സജി ചെറിയാൻ

0
428
athmaonline-saji-cheriyan-dr-ak-abdul-hakkeem-thumbnail

മന്ത്രിപരിചയം

ഡോ.എ.കെ.അബ്ദുൽ ഹക്കീം.

ആലപ്പുഴയിലെ ചെങ്ങന്നൂരിലാണ് കേരളത്തിലെ ഏറ്റവും വലിയ പാലിയേറ്റീവ് പ്രസ്ഥാനമുള്ളത്. 2014 ൽ ആരംഭിച്ച കരുണ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റി. 4700 ഓളം രോഗികളെയാണ് ഈ സൊസൈറ്റി വീടുകളില്‍ പോയി ശുശ്രൂഷിക്കുന്നത്. സ്വന്തമായി മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ് സര്‍വ്വീസ്, ലാബ് സൗകര്യങ്ങൾ, 1000 പേര്‍ക്ക് എല്ലാ ദിവസവും സൗജന്യ ഉച്ചഭക്ഷണം, തെരുവില്‍ അന്തിയുറങ്ങിയവരെ ഏറ്റെടുത്ത് സംരക്ഷിക്കൽ, ഭവന നിര്‍മ്മാണം (നിലവില്‍ 27 വീട് പൂര്‍ത്തീകരിച്ചു. 5 വീടിന്റെ നിര്‍മ്മാണം നടന്നു വരുന്നു), മെഡിക്കല്‍ ക്യാമ്പുകള്‍ (ഈ കാലയളവില്‍ 175 ക്യാമ്പുകള്‍ വഴി പതിനായിരങ്ങള്‍ക്ക് പരിശോധനയും ചികിത്സയും നല്‍കി), മെഡിക്കല്‍ ലാബ് വീടുകളിലെത്തി നടത്തുന്ന പരിശോധനകൾ, ടെലിമെഡിസിന്‍ പദ്ധതി തുടങ്ങി നിരവധി ജനകീയപ്രവര്‍ത്തനങ്ങളാണ് കരുണ നടത്തിവരുന്നത്. 400 ഓളം വോളന്റിയര്‍മാരും 60 ഓളം ജീവനക്കാരും ഇതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. കരുണയുടെ ഉടമസ്ഥതയിലുള്ള 20 ഏക്കര്‍ സ്ഥലത്ത് നടത്തിയ ജൈവകൃഷിക്കാണ് 2016 ലെ സംസ്ഥാന തല കാര്‍ഷിക പുരസ്കാരം ലഭിച്ചത്. 2500 ഓളം മനുഷ്യസ്‌നേഹികൾ അംഗമായി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ തുടക്കം മുതൽ ഇതുവരെയുള്ള ചെയർമാനാണ് സജി ചെറിയാൻ.

പരേതനായ റ്റി.റ്റി ചെറിയാന്റെയും റിട്ടയേര്‍ഡ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശോശാമ്മ ചെറിയാന്റെയും ഇളയ മകനായ സജിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം
കൊഴുവല്ലൂര്‍ സി.എം.എസ് എല്‍.പി സ്‌കൂള്‍, ശാലേം യു.പി സ്‌കൂള്‍, പുന്തല ബി.കെ.വി, അങ്ങാടിക്കല്‍ ഗവ.എച്ച്.എസ്, വെണ്മണി എം.റ്റി.എച്ച്.എസ് എന്നിവിടങ്ങളിലായിരുന്നു. ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളേജിൽ നിന്ന് പ്രി ഡിഗ്രിയും മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിൽ നിന്ന് ഡിഗ്രിയും പൂർത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരം ലോ-അക്കാദമിയിൽ നിന്ന് നിയമ ബിരുദം നേടിയത്.



അടിമുടി രാഷ്ട്രീയപ്രവർത്തകനാണ് സജി ചെറിയാൻ. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐയിൽ അംഗമായി.വെണ്മണി മാര്‍ത്തോമ്മ ഹൈസ്‌കൂളിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു.ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന്റെ ചരിത്രത്തിലാദ്യമായി എസ്.എഫ്.ഐയിൽ നിന്ന് പ്രീഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പ്രതിനിധിയുണ്ടായത് സജിയിലൂടെയാണ്.

