കൽ നടക്കുമ്പോൾ നഷ്ടമായ കാല് തിരികെ ലഭിക്കും. . കാല് പോയ മുതിർന്നവർ വീണ്ടും ഒന്ന് ആഞ്ഞ് പിടിച്ച് സ്വയം ഒന്ന് കൂടി ഉറ പൊഴിച്ച്, നഷ്ടപ്പെട്ട കാലുകൾ തിരിച്ച് നേടും.

ശത്രുവിന്റെ മുന്നിൽ പെട്ടാൽ കൈവിട്ട് നിലത്തേക്ക് വീണ് ചത്തത് പോലെ അഭിനയിച്ച് കിടക്കുന്നവർ ഉണ്ട്. ചിറകുള്ള ഇനങ്ങൾ വീഴ്ചക്കിടയിൽ പെട്ടന്ന് തിളങ്ങുന്ന ചിറകുകൾ മിന്നിച്ച് വീശി ഇത്തിരിപ്പറന്ന് ചിറകടച്ച് നിശ്ചലമായി ചത്തതുപോലെ ചുള്ളിക്കമ്പായി നിലത്ത് കിടക്കും. ഇങ്ങനെ ആശയക്കുഴപ്പം ഉണ്ടാക്കി ഇരപിടിയന്മാരെ കുഴപ്പിച്ച് ഒഴിവാക്കാൻ സമർഥന്മാരാണ്. ചില ഇനങ്ങൾ കടുത്ത രൂക്ഷ ഗന്ധവും പൊള്ളലും ഉണ്ടാക്കുന്ന ദ്രാവകം തുപ്പി ശത്രു വിനെ ഓടിക്കാൻ ശ്രമിക്കും. കൂടെ ശബ്ദങ്ങൾ ഉണ്ടാക്കി പേടിപ്പിക്കാനും നോക്കും.

ഇണ ചേരൽ പോലെ ഇവരുടെ മുട്ട ഇടലും വളരെ പ്രത്യേകത ഉള്ളതാണ്. ഇണചേർന്ന് ഉണ്ടായതും അല്ലാതെ പാർത്തെനോജനിസ് വഴി സ്വയം നിർമ്മിച്ച മുട്ടകളായാലും പല സ്ഥലങ്ങളിലായി മണ്ണിൽ ആണ് മുട്ട ഇടുക – ഓരോ തവണയും 200 മുതൽ 1200 വരെ മുട്ടകൾ ഉണ്ടാവും . ഓരോരോ സ്പീഷിസുകൾക്ക് അനുസരിച്ച് മുട്ടകളുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ട്. ഒറ്റ ഒറ്റയായാണ് മുട്ട ഇടുക. പല സ്ഥലങ്ങളിലായി മണ്ണിൽ ഇലകൾ മൂടി മുട്ട കിടക്കും. ഇങ്ങനെ പലയിടങ്ങളിലായി ഇടുന്നതിനാൽ , മുട്ടത്തീനികൾ കണ്ടെത്തി മൊത്തം അടിച്ച് മാറ്റുന്നത് തടയാൻ പറ്റും. മുട്ടകളുടെ പുറത്ത് കാൽസിയം ഓക്സലേറ്റിന്റെ ഒരുപാളി ഉള്ളതിനാൽ പക്ഷികൾ കൊത്തി തിന്നാലും അതിന്റെ വയറ്റിൽ കുഴപ്പം ഒന്നും പറ്റാതെ കാഷ്ടത്തിലൂടെ പുറത്ത് വരും. പിന്നെ വിരിഞ്ഞോളും. വേറൊരു സൂത്രം – മുട്ടകൾ ഒറ്റ നോട്ടത്തിൽ ഏതോ ചെടിയുടെ മാംസള പുറം ഭാഗമുള്ള വിത്തുപോലെ ആണ് തോന്നിക്കുക. അതിനാൽ വിത്തും പഴവും ആർക്കുവേണം എന്ന പുച്ഛത്തോടെ , മാംസഭുക്കുകളായ തീറ്റക്കാർ ഇത് ഉപേക്ഷിക്കും . ചില പ്രാണി ഇനങ്ങളുടെ മുട്ടകൾ കണ്ട് തെറ്റിദ്ധരിച്ച് പഴം ആണെന്ന് കരുതി ചില ഉറുമ്പുകൾ അതും ചുമന്ന് കൂട്ടിൽ കൊണ്ട് പോയി സൂക്ഷിച്ച് വെക്കും. . പുറം അടരുകൾ തിന്ന് തീർത്ത ശേഷം കുരു എന്നും കരുതി ബാക്കി , ഉറുമ്പിൻ കൂട്ടിലെ അവശിഷ്ടങ്ങൾ കൊണ്ടിടുന്ന ഇടത്ത് ഉപേക്ഷിക്കും. മുട്ട അവിടെ സുരക്ഷിതമായി ഏറെ നാൾ കഴിയും. മുട്ട വിരിയാൻ മാസങ്ങളും ചിലപ്പോൾ വർഷം തന്നെയും എടുക്കും . മുട്ട വിരിഞ്ഞ് കുഞ്ഞ് ചുള്ളി പ്രാണി നിംഫുകൾ പുറത്ത് വരും. കാഴ്ചയിൽ ഉറുമ്പുകളെ പോലെ ഉള്ളതിനാൽ അവയെ മറ്റ് ഉറുമ്പുകൾ തിരിച്ചറിയുകയും ഇല്ല. പതുക്കെ അവ ഉറുമ്പിൻ കൂട്ടിൽ നിന്നും പുറത്തിറങ്ങി സ്ഥലം കാലിയാക്കും. ഈ കുഞ്ഞൻ ചുള്ളിപ്പ്രാണി നിംഫുകൾ പല തവണ പുറം കവചം പൊഴിച്ച് കളഞ്ഞാണ് വളർച്ച പൂർത്തിയാക്കുക. ഉറ പൊഴിച്ചിട്ട പഴയ ശരീരരൂപം വേഗം തന്നെ സ്വയം തിന്നു തീർക്കും. അല്ലെങ്കിൽ അത് കണ്ട് ശത്രുക്കൾക്ക് സാന്നിദ്ധ്യ സൂചന ലഭിക്കും എന്നവർ കരുതുന്നുണ്ടാവാം. വളരെ പോഷകങ്ങൾ അടങ്ങിയ ആ പുറം പാളി എന്തിന് വെറുതേ കളയണം എന്ന് കരുതിയും ആവാം. ശരീരത്തിന്റെ നീളത്തോടൊപ്പം തന്നെ നീളം ഉള്ള സ്പർശനികൾ ആണ് ഇവയ്ക്ക് ഉണ്ടാകുക. ചുള്ളിപ്രാണികളുടെ ശരാശരി ആയുർ ദൈർഘ്യം മൂന്നു വർഷം വരെ ആണ്.

