കൃഷ്ണ
ഈ നേരം ,
ഈ ലോകത്ത്
എത്ര മനുഷ്യർ
വേദനിക്കുന്നുണ്ടാവും?
ഒരു വാക്ക് കൊണ്ട്
പോലും വേദന
സംവേദനം
ചെയ്യാൻ കഴിയാതെ,
അടുത്ത നിമിഷം
എങ്ങിനെ
ജീവിക്കുമെന്നറിയാതെ
വഴി തെറ്റിയ,
നില തെറ്റിയ
മനുഷ്യർ !
മനുഷ്യരാൽ,
ഒരു ദുശ്ശകുനമെന്നോണം,
ഉപേക്ഷിക്കപ്പെട്ടവർ.
ഒരുപാട് ചിരിക്കുകയും,
മനുഷ്യരെ ചിന്തിപ്പിക്കുകയും
ചെയ്തിരുന്ന,
ഒടുക്കം സ്നേഹത്തിൻ്റെ
ഒരു വറ്റ് കിട്ടാതെ
പട്ടിണിയിലാവർ !
കുറ്റമെന്തെന്നറിയാതെ,
ജീവിക്കേണ്ടതില്ല,
സ്നേഹിക്കപ്പെടേണ്ടതില്ല
എന്ന ശിക്ഷാവിധികളിൽ
പേര് ചേർക്കപ്പെട്ട
മനുഷ്യരെ നിങ്ങൾ
അറിയാനിടയില്ല!
ലൈക്കടിക്കാനോ
പരിഹസിക്കാനോ
ഒരു ന്യൂസ്ഫീഡിൽ പോലും
നിങ്ങളവരെ കണ്ടിട്ടുണ്ടാകില്ല.
വാർത്തയിൽ
ഒരു ടൈം സ്ലോട്ടില്ലാതെ,
മുഖപുസ്തകത്തിൽ
ഒരു മുഖമില്ലാതെ,
ക്ലബ്ബ് ഹൗസിൽ
ശബ്ദമില്ലാതെ,
സമരം ചെയ്യാൻ
ഒരു വർഗ്ഗമില്ലാതെ,
അടയാളപ്പെടാൻ
കവിതകളില്ലാതെ,
ജീവിതത്തിൽ ഒട്ടും
റീച്ചില്ലാതെ,
ഒതുങ്ങി
ഒടുങ്ങി
പോയവർ!
കല്ലേറ് കൊണ്ട് കൊണ്ട്
ഒടുക്കം അലറി പോയവരെ,
സഹിച്ച് സഹിച്ച്
അവസാനം നില തെറ്റി
പോയവരെ
നിങ്ങൾ ഏത് തട്ടിൽ
തൂക്കും?
കുറ്റവാളിയുടേയോ? ഇരയുടേയോ?
രണ്ടിലേതെന്നറിയില്ലെങ്കിൽ
ഉപേക്ഷിക്കുകയല്ലെ പതിവ്!
പറഞ്ഞു പഠിപ്പിച്ച വെറുപ്പ്
മനുഷ്യരെ കൊന്നുകളയുന്നു.
മൗനം,
മനുഷ്യനെ
ശ്വാസം മുട്ടിക്കുന്നു.
ഈ നേരം,
ഈ ലോകത്ത്
വേദനിക്കുന്നവരെയെല്ലാം
ഞാനറിയും.
ഭാഷയില്ലാത്ത
നിങ്ങളുടെ മുറിവുകളെല്ലാം
എനിക്ക് വായിച്ചെടുക്കാം.
സ്നേഹിക്കാനാണ് പ്രത്യയശാസ്ത്രങ്ങൾ
വേണ്ടത്,
വെറുപ്പിനതില്ല!
നമുക്ക് ചുറ്റും
വെറുപ്പ് തന്നെയാണ്
ഒടുവിൽ
ഉയർത്തെഴുന്നേൽക്കാൻ
ഇത് കഥയുമല്ല,
എങ്കിലും
വേദനിച്ച് മരിക്കുന്നത് വരെ
നിങ്ങളോടൊപ്പം ഞാനും
പോരാടും.
നമ്മൾ,
ദുരിതങ്ങളിൽ
തുണയായവരുടെ
രാജ്യവുമാകും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.