1983 ൽ എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായും സംസ്ഥാന കമ്മറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1983-85ലെ ബിഷപ്പ് മൂര്‍ കോളേജിലെ ഡിഗ്രി കാലത്ത് കോളേജ് യൂണിയന്‍ ആദ്യമായി എസ്.എഫ്.ഐ പിടിച്ചെടുത്തു. ചരിത്ര ഭൂരിപക്ഷത്തില്‍ കേരള സര്‍വ്വകലാശാല കൗണ്‍സിലറായി വിജയിച്ചു. കോളേജ് ആരംഭിച്ച് 25 വര്‍ഷത്തിനുശേഷം ആദ്യമായിട്ടായിരുന്നു എസ്.എഫ്.ഐ യുടെ കൊടി ആ കലാലയ മുറ്റത്ത് പാറിയത്. ഈ കാലയളവില്‍ എസ്.എഫ്.ഐ ചാരുംമൂട് ഏരിയാ സെക്രട്ടറി, മാവേലിക്കര ഏരിയ പ്രസിഡന്റ് ചുമതലകളും നിര്‍വ്വഹിച്ചു.
പിന്നീട് 10 വര്‍ഷം എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമായി. ഇതിനിടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി ചുമതലകളും നിര്‍വഹിച്ചു.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഡി.വൈ.എഫ്.ഐ കൊഴുവല്ലൂര്‍ പള്ളിമുകടി യൂണിറ്റ് സെക്രട്ടറി, മുളക്കുഴ സൗത്ത് മേഖലാ പ്രസിഡന്റ്, ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി, ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ചുമതലകളും നിര്‍വഹിച്ചു.1994 ലാണ് ഡി.വൈ.എഫ്.ഐ യുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.



1995 ൽ ആദ്യമായി ത്രിതല പഞ്ചായത്ത് രൂപീകരിച്ച ഘട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുളക്കുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് 5650 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജില്ലയിലെ മികച്ച ഭൂരിപക്ഷമായിരുന്നു അത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. 2000 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെറിയനാട് ചെറുവല്ലൂര്‍ ബ്ലോക്ക് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായി. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും 5132 വോട്ടിന് പരാജയപ്പെട്ടു.

2001 ൽ സി.പി.ഐ (എം) ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. ആ കാലയളവിലാണ് സ.പി.കെ കുഞ്ഞച്ചന്‍ സ്മാരക മന്ദിരം (ഇന്നത്തെ സി.പി.ഐ (എം) ഏരിയാ കമ്മറ്റി ആഫീസ്) നിര്‍മ്മിക്കുന്നത്. 2008 വരെ ഏരിയാ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ചു. 2001 മുതൽ 2015 വരെ സി.പി.ഐ (എം) ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി . 2015 ൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി. 2015 ൽ സംസ്ഥാന കമ്മറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സംസ്ഥാന കമ്മറ്റിയംഗമായി പ്രവര്‍ത്തിക്കുന്നു.



അർപ്പണബോധവും സംഘാടക മികവുമാണ് സജി ചെറിയാന്റെ കൈമുതൽ. ഇദ്ദേഹം ജില്ലാസെക്രട്ടറിയായ കാലയളവിലാണ് ദേശാഭിമാനി ആലപ്പുഴ എഡിഷന്‍ ആരംഭിച്ചത്. ആലപ്പുഴ ജില്ലാ ലേബര്‍ കോണ്‍ട്രാക്ടഡ് സൊസൈറ്റി, ആലപ്പുഴ ജില്ലാ റീ ഹാബിലിറ്റേഷന്‍ & പാലിയേറ്റീവ് സെന്റര്‍ (എ.ആര്‍.പി.സി), ആലപ്പുഴ ജില്ലാ ജൈവ കാര്‍ഷിക സഹകരണ സംഘം (അഡ്‌ക്വോസ്), അടക്കം നിരവധി ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതിന്റെയും മുന്നണിപ്പോരാളിയാണ് സഖാവ് സജി ചെറിയാൻ .