athmaonline-phasmid_eggs
വിവിധയിനം ചുള്ളിപ്രാണികളുടെ മുട്ടകൾ

മലേഷ്യൻ ചൈനക്കാർ Eurycnema versirubra എന്ന ചുള്ളിപ്രാണിയെ ചില പ്രത്യേക ഇലകൾ തീറ്റിച്ച് അവയുടെ കാഷ്ടം ചേർത്തുണ്ടാക്കുന്ന ഔഷധച്ചായ ചില രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്.

കൗതുകത്തിനായി ഇവയെ പിടികൂടി പെറ്റായി വളർത്തുന്നവർ ഏറെ ഉണ്ട്. കൂടാതെ ഇവ ഐശ്വര്യം കൊണ്ടുവരും എന്ന അന്ധവിശ്വാസം കൊണ്ട് ഇവയെ വീട്ടിൽ കണ്ണാടി ഭരണി കൂട്ടിലിട്ട് സൂക്ഷിക്കുന്നവർ ആസ്ത്രേലിയയിലും ഹാവായിലും ഉണ്ട്. ഇത്തരത്തിൽ പെറ്റായി വളർത്താൻ പിടിച്ച് കൊണ്ടുപോവുന്നത് ഇവ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ആയിട്ടുണ്ട്.

നേർത്ത മൂന്നു ജോഡി കാലുകൾ ആണ് ഇവയ്ക്ക് ഉണ്ടാവുക . ഒരേ സമയം ആറുകാലുകളും വ്യത്യസ്ഥ രീതിയിൽ ചലിപ്പിച്ചുകൊണ്ടുള്ള ഇവയുടെ നടത്തം പ്രത്യേകതരം ആറുകാലി റൊബോട്ടുകളുടെ ചലനങ്ങൾക്ക് മാതൃകയാക്കിയുള്ള ഗവേഷണങ്ങൾ റോബോട്ടിക്സ് മേഖലയിൽ നടക്കുന്നുണ്ട്.

“നടക്കുന്ന ചുള്ളിക്കമ്പ്”( Walking stick ) ചെകുത്താൻ പ്രാണി, എന്നൊക്കെ പേരിൽ സ്റ്റിക്ക് ഇൻസെക്റ്റുകൾ അറിയപ്പെടുന്നുണ്ട്. വടക്കേ അമേരിക്കയിൽ ഉള്ള അര ഇഞ്ച് മാത്രം വലിപ്പമുള്ള Timema cristinae മുതൽ കാലുകൾ നീട്ടിവെച്ചുള്ള ആകെ നീളം ഇരുപത്തി ഒന്ന് ഇഞ്ചുള്ള Phobaeticus kirbyi ( ബോർണിയോയിൽ നിന്ന് ഉള്ള ചുള്ളിപ്രാണി ) വരെ പല വലിപ്പത്തിൽ ഇവ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിപ്പം (നീളം) കൂടിയ ഇൻസെക്റ്റുകളായി കണക്കാക്കപ്പെടുന്നത് ചുള്ളിപ്രാണികളാണ്.

athmaonline-vijayakumar-blathoor
വിജയകുമാർ ബ്ലാത്തൂർ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here