ട്രേഡ് യൂണിയന്‍ രംഗത്തും ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട് ഇദ്ദേഹം. 2013 ൽ സി.ഐ.റ്റി.യു ആലപ്പുഴ ജില്ലാ പ്രസിഡന്റായിയിരുന്നു. ഇതേ കാലയളവില്‍ ആലപ്പുഴ ജില്ലാ ഓട്ടോ, ടാക്‌സി, ടെംബോ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു.

2010 ൽ ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചുമതലയേൽക്കുമ്പോൾ 27 കോടി രൂപ നഷ്ടത്തിലായിരുന്ന ജില്ലാ ബാങ്കിനെ 17 കോടി രൂപ ലാഭത്തിലെത്തിക്കാന്‍ തന്റെ ഭരണ നേതൃത്വം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു. ഈ കാലയളവില്‍ സംസ്ഥാന സഹകരണ ബാങ്ക് എക്‌സിക്യുട്ടീവ് അംഗമായി.ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. .2010 ൽ കേരള സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സിന്റിക്കേറ്റിലെ സ്റ്റാഫ് കമ്മറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.



ചെങ്ങന്നൂര്‍ എം.എല്‍.എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടർന്ന് 2018 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് സജി ചെറിയാൻ നിയമസഭയിലെത്തുന്നത്. മൂന്ന് വര്‍ഷക്കാലം ചെങ്ങന്നൂരിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പദ്ധതികള്‍ക്ക് രൂപം നല്‍കി.സമ്പൂര്‍ണ്ണ മണ്ഡലതല കുടിവെള്ള പദ്ധതി, സമ്പൂര്‍ണ്ണ തരിശുരഹിത പദ്ധതി, ചെങ്ങന്നൂര്‍ ബൈ-പാസ്, സര്‍ക്കാര്‍ ആഫീസുകള്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും, സര്‍ക്കാര്‍ ആശുപത്രികള്‍ക്കും പുതിയ കെട്ടിടങ്ങള്‍, 100 കോടിയുടെ ജില്ലാ ആശുപത്രി സമുച്ചയം, പി.ഡബ്ലു.ഡി റോഡുകള്‍, പാലങ്ങള്‍, ഗ്രാമീണ റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണം , അന്താരാഷ്ട്ര സ്റ്റേഡിയം, സെന്‍ട്രല്‍ ഹാച്ചറി, ഐ.റ്റി.ഐ നവീകരണം, കുട്ടനാട് റൈസ് പാര്‍ക്ക്, പൊതു ശ്മശാനം അടക്കം 2500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനും ചിലത് പൂര്‍ത്തീകരിക്കുവാനും ഈ കാലയളവ് കൊണ്ട് സാധിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ 32093 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കേരളത്തിന്റെ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രിയാവാനുള്ള നിയോഗം വന്നു ചേർന്നിരിക്കുന്നത്. 1978 മുതല്‍ 2021 വരെയുള്ള 43 വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വഴിയും ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിലൂടെയും നേടിയെടുക്കാൻ കഴിഞ്ഞ ഉൾക്കരുത്ത് മന്ത്രിയുടെ ഉത്തരവാദിത്വനിർവഹണത്തിൽ സഹായമാവും എന്നുറപ്പാണ്. കടലോര മേഖലയിലെ പാവങ്ങളായ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾക്കൊത്തുയരാനും പുതിയ മന്ത്രിയ്ക്ക് സാധിക്കേണ്ടതുണ്ട്. മഹാപ്രളയത്തിന്റെ കാളരാത്രിയിൽ നാട്ടുകാരെയോർത്ത് പൊട്ടിക്കരഞ്ഞ പൊതുപ്രവർത്തകനിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്ന നൻമ വളരെ വലുതാണ്.

ഭാര്യ ക്രിസ്റ്റീന എസ്.ചെറിയാന്‍.
ഡോ.നിത്യ, ഡോ.ദൃശ്യ, എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ശ്രവ്യ എന്നിവരാണ് മക്കൾ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിണറായി വിജയൻ

കെ.രാധാകൃഷ്ണൻ

ആർ ബിന്ദു

അഡ്വ. പി.എ.മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here